ADVERTISEMENT

മലയാളികളെ ഏറെ ചിരിപ്പിച്ച ശശാങ്കൻ കോമഡി ഷോകളിലൂടെ ശ്രദ്ധേയനാണ്. ശശാങ്കൻ എന്നു പറയുന്നതിലുപരി കുസുമത്തിന്റെ സുധാകരേട്ടന്‍ എന്നു പറയുന്നതാവും പ്രേക്ഷകർക്കു മനസ്സിലാകാന്‍ എളുപ്പം. കുസുമത്തിന്റെയും സുധാകരന്റെയും വിവാഹശേഷമുള്ള ആദ്യരാത്രിയുടെ ത്രില്ലിങ് കോമഡി സ്കിറ്റ് ആർക്കും മറക്കാൻ കഴിയില്ല. ശശാങ്കൻ കോമ‍‌‍ഡി താരം മാത്രമല്ല തിരകഥാക‍ൃത്ത് എന്ന ലേബലിലും സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. അടുത്തിടെ തിയറ്ററുകളിലെത്തിയ മാര്‍ഗംകളി എന്ന സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് ശശാങ്കന്‍. കോമഡി സ്കിറ്റുകൾ ചെയ്യുമ്പോഴും സിനിമയിലും ഒരുകൈ നോക്കണമെന്ന ആഗ്രഹമായിരുന്നു ശശാങ്കനെ തിരകഥാകൃത്താക്കിയത്.

ഷോയുടെ ഭാഗമായി കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ചിട്ടുള്ള ശശാങ്കൻ യാത്രാപ്രേമികൂടിയാണ്. ''യാത്രയിൽ രണ്ടുണ്ട് കാര്യം കാഴ്ചകളും ആസ്വദിക്കാം ഒപ്പം മനസ്സിൽ നിറയുന്ന സുന്ദരകാഴ്ചകൾ എഴുത്തിലും പ്രതിഫലിപ്പിക്കാം. ശശാങ്കൻ പറയുന്നു''. കണ്ടകാഴ്ചകളുടെ സുന്ദരനിമിഷങ്ങൾ ഓർത്തെടുത്ത് ഇഷ്ടപ്പെട്ട യാത്രകളെക്കുറിച്ചുള്ള വിശേഷങ്ങൾ ശശാങ്കൻ മനോരമ ഒാൺലൈനിൽ പങ്കുവയ്ക്കുന്നു.

കേരളത്തിലെ പതിനാലു ജില്ലകളിലേക്കും യാത്ര നടത്തിയിട്ടുണ്ട്. പ്രോഗ്രാമിന്റെ ഭാഗമായും അല്ലാതെയുമൊക്കെ. എന്നെ കണ്ടു പരിചയമുള്ളവർ ഒാടി അടുത്ത് വരാറുണ്ട്. ആ നിമിഷങ്ങള്‍ അനുഗ്രഹമായിട്ടാണ് തോന്നാറുള്ളത്. ഒരു കലാകാരൻ എന്നതിലുപരി ഒാരോ ആളുകളുടെയും സ്നേഹം ഓരോ നാട്ടിൽ ചെല്ലുമ്പോഴും അനുഭവിക്കാറുണ്ട്.

ഇൗശ്വരന്റെ അനുഗ്രഹം

'ഇൗശ്വരന്റെ അനുഗ്രഹം എന്നു പറയട്ടെ ഷോയുടെ ഭാഗമായി നിരവധിയിടങ്ങൾ സന്ദർശിക്കുവാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ടെന്നും ആ കാഴ്ചകളിലൂടെ യാത്രചെയ്യാനും സാധിച്ചിട്ടുണ്ടെന്നും ശശാങ്കൻ പറയുന്നു. എന്റെ സിനിമയുടെ എഴുത്തിന്  തുടക്കംകുറിക്കുന്നതിനുമുമ്പ് ഞാനാദ്യം യാത്ര പോകുന്നത് കൊല്ലൂർ മൂകാംബിക അമ്മയുടെ മണ്ണിലേക്കാണ്. അമ്മയുടെ സന്നിധിയിലേക്കുള്ള ആ യാത്രയ്ക്ക് ഇന്നും മുടക്കം വരുത്തിയിട്ടില്ല. ജീവിതത്തിലെ ഇത്രയേറെ സൗഭാഗ്യങ്ങൾ നൽകിയ മൂകാംബിക അമ്മയെ മറക്കാനാവില്ല. ഇൗശ്വരാനുഗ്രഹം കൊണ്ടുമാത്രമാണ് എനിക്ക് ജീവിതത്തിൽ ഇത്രയും നേട്ടങ്ങൾ കൈവരിക്കുവാനായതെന്നും' - ശശാങ്കൻ –പറയുന്നു. മൂകാംബികയിലേക്കുള്ള മിക്ക യാത്രകളും ഒറ്റയ്ക്കാണ് നടത്താറുള്ളത്.

sasankan-travel1-gif
ശശാങ്കന്റെ മൂകാംബിക യാത്ര

യാത്ര എപ്പോഴും എനിക്കിഷ്ടമാണ്. ബസ്സിന്റെയോ ട്രെയിനിന്റെയോ സീറ്റിലേക്ക് ചാരി ഇരുന്ന് മനസ്സ് സ്വസ്ഥമാക്കി കാഴ്ചകള്‍ ആസ്വദിച്ച് എഴുത്തിന്റെ ലോകത്തിലേക്ക് സഞ്ചരിക്കാൻ ഒരുപാട് ഇഷ്ടമാണ്. അതുപോലെ യാത്രയിലൂടെ കണ്ടുമുട്ടുന്ന പുതിയ ആളുകൾ അവരുടെ സംസ്കാരങ്ങൾ എന്നിവ അറിയുവാനും പഠിക്കുവാനും ഇഷ്ടമാണ്.

പ്ലാൻ ചെയ്ത് എപ്പോഴും യാത്ര പോകാറില്ല. അവസരം കിട്ടുമ്പോൾ കുടംബവുമായി യാത്ര പോകാറുണ്ട്. എല്ലാ വർഷവും നിർബന്ധമായും പോകാൻ ആഗ്രഹിക്കുന്നത് ശബരിമലയാണ്. ഇതുവരെ മുടങ്ങാതെ പോകുവാൻ സാധിച്ചിട്ടുമുണ്ട്.

ശശാങ്കനും കുടുംബവും
ശശാങ്കനും കുടുംബവും

സ്വപ്നം കാണാത്ത യാത്രകൾ

എന്റെ ജീവിതത്തിൽ സ്വപ്നം കാണാത്ത അത്രയും രാജ്യങ്ങളിലേക്ക് പോകുവാനുള്ള ഭാഗ്യവും ലഭിച്ചു. ഗൾഫ് രാജ്യങ്ങളിലോക്കെയും പോയിട്ടുണ്ട്. ഷോ കഴിഞ്ഞുള്ള സമയം അവിടുത്തെ കാഴ്ചകൾ ആസ്വദിക്കാനായി പോകാറുണ്ട്. കുവൈറ്റിലേക്ക് പലതവണ പോയിട്ടുണ്ട്. അവിടുത്തെ രാത്രികാഴ്ച ഗംഭീരമാണ്. യു എസിലും കാന‍ഡയിലുമൊക്കെ പോകാൻ സാധിച്ചിട്ടുണ്ട്.

ഷോയുടെ ഭാഗമായുള്ള യാത്രയിൽ സ്പോൺസറുമാർ ഞങ്ങളെ അവിടുത്തെ കാഴ്ചകൾ കാണിക്കാനായി കൊണ്ടുപോകാറുണ്ട്. അങ്ങനെ ഒരു തവണ വിദേശ ഷോ കഴിഞ്ഞ് വൈകിട്ട് യുഎസിലൂടെ ഞങ്ങളെല്ലാവരും വെറുതെ കറങ്ങാനിറങ്ങി. അവിടുത്തെ വലിയ ബാറിൽ കയറി. എല്ലാവരും കയറി എന്നെ അവിടുത്തെ അധികൃതർ  അകത്തേക്ക് കയറ്റിയില്ല. കാരണം എനിക്ക് പ്രായപൂർത്തിയായില്ലെന്നായിരുന്നു അവരുടെ വാദം. അവരോട് എത്ര പറഞ്ഞിട്ടും അകത്തേക്ക് പ്രവേശിപ്പിച്ചില്ല. അവസാനം ബാറ് അധികൃതർ എന്തോ ടാഗ് എന്റെ കൈയിൽ കെട്ടിത്തന്ന ശേഷം ഉള്ളിലേക്ക് പ്രവേശിപ്പിച്ചു. അതൊരു മറക്കാനാവാത്ത അനുഭവമായിരുന്നു. ശരിക്കും എന്റെ ചർമം കണ്ടാൽ പ്രായം തോന്നുകയേ ഇല്ലെന്ന് അന്നാണ് മനസ്സിലായത്.

sasankan-travel5-gif
ശബരിമല യാത്ര

മുംബൈ യാത്രയായിരുന്നു പിന്നീടുള്ള രസകരമായ യാത്ര. സച്ചിൻ ടെൻഡുൽക്കറും ഷാരുഖ് ഖാനും തുടങ്ങി നിരവധിയാളുകൾ താമസിക്കുന്ന സ്ട്രീറ്റ്. അവരെയൊക്കെ നേരിൽ കാണണമെന്നുണ്ട് നടക്കില്ലെന്നറിയാം. അതുകൊണ്ട് അവരുടെ വീടുകളുടെ മുന്നിൽ നിന്ന് കുറെ സെൽഫിയെടുത്തു. അവരെ കാണാത്തതിലുള്ള വിഷമം അങ്ങനെയങ്ങ് മാറ്റി.

മറക്കാനാവില്ല ആ യാത്ര

ടൈറ്റാനിക് സിനിമ ടിവിയിൽ ആവേശത്തോടെ കാണുമ്പോൾ ഒരിക്കലും കരുതിയിട്ടില്ല അതുപോലൊരു കപ്പലിൽ യാത്ര ചെയ്യുവാൻ സാധിക്കുമെന്ന്. എന്നാൽ ദൈവം അങ്ങനെയൊരു ലോട്ടറി എനിക്ക് നേടി തന്നു. ന്യൂയോർക്കിൽ നിന്നും കാനഡ വരെ പോകുന്ന കപ്പലിൽ ഷോ നടത്തുവാനായി അവസരം ലഭിച്ചു. സന്തോഷത്തെക്കാൾ ആവേശമായിരുന്നു എനിക്ക് തോന്നിയത്. അങ്ങോട്ടുമിങ്ങോട്ടുമായി 6 ദിവസത്തെ യാത്രയായിരുന്നു. അത്രയും ഭീമാകരമായ കപ്പൽ ടിവിയിൽ കണ്ടിട്ടുണ്ടെങ്കിലും നേരിൽ കാണുന്നതും കയറുന്നതുെമാക്കെ ആദ്യമായിരുന്നു. അദ്ഭുതം എന്നല്ലാതെ ആ യാത്രക്ക് മറ്റൊരു വാക്കില്ല. ശരിക്കും ആസ്വദിച്ച യാത്ര. 

രാത്രിയിൽ കപ്പലിന്റെ തുഞ്ചത്ത് കടലിനെ സാക്ഷിയായി കുറെ നേരം നിന്നു. അപ്പോഴാണ് ജാക്കും റോസും മനസ്സിലേക്ക് കടന്നുവന്നത്. അവരുടെ ആ പ്രണയം നിറഞ്ഞ മനോഹര നിമിഷം. ഒട്ടും അമാന്തിച്ചില്ല. ഞാനും സുഹൃത്തും ജാക്കും റോസുമായി തകർത്ത് അഭിനയിച്ചു. ജീവിതത്തിലെ രസകരമായ നിമിഷങ്ങളിലൊന്നായിരുന്നു ആ കപ്പൽ യാത്ര.

സ്വപനയാത്ര

സ്വപ്നയാത്ര എന്നത് എനിക്ക് ഇല്ല. കാരണം ഇതുവരെ എന്റെ ജീവിതത്തിൽ സംഭവിച്ചതൊക്കെയും അപ്രതീക്ഷിതമായ കാര്യങ്ങളാണ്. ഇൗശ്വരന്റെ അനുഗ്രഹം കൊണ്ടാണ് ഇൗ രാജ്യങ്ങളിലൊക്കെയും യാത്രപോകുവാൻ സാധിച്ചത് ഇനിയും അങ്ങനെയുള്ള യാത്രക്കായുള്ള ഭാഗ്യം ദൈവം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഒരാഗ്രഹം മനസ്സിലുണ്ട് എല്ലാത്തവണയും മൂകാംബിക പോകുമ്പോൾ കുടജാദ്രിയിലേക്ക് പോകുവാൻ സാധിച്ചിട്ടില്ല. അടുത്ത മൂകാംബിക യാത്രയിൽ കുടജാദ്രി കണ്ടു മടങ്ങണമെന്നാണ് ആഗ്രഹം. ശശാങ്കൻ പറഞ്ഞു നിർത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com