കൊതി പിടിപ്പിക്കും ബീഫ് ഇടിയിറച്ചി; പാലക്കാട് നിന്നൊരു ന്യൂജെൻ രുചിക്കഥ

SHARE

പാലക്കാടുകാർക്ക് ബീഫ് വിട്ടൊരു കളിയുമില്ല– പറയുന്നത് പാലക്കാട് കോയമ്പത്തൂർ റോഡിലെ ഫുഡിക്റ്റഡ് ഫോക്ക്സ് എന്ന റസ്റ്റോറന്റ്, ന്യൂജെൻ റസ്റ്റോറന്റ് നടത്തുന്ന യുവസംരംഭകൻ ഹരിഹരൻ. പാലക്കാടുകാരുടെ ഈ ഇഷ്ടം തിരിച്ചറിഞ്ഞ് ഗംഭീരൻ ഒരു വിഭവം ഭക്ഷണപ്രേമികൾക്കായി ഹരിഹരൻ ഒരുക്കി.

foodicted-folks7

അതാണ് ബീഫ് ഇടിയിറച്ചി! കുറച്ചു നാളുകൾക്കുള്ളിൽ തന്നെ സംഗതി ഹിറ്റ്. ബീഫ് ഇടിയിറച്ചി മുതൽ ചൈനീസും കോണ്ടിനെന്റലും അറേബ്യനും തന്തൂരിയുമടക്കം രുചിമേളങ്ങളുടെ ഒരു തായമ്പകയ്ക്കുള്ള സംഗതികളെല്ലാം ഇവിടെയുണ്ട്.   

foodicted-folks1

പേരിൽ നാക്കുടക്കുമോ?

ഫുഡിക്റ്റഡ് ഫോക്ക്സ് എന്നാൽ ഭക്ഷണത്തോട് അത്രയും ഹരമുള്ളവർ എന്നർത്ഥം. പേര് പറഞ്ഞൊപ്പിക്കാൻ കുറച്ചൊരു കഷ്ടപ്പാടുണ്ടെങ്കിലും ഇവിടെ വന്ന് ഭക്ഷണം കഴിച്ചാൽ അതിനു പിന്നിലെ രഹസ്യം മനസിലാകുമെന്നാണ് ഈ രുചിയിടത്തിന്റെ ചുക്കാൻ പിടിക്കുന്ന ഹരിഹരൻ പറയുക.

കെട്ടിലും മട്ടിലും ന്യൂജെൻ ഫീൽ ഉണ്ടെങ്കിലും വിളമ്പുന്ന ഭക്ഷണത്തിൽ തനിനാടനും ചൈനീസും അറേബ്യനും എല്ലാമുണ്ട്. കൊതി പിടിപ്പിക്കുന്ന പാസ്തയും സ്റ്റീക്കും കിട്ടുന്ന ഇടത്തിൽ തന്നെ നല്ല പുട്ടും ബീഫ് കറിയും കപ്പയും മീൻകറിയും കഴിക്കാൻ കഴിയും എന്നതാണ് ഫുഡിക്റ്റഡ് ഫോക്ക്സിനെ വ്യത്യസ്തമാക്കുന്നത്. 

foodicted-folks6

ഇത് വേറെ ലെവലാണ്

ബീഫ് ഇടിയിറച്ചിയിലേക്ക് വരാം. സംഗതി തനി നാടൻ ആണ്. പല വീടുകളിലും ഇതു ഉണ്ടാക്കാറുണ്ടെങ്കിലും ഹോട്ടലിൽ ഇടിയിറച്ചി അത്ര പതിവുള്ളതല്ല. ഇതുണ്ടാക്കാൻ അൽപം സമയമെടുക്കും എന്നതാണ് ഒരു കാരണം. പക്ഷെ, ഫുഡിക്റ്റഡ് ഫോക്ക്സിൽ ബീഫ് ഇടിയിറച്ചി എപ്പോഴുമുണ്ടാകും.

foodicted-folks2

ചെറിയുള്ളിയും വെളുത്തുള്ളിയും നാടൻ മസാലകളും ചേർത്തു തയറാക്കുന്ന ഇടിയിറച്ചി മുന്നിലെത്തുമ്പോഴേ കൊതിപ്പിക്കുന്ന മണം പരക്കും. ചെറിയുള്ളിയും ബീഫും മൊരിയുമ്പോഴുള്ള ആ മണം മാത്രം മതി കൊതി പിടിപ്പിക്കാൻ. മൊരുമൊരുന്നനെയുള്ള ബീഫ് ഇടിയിറച്ചിക്കൊപ്പം ചോറു വേണോ പൊറോട്ട വേണോ എന്നൊരു ആശയക്കുഴപ്പമാകും പിന്നീട് അവശേഷിക്കുക. 

പുട്ടും കപ്പയും എപ്പോഴും തയ്യാർ

ഉച്ചയ്ക്ക് 12 മണിക്കാണ് ഫുഡിക്റ്റഡ് ഫോക്ക്സ് തുറക്കുന്നത്. രാത്രി 11 വരെയാണ് പ്രവർത്തന സമയം. ഇതിനിടയിൽ എപ്പോൾ ചെന്നാലും പുട്ടും ബീഫ് കറിയും കിട്ടും. അതുപോലെ തന്നെയാണ് കപ്പയും മീൻ കറിയും. നല്ല കരുമുളകിട്ട് വയ്ക്കുന്ന ബീഫ് കറിയ്ക്ക് ഒരുപാട് ആരാധകരുണ്ട്.

foodicted-folks4

പുട്ട്, ചപ്പാത്തി, പത്തിരി, പൊറോട്ട– കോമ്പിനേഷൻ ഏതായാലും ബീഫ് കറി സൂപ്പറാണ്. നല്ല എരിപൊരി രുചികൾ ഇഷ്ടപ്പെടുന്നവർക്ക് ഇവിടത്തെ ബീഫ് കറി ഇഷ്ടപ്പെടും. അതുപോലെ വമ്പൻ ഹിറ്റായ കോമ്പിനേഷനാണ് കപ്പയും മീൻ കറിയും. കുടംപുളിയിട്ട് വയ്ക്കുന്ന മത്തിക്കറിയാണ് കപ്പയ്ക്കൊപ്പം കൊടുക്കുന്നത്. ഏതു നേരത്തെ വിശപ്പിനും കപ്പയും മീൻകറിയും നല്ല കൊതി പിടിപ്പിക്കുന്ന കോമ്പിനേഷനാണ്. 

ബിരിയാണി ഇല്ലാതെ എന്താഘോഷം

വൈവിധ്യമുള്ള ഒരുപാടു വിഭവങ്ങൾ ഉണ്ടെങ്കിലും ഉച്ചയായാൽ ഒരു ബിരിയാണി കഴിച്ചാലെന്താ എന്നാകും പലരുടെയും ചിന്ത. എന്തൊക്കെ സ്പെഷൽ ഉണ്ടെങ്കിലും ആളുകൾക്ക് ഒരു പ്രത്യേക ഇഷ്ടം ബിരിയാണിയോടുണ്ടെന്നാണ് ഹരിഹരന്റെയും പക്ഷം. ബിരിയാണി പ്രേമികൾക്കായി നല്ല മലബാർ ചിക്കൻ ബിരിയാണിയാണ് ഹരിഹരൻ ഫുഡിക്റ്റഡ് ഫോക്ക്സിൽ നൽകുന്നത്. വറുത്ത ചിക്കൻ മാസലയ്ക്കൊപ്പം വൈറ്റ് റൈസ് ചേർത്തൊരുക്കുന്ന ബിരിയാണി ഉച്ചനേരത്തെ ചൂടൻ വിഭവമാണ്. 

foodicted-folks5

പാസ്തയും സ്റ്റീക്കും

നല്ല നാടൻ വിഭവങ്ങൾക്കൊപ്പം അടിപൊളി കോണ്ടിനെന്റൽ വിഭവങ്ങളും ഫുഡിക്റ്റഡ് ഫോക്ക്സിൽ കിട്ടുമെന്നുള്ളതാണ് ഭക്ഷണപ്രേമികളെ ഇങ്ങോട്ടു ആകർഷിക്കുന്ന മറ്റൊരു പ്രധാന ഘടകം. വൈറ്റ് സോസിൽ തയ്യാറാക്കുന്ന പാസ്ത ആൽഫ്രഡോയും കൊതിയൂറും ചിക്കൻ സ്റ്റീക്കും തനത് രുചിയോടെ ഇവിടെ കഴിക്കാം.

foodicted-folks

വൈവിധ്യമുള്ള രുചികൾ ഒരിടത്തു നിന്നു തന്നെ ആസ്വദിക്കാം എന്നുള്ളത് ഭക്ഷണപ്രിയരെ സംബന്ധിച്ചിടത്തോളം സന്തോഷമുള്ള കാര്യമാണ്. വൈകുന്നേരങ്ങളിൽ തന്തൂരി വിഭവങ്ങളും ഉണ്ടാകും. 

പൊറോട്ട റോളിന്റെ പുതുരുചി

വൈകുന്നേരങ്ങളിൽ ന്യൂജെൻ പിള്ളേരുടെ പ്രിയപ്പെട്ട ചെറുകടിയായി മാറിക്കഴിഞ്ഞു ഷവർമ. ഫുഡിക്റ്റഡ് ഫോക്ക്സ് ഷവർമയ്ക്ക് ഒരു പുതിയ പകരക്കാരനെ പരിചയപ്പെടുത്തി. അതാണ് പൊറോട്ട റോൾസ്.

പൊറോട്ടയ്ക്കുള്ളിൽ ചിക്കനും പനീറുമെല്ലാം സ്റ്റഫ് ചെയ്ത് തയ്യാറാക്കുന്ന വിഭവമാണിത്. ചെറുപ്പക്കാരുടെ പ്രിയപ്പെട്ട സ്നാക്ക്സ് ആയി ഇതു മാറിക്കഴിഞ്ഞു. പോക്കറ്റിലൊതുങ്ങുന്ന വിലയിൽ ഇതു കിട്ടുെമന്നുള്ളതാണ് പൊറോട്ട റോൾസ് വിദ്യാർത്ഥികളുടെ ഇഷ്ടഭക്ഷണമായി മാറിയതിനു പിന്നിലെ കാര്യം. രുചിയിലും ഈ റോൾസ് ഗംഭീരമാണെന്ന് ഇവർ പറയുന്നു. 

റോൾ മോഡൽ അച്ഛൻ

വെറും 23 വയസു മാത്രമാണ് ഫുഡിക്റ്റഡ് ഫുഡ് എന്ന റസ്റ്റോറന്റിന്റെ ചുക്കാൻ പിടിക്കുന്ന ഹരിഹരനുള്ളത്. ചെറുപ്രായത്തിൽ തന്നെ ഒരു ഹോട്ടൽ സംരംഭം തുടങ്ങാൻ ഹരിഹരന് പ്രചോദനമായത് അച്ഛൻ വാസുദേവൻ ആണ്. പാലക്കാട് തന്നെ ഒരു മിൽമ ടീ ഷോപ്പ് നടുത്തുകയാണ് ഹരിഹരന്റെ അച്ഛൻ വാസുദേവൻ. "അച്ഛൻ എന്നെ പഠിപ്പിച്ച് ഒരു ഷെഫ് ആക്കി.

foodicted-folks3

ബെംഗളൂരുവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ എനിക്ക് ജോലിയുണ്ടായിരുന്നു. പക്ഷെ, എന്റെ മനസിൽ ബിസിനസ് ചെയ്യണം എന്നായിരുന്നു. ഒരു റസ്റ്റോറന്റ് തുടങ്ങി അച്ഛനെ അവിടെ ക്യാഷിൽ ഇരുത്തണം എന്നുള്ളത് എന്റെ വലിയ ആഗ്രഹമായിരുന്നു. അതു നടന്നു. ആറുമാസമായി റസ്റ്റോറന്റ് തുറന്നിട്ട്. നല്ല അഭിപ്രായമാണ് എല്ലാവരിൽ നിന്നും കിട്ടുന്നത്," തന്റെ സ്വപ്നസംരംഭത്തെക്കുറിച്ച് ഹരിഹരൻ മനസു തുറന്നു. 

ഒത്തുചേരാൻ ഒരിടം

കുടുംബത്തോടൊപ്പവും കൂട്ടുകാരോടൊപ്പവും സ്വസ്ഥമായി ഒത്തുചേർന്നിരിക്കാൻ സാധിക്കുന്ന രുചിയിടമാണ് ഫുഡിക്റ്റഡ് ഫോക്ക്സ്. രുചികരമായ ഭക്ഷണത്തോടൊപ്പം മനോഹരവും ശാന്തവുമായ അന്തരീക്ഷവും ഇവിടെയുണ്ട്.

വൈകുന്നേരങ്ങളിൽ ഒരുമിച്ചെത്തുന്ന സുഹൃദ് സംഘങ്ങൾ ഇത് സാക്ഷ്യപ്പെടുത്തുന്നു. ഓൺലൈൻ ഭക്ഷണവിതരണ ആപ്പുകൾ വഴിയും ഫുഡിക്റ്റഡ് ഫോക്ക്സ് ഡെലിവറി നടത്തുന്നു. പതിവായെത്തുന്ന ഭക്ഷണപ്രേമികളാണ് ഫുഡിക്റ്റഡ് ഫോക്ക്സിന്റെ രുചിപ്പെരുമയുടെ പ്രധാന വക്താക്കൾ.

അവർക്കായി വൈവിധ്യമുള്ള രുചിക്കൂട്ട് ഒരുക്കി കാത്തിരിക്കുകയാണ് ഭക്ഷണത്തോടു പെരുത്തിഷ്ടമുള്ള 'ഫുഡിക്റ്റഡ് ഫോക്ക്സ്'.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA