sections
MORE

മാവിലാംതോട്: വീരപഴശ്ശിയുടെ രക്തസാക്ഷിത്വം കൊണ്ടു ചുവന്ന ഭൂമിക

wayanad-mavilathode-trip
SHARE

താമരശ്ശേരി ചുരം കയറുമ്പോൾ മഞ്ഞിനെക്കാൾ മനസ്സിലേക്കെത്തുന്നത് പോരാട്ടത്തിന്റെ കഥകളാണെന്ന് നമുക്കെല്ലാവർക്കും അറിയാം. ചുരത്തിന്റെ തുടക്കക്കാരൻ ആയ കരിന്തണ്ടനിൽ നിന്നു തുടങ്ങുന്നു അക്കഥകളും ചരിത്രവും. ഭംഗി മാത്രമല്ലവയനാടിനു മുന്നോട്ടു വയ്ക്കാനുള്ളത്. ലോകത്തിനു മുന്നിൽ ശിലാലിഖിതങ്ങൾ കൊണ്ടു തലയുയർത്തിനിൽക്കുന്ന എടയ്ക്കൽ ഗുഹയും തകർച്ചയുടെ പര്യായങ്ങളായി മാറിയ ജൈനക്ഷേത്രങ്ങളും അത്തരത്തിലുള്ളവയാണ്. ഇതിൽനിന്നെല്ലാം വ്യത്യസ്തമായി ഒരിടം നമുക്കു സന്ദർശിക്കാം. അതാണു മാവിലാംതോട്. നിശബ്ദമായ കാടിനുചേർന്ന് വച്ചുപിടിപ്പിച്ചതുപോലെ മനോഹരമായ പുൽത്തകിടിയിൽ ഒരു സ്മാരകമുണ്ടവിടെ. വീര പഴശ്ശിയുടെ. 

wayanad-mavilathode-trip1

        

പുൽപ്പള്ളിയിൽനിന്ന് എട്ടുകിലോമീറ്റർ ദൂരമുണ്ട് മാവിലാംതോട്ടിലേക്ക്. മുൻപ് ഗൂഗിളിനു പോലും അജ്ഞാതമായിരുന്നു ഈ സ്ഥലം. അതിലൊരു കാര്യവുമുണ്ട്. കേരള–കർണാടക അതിർത്തിയിൽ ബന്ദിപ്പുർ കാട്ടിന്റെ ഇങ്ങേയറ്റത്താണ്സുന്ദരമായ ഈ വനഗ്രാമം. വണ്ടിക്കടവ് എന്നു പറഞ്ഞാലേ സാധാരണക്കാർക്ക് അറിയൂ. ബ്രിട്ടീഷുകാർക്ക് എതിരെയുള്ള ഗറില്ലാ യുദ്ധങ്ങൾക്കുശേഷം പഴശ്ശിരാജ വിശ്രമിക്കാൻ വന്നിരുന്നത് മാവിലാംതോട്ടിലെ ആ ചെറിയ അരുവിക്കരയിൽ ആയിരുന്നു എന്നാണ് ഐതിഹ്യം. ചുറ്റിനും കാടുള്ള ആ പുൽമേട്ടിലെവലിയൊരു മാവിന്റെ ചുവടായിരുന്നു അദ്ദേഹത്തിന്റെ വിശ്രമസ്ഥലം. ഇപ്പോഴും പേരെഴുതി വച്ചിട്ടുണ്ട് ആസ്ഥലം. 

wayanad-mavilathode-trip2

        

ഇന്നവിടെ ലൈബ്രറി കെട്ടിടവും സ്മൃതിമണ്ഡപവും പതിനൊന്ന് അടി ഉയരമുള്ള  സിമന്റിൽ തീർത്ത പൂർണകായ പ്രതിമയുമാണ് കാഴ്ചകൾ. ബിനു തത്തുപാറയാണ് ശിൽപി. ആ ചെറിയ അരുവി ചെന്നു ചേരുന്നത് കന്നാരംപുഴയിലേക്കും പിന്നെഭവാനിയിലേക്കുമാണെന്ന് നാട്ടുകാരിലൊരാൾ പറഞ്ഞു.  കാടിനപ്പുറം ബീച്ചനഹള്ളി ഡാമാണ്. ആനവരാതിരിക്കാൻ വൈദ്യുതവേലിയ്ക്കപ്പുറം കൊടുംകാട്. കർണാടകയുടേതാണെന്നു മാത്രം.   

ഒരു കടമാത്രമുള്ള ചെറിയ ഗ്രാമം. അതിലൊന്നിന്റെ ഉടമ പഴശ്ശിയുടെ വേറിട്ട കഥ പറഞ്ഞു. ബ്രിട്ടീഷുകാരുടെ വെടിയേറ്റു മരിച്ചു എന്നല്ലേ നിങ്ങൾ പഠിക്കുന്നത്? എന്നാൽ അഭിമാനിയായ ആ നാട്ടുരാജാവ് മോതിരത്തിലെ വൈരക്കല്ലുവിഴുങ്ങി, വിദേശികളുടെ തോക്കിന് തന്റെ ശരീരം അശുദ്ധമാക്കാതെ വീരമൃത്യു വരിച്ചതാണ്.  സ്മാരകം തീർച്ചയായും നാടിന്റെ ശ്രദ്ധ അർഹിക്കുന്നു. 

wayanad-mavilathode-trip3

പുൽപ്പള്ളിയിൽനിന്നു കാപ്പിസെറ്റ്–വണ്ടിത്താവളം– മാവിലാംതോട്. ഇതാണു റൂട്ട്. 

മാവിലാംതോട്ടിൽനിന്ന് പുൽപ്പള്ളി വഴി മാനന്തവാടിയിലേക്കാണ് പഴശ്ശിരാജയുടെ മൃതശരീരം കൊണ്ടുപോയത്. മാനന്തവാടിയിൽ പഴശ്ശിയുടെ ശവകുടീരവുമുണ്ട്. 

നാടിന്റെ കഥയറിഞ്ഞ്, നാടിനുവേണ്ടി പൊരുതിയ ധീരദേശാഭിമാനിയുടെ ഓർമകൾ മനസ്സിലിട്ട് ഒരു കാടിന്റെ അടുത്തു ധ്യാനിച്ചിരിക്കണമെങ്കിൽ മാവിലാംതോട്ടിലേക്ക് വരുക 

റൂട്ട് 

കോഴിക്കോട്– താമരശ്ശേരി– കൽപ്പറ്റ–പുൽപ്പള്ളി–മാവിലാംതോട് 109 കിലോമീറ്റർ 

ശ്രദ്ധിക്കേണ്ടത് 

 ആഹാരവും വെള്ളവും കരുതണം. വനത്തോടു ചേർന്ന ഒരു ചെറു ഗ്രാമമാണിത്. നാട്ടുകാരുടെ മുന്നറിയിപ്പുകൾ അവഗണിക്കരുത്. ആനയിറങ്ങുന്ന ഇടമാണിത്. 

അടുത്തുളള സ്ഥലങ്ങൾ 

പുൽപ്പള്ളിയിൽനിന്നു കുറുവദ്വീപിലേക്കു പോകാം. 

 എടക്കൽ ഗുഹകൾ കണ്ടുവരാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA