ADVERTISEMENT

ബസ് യാത്രയാണു യാത്ര. നാടു കണ്ട്, നാടോടിക്കാറ്റേറ്റ് സീറ്റിന്റെ അരികിലിരുന്നങ്ങനെ പോകണം.  ഇങ്ങനെയാഗ്രഹിക്കുന്ന ചില യാത്രികരുണ്ട്.  അതിനൊരു കാരണം ചെലവു തന്നെയാണ്. ഇത്ര ചെലവു കുറഞ്ഞ് എങ്ങനെ യാത്ര ചെയ്യാനാകും. രണ്ട് ഉയരത്തിലുള്ള കാഴ്ചയാണ്. കാറുകളിലോ മറ്റോ യാത്ര ചെയ്യുമ്പോൾ ഇങ്ങനെ ആനപ്പുറത്തിരുന്നുള്ള കാഴ്ച കിട്ടുമോ.എന്തായാലും അത്തരം യാത്രികർക്കു പരീക്ഷിക്കാവുന്ന ചില റൂട്ടുകൾ

bustrip-gif

ബത്തേരി-ഗൂഡല്ലൂർ

വയനാടിന്റെ പ്രധാനപട്ടണങ്ങളിലൊന്നായ സുൽത്താൻ ബത്തേരിയിൽനിന്ന് തമിഴ്നാടിന്റെ മലമുകൾപട്ടണമായ ഗൂഡല്ലൂർ വരെ ഒന്നു സഞ്ചരിക്കൂ. നല്ലൊരു അനുഭവമായിരിക്കും ആ യാത്ര. തേയിലക്കാടുംആനകളും ദേവാലയെന്ന മഞ്ഞുഗ്രാമവും ദേവർഷോലയിലെ കാഴ്ചകളും ബസ്സിന്റെ ജാലകത്തിലുടെ കാണാം. പലയിടത്തും ഒരു കാട്ടിലൂടെ സഞ്ചരിക്കുകയാണെന്ന പ്രതീതി നിങ്ങൾക്കുണ്ടാകും. പാന്തല്ലൂർ,  ദേവർഷോല എന്നിങ്ങനെ രണ്ടു വഴികൾ ഈ റൂട്ടിലുണ്ട്. രണ്ടും മനോഹരമാണ്.

-----------------gif

ദൂരം- 44 km

ശ്രദ്ധിക്കേണ്ടത്

നീലഗിരിയിലൂടെയാണു യാത്ര. അലക്ഷ്യമായി പ്ലാസ്റ്റിക്കും മറ്റും വലിച്ചെറിയരുത്.  ഗൂഡല്ലൂരിൽ ചെന്നാൽ ഒരു ജീപ്പ് എടുത്ത് പഴയ ജയിൽ, മുതുമല കടുവാസങ്കേതം എന്നിവ കാണാനിറങ്ങാം. (നാടുകാണിച്ചുരം ഇപ്പോൾ തുറന്നിട്ടില്ല. മലയിടിഞ്ഞു മണ്ണിറങ്ങിയതു മാറ്റിയാൽ ഗതാഗതം വീണ്ടും തുടങ്ങും. പക്ഷേ, ഈ റൂട്ട് ഓർത്തു വയ്ക്കുക) 

നിലമ്പൂർ-മൈസൂരു

മുളകൾ അതിരിടുന്ന ചുരം. രണ്ടു കടുവാസങ്കേതങ്ങൾ. തനികാട്ടുവഴിയിലൂടെ ബസ്സിൽ സഞ്ചരിക്കണോ- നിലമ്പൂരിൽനിന്നു മൈസുരുവിലേക്കുള്ള ബസ്സിൽ സീറ്റ് പിടിക്കുക.  നിലമ്പൂരിൽനിന്നു വിട്ടാൽ വഴിക്കടവ് അതിർത്തി. അവിടെനിന്ന് ലഘുആഹാര-പാനീയാദികൾ വാങ്ങിസൂക്ഷിക്കാം. പിന്നെ നാടുകാണി എന്ന മനോഹരമായ ചുരമാണ്.  താഴെ നിലമ്പൂരിന്റെ താഴ് വാരങ്ങൾ മഞ്ഞുപുതച്ചിരിക്കുന്നതു കാണാം. പിന്നെ ഗൂഡല്ലൂർ പട്ടണം. കുറച്ചുമാറി മുതുമല കാട്ടിലൂടെ യാത്ര. ഈ വഴിയിൽ ആനകളും മറ്റു വന്യമൃഗങ്ങളും സാധാരണ കാഴ്ചയാണ്. മുതുലമയിൽനിന്ന് കർണാടക സംസ്ഥാന അതിർത്തിയിലുള്ള കാടായ ബന്ദിപ്പൂരിലൂടെയാണ്  ബസ് പോകുക. തീർച്ചയായും വന്യമൃഗങ്ങൾ നിങ്ങൾക്കു മുന്നിലെത്തും.ഗുണ്ടൽപേട്ട് എന്ന വനഗ്രാമത്തിൽ സൂര്യകാന്തിപ്പാടങ്ങളും മറ്റും കാണാം. 

----------------gif

ദൂരം-155 km

ശ്രദ്ധിക്കേണ്ടത്

വെള്ളം കയ്യിൽ കരുതുക. വന്യമൃഗങ്ങളെ കാണുമ്പോൾ ശബ്ദകോലാഹലം ഉണ്ടാക്കരുത്. ആഹാരസാധനങ്ങൾ മൃഗങ്ങൾക്ക് ഇട്ടുകൊടുക്കരുത്.

കാട്ടിക്കുളം-തിരുനെല്ലി-ബാവലി

മാനന്തവാടിയിൽനിന്നു തിരുനെല്ലിയിലെക്കുള്ള വഴിയിലെ താവളമാണ് കാട്ടിക്കുളം. ഇവിടെനിന്ന് ഏതു ബസ്സിൽ കയറിയാലും കാഴ്ചകൾ പുതുമയുള്ളതായിരിക്കും.  തിരുനെല്ലിയിലേക്കുള്ള യാത്ര നിങ്ങളിൽ പലർക്കും അറിയാവുന്നതായിരിക്കും. ബ്രഹ്മഗിരി ആനത്താരകളെ പലതവണ ക്രോസ് ചെയ്താണു തിരുനെല്ലി റോഡ് പോകുന്നത്. അതിനാൽ ആനക്കാഴ്ചകൾക്കു പഞ്ഞമുണ്ടാകാറില്ല. ബസ്സിലാണു യാത്രയെങ്കിൽ ആനകളെ കാണുകയും ചെയ്യാം, സുരക്ഷിതമായിരിക്കുകയുംചെയ്യും എന്നിങ്ങനെ രണ്ടു ഗുണങ്ങളുണ്ട്. 

bustrip-12-gif

ബാവലിയിലേക്കുള്ള ബസ്സും കാട്ടിലൂടെത്തന്നെയാണു പോകുന്നത്. കേരള-കർണാടക അതിർത്തിയാണു ബാവലി

ദൂരം

മാനന്തവാടി- കാട്ടിക്കുളം- തിരുനെല്ലി  31 km

കാട്ടിക്കുളം-ബാവലി 7 km

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com