ADVERTISEMENT

മേഘങ്ങൾ ഒരു പുതപ്പു പോലെ തിങ്ങി നിറഞ്ഞു നിൽക്കുന്ന ഒരിടം കണ്ടിട്ടുണ്ടോ? 

മേഘങ്ങൾ ആദ്യമായി ഒരു അതിശയമായി തോന്നിയത് സൗത്ത് ആഫ്രിക്കയിലെ ടേബിൾ മൗണ്ടൻ കഴിഞ്ഞു പ്രതീക്ഷകളുടെ മുനമ്പിലേക്കുള്ള യാത്രയിലായിരുന്നു. മുന്നോട്ടുള്ള വഴിയിൽ യാത്ര തുടരുമ്പോൾ അങ്ങകലെ മലകളുടെ കൂർത്ത മുനമ്പിനെ വിഴുങ്ങുന്ന വെളുത്ത മേഘങ്ങൾ. പതിയെ പതിയെ താഴേയ്ക്കിറങ്ങി വരുന്ന മേഘങ്ങൾ  മലവെള്ള പാച്ചിൽ പോലെ മലകളെ ഒന്നാകെ മൂടുന്നു. ജീവിതത്തിൽ ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത ഒരുതരം കാഴ്ചയായിരുന്നു അത്.  മലകളെ മുട്ടിയുരുമ്മി അതിനോട് ചേർന്നൊരു വെളുത്ത വിരിയിട്ട പഞ്ഞി കിടക്ക പോലെ മേഘങ്ങളേ കാണണമെങ്കിൽ കൊളുക്കുമലയിൽ പോയാൽ മതി.

Kolukkumalai-Trip2

സ്ഥിരം ട്രാവൽ പാർട്ടണർ ഷോബിൻ വൈകുന്നേരം പുതിയ യാത്ര പ്ലാൻ ഇടുകയാണ്, "കൊളുക്കുമലക്ക് വിട്ടാലോ? പോകുന്നെങ്കിൽ രാത്രി ഒരു മണിയാവുമ്പോൾ തയ്യാറായി ഇരുന്നോളൂ" പോകണമെന്നൊക്കെ ആഗ്രഹമുണ്ട്, പക്ഷെ രാത്രി ഒരു മണി, കാട്ടു വഴിയിലെ ഡ്രൈവിംഗ്, ഇനിയിപ്പോൾ ചെന്നാലും കാലാവസ്ഥ അനുകൂലമല്ലെങ്കിൽ ഉദ്ദേശിച്ച ദൃശ്യം കിട്ടാനും പോകുന്നില്ല. "ഇതൊക്കെ രണ്ടും കല്പിച്ചുള്ള ഒരു പോക്കല്ലേ, കിട്ടിയാൽ കിട്ടി, ഇല്ലെങ്കിൽ ഇല്ല"- ഷോബിന്റെ വാചകത്തിനൊപ്പം പോകാൻ മോഹിപ്പിക്കുന്ന രണ്ടു മൂന്ന് ചിത്രങ്ങൾ കൂടിയായപ്പോൾ ഒടുവിൽ ഞാനും ഉണ്ണിയും തീരുമാനിച്ചു, പോകാം.

Kolukkumalai-Trip3

സാധാരണ പന്ത്രണ്ടു മണിയാവുമ്പോൾ കിടക്കുന്നവർ അന്ന് പത്തരയായപ്പോൾ ഒന്ന് കിടന്നു , ഉറങ്ങിഎന്ന് വരുത്തി  പന്ത്രണ്ടര ആയപ്പോൾ എഴുന്നേറ്റ് ഫ്രഷായി. ഒരു ഫ്ലാസ്കിൽ കുറച്ചു കട്ടൻ കാപ്പി പാഴ്‌സലെടുത്തു. കൂത്താട്ടുകുളം ടൗണിൽ നിന്ന് ഷോബിനെയും കൂട്ടി യാത്ര തുടങ്ങി. രണ്ടു മണിക്കൂർ ഉറക്കം കൊണ്ട് ഒന്നുമാവില്ലെങ്കിലും ഡ്രൈവ് ചെയ്യുന്നത് കൊണ്ട് അത്രയെങ്കിലും ഉറങ്ങണമെന്നു നിർബന്ധം പിടിച്ചത് ഉണ്ണിയാണ്, അത് അദ്ദേഹത്തിനെന്തായാലും നന്നായി എന്നനുഭവപ്പെടുകയും ചെയ്തു. എന്നാൽ കാറിൽ കയറുമ്പോൾ ഉറങ്ങണമെന്നുണ്ടായിരുന്നെങ്കിലും കറുത്ത വഴികൾ ഉറങ്ങാൻ അനുവദിച്ചില്ല എന്നതാണ് ശരി. അടിമാലി- രാജാക്കാട് -പൂപ്പാറ- സൂര്യനെല്ലി വഴിയാണ് പോകേണ്ടത്.

Kolukkumalai-Trip4

പൂപ്പാറ വരെ വലിയ കുഴപ്പമില്ലാത്ത വഴിതന്നെയായിരുന്നു, കഥ പറഞ്ഞും ഉറങ്ങണോ വേണ്ടയോ എന്നാലോചിച്ചും രസകരമായി മുന്നോട്ടു പോയി.  പൂപ്പാറ മുതൽ മൂന്നാറിനുള്ള വഴിയിൽ കഴിഞ്ഞ പ്രളയവും ഉരുൾപൊട്ടലും വഴികൾ നശിപ്പിച്ചിട്ടിരിക്കുന്നതിനാൽ അങ്ങോട്ടേയ്ക്ക് വാഹനങ്ങൾ കടത്തിവിടുന്നില്ല. എന്നാൽ സൂര്യ നെല്ലി വഴിയും യാത്ര വളരെ ബുദ്ധിമുട്ടേറിയതു തന്നെ. അടർന്നു വീണ പാറകളും ഇടിഞ്ഞു പോയ മണ്ണും തകർന്നു പോയ റോഡുകളുമാണ് മുന്നിൽ. എന്തോ ഭാഗ്യം കൊണ്ട് രാത്രിയിൽ മഴ മാറി നിൽപ്പുണ്ട്, സത്യം പറഞ്ഞാൽ വഴിയില്ലായ്മയല്ല ഭയപ്പെടുത്തിയത്, അസമയത്ത് കാട്ടുവഴിയിലുണ്ടാകാൻ സാധ്യതയുള്ള കാട്ടാനയാണ്.

ഒരു മൂന്ന് വര്‍ഷം മുൻപ് വരെ കാട്ടാനയെന്നു കേട്ടാൽ നാട്ടാനയെ പോലെ തന്നെ കൗതുകവും അതിശയവും കലർന്നൊരു ജീവിയായിരുന്നു. ഒരു ബന്ദിപ്പൂർ യാത്രയിൽ മടങ്ങി വരും വഴിയാണ്, ഒരു യൗവ്വനയുക്തനായ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ടത്. റോഡ് മുറിച്ച് കടക്കുന്ന ആനകൾക്കറിയില്ലല്ലോ അതുവഴി ഏതു നേരവും കടന്നു പോകാൻ സാധ്യതയുള്ള മനുഷ്യരെ കുറിച്ച്. എന്ന് മുതലേ അതൊക്കെ അവരുടെ വഴികളും ഇടവുമായിരുന്നു, അത് വെട്ടിത്തെളിച്ച് മനുഷ്യർ പങ്കിട്ടെടുത്തതും അവർ അറിഞ്ഞിട്ടുണ്ടാകാം ഇടയില്ല.

kolukkumala6--

വർക്കിടയിൽ മതിലുകളില്ലാതിരുന്നതുകൊണ്ട് ആനകൾക്കിത്ര മനുഷ്യർക്കിത്ര എന്ന അതിവരമ്പുകളും അവരുടെ അറിവിലെങ്ങും ഉണ്ടായിരുന്നില്ലല്ലോ. പക്ഷെ അന്നത്തെ ബന്ദിപ്പൂർ യാത്രയിലെ ആനപ്പേടി പിന്നെ വന യാത്രയിൽ എല്ലായ്പ്പോഴും കൂട്ടുണ്ട്, എന്നാൽ കാടിനെ അറിയാൻ കിട്ടുന്ന യാത്രകൾ വേണ്ടെന്നു വയ്ക്കാനും ആകാത്ത പോലെ കാടും പച്ചപ്പും അകത്തേയ്ക്കെവിടെയോ അതിന്റെ വള്ളികളാൽ പടർന്നു വേരിറങ്ങിയിരിക്കുന്നു. വഴിയിലൊക്കെ നല്ല ചൂടൻ ആനപ്പിണ്ടം കാണാൻ കൂടി കഴിഞ്ഞതോടെ നെഞ്ച് മിടിക്കാൻ തുടങ്ങി. മറ്റുള്ളവർ രണ്ടു പേരും തമാശകൾ പറയുമ്പോഴും ദേ, ആന എന്ന പറഞ്ഞു വെറുതെ ഭയപ്പെടുത്തുമ്പോഴും ആ നെഞ്ചിടിപ്പ് ഉയർന്നു ശ്വാസം നിൽക്കുന്ന അവസ്ഥയെത്തി. പെട്ടെന്ന് മുൻപിൽ ഒരു കൂറ്റൻ അന വന്നു നിന്നാൽ എന്ത് ചെയ്യാനൊക്കും? റിവേഴ്‌സ് ചെയ്യാമെന്ന് വച്ചാൽ ഒരു വശത്തുള്ള കൊക്കയിലേക്ക് വണ്ടി പറന്നു വീണേക്കും.  

"ഇവിടെ ആനയുണ്ട്, ഉറപ്പാണ്",

സ്ഥിരം കട്ട് യാത്രകൾ നടത്തുന്ന ഷോബിൻ അറിവ് വിളമ്പി. ആനപ്പിണ്ടം കാണുമ്പൊൾ പരിചയമുള്ളവർക്കറിയാം, മാത്രമല്ല ആനകളുടെ ഗന്ധവും തിരിച്ചറിയാം. ഒരു വളവും കഴിഞ്ഞു കയറി വരുമ്പ്ൾ മുൻപിലൊരു കറുത്ത ശരീരം മല പോലെ നിൽപ്പുണ്ടാവുമോ എന്ന് നോക്കി, ഉറക്കത്തിന്റെ ആഴം കൊണ്ട് അകത്തെ കുണ്ടിലേയ്ക്ക് താഴ്ന്നു പൊയ്ക്കൊണ്ടിരുന്ന കണ്ണുകൾ പുറത്തേയ്ക്ക് തള്ളിയുന്തി. 

ഓരോ തവണയും വീടുകളും ജനവാസ കേന്ദ്രങ്ങളും കാണുമ്പൊൾ എന്തൊരു ആശ്വാസമാണ്!

Kolukkumalai-Trip1

അപ്പോൾ സമയം രാത്രി നാല്. വഴിയിൽ മറ്റൊരു വാഹനങ്ങളുമില്ല, ആൾ താമസമില്ല, മലകളെ ചുറ്റിയോടുന്ന ഒറ്റ വാഹനത്തിന്റെ രണ്ടു രാക്ഷസക്കണ്ണുകൾ മാത്രം.

ആരുടെയോ ഭാഗ്യം കൊണ്ടാവണം ആനകളൊന്നും റോഡിലുണ്ടായിരുന്നില്ല, എന്നാൽ അവയിലൊരെണ്ണം തൊട്ടു മുകളിലെ കാട്ടിൽ എന്തോ കൊമ്പൊടിക്കുന്ന ശബ്ദം വ്യക്തമായി കേട്ടു. ഒരെണ്ണം പോലും ഞങ്ങളുടെ വഴിയിലേക്ക് ഇറങ്ങി വന്നില്ല, അല്ലെങ്കിൽ ഞങ്ങൾക്ക് തൊട്ടു മുൻപ് അവ റോഡ് കടന്നു അടുത്ത കാട്ടിലേക്ക് കയറി മറഞ്ഞിരുന്നു. കൃത്യം അഞ്ചു മണിയായപ്പോൾ സൂര്യനെല്ലിയിലെത്തി. താമസിച്ചാൽ ആഗ്രഹിക്കുന്ന ദൃശ്യം കാണാൻ സാധ്യത കുറവാണെന്നു ഡ്രൈവർ മഹേഷ് ഓമ്മിപ്പിച്ചിരുന്നു. അവിടെ അയാൾ ഞങ്ങളെയും കാത്തു നിന്നിരുന്നു. കൊളുക്കുമലയിലേയ്ക്ക് കയറിപ്പോകുന്നതിനു മുൻപുള്ള ചെക്ക് പോസ്റ്റിൽ വണ്ടി പാർക്ക് ചെയ്ത മഹേഷിന്റെ ജീപ്പിലേയ്ക്ക് കയറി. 

ഇതിനു മുൻപും ഞങ്ങളവിടെ ഇതേ ഡ്രൈവറുടെ ഒപ്പം പോയിട്ടുണ്ട്. ആണ് പക്ഷെ വൈകുന്നേരം, കോടമഞ്ഞിന്റെ തണുപ്പിനെ പറ്റിച്ചേർന്നു കൊളുക്കുമലയുടെ ഭംഗിയെ അറിഞ്ഞിരുന്നു. ഏറ്റവും രുചികരമായ ചായ കൊളുക്കുമലയിലെ ടീ ഫാക്ടറിയിൽ നിന്നും കുടിച്ചിരുന്നു. എന്നാൽ ഇത്തവണ ലക്‌ഷ്യം അതൊന്നുമല്ല മേഘകാഴ്ച മാത്രമാണ്. അതുകഴിഞ്ഞാൽ മടങ്ങാനാണ് പ്ലാൻ. കൊളുക്കുമല മുകളിലേക്കുള്ള യാത്ര ഒരു ഒന്നൊന്നര യാത്രയാണ്.

ട്രെക്കിങ്ങ് ചെയ്യുന്നവർ നിരവധിയുണ്ട്. അവരൊക്കെ അതിലും നേരത്തെ പുറപ്പെടും, കാരണം ആറു മണിയെങ്കിലുമാകുമ്പോൾ അവിടെയെത്തിയില്ലെങ്കിൽ മല മുകളിലെ സൂര്യോദയവും മഞ്ഞു മെത്തയും മിസ്സാവും. "ഇനിയിപ്പോൾ കൃത്യ സമയത്ത് എത്തിയാലും നല്ല കാലാവസ്ഥയല്ലെങ്കിലും സംഭവം മിസ്സാവും", ഡ്രൈവർ മഹേഷ് കൂട്ടി ചേർത്തു. കാടൻ വഴികളിലൂടെ പോകണമെങ്കിൽ ജീപ്പ് തന്നെയാണ് ശരണം .ഓഫ് റോഡ് എന്ന് പറഞ്ഞാലും പോരാ, ഒരു ഒന്നൊന്നര ഓഫ് റോഡ്. അവിടെ ചെല്ലുമ്പോഴും മൊബൈലിലും ക്യാമറയും ഒരുപക്ഷെ ജീപ്പിലിരിക്കുന്ന മനുഷ്യരും ഒക്കെ അവിടെ തന്നെയുണ്ടങ്കിൽ ഭാഗ്യം.

"ഞാനെത്ര തവണ ഇവിടെ വന്നിട്ടുണ്ട്, ഇതുവരെ പലരും പറഞ്ഞിട്ടുള്ള ആ കാഴ്ച കാണാൻ പറ്റിയിട്ടേയില്ല"

ഒപ്പം വന്ന ഷോബിൻ പരാതി പറയുന്നുണ്ടായിരുന്നു. 

"ഇന്ന് കാണാൻ സാധ്യതയുണ്ട്", എന്ന് മഹേഷ് ചിരിച്ചുകൊണ്ട് ആശ്വസിപ്പിച്ചു.

സൂര്യൻ മെല്ലെ അതിന്റെ ചുവന്ന നിറത്തെ ആകാശത്തിലേക്ക് ലയിപ്പിക്കുന്നു, ക്രിമസോൻ റെഡ് പടരുന്ന പ്രഭാതം. ഞങ്ങൾ മുകളിൽ ഗേറ്റ് കടന്നു അകത്തേയ്ക്ക് കയറി, ഞങ്ങൾക്ക് മുൻപേ ജീപ്പിലെത്തിയവർ പലരും താഴെ കാത്തു നിൽക്കുകയാണ്, കാരണം മുകളിലെ ഗേറ്റിനും പ്രത്യേകം പാസ് വേണം, അതെടുക്കേണ്ട എന്ന് കരുതിയിട്ടാവണം അവർ അവിടെ കാത്തിരുന്നത്. എന്നാൽ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ആ മനോഹര ദൃശ്യം വിരിഞ്ഞത് ഞങ്ങൾക്ക് മുന്നിലായിരുന്നു. ഉദിച്ചുയരുന്ന ചുവന്ന സൂര്യന്റെ ചുറ്റും ഓടിക്കയറുന്ന മേഘങ്ങൾ, ഊരിയാണ് താഴെ മലയെ തൊട്ടു തെളിഞ്ഞു നിൽക്കുന്ന മേഘങ്ങൾ. ഒന്നെടുത്ത് ചാടി ആ മേഘ മെത്തയിൽ നിവർന്നു കിടക്കാൻ തോന്നി, അതിനു താഴെ അത്യഗാധമായ കൊക്കയാണ്, അതുകൊണ്ട് അത്തരം സാഹസങ്ങൾ ഞങ്ങൾ പറച്ചിലിൽ മാത്രമായി ഒതുക്കി നിർത്തി. 

മേഘങ്ങൾ, ഓരോ തവണയും കാണുമ്പൊൾ ഓരോ ആകൃതി പൂണ്ടു കൊതിപ്പിച്ചിരുന്ന അതെ മേഘങ്ങൾ, തലയുയർത്തി ആകാശത്തേയ്ക്ക് നോക്കുമ്പോൾ മാത്രം കണ്ടിരുന്ന മേഘങ്ങളിപ്പോൾ താഴെ പരന്നു കിടക്കുന്നു. സൂര്യന്റെ വെളിച്ചത്തിൽ തട്ടി നനഞ്ഞ മല തിളങ്ങുന്നു, അതിനെ ചുറ്റി മേഘങ്ങൾ സഞ്ചരിക്കുന്നു. ഏറ്റവും താഴെയുള്ള മലയെ വെളുത്ത മേഘങ്ങൾ വിഴുങ്ങുകയാണ്. ഞങ്ങൾ നോക്കി നിൽക്കുമ്പോൾ എന്തിനെയും ഒന്നിച്ചകത്താക്കുന്നതു പോലെയുള്ള ഒരു വലിയ ആകാശം മലയെ പോലും വിഴുങ്ങുന്നു. 

ഹോ, എന്തൊരു കാഴ്ചയായിരുന്നു അത്!കോട മഞ്ഞിന്റെ തണുപ്പ് ശരീരത്തിൽ അരിച്ചു കയറുന്നതിനെ സൂര്യവെളിച്ചം പ്രതിരോധിക്കുന്നുണ്ട്, അതുകൊണ്ട് ഓവര്കോട്ടിന്റെയൊന്നും അത്യാവശ്യമുണ്ടായിരുന്നില്ല.  "നിങ്ങൾക്ക് ഭാഗ്യമുണ്ട്, നമുക്കൊപ്പം വന്ന മറ്റാരും ഈ കാഴ്ച കണ്ടില്ല. ഇന്നത്തെ കാലാവസ്ഥ ഇതായതുകൊണ്ടാണ് നിങ്ങൾക്കെങ്കിലും കാണാൻ കഴിഞ്ഞത്",

മഹേഷ് വീണ്ടും ഓർമിപ്പിച്ചു.അതെ, ഈ പാതി രാത്രിയിൽ നാല് മണിക്കൂർ ഡ്രൈവ് ചെയ്ത് വന്നത് ഈ ആനന്ദത്തെ അറിയാൻ തന്നെയായിരുന്നല്ലോ. 

മേഘത്തിന്റെ കൊട്ടാരത്തിൽ ഒരു രാജാവും രാജ്ഞിയും താമസിച്ചിരുന്നു, അവരാണ് കാലാവസ്ഥകളെയൊക്കെ നിയന്ത്രിച്ചിരുന്നത്, മഴ പെയ്യാൻ നേരം രാജ്ഞി കരയും, അതിനിടയിൽ അവരെ രാജാവ് ചിരിപ്പിക്കാൻ ശ്രമിക്കും, അങ്ങനെ ചിരിച്ചു പോയാൽ അതാ മിന്നൽ പുളഞ്ഞിറങ്ങുകയായി. രാജാവും രാജ്ഞിയും പ്രണയിക്കുമ്പോൾ വസന്തകാലത്തിൽ പൂക്കൾ ജനിക്കാൻ ആരംഭിക്കും, മഞ്ു കളത്തിൽ അവരെപ്പോഴും ഉറക്കത്തിലാവും. - മേഘ്ങ്ങളെ ചുറ്റിപ്പറ്റി കഥകൾക്ക് അല്ലെങ്കിലും പഞ്ഞമില്ലലോ. ആ കഥകളിലെ മേഘങ്ങളുടെ അധികാരികളെ ഓർത്തുകൊണ്ട് പിന്നിൽ ഉയർന്നു കയറിയ സൂര്യ വെളിച്ചത്തെ സാക്ഷിയാക്കി ഞങ്ങൾ മടക്കത്തിനായി തിരികെ ജീപ്പിൽ കയറി. ആ അറ മണിക്കൂർ നേരത്തെ കാഴ്ച ഇപ്പോൾ മറഞ്ഞിരിക്കുന്നു. ചിതറിയോടുന്ന മേഘങ്ങൾ എന്തൊക്കെയോ ലക്ഷ്യങ്ങളോടെ സഞ്ചാരം തുടങ്ങിയിരിക്കുന്നു. അവയ്ക്കൊപ്പം ഞങ്ങളും തിരികെ...

രാത്രിയിൽ മഴയുള്ള, അടുത്ത ദിവസത്തെ പ്രഭാതം തെളിഞ്ഞു നിൽക്കുന്ന സമയങ്ങളിൽ ആ മേഘങ്ങൾ ഇനിയുമവിടെയുണ്ടാകും. ഒന്ന് നീണ്ടു നിവർന്നു കിടക്കാൻ തോന്നിപ്പിച്ചുകൊണ്ട്. അത് മറ്റൊരു ലോകമാണെന്നു അനുഭവപ്പെടുത്തിക്കൊണ്ട്. മലമുകളിൽ പ്രതിഫലിക്കുന്ന വെളിച്ചത്തിൽ തട്ടി ആകാശം അപ്പോൾ മേഘ്‌നങ്ങളെ കുറിച്ചുള്ള കഥകൾ പറയും. അല്ല, ആകാശം എവിടെയാണപ്പോൾ?

അങ്ങ് മുകളിലോ, അതോ ദേ നമ്മൾ നിൽക്കുന്നതിന്റെ തൊട്ടു താഴെയോ ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com