sections
MORE

നടി അനുമോളെ മോഹിപ്പിച്ച പാലൂർ കോട്ട; ആരെയും വശീകരിക്കും വെള്ളച്ചാട്ടം

anumol
SHARE

യാത്രകളെ സഹയാത്രികരായി കാണുന്ന മലയാളത്തിന്റെ പ്രിയ യുവനടി അനുമോൾ പുതിയൊരു കാഴ്ചയാണ് ഇത്തവണ പങ്കുവയ്ക്കുന്നത്. മലപ്പുറം ജില്ലയിലെ കടുംങ്ങാപുരത്തുള്ള പാലൂർ കോട്ട എന്ന വെള്ളച്ചാട്ടത്തിന്റെ ഭംഗിയിലേക്ക് അനു ഇത്തവണ ഏവരേയും ക്ഷണിക്കുന്നത്. നാട്ടിലൊക്കെ പ്രശസ്തിയുള്ള ഈ വെള്ളച്ചാട്ടത്തെക്കുറിച്ച് പുറമേ അധികമാർക്കും അറിയില്ല. തന്റെ നാടിനടുത്തായിരുന്നിട്ടു കൂടി താൻ പോലും ഈ മനോഹരയിടത്തെക്കുറിച്ച് അറിഞ്ഞത് വൈകിയാണെന്ന് അനുമോൾ പറയുന്നു.

പാൽപോൽ ഒഴുകും പാലൂർ കോട്ട

മലപ്പുറം ജില്ലയിൽ അങ്ങാടിപ്പുറം, പുഴക്കാട്ടിരി പഞ്ചായത്തുകളോടു ചേർന്നു കിടക്കുന്ന മാലാപറമ്പ്‌ പാലച്ചോടിനും കടുങ്ങപുരം പള്ളിക്കുളമ്പിനും ഇടയിലായിട്ടാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇവിടെ ഏകദേശം 500 അടിയോളം ഉയരത്തിൽ നിന്നും രണ്ട് തട്ടായി പാറക്കെട്ടുകളിലൂടെ വെള്ളം ഒഴുകുന്നു.

നല്ല മഴക്കാലത്താണ് ഈ വെള്ളച്ചാട്ടം അതിസുന്ദരിയാവുക. പാലൊഴുകി വരുന്നതു പോലെ തോന്നും അപ്പോൾ വെള്ളച്ചാട്ടം കണ്ടാൽ. വെള്ളച്ചാട്ടം വന്ന് പതിക്കുന്നിടത്തുള്ള ചെറിയ തടാകത്തിൽ ഭയമില്ലാതെ കുളിക്കാനും സാധിക്കും. നാട്ടുകാരായ യാത്രാപ്രേമികളുടെ ഒരു വീക്കെന്റ് ഡെസ്റ്റിനേഷനാണിത്. കുടുംബവുമൊത്ത് നിരവധിപ്പേർ ഇവിടെയെത്തുന്നുണ്ട്. രണ്ട് തട്ടായിട്ടുള്ള വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം മുഴുവൻ ആസ്വദിക്കണമെങ്കിൽ മുകളിലത്തെ തട്ടിൽ കയറണം. ഇവിടെ നിന്നാൽ ആ നാടിന്റെ ദൂരക്കാഴ്ചയും കാണാനാകും.

ടിപ്പു സുൽത്താനും പാലൂർ കോട്ടയും

ടിപ്പു സുൽത്താന്റെ പടയോട്ടം മലബാറിൽ ആഞ്ഞടിച്ചപ്പോൾ ഇടത്താവളമായി ഈ പ്രദേശം ഉപയോഗിച്ചിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ഈ വെള്ളച്ചാട്ടത്തിന്റെ മുകളിൽനിന്ന് നോക്കിയാൽ കിലോമീറ്ററോളം ദൂരെ ആക്രമിക്കാൻ വരുന്ന ശത്രുക്കളെ കാണാൻ കഴിയുമായിരുന്നത്രേ. ശത്രുക്കൾക്ക് പെട്ടെന്ന് ഇതിന്റെ മുകളിലേക്ക് കയറാൻ കഴിയില്ലായിരുന്നു എന്നതും ടിപ്പു ഈ സ്ഥലം ഒളിസങ്കേതമായി തിരഞ്ഞെടുക്കാൻ കാരണമായി. അങ്ങനെയാണത്രേ പേരിലെ ഈ കോട്ട വന്നത്.

പട്ടാമ്പിയിൽ നിന്ന് പുലാമന്തോൾ വഴി പടപ്പറമ്പ് എന്ന സ്ഥലത്തുനിന്ന് കടുങ്ങപുരത്തെത്തി ഏകദേശം അഞ്ച് കിലോമിറ്റർ സഞ്ചരിച്ചാൽ ഈ വെള്ളച്ചാട്ടത്തിന്റെ താഴെ ഭാഗത്ത് എത്തിച്ചേരാം. എന്നാൽ മാലാപറമ്പ്-പാലച്ചോട് വഴി സഞ്ചരിച്ചാൽ വെള്ളച്ചാട്ടത്തിന്റെ മുകൾഭാഗത്തുമെത്താം. 

പെരുന്തൽമണ്ണയിൽ നിന്നു 10 കിലോമീറ്റർ ദൂരമേയുള്ളൂ.

അധികം ആരും അറിയാത്തൊരിടമായതിനാൽ തിരക്കേതുമില്ലെന്നും സ്വസ്തമായി പ്രകൃതി ഭംഗി ആസ്വദിക്കണമെന്നുള്ളവർക്ക് ഇവിടേക്ക് പോരാമെന്നും അനുമോൾ പറയുന്നു. നനയില്ലെന്ന് തീരുമാനമെടുത്ത് യാത്ര പുറപ്പെട്ട അനുമോൾക്ക് പോലും ആ പാലരുവിയിൽ ഇറങ്ങാതെ തരമില്ലായിരുന്നു അത്രമാത്രം മോഹിപ്പിക്കുന്നൊരിടമാണ് പാലൂർ കോട്ട.

ശ്രദ്ധിക്കുക

മഴക്കാലത്ത് മാത്രമേ ഈ വെള്ളച്ചാട്ടം നിറഞ്ഞ് ഭംഗിയിൽ ഒഴുകൂ. അല്ലാത്ത കാലങ്ങളിൽ വെള്ളം വളരെ കുറവായിരിക്കും. യാത്ര പുറപ്പെടുന്നതിന് മുമ്പ് ഈയൊരു കാര്യം ശ്രദ്ധിക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA