sections
MORE

രാമശ്ശേരിയുടെ ഇഡ്ഡലിപ്പെരുമ; നൂറ്റാണ്ടു പഴക്കമുള്ള രഹസ്യ രുചിക്കൂട്ട്

ramassry-idly2
SHARE

കണ്ടാല്‍ ദോശയാണോ ഇഡ്ഡലിയാണോ എന്ന് തിരിച്ചറിയാന്‍ അല്‍പ്പം പ്രയാസമാണ്. തൊട്ടുനോക്കിയാലോ, തൂവല്‍ പോലെ മൃദുലം. വായില്‍ വച്ചാലോ, ആ രുചി ഒരിക്കലും മറക്കില്ല. അതു കൊണ്ടു തന്നെയാണ് ലോകമെമ്പാടുമുള്ള ആളുകള്‍ രാമശ്ശേരി ഇഡ്ഡലി തേടി പതിറ്റാണ്ടുകളായി ഈ പാലക്കാടന്‍ ഗ്രാമത്തിലേക്ക് വണ്ടി കയറുന്നതും.

പാലക്കാട് കോയമ്പത്തൂര്‍ റൂട്ടിലൂടെ പോയാല്‍ രാമശ്ശേരിയിലെത്താം. പാലക്കാട് നഗരത്തില്‍ നിന്നും എട്ടു കിലോമീറ്റര്‍ ദൂരമേയുള്ളൂ ഇങ്ങോട്ടേക്ക്. തമിഴ്നാട്ടിലെ ഗ്രാമങ്ങളില്‍ നിന്നും കുടിയേറിയ മുതലിയാര്‍ കുടുംബമാണ് രാമശ്ശേരി ഇഡ്ഡലി എന്ന ലോകപ്രശസ്ത വിഭവത്തിന്‍റെ ഉപജ്ഞാതാക്കള്‍. നൂറു വര്‍ഷത്തിലേറെയായി തങ്ങള്‍ ഇഡ്ഡലിയുണ്ടാക്കാന്‍ തുടങ്ങിയിട്ടെന്ന് ഇവര്‍ അവകാശപ്പെടുന്നു.

ഒരു സെറ്റിന് വില വെറും എട്ടു രൂപ 

രാമശ്ശേരിയിലെത്തുന്ന ആര്‍ക്കും ശങ്കര്‍ വില്ല കണ്ടെത്താന്‍ പ്രയാസമില്ല. രാമശ്ശേരി ഇഡ്ഡലി കിട്ടുന്ന രണ്ടു സ്ഥലങ്ങളിലൊന്നാണിത്. നാലു കുടുംബങ്ങളാണ് ഇവിടെ ഇഡ്ഡലി ഉണ്ടാക്കുന്നത്. മുന്‍പ് കൈത്തറി വസ്ത്രങ്ങള്‍ക്കു കൂടി പ്രശസ്തമായിരുന്നു ഈ സ്ഥലം. രണ്ടു ഇഡ്ഡലി അടങ്ങുന്ന ഒരു സെറ്റിന് എട്ടു രൂപയാണ് വില.

ramasseri-idliii1

സാധാരണയായി ദിവസം രണ്ടു നേരമാണ് ഇവിടെ ഇഡ്ഡലി ഉണ്ടാക്കുന്നത്. അരി,ഉഴുന്ന്, ഉലുവ, ഉപ്പ് എന്നിവ ഉപയോഗിച്ച് പൂര്‍വ്വികര്‍ ഉണ്ടാക്കിയിരുന്ന അതേ രുചിക്കൂട്ടാണ് ഇപ്പോഴും ഇവര്‍ ഉപയോഗിക്കുന്നത്. പലരും അനുകരിക്കാന്‍ നോക്കിയിട്ടുണ്ടെങ്കിലും ഇന്നുവരെ ഈ രുചിയുടെ രഹസ്യം കണ്ടെത്താന്‍ ആര്‍ക്കുമായിട്ടില്ല. ഇതേ കൂട്ടുപയോഗിച്ച് വേറെ ആരുണ്ടാക്കിയാലും മുതലിയാര്‍ കുടുംബത്തിന്‍റെ ഇഡ്ഡലിയുടെ അതേ രുചി ലഭിക്കാറില്ല.

പുലര്‍ച്ചെ നാലു മണിക്കാണ് കച്ചവടം ആരംഭിക്കുന്നത്.  രാവിലെ ഒന്‍പതു മണി വരെ ഇഡ്ഡലി വാങ്ങാന്‍ വരുന്ന ആളുകളുടെ ക്യൂവായിരിക്കും. ചുറ്റുപാടുമുള്ള ഹോട്ടലുകളില്‍ നിന്നുള്ള ഓര്‍ഡറുകളും ഇക്കൂട്ടത്തില്‍ ധാരാളമുണ്ടാകും. ഇഡ്ഡലി ഉണ്ടാക്കിയെടുക്കുന്ന രീതിക്കുമുണ്ട് പ്രത്യേകത. മണ്‍പാത്രത്തിലാണ് ഇഡ്ഡലി ഉണ്ടാക്കുന്നത്. അതും വിറകടുപ്പില്‍ മാത്രം. പുളിമരത്തിന്‍റെ വിറകാണ് ഇഡ്ഡലിയുണ്ടാക്കാനായി ഉപയോഗിക്കുന്നത്. ഒന്നോ രണ്ടോ മിനിറ്റിനുള്ളില്‍ ഒരു സെറ്റ് ഇഡ്ഡലി റെഡിയാകും.

പണ്ടൊക്കെ വിദേശത്തേക്ക് പോകുന്ന ആളുകള്‍ രാമശ്ശേരി ഇഡ്ഡലി പാക്ക് ചെയ്തു കൊണ്ടു പോകുമായിരുന്നു. മൂന്നോ നാലോ ദിവസം കേടു കൂടാതെ ഇവ നില്‍ക്കുമായിരുന്നു. സ്വന്തം വയലുകളില്‍ വിളയുന്ന നെല്ലായിരുന്നു അന്ന് ഉപയോഗിച്ചിരുന്നത്. എന്നാല്‍ കൃഷി ഇല്ലാതായതോടെ പുറമേ നിന്നുള്ള അരി ഉപയോഗിക്കാന്‍ തുടങ്ങി. അതോടെ ഇഡ്ഡലിയുടെ ആയുസ്സും കുറഞ്ഞു കുറഞ്ഞു വന്നു. ഇപ്പോള്‍ പരമാവധി ഒരു ദിവസം മാത്രമേ ഇഡ്ഡലി കേടു കൂടാതെ നില്‍ക്കുകയുള്ളൂ. ഇപ്പോള്‍ മാവുണ്ടാക്കുന്നതും മെഷീന്‍ ഉപയോഗിച്ചാണ്.

രുചിക്കൂട്ട് ഇങ്ങനെ 

സാധാരണ ഇഡ്ഡലിക്ക് ഉപയോഗിക്കുന്ന അതേ കൂട്ട് തന്നെയാണ് രാമശ്ശേരി ഇഡ്ഡലിയുടെയും ചേരുവകള്‍. (മറ്റെന്തെങ്കിലും രഹസ്യചേരുവ ഈ രുചിക്ക് പിന്നിലുണ്ടോ എന്ന കാര്യം അജ്ഞാതമാണ്!) ഒരു കിലോ പച്ചരിയും 150 ഗ്രാം ഉഴുന്നും വെവ്വേറെ കുതിര്‍ത്തു വയ്ക്കുക. ഉഴുന്നിന്‍റെ തൊലി കളഞ്ഞ ശേഷം ഒരു വലിയ നുള്ള് ഉലുവയ്ക്കൊപ്പം നന്നായി ചേര്‍ത്തരയ്ക്കുക. അരി നന്നായി കഴുകിയ ശേഷം അതും നന്നായി അരച്ചെടുക്കുക. ശേഷം രണ്ടും കൂടി മിക്സ് ചെയ്യുക. ഉപ്പു ചേര്‍ത്ത് നന്നായി ഇളക്കുക. 10-12 മണിക്കൂര്‍ പുളിക്കാനായി വെക്കാം. ഇഡ്ഡലി മാവ് റെഡി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA