sections
MORE

മൂന്നാർ കണ്ടുമടുത്തോ? എങ്കില്‍ ഇങ്ങോട്ടേക്കു പോരൂ

mankulam-travel
SHARE

മഞ്ഞുപുതച്ച വഴികൾ ഒപ്പം കോടമഞ്ഞു വാരി വിതറുന്ന സുഖകരമായ തണുപ്പും പച്ചപ്പു നിറഞ്ഞ തേയിലത്തോട്ടങ്ങളും ഇക്കാഴ്ചകളൊക്കെയും ആസ്വദിക്കുവാനായി മിക്കവരും പോവുക മൂന്നാറിലേക്കാണ്.  സഞ്ചാരികളുടെ മനസ്സു നിറയ്ക്കുന്ന നിരവധി കാഴ്ചകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.  കരിമ്പാറകെട്ടുകളിലൂടെ ഒഴുകിയെത്തുന്ന ചെറുവെള്ളച്ചാട്ടങ്ങളും യാത്രയിലുടനീളമുണ്ട്. മൂന്നാറിലെ കാഴ്ചകൾ കണ്ടുമടുത്തോ എങ്കിൽ മാങ്കുളത്തേക്ക് വണ്ടികയറാം. അടിമാലിയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഒരു 25 കിലോമീറ്റർ ഉള്ളിലേക്ക് സഞ്ചരിച്ചാൽ മാങ്കുളമായി. വിരിപാറയിലെ വനം വകുപ്പിന്റെ ഓഫിസിൽ നിന്നും ടിക്കറ്റെടുത്ത് ഗൈഡിനൊപ്പം നടന്നുകഴിഞ്ഞാൽ മാങ്കുളമെന്ന പ്രകൃതിയുടെ കുമ്പിളിലേക്ക് ഇറങ്ങിചെല്ലാം. 

mankulam-travel2

മൂന്നാറിന്റെ അതേ ദൃശ്യചാരുതയാണ് മാങ്കുളത്തിന്. മൂന്നാറിലേതു പോലെ കെട്ടിടങ്ങൾ ഇല്ലാത്തതിനാൽ മാങ്കുളത്തിന്റെ പ്രകൃതി അൽപ്പംകൂടി പരിശുദ്ധമാണ്.വനംവകുപ്പ് ഏർപ്പാടാക്കിയിട്ടുള്ള ട്രെക്കിങ്, താമസ സൗകര്യം എന്നിവ മാങ്കുളത്തെ കംപ്ലീറ്റ് ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കി മാറ്റുന്നു. മാങ്കുളത്ത് ഇത്രയും സൗകര്യങ്ങളുള്ള കാര്യം യാത്രികരുടെ ലോകത്ത് അറിയപ്പെട്ടു തുടങ്ങുന്നതേയുള്ളൂ. മലയാറ്റൂർ വനവും രാജമലയും തേയിലത്തോട്ടങ്ങളും ചേർത്തു പ്രകൃതിയുണ്ടാക്കിയ ‘കുമ്പിളാ’ണ് മാങ്കുളം.  

mankulam-travel1

മാങ്കുളത്തുണ്ട് കാഴ്ചകൾ ഒരുപാട്. വിരിപ്പാറയിൽ നിന്നും മൂന്നരമണിക്കൂർ നടന്നാൽ നക്ഷത്രകുത്തിലെത്താം. കാട്ടിലൂടെ ആദിവാസി ഊരുകളും കണ്ട് കാനനഭംഗിയറിഞ്ഞ് ട്രെക്കിങ്ങ് നടത്താം. വഴികാട്ടികളായി ആദിവസികളും ഒപ്പംവരും. കിളിക്കല്ല്, കണ്ണാടിപ്പാറ, കോഴിയലക്കുത്ത് എന്നീ വനാന്തർഭാഗങ്ങളിലേക്കും ട്രെക്കിങ് സംഘടിപ്പിക്കുന്നുണ്ട്. മൂന്നാറിന്റെ ഭൂപ്രകൃതിയെ മലയുടെ മുകളിൽ നിന്നു കണ്ടാസ്വദിക്കാൻ കണ്ണാടിപ്പാറയിലേക്കുള്ള ട്രക്കിങ് അവസരമൊരുക്കുന്നു. അടുത്ത ആകർഷണം കൈനഗരി വെള്ളച്ചാട്ടമാണ്. നല്ലതണ്ണിയാർ കൈനഗരിപ്പാറയിലൂടെയൊഴുകി കൈനഗരി വെള്ളച്ചാട്ടമായി മാറുന്നു.വിശാലമായ പാറപ്പുറത്തും തടയണയിലും ഇരുന്ന് ആ സുന്ദരക്കാഴ്ച ശരിക്കും ആസ്വദിക്കാം.

mankulam-travel4

മാങ്കുളത്തു നിന്നും നാലുകിലോമീറ്റർ നടന്നാൽ ആനക്കുളത്ത് എത്താം. സഞ്ചാരികളെ ആകർഷണവലയത്തിലാക്കുന്ന കാഴ്ചയാണ് ആനക്കുളം. ആനകൾ കൂട്ടമായി വെള്ളം കുടിക്കാൻ വരുന്ന സ്ഥലമാണ് ആനക്കുളം. കാട്ടിൽ നിന്നും വെള്ളംകുടിക്കാനെത്തുന്ന കാട്ടാനക്കൂട്ടം ഇതുവരെയും ആരെയും ഉപദ്രവിച്ചിട്ടില്ലെന്നാണ് പ്രദേശവാസികളുടെ സാക്ഷ്യം. ആളുകൾ ഉണ്ടെങ്കിലും ആനകൾ കൃത്യമായി ഇവിടെ വെള്ളം കുടിക്കാൻ എത്താറുണ്ട്.  േസ്റ്റഷനറി കടകളും ഒരു ചായക്കടയുമാണ് ആനക്കുളം കവല. ഈ പ്രദേശത്ത് അമ്പതിലേറെ വീടുകളുണ്ട്. 

മാങ്കുളത്ത് രാപാർക്കാൻ താത്പര്യമുള്ളവർക്ക് അപ്രിസിയേഷൻ സെന്ററിൽ മുറികളുണ്ട്. നേരത്തേ ഫോൺ വിളിച്ച് ബുക്ക് ചെയ്യാം. 

ദൂരം : അടിമാലി, കല്ലാർ, മാങ്കുളം. കോട്ടയം–മാങ്കുളം, തിരുവല്ല– ആനക്കുളം ബസ് സർവീസുകളുണ്ട്. കോട്ടയം–മാങ്കുളം : 156 കി.മീ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA