sections
MORE

അറുപതു രൂപയ്ക്ക് കരിമീൻ പൊരിച്ചതും കൂട്ടി ഉൗണു കഴിക്കാം

ammachikada5
SHARE

""അല്ല, മോനെപ്പോ വന്നു?"

"മോനെ ഞാൻ തല്ലാൻ മറന്നു…."

"നിങ്ങളെന്തു നോക്കി നിൽക്കുകയാ… വിളമ്പിക്കൊടുക്ക്. അമ്മ മീൻ വറുത്തോണ്ട് വരാം…"

"പ്ലേറ്റിൽ കറി ബാക്കിയായാൽ പണി പാളും…".

ഇതൊക്കെ ഒരു ഹോട്ടലിൽനിന്നു കേട്ടാൽ പിന്നെ നിങ്ങൾ അവിടെ ഇരിക്കുമോ…

സ്വാഭാവികമായും ഇല്ലാ എന്നായിരിക്കും ഉത്തരം. പക്ഷേ, എറണാകുളം നോർത്ത് (ടൗൺ) റയിൽവേസ്റ്റേഷന്റെ പിന്നിൽ എസ് ആർഎം റോഡിൽ അമ്മച്ചി വീട്ടിൽ ഇതൊരു പുതുമയല്ല. നല്ല കിടിലൻ ഊണും കരിമീൻ പൊരിച്ചതും കൂട്ടി മക്കളെല്ലാം ആസ്വദിച്ചു ഭക്ഷണം കഴിച്ചു മടങ്ങുന്നു. ഒരിക്കൽ കഴിച്ചാൽ പിന്നെയും പിന്നെയും വരുന്നു.

ammachikada

"എനിക്കേയ് പതിനായിരം മക്കളെങ്കിലുമുണ്ട്." - ഹോട്ടലിന്റെ എല്ലാമെല്ലാമായ അമ്മച്ചി മേബിൾ ഫെർണാണ്ടസ് മീൻ പൊരിച്ചത് ചൊരിഞ്ഞിടുമ്പോൾ പറയുന്നുണ്ട്. ഇരുപതു കൊല്ലമായി കട തുടങ്ങിയിട്ട്. ലാഭം നോക്കാറില്ല. അതു ശരിയാണെന്ന് ഊൺ കഴിച്ചു മടങ്ങുന്നവരുടെ സാക്ഷ്യം. ഒരു കുടുംബം ഭക്ഷണം കഴിക്കാനിരിക്കുന്നുണ്ടായിരുന്നു ഞങ്ങളുടെ എതിർ സീറ്റിൽ. അതിൽ കുട്ടിയുമായി ഇരിക്കുന്ന അമ്മയുടെ പ്ലേറ്റിലേക്ക് അഞ്ചോ ആറോ മീനുകളാണ് അമ്മച്ചി കുടഞ്ഞിട്ടുകൊടുക്കുന്നത് (അന്നു കരിമീൻ കിട്ടിയില്ല എന്ന് അമ്മച്ചി).

അമ്മച്ചിയുടെ വീടും ഹോട്ടലും  ഒന്നു തന്നെയാണ്. ഒരു ഹാൾ. അടുത്ത് ബെഡ്റൂം. പിന്നെ അടുക്കള. റോഡിനോടു ചേർന്ന് നീലമേൽക്കൂരയുള്ള, പതിനായിരം മക്കളെ പോറ്റുന്ന അമ്മച്ചിവീടിന്റെ ഘടന ഇതാണ്. രണ്ടു ടേബിൾ മാത്രമേ ഇരിക്കാനുള്ളൂ. അതിന് ക്യൂ പാലിക്കണം. ഊണിൽ വിഭവങ്ങൾ ഇതൊക്കയൊണ്-  സാമ്പാർ,രണ്ടുതരം തോരനുകൾ, മുളകും വിനാഗിരിയും ചേർത്ത സവാളഗിരിരി.  അമ്മച്ചി തന്നെയാണു മാർക്കറ്റിൽ പോയി മീൻ അടക്കമുള്ളവ വാങ്ങിവരുന്നത്. കരിമീൻ കിട്ടിയില്ലെങ്കിൽ മാത്രമേ മറ്റു മീനുകൾ പ്ലേറ്റിൽ ഇടം പിടിക്കുകയുള്ളൂ.

അമ്മച്ചിയുടെ മോൻ ഇനി കറിയെടുക്കുകയാണെങ്കിൽ നാളെ മുതൽ വരേണ്ട… കുറച്ചു ചോറെടുത്ത് കറിയും തോരനും പിന്നെയും പിന്നെയും വാങ്ങിക്കൂട്ടുന്ന ഒരാളോട് സംഭാഷണം ഇങ്ങനെ… മറ്റു മക്കൾക്കു കൂട്ടാൻ കൊടുക്കാൻ തികയില്ല എന്ന ആവലാതിയാണിതിനു പിന്നിൽ എന്ന് എല്ലാവർക്കും അറിയാം. അതാണ് അമ്മച്ചിവീട്. ഊണ് മാത്രമേയുള്ളൂ. 

ammachikada1

അമ്മച്ചിയും മോളും പിന്നെ കൂട്ടുകാരിയുടെ മോളുമാണ് ആഹാരം തയാറാക്കുന്നത്. വിളമ്പുന്നത് അമ്മച്ചിയുടെ പതിനായിരം മക്കളിൽ അന്നു ഹോട്ടലിൽ എത്തിയവരും. ആരാണ് എന്താണ് എന്നൊന്നുമില്ല. പാത്രം അടുത്തുണ്ടെങ്കിൽ പാത്രത്തിൽ വിഭവങ്ങളുണ്ടെങ്കിൽ മറ്റുള്ളവർക്ക് വിളമ്പിക്കൊടുക്കണം എന്നത് അലിഖിത നിയമമാണ്. ഇത്തിരി ക്യൂ നിന്നാലും, വിളമ്പിക്കൊടുക്കേണ്ടി വന്നാലും ആൾക്കാർ അമ്മച്ചിവീട്ടിൽ വരുന്നത് ഇതൊക്കെ കൊണ്ടുതന്നെയാണ്.

ammachikada5

വന്നാൽ എന്തൊക്കെ ശ്രദ്ധിക്കണം എന്നു മനസ്സിലായല്ലോ… ഒന്നുകൂടി പറയാം. ആഹാരം പാഴാക്കരുത്.  അമ്മച്ചി മീൻ ഇഷ്ടപ്പെട്ടു തരുമ്പോൾ വേണ്ടാ എന്നു പറയരുത്. പരസ്പര സഹകരണത്തോടെ വീട്ടിലെന്നവണ്ണം വിളമ്പി വേണം കഴിക്കാൻ… അമ്മച്ചി ദേഷ്യപ്പെടുകയാണെന്നു കരുതേണ്ട, സ്നേഹത്തോടെ പറയുന്നതാണ്.

ammachikada2

അമ്മച്ചിയുടെ കമ്യൂണിറ്റി കിച്ചൺ എന്നു പലരും പറയുന്നുണ്ട്. പക്ഷേ, ആ കുടുസ്സു മുറിയിൽനിന്ന് ഊണ് കഴിച്ചിറങ്ങുമ്പോൾ അവധിക്കാലത്ത് അമ്മൂമ്മയുടെ കൂടെ സമയം ചെലവിട്ടു എന്നാണു തോന്നുക. രുചിയുടെ കൂടെ വാത്സല്യവും. അതാണ് അമ്മച്ചിക്കടയുടെ പ്രത്യേകതയും.

കൂടുതൽ വിവരങ്ങൾക്ക് - 7025112937

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA