ADVERTISEMENT

കുറഞ്ഞ ചെലവിൽ ഒരു ദിവസം മുഴുവൻ കുടുംബവുമൊത്ത് ആഘോഷമാക്കാൻ സാധിക്കുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളുണ്ട്. ഇത്തവണത്തെ ഒാണയാത്ര ഞാറയ്ക്കൽ അക്വാ ടൂറിസം സെന്ററിലേക്കു ആവാം.  നാലുചുറ്റും ഓളം തല്ലുന്ന ജലപ്പരപ്പ്. ഇടയ്ക്കിടെ ഉയർന്നു ചാടി മിന്നി വെള്ളത്തിലേക്കു തന്നെ മറയുന്ന  പൂമീനുകൾ. വിളിപ്പാടകലെയുള്ള കടൽത്തീരത്തുനിന്നു വീശിയടിക്കുന്ന കുളിർമയുള്ള കാറ്റ്. അപ്പപ്പോൾ പിടിച്ചെടുക്കുന്ന മീനും വീട്ടമ്മമാരുടെ കൈപ്പുണ്യവും ചേർന്നൊരുക്കുന്ന രുചികരമായ ഊണ്. ഇതെല്ലാം നേരിട്ടനുഭവിക്കണമെന്നുള്ളവർക്കു ഞാറയ്ക്കൽ അക്വാ ടൂറിസം സെന്ററിലേക്കു വരാം. എറണാകുളം ജില്ലയിൽ. വൈപ്പിൻകരയിലാണ് ഞാറയ്ക്കൽ അക്വാ ടൂറിസം നിലകൊള്ളുന്നത്.

ഇവിടേക്കുള്ള പ്രവേശനത്തിന് ഫീസുണ്ട്. പന്ത്രണ്ട് വയസ്സ് വരെയുള്ള കുട്ടികൾക്ക് 200 രൂപയും അതിന് മുകളിലേക്കുള്ളവർക്ക് 250 രൂപയുമാണ്. അവധി ദിവസങ്ങളിൽ  സാധാരണ എൻട്രി ഫീസിൽ നിന്നും അന്‍പതു രൂപ കൂടുതൽ അടയ്ക്കണം. ഞാറയ്ക്കൽ അക്വാ ടൂറിസത്തിൽ  ജലാശയത്തിന്റെ നടുവില്‍ രണ്ടു ഹട്ടുകളും കുട്ടവഞ്ചിയുമുണ്ട്. ഇവിടെ മീൻ വളർത്തുന്ന ജലാശയത്തിന്റെ നടുവിലാണ് രണ്ടു ഹട്ടുകൾ സ്ഥിതി ചെയ്യുന്നത്. വള്ളത്തിലാണ് അങ്ങോട്ടു പോകേണ്ടത്. 15 പേർക്ക് ഇരിക്കാനാവുന്ന ഹട്ടിൽ നാലുഭാഗത്തുനിന്നും കാറ്റുവീശും. ചില സഞ്ചാരികൾ എത്തിക്കഴിഞ്ഞാൽ രാവിലെ മുതൽ വൈകുന്നേരം വരെ വേറെ ഒരു കാഴ്ചകളും കാണാതെ ഈ ഹട്ടിൽ മാത്രം സമയം ചിലവഴിക്കാറുണ്ട്. 500 രൂപയുടെ ഫുൾ പാക്കേജിൽ വന്നാൽ ഭക്ഷണവും ചായയുമുൾപ്പെടെ ഇവിടെ ലഭിക്കും. അവധിദിവസങ്ങളിൽ 500 രൂപയിൽ നിന്നും 550 രൂപ അടയ്ക്കേണ്ടതുണ്ട്. കൂടാതെ സന്ദര്‍ശകരെ കാത്ത് ബാംബൂ ഹട്ട്, വ​ഞ്ചിതുരുത്തിലെ ഏറുമാടം തുടങ്ങിയവയുമുണ്ട്.

പുതിയ ചങ്ങാടം ഒരുങ്ങി

മത്സ്യഫെഡിന്റെ  ഞാറയ്ക്കൽ അക്വാടൂറിസം സെന്ററിൽ സന്ദർശകർക്കായി പുതിയ ചങ്ങാടം ഒരുങ്ങി. ഇവിടുത്തെ  ജീവനക്കാർ തന്നെയാണു പി വി സി പൈപ്പ് ഉപയോഗിച്ച് ഇതു തയാറാക്കിയിരിക്കുന്നതെന്ന പ്രത്യേകതയുണ്ട്. രണ്ടര മീറ്റർ നീളവും ഒന്നര മീറ്ററോളം വീതിയുമുള്ള ചങ്ങാടം 6 ഇഞ്ച് വ്യാസമുള്ള  20 മീറ്റർ പി വി സി പൈപ്പ് ഉപയോഗിച്ചാണു നിർമിച്ചത്. സ്റ്റീൽ ക്ലാപുകൾ ഉപയോഗിച്ചാണ്  പൈപ്പുകൾ പരസ്പരം  ഘടിപ്പിച്ചത്. രണ്ടു ഫൈബർ കസേരകളാണു ചങ്ങാടത്തി‌ലുള്ളത്.  

ernakulam-fishfed

മുൻവശം  വഞ്ചികളുടേതു പോലെ കൂർത്ത ആകൃതിയിലാണ്. രണ്ടു പേർക്ക് കസേരയിലിരുന്നു   പങ്കായം ഉപയോഗിച്ചു തുഴ‍ഞ്ഞു നീങ്ങാം. ഫാം ജീവനക്കാരായ സതീഷ് ബാബു,ജോസഫ്, ജയേന്ദ്രൻ,വിജു,സൂരജ്,മിഥുൻലാൽ എന്നിവർ ചേർന്നാണു ചങ്ങാടം  നിർമിച്ചത്.  കർഷകർ ജലസേചനത്തിനായി ഉപയോഗിച്ചിരുന്ന സംവിധാനമായ  പെട്ടിയും പറയിലെ പെട്ടിയാണു സെന്ററിലെ മറ്റൊരു  കൗതുകകാഴ്ച. 

പറയിലിരുന്നു സന്ദർശകർക്കു  ചക്രം ചവിട്ടാനുള്ള സൗകര്യവുമുണ്ട്.   മത്സ്യഫെഡ്  ഭരണസമിതി അംഗം കെ.സി.രാജീവ് ചങ്ങാടം  ഫ്ലാഗ്  ഓഫ് ചെയ്തു. ഞാറയ്ക്കൽ - നായരമ്പലം മത്സ്യത്തൊഴിലാളി ക്ഷേമസഹകരണ സംഘം സഹകരണ സംഘം പ്രസിഡന്റ് പി.ജി.ജയകുമാർ, ഫാം മാനേജർ കെ.നിഷ, എസ്.അനുപമ, ഫാം ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com