sections
MORE

100 രൂപയ്ക്കു കരിമീന്‍ പൊള്ളിച്ചത് റെഡി; ഇത് രുചിയിടം ഷാപ്പ്

ruchiyidom-shap-eatouts
representative Image
SHARE

കപ്പ വേവിച്ചതും ചേമ്പു പുഴുങ്ങിയതും മുളകരച്ച നല്ല അസ്സൽ വരാലുകറിയും ഒാർക്കുമ്പോൾത്തന്നെ നാവിൽ കപ്പലോടും. തനി നാ‍‍ടൻ വിഭവങ്ങളുടെ രുചി അറിയണമെങ്കിൽ ഷാപ്പുകൾ തന്നെ തേടിപ്പോകണം. കായൽ സമ്പത്തിന്റെ രുചി നിറച്ച ഷാപ്പുകളിൽ സൂപ്പർ ഹിറ്റാണ് ചങ്ങനാശ്ശേരിയിൽ പറാൽ–കുമരങ്കരി റോഡിലുള്ള പറാൽ രുചിയിടം ഷാപ്പ്. 

ruchiyidom-shap7

രുചിമേളങ്ങളുടെ പൊടിപൂരമാണവിടെ. ഷാപ്പ് എന്നു പറഞ്ഞാൽ പോരാ,  തനതു രുചിയിൽ പാകം ചെയ്ത വിഭവങ്ങളുടെ രുചിലോകമാണത്. കരിമീന്‍ പൊള്ളിച്ചതു മുതല്‍ കുഞ്ഞന്‍ നത്തോലി ഫ്രൈ വരെ കേരളത്തിലെ കള്ളു‌ഷാപ്പുകളിലെ വിഭവങ്ങളാണ്. മദ്യത്തി‌നു നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും കേരളത്തിൽ കിട്ടുന്ന നാടൻ ചെത്തുകള്ളിനു വിലക്കുകളില്ല. കുടുംബസമേതം രുചിയറിഞ്ഞ് ആസ്വദിച്ച് കഴിക്കാൻ പറ്റിയ ഇടമാണ് രുചിയിടം ഷാപ്പ്.

ഷാപ്പിലേക്ക് കടക്കാം

ruchiyidom-shap6

നാലുവശത്തും പച്ചപ്പിന്റെ നിറച്ചാർത്തേകിയ പാടശേഖരങ്ങളുടെ സൗന്ദര്യമാണ്. കൊയ്ത്തുകാലമെങ്കിൽ കാറ്റിനൊപ്പം താളംപിടിക്കുന്ന സ്വർണക്കതിരുകളുടെ കാഴ്ച. പാടശേഖരത്തിന്റെ ഒത്തനടുക്കാണ് രുചിയിടം ഷാപ്പ്. ഗ്രാമീണ സൗന്ദര്യത്തിന്റെ പശ്ചാത്തലത്തിൽ, ന്യൂജെൻ സ്റ്റൈലിൽ പണിതിരിക്കുന്ന കിടിലൻ ഷാപ്പ് – രുചിയിടം ഷാപ്പിനെ ആദ്യകാഴ്ചയിൽ ഇങ്ങനെ വിശേഷിപ്പിക്കാം.

ruchiyidom-shapp4

പഴമയും പുതുമയും ചേർത്തിണക്കിയ സൗന്ദര്യമാണിവിടെ ഭക്ഷണപ്രേമികളെ സ്വാഗതം ചെയ്യുന്നത്. സന്ദർശകരെ കാത്ത് സ്വപ്നക്കൂട് എന്ന ഏറുമാടവും ഹട്ടുകളും റെഡിയാണ്. കുടുംബവുമായി എത്തുന്നവർക്കാണ് സ്വപ്നക്കൂട് സജ്ജമാക്കിയിരിക്കുന്നത്. കൂടാതെ ഇരുപത്തഞ്ചു പേർക്ക് ഇരിക്കാവുന്ന ‘കൊച്ചുബാവയുടെ കാട്ടുകുതിര’ എന്ന ഹട്ടും സന്ദർശകരെ കാത്തുണ്ട്. സാധാരണ ഷാപ്പുകളിൽനിന്നു തികച്ചും വ്യത്യസ്തമാർന്ന രുപഭംഗിയാണ് രുചിയിടത്തിന്. പാടസൗന്ദര്യത്തിന്റെ അഴകു നുകർന്ന് പ്രക‍ൃതിയോടു ചേർന്നിരിക്കണമെങ്കിൽ ഒാപ്പൺ ഡൈനിങ്ങും റെഡിയാണ്. ഭക്ഷണപ്രേമികളെ ആകർഷിക്കുന്നത് ഷാപ്പിനുള്ളിലെ തെങ്ങുകളാണ്. നല്ല നാടൻ ചെത്തുകള്ള് ഇവിടുത്തെ തെങ്ങുകളിൽ നിന്നു ശേഖരിക്കുന്നുണ്ട്. 

ruchiyidom-shapp3

രുചിയിടം ഷാപ്പിന്റെ  അമരക്കാരൻ സനീഷ് മോഹനാണ്. കുട്ടനാട്ടിൽ നിരവധി ഷാപ്പുകൾ നടത്തി പരിചയമുള്ളയാളാണ് സനീഷ്. ഫാമിലി റസ്റ്ററന്റായി പണിതുയർത്തിയ രുചിയിടം ഷാപ്പിന്റെ പ്രധാനയാളും സനീഷ് തന്നെ. അച്ഛൻ  കെ.ആർ. മോഹനനും ഷാപ്പു നടത്തി നീണ്ട അമ്പത്തിയഞ്ച് വർ‌ഷത്തെ പരിചയമുണ്ട്. സനീഷിനു താങ്ങായി അച്ഛനുമുണ്ട്.

ചേമ്പു പുഴുങ്ങിയതു മുതൽ നാടൻ ഉൗണ് വരെ

ruchiyidom-shapp5

ഷാപ്പിൽ കള്ളു മാത്രമല്ല, എരിവും പുളിയും ഒരുമിക്കുന്ന മുളകരച്ച മീൻകറി മുതൽ നാടൻ ഉൗണ് വരെ റെഡിയാണ്. കപ്പ, കാച്ചിൽ, ചേമ്പ്, ചിരട്ടപ്പുട്ട്, നൂൽപുട്ട്, ചപ്പാത്തി, പത്തിരി, ബീഫ് ഫ്രൈ, ബീഫ് കറി, ചെമ്മീൻ റോസ്റ്റ്, കല്ലുമ്മക്കായ, താറാവ്, കൂന്തൽ, മീൻകറി, വാളക്കറി, മീൻതല, ഞണ്ട് റോസ്റ്റ്, നാടൻ കോഴിക്കറി, പള്ളത്തി വറുത്തത്, പൊടിമീൻ ഫ്രൈ, കാരി, വാഴയിലയിൽ പൊള്ളിച്ച കരിമീൻ എന്നു വേണ്ട, പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലുന്നത്ര വിഭവങ്ങൾ ഇൗ രുചിയിടം ഷാപ്പിലുണ്ട്. ഒരിക്കൽ രുചിയറിഞ്ഞാൽ ഇവിടേക്കുള്ള വഴി മറക്കില്ലെന്നു മാത്രമല്ല, വീണ്ടും വീണ്ടും വരാനും തോന്നും. ഷാപ്പിന്റെ രുചി തേടി നിരവധി പേർ എത്താറുണ്ട്. പ്രവാസി മലയാളികളും രുചിയിടം ഷാപ്പിന്റെ ആരാധകരാണ്.

തങ്കമ്മചേച്ചിയുടെ കൈപ്പുണ്യമാണ് ഇൗ രുചിക്കൂട്ടിനു പിന്നിൽ. നീണ്ട പത്തുവര്‍ഷത്തിന്റെ പാരമ്പര്യമാണ് രുചിലോകത്തു തങ്കമ്മചേച്ചിക്കുള്ളത്. ചേച്ചിക്ക് സഹായിയായി  സജിയും (നെടുങ്കുന്നം) മധുവുമുണ്ട്. മസാലക്കൂട്ടുകൾ സ്വന്തമായി വറുത്തു പൊടിച്ച് എടുക്കുന്നതാണ്. ആ തനിമയും കൈപ്പുണ്യവുമാണ് രുചിയിടം ഷാപ്പിലെ വിഭവങ്ങളുടെ രുചിരഹസ്യം.

ruchiyidom-shapp1

കുറഞ്ഞ ചെലവിൽ വയറുനിറച്ച് ഭക്ഷണം

അമ്പത്തിനാലു കൂട്ടം വിഭവങ്ങൾ വിളമ്പുന്ന ഇൗ കള്ളുഷാപ്പിലെത്തിയാൽ കുറഞ്ഞ ചെലവിൽ നല്ല ശാപ്പാട് അടിക്കാം. ന്യായവിലയാണ് ഓരോ വിഭവത്തിനും. 100 രൂപയ്ക്കു വരെ കരിമീൻ ഫ്രൈ വാങ്ങാം. രുചി തേടിയെത്തുന്ന ഭക്ഷണപ്രിയർക്ക് അധികവില ഇൗടാക്കാതെ ഗുണനിലവാരമുള്ള ഭക്ഷണം വിളമ്പണം എന്നതാണ് ഷാപ്പുടമ സനീഷിന്റെ ലക്ഷ്യം.

ruchiyidom-shapp

ഷാപ്പിന്റെ രുചിനിറച്ച വിഭവങ്ങൾക്കൊപ്പം കായൽ സവാരിയും നടത്താം

രുചിയിടം ഷാപ്പിലെത്തിയാൽ രണ്ടുണ്ട് കാര്യം. ഷാപ്പിലിരുന്ന് ഭക്ഷണവും കഴിക്കാം, കായൽസവാരിയും നടത്താം. അതിനു സനീഷിന്റെ ഗ്രീൻകാസ്റ്റിൽ ക്രൂസ് തയാറാണ്. വഞ്ചിവീട് വിനോദസഞ്ചാരത്തിനു പ്രസിദ്ധമാണ് പുന്നമടക്കായൽ. പുന്നമട ജെട്ടിയിൽ അഴകിന്റെ സുന്ദരിയായി യാത്രയ്ക്ക് ഒരുങ്ങിയിരിക്കുകയാണ് ഗ്രീൻകാസ്റ്റിൽ ക്രൂസ്.

പുന്നമട ഫിനിഷിങ് പോയിന്റിലൂടെ കുട്ടനാടിന്റെ ഹൃദയം ചുറ്റിയുള്ള യാത്ര. കുട്ടനാടിന്റെ പുഞ്ചവയലുകളും കൈത്തോടുകളും ഇടത്തോടുകളും കെട്ടുപിണഞ്ഞുകിടക്കുന്ന ഉള്‍നാടന്‍ ജലപാതയിലൂടെ ഗ്രാമീണജീവിതത്തിന്റ തുടിപ്പുകൾ അറിഞ്ഞുകൊണ്ടുള്ള അവിസ്മരണീയ യാത്ര. പുന്നമടക്കായലില്‍ നെഹ്‌റു ട്രോഫി വള്ളംകളിയുടെ സ്റ്റാര്‍ട്ടിങ് പോയിന്റാണ് കെട്ടുവള്ളങ്ങളുടെ ടെര്‍മിനല്‍. രണ്ടുതരം പാക്കേജുകളാണ് ഇവിടെ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. ബജറ്റ് അനുസരിച്ച് പാക്കേജ് തിരഞ്ഞെടുക്കാമെന്ന് സനീഷ് പറയുന്നു. ഡേ ക്രൂസും നൈറ്റ് ക്രൂസും റെഡിയാണ്.

9249410006

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA