sections
MORE

ഒാണാവധിയായില്ലേ കേറി വാടാ മക്കളേ പത്തനംതിട്ടയിലേക്ക്

adavi1
SHARE

പകുതിയില്‍ അധികവും വനഭൂമിയാല്‍ ചുറ്റപ്പെട്ട പത്തനംതിട്ടയുടെ മുഖ്യ ആകര്‍ഷണം കോന്നി ആനവളര്‍ത്തൽ കേന്ദ്രവും അടവി ഇക്കോ ടൂറിസവുമാണ്.  കോന്നി  റിസര്‍വ് വനങ്ങളുടെ ഭാഗമായ അടവി നിബിഡവനങ്ങളാല്‍ സമ്പന്നമാണ്. കല്ലാറിന്റെ കരയിലായി സ്ഥിതി ചെയ്യുന്ന പേരുവാലി മുതല്‍ അടവി വരെയുള്ള 5 കിലോമീറ്റര്‍ നദീതീരം മറ്റൊരു ഇക്കോ ടൂറിസം കേന്ദ്രത്തിനും നല്‍കാൻ കഴിയാത്ത കാഴ്ചകളാണ് സമ്മാനിക്കുന്നത്. 

പച്ചപ്പട്ടുടുത്ത് കാടൊരുങ്ങി, തെളിനീരാൽ കസവുടുത്ത് കല്ലാറും. കുട്ടവഞ്ചിയിൽ ഇരുന്നും കിടന്നും ഓണമാഘോഷിക്കാൻ അടവി നിങ്ങളെ മാടിവിളിക്കുന്നു. ശാന്തരൂപിണിയായ കാല്ലാറിന്റെ മാറിൽ കുട്ടവഞ്ചിയിൽ പതുക്കെ നീങ്ങുമ്പോൾ മനസിൽ ഒരുപിടി പാട്ടുകൾ ഓളംതുള്ളും. പാടാത്തവരും പാടും –  ‘തിത്തെയ്തക തെയ്തെതോം’. ഓളത്തെ കീറി മുറിക്കുമ്പോൾ വൈക്കം കായലിൽ ഓളം തള്ളുന്നത് ഓർമ വരും. അല്ലെങ്കിൽ പായിപ്പാട്ടേ ഓടിവള്ളം മനസിൽ തുഴയെറിഞ്ഞു പായും. 

500 രൂപയുണ്ടെങ്കിൽ 4 പേർക്ക് കല്ലാറിൽ പാറി നടക്കാം. ഒഴുക്കിനെതിരെ തുഴഞ്ഞ് മുന്നോട്ടു നീങ്ങാം. മടക്കയാത്രയിൽ തുഴക്കാരുടെ വക വട്ടം കറക്കലുണ്ടാകും. കുട്ടവഞ്ചി പമ്പരം പോലെ വെള്ളത്തിൽ കറങ്ങും. പ്രത്യേക രീതിയിൽ  തുഴയെറിയുമ്പോൾ വെള്ളം ജലധാര കണക്കെ ചിതറിത്തെറിക്കും. മൊബൈലിൽ സെൽഫിയെടുത്തു മടക്കും. കാഴ്ചകൾ കണ്ടു കൊതി തീരില്ലെന്ന് ഉറപ്പ്. കരയിലേക്കു മടങ്ങുമ്പോൾ സമയത്തിന് ഇത്ര വേഗം വേണ്ടായിരുന്നെന്നു തോന്നും. കുറച്ചു സാഹസികത ഇഷ്ടമുണ്ടെങ്കിൽ ലോങ് റൈഡ് തിരഞ്ഞെടുക്കാം. 900 രൂപ മുടക്കിയാൽ ഒഴുക്കിനൊപ്പം 2 കിലോമീറ്റർ കുതിക്കാം. 

adavi

ഒഴുക്കിനും ഓളത്തിനും അനുസരിച്ചു വഞ്ചി ഉയർന്നു താഴും. വാട്ടർ തീം പാർക്കിലെ റൈഡുകളിൽ ഇരിക്കുന്ന സുഖം. അവധിക്കു നാട്ടിലെത്തിയ പ്രവാസി കുടുംബങ്ങൾ അടവിയിലേക്ക് ഒഴുകുകയാണ്. സ്കൂളുകൾക്ക് ഇന്ന് അവധിയാകുന്നതോടെ സഞ്ചാരികളുടെ എണ്ണം ഇരട്ടിയിൽ അധികമാകുമെന്നാണ് കണക്കു കൂട്ടൽ. 27 കുട്ടവഞ്ചികളുണ്ട്. രാവിലെ 8.30 മുതൽ 5.30വരെ വെള്ളത്തിൽ കളിക്കാം. കല്ലാറിന്റെ മുക്കം മൂലയും അറിയുന്നവരാണ് തുഴക്കാർ. 

പനിനീരു പോലെ തെളിഞ്ഞു കിടക്കുകയാണ് വെള്ളം. മഴ കുറഞ്ഞതോടെ കുട്ടവഞ്ചി സവാരിക്കു പറ്റിയ കാലാവസ്ഥ. ആറിന്റെ ഇരുകരകളും നിബിഡവനം. ഭാഗ്യമുണ്ടെങ്കിൽ വന്യമൃഗങ്ങളെയും കാണാം. സിംഹം ഒഴികെ എല്ലാ ജീവജാലങ്ങളും ഈ പുഴയുടെ കരകളിലുണ്ട്. വെള്ളം കുടിക്കാൻ അവർ തീരത്ത് എത്താറുമുണ്ട്. സഞ്ചാരികളുടെ തിരക്ക് വർധിക്കുന്നത് കണക്കിലെടുത്തു കൂടുതൽ കുട്ടവഞ്ചികൾ അടവിയിലെത്തും. അതേസമയം, ലോങ് റൈഡ് തിരഞ്ഞെടുക്കുന്നവരെ കയറിയ സ്ഥലത്ത് തിരികെ എത്തിക്കാൻ ഏർപ്പെടുത്തിയിരുന്ന വാഹന സൗകര്യം നിർത്തലാക്കിയത് ചെറിയ തിരിച്ചടിയാണ്.

മുണ്ടോംമൂഴി കടവിൽ നിന്ന് പേരുവാലി കടവിലേക്കു 2 കിലോമീറ്റർ ദൂരമാണ് ലോങ് റൈഡ്. ഇവിടെ നിന്ന് മുണ്ടോംമൂഴിയിലേക്കു തിരികെ ഓട്ടോറിക്ഷ സർവീസ് ഉണ്ടായിരുന്നു. അതു നിർത്തിയതോടെ സഞ്ചാരികൾ സ്വന്തം നിലയിൽ മടക്കയാത്രയ്ക്കു സൗകര്യം ഏർപ്പെടുത്തേണ്ട സ്ഥിതിയാണ്. ബസിനു കയറി മുണ്ടോംമൂഴിയിൽ ഇറങ്ങി കടവിലേക്കു നടന്നു പോകേണ്ടി വരും. തിരികെ എത്തിക്കാനുള്ള വാഹന സൗകര്യം പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷയിലാണ് സഞ്ചാരികൾ. 

പുതുതായി 27 കുട്ടവഞ്ചികൾ

അടവി ഇക്കോ ടൂറിസം പദ്ധതിയുടെ മുണ്ടോംമൂഴിയിലെ കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ പുതിയ കുട്ടവഞ്ചികളെത്തി. കർണാടകയിലെ ഹൊഗെനക്കല്ലിൽനിന്ന് 27 കുട്ടവഞ്ചികളാണ് കൊണ്ടുവന്നത്. സാധാരണ ഗതിയിൽ 6 മാസത്തിലേറെ കുട്ടവഞ്ചി ഉപയോഗിക്കാനാകും. ഇവയുടെ പുറത്ത് റെയിൻ ഗാർഡിങ് കോംപൗണ്ട് പൂശി ബലപ്പെടുത്തിയ ശേഷം ഉപയോഗിച്ചുതുടങ്ങും.ഒരു വർഷമായ കുട്ടവഞ്ചികളാണ് നിലവിൽ ഉപയോഗിക്കുന്നത്. ദീർഘദൂര സവാരി കുറവായതിനാലാണ് ഇത്രയും കാലം ഇവ ഉപയോഗിക്കാനായത്. ഓണക്കാലത്ത് തിരക്കേറുമ്പോൾ പഴക്കം കാരണം നിലവിലുള്ളവ ഉപയോഗിക്കാനാകുമായിരുന്നില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA