ADVERTISEMENT

കേരളത്തിൽനിന്നു മാറിയൊരു യാത്ര. കണ്ടുമടുത്ത പ്രകൃതി വേണ്ട. രണ്ടുദിവസം കൊണ്ടു പോയിവരുകയും വേണം. ഇതാ ചിലയിടങ്ങൾ.  കേരളത്തിന്റെ ഓരോ സ്ഥലങ്ങളിൽനിന്നും പോയി വരാവുന്ന വിനോദസഞ്ചാരസ്ഥലങ്ങളെ പരിചയപ്പെടാം. (പരിചയമുള്ളവ തന്നെയാണെങ്കിലും ഒന്നോർമിക്കാം)

 

തിരുവനന്തപുരത്തുനിന്ന്

തിരുവനന്തപുരത്തുനിന്നു അതിർത്തി കടക്കുക എന്നുകേട്ടാൽ ഓർമയിലാദ്യമെത്തുന്നത് കന്യാകുമാരി തന്നെയല്ലേ. കന്യാമുനമ്പിന്റെ 'പഴകിയ' ഇടങ്ങളിലേക്കു ചെല്ലുന്നതിനു മുൻപായി തിരുവനന്തപുരത്തിനു വളരെ അടുത്തുള്ള ഒട്ടേറെ സ്ഥലങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടോ എന്നു നോക്കണം. ഉദാഹരണം,പദ്മനാഭപുരം കൊട്ടാരം. തൃപ്പരപ്പ് വെള്ളച്ചാട്ടം. മാത്തൂരിലെ ആകാശജലപ്പാത(അക്വഡെക്റ്റ്), ചിതറാൾ മലയിലെജൈനക്ഷേത്രം. മാർത്താണ്ഡത്തു താമസിച്ചാൽ ഇക്കാഴ്ചകൾ എല്ലാം രണ്ടുദിവസംകൊണ്ടു കണ്ടുവരാം. 

Chitharal-temple-gif

 

കീരിപ്പാറ(കാളികേശം കാട്)യിലെ കന്യാകുമാരി വന്യജീവിസങ്കേതത്തിൽ ശാന്തമായ അന്തരീക്ഷത്തിൽ താമസിക്കുകയുമാകാം. 

ദൂരം

തിരുവനന്തപുരം -മാർത്താണ്ഡം 44 km.

താമസം- മാർത്താണ്ഡത്തെ സ്വകാര്യഹോട്ടലുകൾ

ഭക്ഷണം-സസ്യാഹാരമാണു നല്ലത്. 

THakkala-Palace-gif

ശ്രദ്ധിക്കാൻ- വൈകിയാൽ ജൈനക്ഷേത്ര പരിസരത്തുനിന്നു തിരികെ പോരുക. 

യാത്രാപദ്ധതി- അതിരാവിലെ യാത്ര പുറപ്പെട്ടാൽ മാർത്താണ്ഡം എത്തുന്നതു വരെയുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാം. ആദ്യം തൃപ്പരപ്പ് വെള്ളച്ചാട്ടം കാണാം. പിന്നെ അക്വെഡക്ടിന്റെ മുകളിലൂടെ നടക്കാം. ഉച്ചയ്ക്ക് നാടൻ കടകളിൽനിന്ന് ഊൺ കഴിക്കാം. ഉച്ചകഴിഞ്ഞാൽ ചിതറാൽ ക്ഷേത്രം കണ്ട് മാർത്താണ്ഡത്തേക്കു തിരിച്ചുപോരാം. രാത്രി താമസത്തിനു ശേഷം രാവിലെ പത്മനാഭപുരം കൊട്ടാരം കണ്ട് തിരികെ നാട്ടിലേക്ക്. 

കൊല്ലത്തുനിന്ന്

കൊല്ലത്തുനിന്നു പുനലൂർ വഴി തെൻമലയിലേക്കുള്ള വഴി യാത്രികർക്കു സുപരിചിതമാണല്ലോ. തമിഴ്നാട് അതിർത്തി കടന്നാൽ ചെങ്കോട്ടയുടെയും തെങ്കാശിയുടെയും ഗ്രാമക്കാഴ്ചകളിലേക്കു ചെല്ലാം.സൂര്യകാന്തിപ്പാടങ്ങളാൽആകർഷകമായ സുന്ദരപാണ്ഡ്യപുരം ഗ്രാമത്തിലെ ഷൂട്ടിങ്ങ് ലൊക്കേഷനുകളിലൂടെ കറങ്ങിവരാം. പിന്നെ കുറ്റാലം വെള്ളച്ചാട്ടങ്ങളിൽ ഒന്നു തലനനയ്ക്കുകയുമാകാം. ഏറെ കേട്ടിട്ടുണ്ടെങ്കിലും ചെങ്കോട്ടയിലെ ഹോട്ടൽ റഹ്മത്തിൽനിന്നു ഇളം ചിക്കനും പൊറോട്ടയും കഴിക്കാതെ തിരിച്ചുപോരരുത് എന്നു കൂടി പറയാം. 

ദൂരം

കൊല്ലം- തെങ്കാശി-സുന്ദരപാണ്ഡ്യപുരം 113 km

kuttalam_14-gif

താമസം-തെങ്കാശിയിലെ സ്വകാര്യഹോട്ടലുകൾ

ഭക്ഷണം- ഹോട്ടൽ റഹ്മത്തിലെ ചിക്കൻ വിഭവങ്ങൾ, തെങ്കാശിയിലെ തനിത്തമിഴ് ആഹാരങ്ങൾ

ശ്രദ്ധിക്കേണ്ടത്- നല്ല വെയിലുണ്ടാകും. കുട, തൊപ്പി എന്നിവ എടുക്കുക. 

വഴിയിലെ മറ്റു സ്ഥലങ്ങൾ, കാഴ്ചകൾ- പുനലൂരിലെ തൂക്കുപാലം, തെൻമല ഇക്കോടൂറിസം സെന്റർ, പതിമൂന്നു കണ്ണറ പാലം, ശെന്തുരുണി കാട്ടിലെ താമസം. സാഹസികർക്ക് അച്ചൻകോവിൽ കാട്ടിലൂടെയുള്ള വഴി തിരഞ്ഞെടുത്ത്തമിഴ്നാട്ടിലെ പൻപൊലിയിലേക്കെത്താം. അവിടെനിന്നു തെങ്കാശിയിലേക്കു ചേരാം. 

 

യാത്രാപദ്ധതി- രാവിലെത്തന്നെ തെൻമല ചുരം കയറിയിറങ്ങാം.ആദ്യം തെങ്കാശിയിലെ അരുൾമിഗുഅമ്പലം കാണാം. ശേഷം സുന്ദരപാണ്ഡ്യപുരത്തേക്ക് ഡ്രൈവ് ചെയ്യാം. അന്യൻ സിനിമയിലെ ഷൂട്ടിങ് ലൊക്കേഷനുകൾ കണ്ടശേഷം തിരികെ തെങ്കാശിയിലേക്ക്. രണ്ടാംദിവസം കുറ്റാലം വെള്ളച്ചാട്ടം കണ്ട് ചെങ്കോട്ടയിൽനിന്ന് ആഹാരം കഴിച്ച് തിരികെ. പാലരുവിയുടെഭംഗിയും ഒന്നാസ്വദിക്കാം.

പത്തനംതിട്ട, കൊല്ലം

തമിഴ്നാട്ടിലെ കടുവാസങ്കേതത്തിൽ ഒന്നു താമസിച്ചാലോ?

പുനലൂർ ചുരം ഒരിക്കൽകൂടി കയറേണ്ടിവന്നാൽ ഇനി തെങ്കാശി കടന്നു നമുക്കു ചെല്ലാനുള്ള സ്ഥലമാണ് കളക്കാട്-മുണ്ടൻതുറൈ. മുകളിൽ വായിച്ച കുറ്റാലം-തെങ്കാശി കാഴ്ചകളുടെ കൂടെ,പാപനാശം അമ്പലത്തോടുചേർന്ന് ഒഴുകുന്ന  താമ്രഭരണി നദിയോരം കാണാം. തുടർന്ന് മുണ്ടൻതുറൈ കടുവാസങ്കേതത്തിലേക്കു ചെല്ലാം. ഇക്കോടൂറിസം പ്രവർത്തനങ്ങൾ ഈ കടുവാസങ്കേതത്തിലുണ്ട്.താമസം ഓൺലൈനിൽ ബുക്ക് ചെയ്താൽ കാടിനുള്ളിലേക്കു വാഹനമോടിക്കാനുള്ള അനുമതി ലഭിക്കും. അത്യാവശ്യസൗകര്യങ്ങളുള്ള ചെറുവീടുകളാണിവിടെയുള്ളത്. 

mundenthure-gif

ദൂരം 

പുനലൂർ-കളക്കാട് മുണ്ടൻതുറൈ ടൈഗർ റിസർവ് 103 Km

താമസം- http://kmtr.co.in  ഈ വെബ്സൈറ്റിൽ ഇക്കോടൂറിസം വിഭാഗത്തിന്റെ താമസസൗകര്യങ്ങൾ ബുക്ക് ചെയ്യാം. 

ഭക്ഷണം- സസ്യേതര ആഹാരം പരീക്ഷിക്കാതിരിക്കുകയാണു നല്ലത്. 

sundarapandiyapuram-gif

വനംവകുപ്പിന്റെ താമസസൗകര്യങ്ങളിൽ ആഹാരവും ലഭിക്കും. 

ശ്രദ്ധിക്കേണ്ടത്- വാഹനവും താമസിക്കുന്ന ഇടവും എല്ലായ്പ്പോഴും ലോക്ക് ചെയ്യുക. കുരങ്ങൻമാരുടെ ‘ ശല്യം’ എല്ലായ്പ്പോഴും ഉണ്ടാകും.  രാത്രി പുറത്തിറങ്ങരുത്. 

സകുടുംബം പോകാനും താമസിക്കാനും സുരക്ഷിതമാണ്. വനംവകുപ്പിന്റെ ഓഫീസിനടുത്തു തന്നെയാണു താമസസൗകര്യം. വിളിപ്പുറത്ത് വനംവകുപ്പ് ജീവനക്കാരുണ്ടാകും. എന്നാലും  പുഴയിലും സമീപപ്രദേശങ്ങളിലും  ഇറങ്ങുന്നതു സൂക്ഷിച്ചുവേണം. പുള്ളിപ്പുലികളെ പുഴയോരത്തുവച്ചു പലവട്ടം കണ്ടിട്ടുണ്ടെന്ന് ആദിവാസിചേട്ടൻമാർ മുന്നറിയിപ്പു തന്നിരുന്നു. ഗൈഡിന്റെ കൂടെയല്ലാതെ കാട്ടിലേക്ക്  ഇറങ്ങരുത്.

യാത്രാപദ്ധതി

പതിവുപോലെ രാവിലെ യാത്ര. മറ്റെവിടെയും നിൽക്കാതെ കളക്കാട് മുണ്ടൻതുറയിലേക്കെത്തുക. താമസസ്ഥലം ആസ്വദിക്കുക. വനംവകുപ്പിന്റെ ട്രക്കിങ് സൗകര്യം അന്വേഷിക്കുക. രാത്രിവാസത്തിനുശേഷം തിരികെ ഇറങ്ങുമ്പോൾതാമ്രഭരണി നദിയും അംബാസമുദ്രത്തിന്റെ ഗ്രാമക്കാഴ്ചകളും കാണുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com