കോവളം സഞ്ചാരികൾക്ക് വിഴി​ഞ്ഞത്തേക്കും സ്വാഗതം, ഗുഹാക്ഷേത്രം കാണാം

Vizhinjam-Tourism
SHARE

വിഴിഞ്ഞം എന്നുകേള്‍ക്കുമ്പോള്‍ തുറമുഖ പദ്ധതിയും അദാനിയുമൊക്കെയാകും നമ്മള്‍ മലയാളികള്‍ക്ക് ആദ്യം ഓര്‍മ വരുക. എന്നാല്‍ വിഴിഞ്ഞം എന്നത് കേരളത്തിലെ വളരെ പ്രശസ്തമായൊരു ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ കൂടിയാണ്. കോവളത്ത് മാത്രമൊതുങ്ങുന്നതല്ല തിരുവനന്തപുരത്തിന്റെ കടല്‍ക്കാഴ്ച്ചകള്‍. അതിന് വിഴിഞ്ഞം കൂടി കാണേണ്ടിയിരിക്കുന്നു. സ്വഭാവികമായൊരു തുറമുഖമാണ് വിഴിഞ്ഞം. എന്നാല്‍ വിഴിഞ്ഞത്തെ കാഴ്ച്ചകള്‍ ഏതൊരു സഞ്ചാരിയുടേയും മനം നിറയ്ക്കും. കോവളം കാണാനായി മാത്രം യാത്ര പ്ലാന്‍ ചെയ്യാതെ വെറും 3 കിലോമീറ്റര്‍ അപ്പുറത്തുള്ള വിഴിഞ്ഞം ഗ്രാമത്തിലൂടെ ക്കൂടി ഒന്ന്  ചുറ്റിയടിക്കാം. 

വിഴിഞ്ഞത്തിന്റെ ചരിത്രമിങ്ങനെ 

റോമന്‍ കാലഘട്ടം മുതല്‍ ചെങ്കടല്‍ വഴി വിഴിഞ്ഞത്തുകൂടി ചരക്കുനീക്കങ്ങളുണ്ടായിരുന്നതായാണ് സൂചന. ഏഴാം നൂറ്റാണ്ടിനും പതിനൊന്നാം നൂറ്റാണ്ടിനും ഇടയില്‍ ആരംഭിക്കുന്നു വിഴിഞ്ഞത്തിന്റെ ചരിത്രം. എ ഡി 850 മുതല്‍ എ ഡി 1400 വരെ കുലശേഖരനും ചോളരും തമ്മിലുള്ള നിരവധി യുദ്ധങ്ങള്‍ക്ക് ഒരു യുദ്ധക്കളമായിരുന്നു ഇവിടം. ലോകത്തിന്റെ നാനാകോണിലേക്ക് വിഴിഞ്ഞത്തിന്റെ തുറമുഖബന്ധം നീണ്ടിരുന്നുവെന്നതിന് ഇന്നും തെളിവുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. പിന്നീട് 14, 15 നൂറ്റാണ്ടുകളില്‍ ഡച്ച്, പോര്‍ച്ചുഗീസ് വ്യാപാരികള്‍ ഇവിടം തിരക്കേറിയൊരു തുറമുഖമാക്കി മാറ്റി.

ഇന്ന് നിറയെ മത്സ്യബന്ധന ബോട്ടുകള്‍ നിറഞ്ഞ തിരക്കൊഴിയാത്ത തുറമുഖമാണ്  വിഴിഞ്ഞം. അതിരാവിലെ മീന്‍പിടിക്കാനായി കടലിലേയ്ക്ക് ഊര്‍ന്നിറങ്ങുന്ന ബോട്ടുകളുടെ കാഴ്ച്ച ഒന്നുവേറെ തന്നെയാണ്. വിഴിഞ്ഞത്തിന്റെ ഗ്രാമീണ കാഴ്ച്ചകളും വിശേഷങ്ങളും ഇവിടെ നിന്നും ആരംഭിക്കുന്നു. വിഴിഞ്ഞം കോവളത്തിന്റെ രൂപങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമാണ്. വിഴിഞ്ഞത്തിന്റെ  മറൈന്‍ അക്വേറിയം നിങ്ങള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ്. ഇവിടെ അപൂര്‍വമായ ജലജീവികളെ കാണാം. ലയണ്‍ ഫിഷ്,പിരാന, ഭീമന്‍ ആമകള്‍,  ബട്ടര്‍ഫ്‌ളൈ ഫിഷ്, ട്രിഗര്‍ ഫിഷ് തുടങ്ങി പേരറിയാത്തതും കാണാത്തതുമായ അനേകം കടല്‍ജീവികളെ നേരിട്ട് കണ്ടാസ്വദിക്കാം.  

തെക്കേ ഇന്ത്യയിലെ ആദ്യ ഗുഹാക്ഷേത്രം ഇവിടെയാണ്

എട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടത് എന്ന് കരുതപ്പെടുന്ന ഗുഹാ ക്ഷേത്രം വിഴിഞ്ഞത്തെ പ്രധാന കാഴ്ചകളില്‍ ഒന്നാണ്.  ഈ മഹത്തായ സൃഷ്ടിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ കഴിവ് പ്രകടമാക്കുന്ന തരത്തിലുള്ള അതിശയകരമായ ശില്പങ്ങള്‍ നിങ്ങള്‍ക്ക് ഇവിടെ കാണാം. പുറം ഭിത്തിയില്‍ ശിവന്റെയും അദ്ദേഹത്തിന്റെ പങ്കാളിയായ പാര്‍വതിയുടെയും പൂര്‍ത്തിയാകാത്ത പ്രതിമാണ്  കൊത്തിയിരിക്കുന്നത്. കേരളത്തിലെ പാറ മുറിച്ച് നിര്‍മ്മിക്കുന്ന ആദ്യകാല ഗുഹാക്ഷേത്രങ്ങളിലൊന്നാണിതെന്ന് കരുതപ്പെടുന്നു. 1965 മുതല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഒരു സംരക്ഷിത സ്മാരകമാണ് ഈ റോക്ക് കട്ട് ഗുഹ. ഈ ഗുഹയ്ക്ക് എതിരായിട്ടാണ് തിരുവനനന്തപുരത്തെ തന്നെ ഏറ്റവും പ്രസിദ്ധമായ മുസ്ലിം ദേവാലയം നിലകൊള്ളുന്നതും. തുറമുഖത്തിന് അഭിമുഖമായി നില്‍ക്കുന്ന മോസ്‌കും വിനോദ സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നുതന്നെ. 

വിഴിഞ്ഞം സന്ദര്‍ശിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് കാലാവസ്ഥ തന്നെയാണ്. പകല്‍ സമയം ചൂടിന്റെ അളവ് കൂടുതലായതിനാല്‍ അതിനെ പ്രതിരോധിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുത്തുവേണം അവിടേയ്ക്ക് പോകാന്‍. ഒരു ഗ്രാമമായതിനാല്‍ തന്നെ എപ്പോഴും വെള്ളം കയ്യില്‍ കരുതുന്നത് നല്ലതാണ്. അപ്പോള്‍ ഇനി തിരുവനന്തപുരത്തേയ്ക്ക് യാത്ര പോകുമ്പോള്‍ കോവളം മാത്രം കണ്ട് മടങ്ങാതെ വിഴിഞ്ഞത്തിന്റെ നിഷ്‌കളങ്കതയിലേയ്ക്കുകൂടി ഒന്നു കണ്ണോടിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA