sections
MORE

"നുമ്മടെ കൊച്ചി പൊളിയാണ് കെട്ടാ" ഹോളിഡേ ട്രിപ്പ് ഡേ ആക്കിയ അമ്മയും മക്കളും

family-trip2
SHARE

അമ്മേ, സ്കൂളില്ലാത്ത ദിവസം പുറത്ത് കൊണ്ടു പോകാം എന്ന് പറഞ്ഞിട്ട് എന്തായി? ഈ ചോദ്യം കേട്ടാണ് എന്റെ നേരം വെളുത്തത് തന്നെ. അച്ഛൻ വീട്ടിൽ ഇല്ലാത്ത ഞായറാഴ്ചകൾ ഏതൊരമ്മയ്ക്കും പരീക്ഷണ ദിവസമായിരിക്കും. തലേ ദിവസം ജോലി സംബന്ധമായി പുള്ളിക്കാരൻ പോയപ്പോൾ അടക്കിയിരുത്താൻ പറഞ്ഞു പോയതാണ് സൺഡേ ട്രിപ്പിന്റെ കാര്യം. ഒന്നുറങ്ങിയെണീക്കുമ്പോൾ മക്കൾ മറക്കുമെന്ന എന്റെ ആശ്വാസത്തിന് തിരശില വീണത് ആ ചോദ്യത്തോടെയായിരുന്നു. 

family-trip4

കുടുങ്ങിയല്ലോ കർത്താവേ ഇനിയെന്തു ചെയ്യും എന്നാലോചിച്ച് ഇരുന്ന എന്നോട് രണ്ട് വയസുള്ള ചെറിയവൻ പറഞ്ഞു, അമ്മേ മെട്രോയിൽ പോകാം. കൊച്ചിക്കാരുടെ ഇപ്പോഴത്തെ പ്രധാന കലാപരിപാടി മെട്രോ യാത്ര ആണല്ലോ.

അങ്ങനെയെങ്കിൽ നമുക്കും മെട്രോ യാത്ര ആകാം എന്ന് പറഞ്ഞതും കിടക്കയിൽ നിന്നും മൂന്നു പേരും ഓടി. പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. പല്ലു തേക്കുന്നു. കുളിക്കാൻ റെഡിയാകുന്നു, ആകെ ബഹളമയം. അല്ലാത്ത ദിവസങ്ങളിൽ വെടി പൊട്ടിയാലും കിടക്ക പായയിൽ നിന്നും എഴുന്നേൽക്കാത്ത ഐറ്റംസാണ്. 

family-trip5

കാര്യം മെട്രോ സവാരി രസമാണ് പ്രത്യേകിച്ച് കുട്ടികളെ സംബന്ധിച്ച്. പക്ഷേ വെറുതെ മെട്രോ കയറിയിറങ്ങാതെ മറ്റെന്ത് ചെയ്യാം എന്നായിരുന്നു എന്റെ ചിന്ത. ഒരു കൊച്ചിക്കാരിയായ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. മനസിൽ ലഡു പൊട്ടും പോലെ സുഭാഷ് പാർക്ക് തെളിഞ്ഞു വന്നു. അത് പക്ഷേ മക്കളോട് പറയാതെ സർപ്രൈസ് ആക്കി വെച്ചു. 

അങ്ങനെ മെട്രോയുടെ ലേറ്റസ്റ്റ് സ്റ്റേഷനായ തൈക്കുടത്ത് നിന്നും ഞങ്ങളുടെ യാത്ര ആരംഭിച്ചു.എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ച അവരോട് നേരിട്ട് കണ്ടാൽ മതിയെന്ന് പറഞ്ഞ് അടക്കിയിരുത്തി. അമ്മയും മൂന്നു മക്കളും കലപില കൂടുന്നത് ട്രെയിനിലുള്ളവർ ആദ്യമായി കാണുന്ന പോലെ നോക്കിയിരിക്കുന്നു. നാടിനെ മുകളിൽ നിന്നാസ്വദിച്ച് ഞങ്ങൾ ഇറങ്ങേണ്ടയിടം എത്തിയത് അറിഞ്ഞില്ല. പിന്നെ മെട്രോയിലെ ചേച്ചി ഓരോ സ്റ്റോപ്പിന് മുമ്പും അനൗൺസ് ചെയ്യുന്നത് കൊണ്ട് രക്ഷപ്പെട്ടു. അങ്ങനെ മഹാരാജ് ഗ്രൗണ്ട് സ്റ്റേഷനിൽ ഇറങ്ങി. 

family-trip3

തൈക്കുടം- മഹാരാജ് ഗ്രൗണ്ട് ഒരാൾക്ക് 30 രൂപയാണ് മെട്രോ ടിക്കറ്റ് നിരക്ക്. ആലുവ മുതൽ തൈക്കുടം വരെയുള്ള മെട്രോ സ്‌റ്റേഷനുകളിൽ എവിടെ നിന്ന് കയറിയാലും സുഭാഷ് പാർക്കിലേക്ക് പോകാൻ ഗ്രൗണ്ട് സ്‌റ്റേഷനിലാണ് ഇറങ്ങേണ്ടത്. അവിടെ നിന്നും 30 രൂപ കൊടുത്താൽ ഓട്ടോ ചേട്ടൻമാർ പാർക്കിലെത്തിക്കും. ഞങ്ങളും ഒരു ഓട്ടോ വിളിച്ചു. എങ്ങോട്ടാണെന്ന ചേട്ടന്റെ ചോദ്യത്തിലാണ് ഇനിയുളള ട്വിസ്റ്റ്.

family-trip1

' സുഭാഷ് പാർക്ക് '. ആ വാക്ക് കേട്ട എന്റെ മക്കളുടെ മുഖത്തെ ഭാവങ്ങൾ ജഗതി വിചാരിച്ചാലും കാണിക്കാൻ പറ്റില്ല. എന്നെ നോക്കി പല്ലു മുഴുവൻ ( പുറത്ത് കാണിക്കാൻ കൊള്ളില്ലെങ്കിലും ) കാണിച്ച് ചിരിക്കുന്ന കുട്ടികളുടെ മുമ്പിൽ ഞാൻ ശരിക്കും ഒരു സൂപ്പർ വുമൺ ആയി. സ്വയം പൊങ്ങി അങ്ങനെ രസിച്ചിരുന്ന ഞാൻ പാർക്കിനു മുന്നിലെത്തി ഓട്ടോ ചേട്ടൻ ബ്രേക്കിട്ടപ്പോഴാണ് ഭൂമിയിലേയ്ക്ക് എത്തിയത്. 

ഒടുവിൽ ഞങ്ങൾ ലക്ഷ്യത്തിൽ എത്തിയിരിക്കുന്നു. എവറസ്റ്റ് കീഴടക്കിയ ഫീലായിരുന്നു മൂന്നു പേരുടേയും മുഖത്ത്. പിന്നെയൊരു ഓട്ടമായിരുന്നു അവർ. കുട്ടികളുടെ ഉല്ലാസകളികൾ കാണുന്നതിൽ പരം സന്തോഷമുണ്ടോ. കൊച്ചി നഗരത്തിന്റെ നടുക്കായി പച്ചയിൽ പുതച്ചു നിൽക്കുന്ന സുഭാഷ് ബോസ് പാർക്ക് കുട്ടികൾക്ക് മാത്രമല്ല ഇവിടെയെത്തുന്ന ആരുടേയും പ്രിയ ഇടമായി മാറും. ഒരൽപ്പം തണലത്ത് പച്ചപ്പുല്ലിന്റ പരവതാനിയിൽ സ്വയം മറന്നിരിക്കാൻ തന്നെ വല്ലാത്തൊരു അനുഭവമാണ്. സുഭാഷ് പാർക്കിൽ എത്തുന്നവരിൽ ഭൂരിഭാഗവും ആ തണൽക്കാട്ടിൽ ഒന്നിരിക്കാൻ വരുന്നതാണ്. വേമ്പനാട്ട് ക്കായലിന്റെ ഓളം തള്ളലിൽ കണ്ണ് നട്ട് നങ്കൂരമിട്ടു കിടക്കുന്ന പേരറിയാത്ത കപ്പലുകളെ കണ്ട് അങ്ങനെയിരിക്കാം. 

കുട്ടികൾക്കായുള്ള പാർക്കും പൂന്തോട്ടവും കായലിനോട് ചേർന്നുള്ള വോക്ക് വേയും ഉൾപ്പെട്ടതാണ് കൊച്ചി സുഭാഷ് ചന്ദ്രബോസ് പാർക്ക്. വേമ്പനാട്ട് കായലിന്റെയും കൊച്ചി തുറമുഖത്തിന്റെയും ദൂരക്കാഴ്ചകള്‍ ഇവിടെയിരുന്ന് ആസ്വദിക്കാം. മെട്രോ സിറ്റിയായ കൊച്ചിയുടെ ഹൃദയത്തിലെ പച്ചത്തുടിപ്പാണ് ശരിക്കുമീ പാർക്ക്. മഹാരാജാസ് കോളേജിന് സമീപത്തായാണ് സുഭാഷ് പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഏതാനും മിനുട്ട്കൊണ്ട് സുഭാഷ് പാര്‍ക്കിലേക്ക് നടന്നെത്താം.കുടുംബത്തോടൊപ്പവും കുട്ടികളുമായി വന്നിരിക്കാനും ആസ്വദിക്കാനും അവസരമൊരുക്കുന്ന പാർക്കിൻറെ പ്രത്യേകത കായലോരത്താണെന്നുള്ളതാണ്. സർക്കാരിൻറെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ചുരുക്കം ചില നല്ല പാർക്കുകളിൽ ഒന്നാണിത്. വളരെ വൃത്തിയോടു കൂടിയാണിവിടം സംരക്ഷിച്ചു പോരുന്നത്.ലോകോത്തര കലാകാരന്മാരുടെ ശിൽപങ്ങൾ ആസ്വദിക്കാനും ഇവിടെ അവസരമുണ്ട്. 1990ൽ പാർക്കിൽ നടന്ന ശിൽപകലാ ക്യാമ്പില്‍ പങ്കെടുത്ത പ്രമുഖ കലാകാരന്മാർ നിർമിച്ച ശിൽപങ്ങള്‍ പുനർനിർമിച്ച് പാർക്കിൽ സ്ഥാപിച്ചിട്ടുണ്ട്.  

family-trip

പാർക്കിലെ കാഴ്ചകൾ കണ്ടു കഴിഞ്ഞാൽ നേരെ ബോട്ട് ജെട്ടിയിലേയ്ക്കോ മറൈൻ ഡ്രൈവിലേയ്ക്കോ പോകാം. എറണാകുളം  ജെട്ടിയിൽ നിന്നും കേരള സർക്കാരിന്റെ ബോട്ടിൽ കയറി വെറുതെ കറങ്ങി വരാം. ഫോർട്ടുകൊച്ചി, മുനമ്പം തുടങ്ങിയ പ്രധാനയിടങ്ങൾ ഈ ബോട്ടുയാത്രയിൽ കാണാം.

ഒഴിവു ദിവസങ്ങളിൽ ഒറ്റയ്ക്കാകുന്ന അച്ഛൻ-അമ്മമാർക്ക് മക്കളെയും കൂട്ടി കറങ്ങാൻ ഇതിലും മികച്ചൊരു ഒപ്ഷൻ കൊച്ചിയിലുണ്ടോ. അപ്പോൾ ഇനി ട്രാഫിക്കിന്റെ കിരാത കരങ്ങളിൽ കിടന്ന് റോഡിൽ സമയം കളയണ്ട. നേരെ മെട്രോ സ്‌റ്റേഷനിൽ വരുക. കൊച്ചിയിലേക്ക് മക്കളേയും കൂട്ടി ഇറങ്ങുക. " നുമ്മടെ കൊച്ചി പൊളിയാണ് കെട്ടാ" 

തിരികെ വീട്ടിലേക്ക് വീണ്ടും മെട്രോയിൽ കയറിയപ്പോൾ ദാ വരുന്നു തകർപ്പൻ ചോദ്യം. ഇനി പഠിത്തമില്ലാത്ത ദിവസം ഏതാണമ്മേ ? ആ ചോദ്യത്തിൽ ഒളിഞ്ഞിരിക്കുന്ന അപകടം തിരിച്ചറിഞ്ഞ ഞാൻ പ്രഖ്യാപിച്ചു. ഇനി ഹോളിഡേയ്സ് ഇല്ല മക്കളെ, ട്രിപ്പ് ഡേയ്സ് മാത്രം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA