sections
MORE

കൂകിമാഞ്ഞ തീവണ്ടി, നിനക്കും എനിക്കും തമ്മിലെന്ത്?

metergauge
SHARE

സത്യത്തിൽ, ഇപ്പോഴില്ലാത്ത ആ പാവം മീറ്റർ ഗേജ് തീവണ്ടിയിലിരുന്നായിരുന്നു  ഇത് എഴുതേണ്ടിയിരുന്നത്. 

ഇരുമ്പിന്റെ പാട്ടു കേട്ട്, ഇളകുന്ന കാഴ്‌ചകൾ കണ്ട്, പേനയും പേന പിടിച്ച വിരലുകളും വിറച്ചങ്ങനെ.. 

പതിനൊന്നു വർഷംമുൻപ്, ഒടുവിലത്തെ രാത്രിയിലെപ്പോഴോ ,  ഒടുവിലായൊന്നുകൂടി കൂകി, കരിമ്പനക്കാടിനുള്ളിലെ കാണാപ്പാളങ്ങളിലേക്കു മാഞ്ഞുപോവുകയായിരുന്നു ആ പഴയ പാവം തീവണ്ടി. പകരം,  ബ്രോഡ്ഗേജ് പാളങ്ങളും  അതിവേഗ ട്രെയിനുകളും  ആധുനികവൽക്കരിച്ച സ്റ്റേഷനുകളും വന്നു. പഴയ പാളങ്ങളെയും  കാഴ്ചകളെയും  കാലം കഴുകിത്തുടച്ചു! 

ഇപ്പോഴില്ലാത്ത പാലക്കാട് - പൊള്ളാച്ചി തീവണ്ടിയെക്കുറിച്ചാണ്  ഈ കുറിപ്പ്. 

ദീർഘമാണ്. 

വേണമെങ്കിൽ വായിക്കാതെയുമിരിക്കാം.. എങ്കിലും എനിക്ക് എഴുതാതിരിക്കാൻ  വയ്യ. 

മുൻപും ഈ ഒാർമ എഴുതിയിട്ടുണ്ട്. 

എന്റെ നാടായ കൊല്ലങ്കോട് ആ  തീവണ്ടിക്ക് ഒരു സ്‌റ്റേഷനുണ്ടായിരുന്നു.  പാലക്കാട് ജംക്ഷൻ സ്‌റ്റേഷനിൽനിന്നുള്ള നാലാമത്തെ സ്‌റ്റേഷൻ. കൊല്ലങ്കോടു നിന്നു മൂന്നു സ്‌റ്റേഷൻ പിന്നിട്ടാൽ പൊള്ളാച്ചിയായി. പാലക്കാടുനിന്നുള്ള ദൂരം ഓടിത്തീർക്കാൻ അന്ന് രണ്ടു മണിക്കൂറിലേറെ എടുക്കുമായിരുന്നു ആ ട്രെയിൻ. ഇടയ്‌ക്കു കിതച്ചുനിന്ന്, ചിലപ്പോൾ മടുത്തിട്ടെന്നപോലെ വേഗത കുറച്ച്, മറ്റു ചിലപ്പോൾ പെരുവഴിയിൽ തള്ളേണ്ട ഒരു വയസ്സൻ കുതിരയുടെ വല്ലപ്പോഴുമുള്ള ആവേശംപോലെ വേഗത കൂട്ടി... 

ഇതു വായിക്കുന്ന ചങ്ങാതി, അത്ഭുതപ്പെടരുതേ... ദിവസത്തിൽ അങ്ങോട്ടും ഇങ്ങോട്ടുമായി ഏഴു നേരം കടന്നുപോയിരുന്ന, വിരലിലെണ്ണാവുന്ന ബോഗികൾ മാത്രമുള്ള ആ പഴഞ്ചൻ തീവണ്ടികൾ എങ്ങനെ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായെന്നു ബോധ്യപ്പെടുത്താൻ ഇപ്പോൾ വിഷമമുണ്ട്. മാഞ്ഞുപോയത് ഞങ്ങളെ സംബന്ധിച്ചിടത്തോളം  ഒരു പാവം പഴഞ്ചൻ മീറ്റർ ഗേജ് തീവണ്ടി മാത്രമായിരുന്നില്ല .

പിന്നെയെന്തായിരുന്നു അത്? 

ചങ്ങാത്തത്തിന്റെയും പ്രണയത്തിന്റെയും പിറവിയുടെയും മരണത്തിന്റെയുമൊക്കെ വീടായിരുന്നു അത്!  

അസഹ്യമായ മണമുള്ള കംപാർട്‌മെന്റിൽ ഇരിക്കാവുന്നിടത്തും ഇരിക്കാൻ പാടില്ലാത്തിടത്തുമൊക്കെയിരുന്ന് , കൂട്ടുകാരൊത്തു കളിപറഞ്ഞ്, പാട്ടുപാടി ആർത്തുല്ലസിച്ച്, ഓടിയിരുന്ന വീട്. അരിനെല്ലിക്കയുടെ നക്ഷത്രങ്ങൾ കായ്‌ച്ചുകിടക്കുന്ന നെല്ലിമരങ്ങളെയും ഏകാന്തമായ പാടവരമ്പുകളെയും നടക്കാൻ കൊതിതോന്നിപ്പിക്കുന്ന തരത്തിൽ നിഴൽവീണ നാട്ടിടവഴികളെയും പിന്നിലാക്കുന്ന ആ അസ്‌തമയ തീവണ്ടിയിൽ വാതിൽച്ചാരെനിന്നു പ്രണയം കൊണ്ട വീട്. 

ജീവിതത്തിലാദ്യമായി കണ്ട ഡാവിഞ്ചിചിത്രം സമ്മാനിച്ച ആഹ്ലാദത്തെപ്പോലും പിന്നിലാക്കി, കരിമ്പനസന്ധ്യകളെയും ആ സന്ധ്യ വീണുമരിക്കുന്ന താമരക്കുളങ്ങളെയും മെല്ലെ നീങ്ങിയ ജനാലയിലൂടെ കാണിച്ചുകാണിച്ചു ഞങ്ങളെ ഉന്മാദികളാക്കിയ വീട്. 

മനസ്സിലാവുന്നു, മാഞ്ഞുപോയതെന്തെന്നു പറയാൻ എനിക്കൊരു കാരണവാചകം കൂടി കിട്ടുന്നു: 

ആ തീവണ്ടി ഞങ്ങളുടെ വീടായിരുന്നു. 

ഓരോ ദിവസവും നിശ്‌ചിതനേരത്തു മെല്ലെ നീങ്ങുമായിരുന്ന ആ തീവണ്ടി ആ പാളത്തിനരികിൽ ജീവിക്കുന്ന ഞങ്ങളെ കാലത്തെയും സമയത്തെയും ഓർമ്മിപ്പിച്ചു. അമ്മമാർക്ക് ഞങ്ങളോട് അത്താഴമായെന്ന് അറിയിക്കാൻ. കൂട്ടുകാർക്ക് അന്നത്തെ സൊറപറച്ചിൽ തീരാൻ സമയമായി എന്നറിയിക്കാൻ... ഞങ്ങളുടെ ക്ലോക്കായിരുന്നു ആ തീവണ്ടി; ക്ലോക്കുകൾ ഞങ്ങളുടെ പാലക്കാടൻ കുഗ്രാമങ്ങളിൽ വിരുന്നെത്തുന്നതിനുമുമ്പെ... 

ഞങ്ങളുടെ വീടുകളിലേക്കുള്ള വിരുന്നുകാരോ? അവർ പുലർച്ചെ എത്തി വണ്ടിയിൽ സ്‌റ്റേഷനിറങ്ങി. ഡിസംബർ ഒടുക്കത്തെ ആഴ്‌ചയിലെ ഉൽസവകാലം കഴിഞ്ഞ് ഉറങ്ങാരാത്രികളുടെ ക്ഷീണ കൺപ്പോളകളും പെട്ടിനിറയെ പലഹാരങ്ങളുമായി അവർ മടക്കത്തീവണ്ടി കയറി. അമ്മയുടെ കൈ തൊട്ട അത്താഴപ്പാത്രം ഒഴിഞ്ഞ കംപാർട്‌മെന്റിലിരുന്നു കഴിക്കുമ്പോൾ അവരിലാർക്കോ കരച്ചിൽ വന്നു. അതറിഞ്ഞ്, തീവണ്ടി മെല്ലെ തൊട്ടിലാട്ടി... 

ഇപ്പോഴത്തെ ആധുനീകരണത്തിനുമുൻപ്, ഓരോ സ്‌റ്റേഷനും ഓരോ മണമുണ്ടായിരുന്നു. പാലക്കാടും പുതുനഗരവും മുതലമടയും മീനാക്ഷിപുരവുമൊക്കെ കണ്ണടച്ചിരിക്കുമ്പോഴും മണം കൊണ്ട് അവയേതെന്നു പറഞ്ഞുതന്നു. 

കംപാർട്‌മെന്റിനുള്ളിൽ മുല്ലപ്പൂവും മല്ലിക്കൊഴുന്തും വാസനിച്ചു. പഴനിയിൽ പോയ്വരുന്ന യാത്രാസംഘക്കാരുടെ മൊട്ടത്തലയിൽനിന്നു ചന്ദനവും അവരുടെ കൈകളിൽനിന്നു കൊയ്യാക്കയും മൂക്കിൽതൊട്ടു. ആനമലയിൽനിന്നുള്ള ഡിസംബർകാറ്റ്  കംപാർട്‌മെന്റിലെത്തിച്ചു, മഞ്ഞുമണം... 

കാഴ്‌ചകളോ? ഒരു മീറ്റർഗേജ് തീവണ്ടിക്കു മാത്രം കഴിയുന്ന ലാളിത്യത്തിലും മെല്ലെപ്പോക്കിലും അത് ഞങ്ങൾക്കൊരു കാലിഡോസ്‌കോപ്പ് തന്നു. ഓരോ തിരിവിലും കാഴ്‌ചയുടെ മറ്റൊരു അരങ്ങുണ്ടായി. യാക്കരപ്പാലത്തിനു കീഴിൽ പുഴവെള്ളത്തെ മറച്ചു പൂത്ത പൂക്കടൽ, പെരുവെമ്പിനുമുകളിൽ കൺനിറച്ച വൈഡ് ആംഗിൾ ആകാശനീല, കൊല്ലങ്കോടിനു പിന്നിലെ തെന്മലച്ചന്തം, മുതലമട സ്‌റ്റേഷനിലെ അരയാലിലപ്പടർപ്പ്, മീങ്കര ഡാമിന്റെ അപാരവിസ്‌തൃതി, പിന്നെപ്പിന്നെ, പോകെപോകെ തമിഴകകാഴ്‌ചകളുടെ അഴക്. പൂവരശിന്റെ നിറമുള്ളൊരു ഇളയരാജ പാട്ടുപോലെ... 

ആ തീവണ്ടി ഞങ്ങളുടെ നൊസ്‌റ്റാൾജിയ ആയിരുന്നു. അല്ല, അങ്ങനെയല്ല ഈ വാചകത്തിൽ ക്രിയ ഉപയോഗിക്കേണ്ടത്. ആ തീവണ്ടി ഞങ്ങളുടെ നൊസ്‌റ്റാൾജിയ ആണ്. 

ചില വാചകങ്ങളിലെ ക്രിയകൾക്ക് ചിലപ്പോൾ ജീവിതത്തിന്റെ വിലയുണ്ടാകും... 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA