ADVERTISEMENT

 സൂര്യോദയം ഭംഗിയായി കാണാന്‍ പറ്റുന്ന സൂപ്പര്‍ സ്ഥലങ്ങള്‍ കേരളത്തില്‍ കുറെയുണ്ട്. അവിടേക്ക് എത്തിപ്പെടാനാവും പാട്. ഇവിടെയാണു പെരുന്തട്ടയുടെ പെരുമ. കോഴിക്കോട്- മൈസൂരു ദേശീയപാതയില്‍ കല്‍പറ്റയെത്തുന്നതിനു മുന്‍പായി നല്ല അടിപൊളി റോഡിലൂടെ വെറും 3 കിലോമീറ്റര്‍ ഇടത്തേക്കു വണ്ടിയോടിച്ചാല്‍ ഊട്ടി-കൊടൈക്കനാല്‍ ആംബിയന്‍സ് കിട്ടുന്ന സ്ഥലം.

 

ഒട്ടും കഷ്ടപ്പെടാതെ കയറിയെത്തുകയും ചെയ്യാം. വയനാട് കുറെ കറങ്ങിയവരുണ്ടാകുമെങ്കിലും പെരുന്തട്ടയെക്കുറിച്ച് അങ്ങനെ അധികമാര്‍ക്കും അറിയില്ല. വയനാട്ടില്‍ എവിടെയൊക്കെ പോയിട്ടും പെരുന്തട്ട കണ്ടിട്ടില്ലെങ്കില്‍ അതൊരു തീരാനഷ്ടവുമാണ്. 

കോടമഞ്ഞിന്റെ കോട്ട

വയനാട്ടില്‍ കല്‍പറ്റയ്ക്കു സമീപം എല്‍സ്റ്റണ്‍ തേയില എസ്റ്റേറ്റിനോടു ചേര്‍ന്നാണു പെരുന്തട്ട. ഗവ. എല്‍പി സ്കൂളും അങ്കണവാടിയും സാംസ്കാരികനിലയവും ചായക്കടകളുമെല്ലാമുള്ള ടിപ്പിക്കല്‍ പ്ലാന്റേഷന്‍ ഗ്രാമം. ചുറ്റും തേയിലച്ചെടികള്‍ നിറഞ്ഞ മലനിരകളാണ്. 

ഒരുവശത്തു കാടും. കോഴിക്കോടുനിന്നു പുറപ്പെട്ട് വയനാട് ചുരവും വൈത്തിരിയും പിന്നിട്ടാല്‍ കല്‍പറ്റയെത്തുന്നതിനു മുന്‍പേ വെള്ളാരംകുന്നിലെ കാപ്പി ഗവേഷണകേന്ദ്രത്തിന്റെ ബോര്‍ഡ് കാണും. 

 

ഇതിലേ കുറച്ചുദൂരം കാപ്പിത്തോട്ടത്തിലൂടെ വണ്ടിയോടിച്ച് പെരുന്തട്ടയെത്താം. മിക്ക സമയത്തും നല്ല കോടമഞ്ഞുണ്ടാകും. എസ്റ്റേറ്റ് റോഡിലൂടെ മഞ്ഞത്തു നടന്നുപോകണം. തൊട്ടടുത്തുനില്‍ക്കുന്നയാളെപ്പോലും കാണാനാകില്ല. നല്ല തണുപ്പും. 

ചെമ്പ്രയിലുദയം

വയനാട്ടിലെ ഏറ്റവും ഉയരമുള്ള ചെമ്പ്ര മലനിരകളില്‍നിന്നുയരുന്ന സൂര്യനെയാണു പെരുന്തട്ടയില്‍ കാണാനാകുക. താഴ്‌വാരങ്ങളിലെ ഇരുട്ടുനീങ്ങുന്നതും സൂര്യകിരണങ്ങളേറ്റു കോടമഞ്ഞ് അലിഞ്ഞില്ലാതാകുന്നതും കണ്ടങ്ങനെ നില്‍ക്കാം. മോണിങ് ബൈക്ക് റൈഡിന് ഏറ്റവും പറ്റിയ സ്ഥലങ്ങളിലൊന്നാണിത്. സ‍ഞ്ചാരികള്‍ക്കു ഭാഗ്യമുണ്ടെങ്കില്‍ കാട്ടുമൃഗങ്ങളും മുന്നിലെത്തും. ഇടയ്ക്കിടയ്ക്കു പുലിയിറങ്ങുന്ന സ്ഥലമാണെന്നതു മാത്രം ഒന്നു മനസ്സില്‍ കരുതിയിരിക്കണം. 

എങ്കിലും ഇവിടെ പുലികള്‍ ആരെയും ഉപദ്രവിച്ച ചരിത്രമില്ല. ഉദയം കണ്ടു തേയിലത്തോട്ടത്തിനു നടുവിലെ ചായക്കടയില്‍നിന്ന് ഫാം ഫ്രെഷ് തേയിലയിട്ടൊരു ചായയും കുടിച്ച് മലയിറങ്ങിയാല്‍ ഒരു ദിവസം ധന്യം! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com