ADVERTISEMENT

നട്ടുച്ചയായിട്ടും തണുപ്പു വിട്ടുമാറിയില്ല. തേയിലച്ചെടിയുടെ ഇളംകൂമ്പുകളെ തഴുകിയെത്തുന്ന കാറ്റിനും നല്ല കുളിര്. കുന്നിനു മുകളില്‍ മഴമേഘങ്ങള്‍ വട്ടമിട്ടു പറക്കാന്‍ തുടങ്ങിയിരിക്കുന്നു. ചെമ്പ്രമലയുടെ മുകളിലൂടെയാണ് കാര്‍മേഘങ്ങള്‍ പതുക്കെ കടന്നു വരുന്നത്. ഏതു നിമിഷവും മഴ പെയ്യാം. വെളുത്ത മേഘക്കെട്ടുകള്‍ക്കിടയില്‍ ഏറെ നേരത്തേ സൂര്യന്‍ മറഞ്ഞിരുന്നു. പച്ചക്കരിമ്പടം പുതച്ച് മയങ്ങിക്കിടക്കുന്ന കുന്നുകളിലേക്ക് മഴനൂലുകള്‍ തൂങ്ങിയിറങ്ങാന്‍ അധികം വൈകില്ല. പെയ്തിട്ടും പെയ്തിട്ടും മതിവരാത്ത മഴ.

mundakkai-tea

 

mundakkai-rock

മേപ്പാടി മുതല്‍ മുണ്ടക്കൈ വരെ കുന്നായ കുന്നു മുഴുവനും തേയിലയാണ്. ഇടയ്ക്കിടയ്ക്ക് സില്‍വര്‍ ഓക്ക് മരങ്ങള്‍ ആകാശത്തേക്കു കൂര്‍ത്തു നില്‍ക്കും. തേയില എസ്‌റ്റേറ്റുകള്‍ക്കിടയിലൂടെ വളഞ്ഞുംപുളഞ്ഞും പോകുന്ന ചെറിയ റോഡ്. വാഹനത്തിരക്ക് തീരെ ഇല്ലാത്ത ഈ വഴിയിലധികവും കെഎസ്ആര്‍ടിസിയും ജീപ്പുമാണ് ഓടുന്നത്. കുന്നില്‍ മുകളിലേക്ക് കയറിപ്പോകുന്ന പല വഴികളും എസ്‌റ്റേറ്റ് പാടികളില്‍ അവസാനിക്കുന്നു. ഷീറ്റ് മേഞ്ഞ നീണ്ട പാടിമുറികള്‍. ചെറിയ മൂന്നു മുറികളാണ് ഒരു കുടുംബത്തിനുണ്ടാകുക. എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്കായി കമ്പനി നിര്‍മിച്ചു നല്‍കിയതാണ് പാടികള്‍.  പാടിയുടെ മുറ്റത്തു നിന്നാല്‍ തേയിലക്കുന്നുകളിലേക്ക് ചെരിഞ്ഞിറങ്ങി വരുന്ന മഴ കാണാം. ചിലപ്പോഴൊക്കെ കോടമഞ്ഞും പാഞ്ഞുവരും.

 

ഉരുള്‍ പൊട്ടിയ പുത്തുമല കടന്നു വേണം മുണ്ടക്കൈയ്ക്കു പോകാന്‍. ഭീതിപ്പെടുത്തുന്ന മൂകത ഇപ്പോഴും അവിടെ നിലനില്‍ക്കുന്നു. സൂചിപ്പാറ വെള്ളച്ചാട്ടവും 900 കണ്ടിയുമെല്ലാം ഈ വഴിക്കാണ്. വിനോദ സഞ്ചാരികള്‍ സൂചിപ്പാറ വെള്ളച്ചാട്ടം തേടിയാണ് വരാറ്. അവിടെനിന്നു വീണ്ടും മുന്നോട്ടു പോയാല്‍ മുണ്ടക്കൈ എത്താം. പോകുന്ന വഴിക്കാണ് തല ഉയര്‍ത്തിപ്പിടിച്ച് ദൂരേക്കു നോക്കി നില്‍ക്കുന്ന സെന്റിനല്‍ റോക്ക്.

mundakkai-sky

 

തേയിലച്ചെടികളുടെ കാവല്‍ക്കാരനായി സങ്കല്‍പ്പിച്ചാകണം വെള്ളാരംപാറയ്ക്ക് സെന്റിനല്‍ റോക്ക് എന്നു പേരു നല്‍കിയത്. ഹാരിസണ്‍ മലയാളം പ്ലാന്റേഷനു കീഴിലുള്ള ഇവിടുത്തെ എസ്റ്റേറ്റിനും സെന്റിനല്‍ റോക്ക് എസ്റ്റേറ്റ് എന്നാണ് പേര്. മഴപെയ്ത് കുതിര്‍ന്നു കിടക്കുന്ന പാറ. വലിയൊരു പാറയും അല്‍പം ചെറിയൊരു പാറയും അടുത്തടുത്തായി നില്‍ക്കുന്നു. ഏറ്റവും വലിയ പാറയില്‍ നല്ല വലിപ്പത്തില്‍ സെന്റിനല്‍ റോക്ക് (കാവല്‍ക്കാരന്‍ പാറ) എന്ന് എഴുതിയിരിക്കുന്നു. സമീപത്തുള്ള ചെറിയ പാറയുടെ മുകളില്‍ ഒറ്റമരം വളര്‍ന്നു നില്‍ക്കുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് വീശുന്നകാറ്റ് മരത്തലപ്പ് ഒന്നു കുടഞ്ഞിട്ടു പോകും. 

 

mundakkai-river

റോഡില്‍ നിന്നു തോട്ടത്തിലേക്കിറങ്ങിയാല്‍ അട്ടകടിക്കും. കാലില്‍ കയറുന്നത് അറിയില്ല. ചിലപ്പോള്‍ ചെറിയൊരു ചൊറിച്ചില്‍ തോന്നും. അല്ലെങ്കില്‍ രക്തം മുഴുവന്‍ ഊറ്റിക്കുടിച്ച ശേഷമായിരിക്കും അറിയുക. ചോര കുടിച്ചു മതിയായ അട്ട കാലില്‍നിന്നു പോയാല്‍ പിന്നെയും രക്തം കട്ട പിടിക്കാതെ ഒഴുകിക്കൊണ്ടിരിക്കും. സെന്റിനല്‍ റോക്കിനോട് സലാം പറഞ്ഞ് വീണ്ടും യാത്ര തുടര്‍ന്നു. 

 

മുണ്ടക്കൈ ഗവ.സ്‌കൂളിനു സമീപത്തുകൂടി പുഴ ഒഴുകുന്നു. തുടര്‍ച്ചയായി മഴപെയ്യുന്നതിനാല്‍ കലങ്ങിയ വെള്ളമാണ് പുഴയിലൂടെ വരുന്നത്. മഴ മാറിയാല്‍ സ്ഫടികം പോലെ തിളങ്ങുന്ന വെള്ളം പുഴയിലെ പാറക്കെട്ടുകള്‍ക്കിടയിലൂടെ തത്തിക്കളിച്ചൊഴുകും. മുണ്ടക്കൈ അങ്ങാടിയില്‍ ടാർ റോഡ് അവസാനിക്കുന്നു. പിന്നീടങ്ങോട്ട് ചെറിയൊരു മണ്‍പാതയാണ്. കുന്നിന്‍മുകളിലേക്കു കുത്തനെ കയറിപ്പോകുന്ന പാത ചിലയിടത്ത് കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്.  

 

പാത തീരുന്നത് അമ്പലമുറ്റത്താണ്. ടേബിൾ ടോപ്പ് പോലുള്ള ആ കുന്നിന്‍മുകളില്‍ അമ്പലം തല ഉയര്‍ത്തി നില്‍ക്കുന്നു. ചുറ്റോടുചുറ്റും കൊക്ക പോലുള്ള ചരിവും കാടുമാണ്. തുമ്പപ്പൂപ്പൂക്കളും പേരറിയാത്ത നിരവധി കാട്ടുപൂക്കളും നിറഞ്ഞ അമ്പലമുറ്റം. മേഘക്കെട്ടുകള്‍ക്കിടയിലൂടെ മലയ്ക്കപ്പുറത്തേക്ക് പോകുന്ന സൂര്യന്റെ സ്വര്‍ണനൂലുകള്‍ തട്ടി ഇലത്തുമ്പിലെ മഴത്തുള്ളികള്‍ തിളങ്ങി.

 

കോടമഞ്ഞിന്റെ നേര്‍ത്ത കുളിരില്‍ തുമ്പിയും പൂമ്പാറ്റയും ഉത്സവത്തിമിര്‍പ്പിലാണ്. കുന്നിന്‍മുകളില്‍ നിന്നാല്‍ ഒരു വശത്ത് കൂറ്റന്‍ മലനിരകള്‍ കാണാം. പാലൊഴുകി വരുന്നതു പോലെ നേര്‍ത്ത അരുവികള്‍ മലമുകളില്‍നിന്ന് ഒഴുകിയിറങ്ങുന്നു. കനത്ത കോട ഇടയ്ക്കിടയ്ക്ക വന്നു മലയെ മറച്ചു കളയും. കുന്നിന് മറുവശം വിശാലമായി കിടക്കുകയാണ്. കണ്ണെത്താദൂരത്തോളം ചെറുതും വലുതുമായ തേയിലക്കുന്നുകള്‍.  വളഞ്ഞും വലം വെച്ചും കുന്നുകളിലേക്കു കയറിപ്പോകുന്ന റോഡുകള്‍. മഴക്കാലമായതിനാല്‍ നോക്കുന്നിടത്തെല്ലാം പച്ചപ്പിന്റെ വശ്യതയാണ്. തേയിലക്കുന്നുകള്‍ക്കിടയിലൂടെ ഇടയ്ക്കിടയ്ക്ക് കയറി വരുന്ന കോടയും മഴയും കുളിര്‍കാറ്റും കണ്ണുപൊത്തിക്കളിക്കുകയാണെന്നു തോന്നും. 

 

ക‌ുന്നുകളിൽനിന്നു കുന്നുകളിലേക്കു നീട്ടിവിരിച്ച, അരികുകളിൽ വെള്ളപ്പഞ്ഞി പോലെ കോട പടർന്ന പച്ചയുടെ ആ കൂറ്റൻ കമ്പളത്തിനു നടുവിൽനിൽക്കെ, ചലിക്കുന്ന ഒരു വമ്പൻ തറിയിലെന്നപോലെ മഴനൂലുകൾ കാറ്റിൽ പതിയെ ചാഞ്ഞും നിവർന്നുമാടുന്നു. കാഴ്ചയുടെ അനുപമ നിമിഷം !

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com