ADVERTISEMENT

പശ്ചിമഘട്ട മലനിരകളുടെ നിഴല്‍ ചേർന്ന് മൂന്നാറിന്റെ തണുപ്പേറ്റ് കേരളത്തിനകത്ത് നിലകൊള്ളുന്ന തമിഴ് പറയുന്ന ഗ്രാമം. മലനിരകളിലൂടെ ഒഴുകി നീങ്ങുന്ന പഞ്ഞിമേഘങ്ങള്‍...  ഇവിടെ ശ്വാസവായുവില്‍പ്പോലും മറഞ്ഞിരിക്കുന്ന മഴയുടെ വിത്തുകള്‍.  മുകളില്‍ നിന്നും നോക്കിയാല്‍ വൃത്താകൃതിയില്‍  കിടക്കുന്ന ആ ഗ്രാമമാണ് വട്ടവട. ഇവിടെ കൃഷിയിടം ഇത്ര ഭംഗിയാക്കുന്നത് വൈവിധ്യമായ ഈ ‘പച്ചകളാ’ണ്.

മൂന്നാറില്‍ നിന്ന് ഏകദേശം 45 കിലോമീറ്റര്‍ അകലെയായാണ് വട്ടവട സ്ഥിതി ചെയ്യുന്നത്. ടോപ്‌സ്റ്റേഷനില്‍ നിന്നും മുന്നോട്ടു പോകുമ്പോള്‍ വനം വകുപ്പിന്‍റെ ചെക്ക് പോസ്റ്റുണ്ട്. പരിശോധനകള്‍ക്ക് ശേഷം പാമ്പാടുംചോല നാഷണല്‍ പാര്‍ക്കിനുള്ളിലൂടെയാണ് ഇവിടെ നിന്നു തുടര്‍ന്നുള്ള ആറു കിലോമീറ്റര്‍ യാത്ര. വൈകുന്നേരം ആറു മണിക്ക് മുന്നേ എത്തിയാലേ ഇവിടെ നിന്നും വനത്തിനുള്ളിലേക്ക് കടത്തി വിടൂ.  മ്ലാവ്, കരിങ്കുരങ്ങ്, മാനുകള്‍, കാട്ടുപോത്ത് , മലയണ്ണാന്‍ , ആനകള്‍ തുടങ്ങി വന്യമൃഗങ്ങള്‍ വിഹരിക്കുന്ന കാടാണ് ഇരു വശവും. പോകുമ്പോള്‍ വഴിയിലെവിടെയും വാഹനം നിര്‍ത്തി ഫോട്ടോയെടുക്കുകയോ ഇറങ്ങി നടക്കുകയോ ചെയ്യരുത് എന്ന് വനം വകുപ്പിന്‍റെ കര്‍ശനമായ നിര്‍ദ്ദേശമുണ്ട്.

vattavada1-gif

കാടിറങ്ങി റോഡെത്തിയാലും മരങ്ങള്‍ നിറഞ്ഞ വഴിയിലൂടെയാണ് യാത്ര. ഇടയ്ക്കിടെ തെളിയുന്ന പശ്ചിമഘട്ട മലനിരകളും കണ്ടു വട്ടവടയെത്തുമ്പോള്‍ മൂന്നാറിനെ വെല്ലുന്ന കാഴ്ചകളും സുഖകരമായ കാലാവസ്ഥയുമാണ് സഞ്ചാരികളെ വരവേല്‍ക്കുക. സ്ട്രോബറി, ശീതകാല പച്ചക്കറികള്‍, വിവിധയിനം പയര്‍വര്‍ഗങ്ങള്‍, വെളുത്തുള്ളി തുടങ്ങിയവയുടെ തോട്ടങ്ങള്‍ വട്ടവട ഗ്രാമത്തിലെങ്ങും കാണാം. കൃഷിയെ അടിസ്ഥാനപ്പെടുത്തിയാണ് ഇവിടുത്തെ ജനങ്ങളുടെ ജീവിതം. കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും അതിര്‍ത്തി പങ്കിടുന്നതിനാല്‍ തമിഴും മലയാളവും കലര്‍ന്ന പ്രത്യേക ഭാഷയിലാണ് ആളുകളുടെ സംസാരം. 

പ്രാദേശിക രീതിയില്‍ ഉണ്ടാക്കിയ സ്ട്രോബെറി ജാമും വൈനും വില്‍ക്കുന്ന കുട്ടിക്കടകള്‍ ഇവിടെ സാധാരണമാണ്. കൂടാതെ കാട്ടില്‍ നിന്നും ശേഖരിച്ച ശുദ്ധമായ തേനും വെളുത്തുള്ളിയുമൊക്കെ വാങ്ങിച്ചേ ഇവിടെയെത്തുന്ന സഞ്ചാരികള്‍ തിരിച്ചു പോവാറുള്ളൂ. മറ്റു ഹില്‍സ്റ്റേഷനുകളിലുള്ളതു പോലെത്തന്നെ ഹോംമെയ്ഡ് ചോക്ലേറ്റും ഇവിടെ കിട്ടും. സഞ്ചാരികളോട് വളരെ സൗഹൃദപൂര്‍വ്വമായാണ് നാട്ടുകാര്‍ പെരുമാറുന്നത്. 

ജീപ്പ് സഫാരി, മൌണ്ടന്‍ ബൈക്കിംഗ്, ജംഗിള്‍ ക്യാമ്പിംഗ് തുടങ്ങിയവ നടത്താന്‍ ഇവിടെ സൗകര്യമുണ്ട്. മൂന്നാര്‍ ടോപ്‌ സ്റ്റേഷനില്‍ നിന്നും ഇവിടേക്കുള്ള ജീപ്പ് യാത്ര മൂന്നു മണിക്കൂര്‍ എടുക്കും. പാമ്പാടും ചോല നാഷണല്‍ പാര്‍ക്ക്, കോവിലൂര്‍, പഴത്തോട്ടം എന്നിവ സന്ദര്‍ശിച്ച ശേഷമാണ് ജീപ്പ് വട്ടവടയിലെത്തുന്നത്. വര്‍ഷം മുഴുവന്‍ നല്ല കാലാവസ്ഥയാണെങ്കിലും സെപ്തംബര്‍ മുതല്‍ ഏപ്രില്‍ അവസാനം വരെയുള്ള കാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

ട്രെക്കിങ് ഉദ്ദേശിച്ചു വരുന്നവര്‍ക്ക് ഇഷ്ടം പോലെ നടന്നു കാണാനുള്ള വകയുണ്ട് ഇവിടെ. കൊടൈക്കനാല്‍, മീശപ്പുലിമല, കാന്തല്ലൂര്‍, മാട്ടുപ്പെട്ടി എന്നിവിടങ്ങളിലേക്ക് ഇവിടെ നിന്നും കാല്‍നടയായി പോകുന്ന യാത്രക്കാരും കുറവല്ല. ഇരവികുളം നാഷണല്‍ പാര്‍ക്ക്, കൊളുക്കുമല, കുറിഞ്ഞിമല, ആനമുടിച്ചോല എന്നിവയും വട്ടവടയ്ക്ക് അടുത്തായിട്ടാണ് സ്ഥിതിചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com