ADVERTISEMENT

Wherever You go

Go all with Your heart

വിഖ്യാത ചൈനീസ്  ചിന്തകൻ കൺഫ്യൂഷ്യസിന്റെ വാക്കുകൾ ആണിവ. ഹൃദയംകൊണ്ടു സഞ്ചരിച്ചാൽ  ചെറുയാത്രകളും  ആസ്വാദ്യകരമാകും എന്ന് നമുക്ക് നമ്മുടെ തർജമ നൽകാം.  യാത്രകൾ ചെറുതോ വലുതോ ആകട്ടെ മനംനിറയുന്നവയായിരിക്കണം. ഇനി യാത്രകളിൽ മറ്റുള്ളവരുടെ മനം നിറയ്ക്കാൻ കൂടി കഴിയുകയാണെങ്കിലോ? 

ദാസ് കെ.എസ് പുരത്തിന്റെ തീവണ്ടിയാത്രകൾ ഇത്തരത്തിൽ ഉള്ളുകുളിർപ്പിച്ചാണ്. അദ്ദേഹത്തെ കണ്ടാലൊരു സുവിശേഷകന്റെ മട്ടാണ്. അലക്കിത്തേച്ച തൂവെള്ള ഷർട്ട്. തോളിലൊരു ജീൻസ് ബാഗ്. ആ ബാഗിനുള്ളിലാണ് ദാസേട്ടന്റെ ഹൃദയമിരിക്കുന്നത്.  ചെറിയ പുല്ലാങ്കുഴൽ. 

das-travel1-gif

പിറവം റോഡ് സ്റ്റേഷനിൽനിന്നു വേണാടിനു കയറുന്ന പലരും ദാസ്. കെ ശിവപുരത്തിന്റെ വേണുനാദത്തിന്റെ ആരാധകരാണ്. ട്രെയിൻ കാത്തിരിപ്പിന്റെ മടുപ്പിനിടയിൽ മാണിക്യവീണയുമായെൻ… എന്ന പാട്ടുമുതൽ   മറ്റു ക്ലാസിക്കുകൾ  പുല്ലാങ്കുഴലിലൂടെ ഒഴുകിയെത്തുന്നതു കേൾക്കാൻ യുവാക്കളടക്കം ദാസേട്ടന്റെ ചുറ്റും കൂടും. 

ഇന്നലെ ഞാൻ കേട്ടാരുന്നു ട്ടോ… എന്നിങ്ങനെ കമന്റുകൾ ചെറുചിരിയോടെ നൽകി അവർ ദാസേട്ടനെ കടന്നുപോകും. 

das-travel2-gif

െട്രയിനിൽ കയറിയാൽ ചാരിനിൽക്കാനുള്ള കമ്പി മതി ദാസേട്ടന്. ആരുടെയും ശ്രദ്ധ പിടിച്ചുപറ്റുംവിധം സുന്ദരമായി ദാസേട്ടന്റെ പുല്ലാങ്കുഴൽ പാട്ടുമൂളും. മിക്കപ്പോഴും തൃശ്ശൂർ വരെ നീളും ആ യാത്ര. പിന്നെ തൃശ്ശൂരിലെ കൂട്ടുകാരുമായി കുറച്ചുനേരം സൊറ. തിരിച്ചു പിറവത്തേക്കു മറ്റൊരു ട്രയിനിൽ.  പിന്നെയൊരു യാത്ര അമ്പലപ്പുഴയിലേക്കാണ്. എറണാകുളം സൗത്തിൽ ഇറങ്ങും. പിന്നെ അമ്പലപ്പുഴയിലേക്കു മറ്റൊരുെ ട്രയിൻ പിടിക്കും. യാത്രയിൽ ഈ പുല്ലാങ്കുഴൽ പലകുറി ആ ചുണ്ടിനോടു ചേരും. ഒരു പുഴയിൽ ഒരു തവണയേ കുളിക്കാൻ പറ്റൂ എന്നു പറയുന്നതുപോലെ ഒരു തീവണ്ടിയിൽ ഒരു തവണയേ യാത്ര ചെയ്യാൻ പറ്റൂ എന്നാണ് ദാസേട്ടന്റെസാക്ഷ്യം.  ഒരോ ബോഗിയാണെങ്കിൽ കൂടി എല്ലാദിവസവും 

പുതിയ ആൾക്കാരെ കാണാൻ പറ്റും. യാത്രികരിൽ പലരും ദാസേട്ടന്റെ പ്രകടനം ഫോണിൽ പകർത്തുന്നുണ്ട്. കാരണം ട്രയിനുകളിൽ പാട്ടുപാടി ജീവിക്കുന്നവരുടെ ‘സംഗതി’ ഇല്ലാത്ത സംഗീതമല്ല ഈ പുല്ലാങ്കുഴലിൽനിന്നു പുറത്തുവരുക.  അസ്സൽ പാട്ടുകേൾക്കുന്നതിന്റെ സുഖം നമുക്കനുഭവിക്കാം. 

ദാസേട്ടനും ദാസേട്ടനും

പിതാവ് പുല്ലാങ്കുഴൽ നിർമിക്കുമായിരുന്നു. വായിക്കുമായിരുന്നു.  അങ്ങനെ പാരമ്പര്യമായി കിട്ടിയതാണ് ഈ സംഗീതം. പഠിച്ചിട്ടൊന്നുമില്ല. പക്ഷേ, വിദ്യാലയ കാലത്ത് സാക്ഷാൽ ദാസേട്ടൻ നമ്മുടെ യേശുദാസ്, ഈ പുല്ലാങ്കുഴൽ വായിക്കുന്നതു കേട്ടിട്ട് അൻപതു രൂപ പോക്കറ്റിലിട്ടു തന്നതായി ഓർമ പങ്കുവയ്ക്കുന്നുണ്ട് ഈ ദാസേട്ടൻ. അന്ന് അൻപതു രൂപയുടെഒറ്റനോട്ടില്ല. പകരം പത്തിന്റെ അഞ്ചെണ്ണമായിരുന്നു. ജോലിയിൽനിന്നു വിരമിച്ചു. പെൻഷനുണ്ട്. മൂന്നുമക്കൾ നല്ലനിലയിലാണ്. പിന്നെ വെറുതേ വീട്ടിൽ ഇരിക്കേണ്ടല്ലോ… ഈ ചെറുയാത്രകളാണു സന്തോഷം. മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിൽ സന്തോഷം.- പുല്ലാങ്കുഴലിനു വിശ്രമം നൽകിയപ്പോൾ ദാസേട്ടൻ തന്റെ കഥയിങ്ങനെ പറഞ്ഞു നിർത്തി. 

das-travel-gif

ഇത്രയും വായിക്കുമ്പോൾ അദ്ദേഹം ഒരു അവധൂതൻ ആണോ എന്നു തോന്നാം. ഒരിക്കലുമല്ല. എത്ര വൈകിയാലും സ്വന്തം വീട്ടിൽ വന്നു കിടക്കണം എന്നും ഷർട്ട് ഇസ്തിരിയിട്ടു സൂക്ഷിക്കണമെന്നുമുള്ള ചെറുശാഠ്യങ്ങളുള്ളസാധാരണക്കാരനാണ് ദാസ്.കെ.എസ്. യുവാക്കളുടെ ഫോണുകളിൽ ദാസേട്ടന്റെ സംഗീതമുണ്ട്. പലരും പാട്ടുകേട്ട് കാലത്തിനു പിന്നിലേക്കു സഞ്ചിരിച്ചിരിക്കണം. ഒരു സുന്ദരരാഗമായി പൊന്നോടക്കുഴലിൽ വന്നൊളിച്ചിരിക്കാൻ ആളുള്ളവർ   വേണുവുമായി വേണാടിൽ കയറിയ ദാസേട്ടനെ മറക്കില്ല. 

യാത്രകളിൽ കണ്ടുമുട്ടുന്ന ദാസേട്ടനെപോലുള്ളർ 

ഇറ്റാലിയൻ സംഗീതജ്ഞനായ ആൻഡ്രെയ  ബുഷേല്ലിയുടെ വാക്കുകളെ ഓർമിപ്പിക്കുന്നു. 

I also always carry my flute. It's very important for me to try to relax when I'm travelling, and playing my flutehelps me to unwind. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com