sections
MORE

നീലക്കൊടുവേലിയുടെ രഹസ്യങ്ങൾ ഒളിപ്പിച്ച 'ഇല്ലിക്കല്‍ കല്ല്'

illikkal-kallu-travel
SHARE

അടുത്തകാലത്ത് സഞ്ചാരികൾ ധാരാളമായി പോകാൻ തുടങ്ങിയ മലമ്പ്രദേശമാണ് ഇല്ലിക്കല്‍ കല്ല്‌. കോട്ടയത്തുനിന്നു വാഗമണ്ണിനു പോകുന്ന വഴിയിലാണ് ഇൗ സുന്ദരഭൂമി. നട്ടുച്ചയ്ക്കു പോലും മഞ്ഞു മൂടിക്കിടക്കുന്ന ഇല്ലിക്കല്‍ കല്ല്‌ കൊച്ചിയില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് വണ്‍ ഡേ ടൂര്‍ പോകാന്‍ പറ്റിയ സ്ഥലമാണ്.  

ഭീമാകാരമായ മൂന്നു കല്ലുകളാണ് ഇല്ലിക്കല്‍ കല്ലിലെ പ്രധാന ആകര്‍ഷണം. കുരിശിട്ട കല്ല്‌, കുടക്കല്ല്, കൂനന്‍ കല്ല്‌ എന്നിവയാണ് അവ. ഇല്ലിക്കല്‍ കല്ലിന്‍റെ താഴെ ഇറങ്ങുന്നതിനു മുന്‍പ് ഉമ്മിക്കുന്ന് എന്നൊരു ചെറിയ കുന്ന് കാണാം. ഈ കുന്നിന്‍റെ എതിര്‍ദിശയില്‍ മായങ്കല്ല് എന്നൊരു ഭീമാകാരമായ മലയുമുണ്ട്. ഉമ്മിക്കുന്നില്‍നിന്ന് വളരെ സൂക്ഷിച്ച് സാഹസികമായി ഇറങ്ങിയാല്‍ കുരിശിട്ട കല്ലില്‍ എത്താം. അവിടെനിന്ന്, സര്‍പ്പാകൃതിയില്‍ കാണുന്ന കൂനന്‍ കല്ലിലേക്ക് ‘നരകപ്പാല’മെന്ന വന്‍ കടമ്പ കടന്നു വേണം എത്താന്‍. പേരുപോലെ തന്നെ ഇതിലൂടെ നടക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. രാവിലെയും വൈകുന്നേരവും ശക്തമായ കോടമഞ്ഞുള്ള പ്രദേശമായതിനാല്‍ നടക്കുമ്പോള്‍ അങ്ങേയറ്റം ശ്രദ്ധിച്ചേ പറ്റൂ.

illikkal-kallu-travel1

ഇല്ലിക്കല്‍ കല്ലിനെപ്പറ്റി നിരവധി കഥകളും വിശ്വാസങ്ങളും നിലവിലുണ്ട്. ഇവിടെ നീലക്കൊടുവേലി ഉണ്ടെന്നാണ് അവയില്‍ ഒന്ന്. ഈ ചെടി കിട്ടുന്നവര്‍ സമ്പന്നരാകും എന്നൊരു വിശ്വാസമുണ്ട്‌. പഞ്ചപാണ്ഡവരുടെ വനവാസകാലവുമായി ബന്ധപ്പെട്ടതാണ് മറ്റൊന്ന്. ഇവിടെ താമസിച്ചിരുന്ന കാലത്ത് ഭീമന്‍ പാഞ്ചാലിയോടു ഭക്ഷണം ആവശ്യപ്പെട്ടു. എന്നാല്‍ പാഞ്ചാലി ഭക്ഷണം നല്‍കാന്‍ അല്‍പം വൈകിപ്പോയി. ഇതില്‍ കുപിതനായ ഭീമന്‍ വലിയ ഒരു ഉലക്കയെടുത്ത് പുറത്തേക്കെറിഞ്ഞത്രേ. കൂനന്‍ കല്ലിന്‍റെയും കുടക്കല്ലിന്‍റെയും ഇടയിലൂടെ ആ ഉലക്ക ചെന്ന് വീണ സ്ഥലത്ത് ഒരു തോടുണ്ടായി. ‘ഒലക്കപ്പാറ തോട്’ എന്നാണ് ഇതിന്‍റെ പേര്.

അധികമാര്‍ക്കും എത്തിച്ചേരാനാവാതെ പ്രകൃതി തന്‍റെ മടിത്തട്ടില്‍ രഹസ്യമായി ഒളിപ്പിച്ചു വച്ച അപൂര്‍വ സങ്കേതമായിരുന്നു പണ്ട് ഇല്ലിക്കല്‍കല്ല്. ഇവിടെയെത്തുന്നത് ഏറെ ദുഷ്കരമായിരുന്നു. എന്നാല്‍ ഇന്ന്  ഇവിടത്തെ ടൂറിസം സാധ്യതകള്‍ മുന്നില്‍ കണ്ട് സന്ദര്‍ശകര്‍ക്കായി ധാരാളം സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇവിടെയെത്താൻ താഴെപ്പറയുന്ന വഴികളാണ് പ്രധാനമായും ഉള്ളത്.

ഇല്ലിക്കല്‍ കല്ലിലേക്ക് കോട്ടയം പാലാ ഭാഗത്തുനിന്നാണ് വരുന്നതെങ്കില്‍ രണ്ടു വഴികളുണ്ട്. 

1) ഈരാറ്റുപേട്ട വാഗമണ്‍ റൂട്ടില്‍ 4 കിലോമീറ്ററിനു ശേഷം തീക്കോയില്‍നിന്ന് അടുക്കം വഴി തിരിഞ്ഞാല്‍ ഇല്ലിക്കല്‍കല്ലിലെത്താം. 

∙ ഈരാറ്റുപേട്ട-തീക്കോയി-അടുക്കം-ഇല്ലിക്കല്‍കല്ല്

∙ ദൂരം 17 കി.മീ.

2) ഈരാറ്റുപേട്ടയില്‍നിന്നു തൊടുപുഴ റൂട്ടില്‍ 4 കി.മീ. വന്നതിനു ശേഷം കളത്തുക്കടവില്‍നിന്നു തിരിഞ്ഞു മൂന്നിലവ്, മങ്കൊമ്പ്, പഴുക്കക്കാനം വഴി ഇല്ലിക്കല്‍കല്ലിലെത്താം. 

∙ ഈരാറ്റുപേട്ട-കളത്തുക്കടവ്-മങ്കൊമ്പ്-ഇല്ലിക്കല്‍കല്ല്

∙ ദൂരം 18 കി.മീ.

ഇടുക്കി-തൊടുപുഴ ഭാഗത്തുകൂടി വരുന്നവര്‍ക്ക് ഇലവീഴാപ്പൂഞ്ചിറയ്ക്കു പോകുന്ന അതേ വഴി വന്നാല്‍  മേച്ചാലില്‍ നിന്നു തിരിഞ്ഞ് ഇല്ലിക്കല്‍കല്ലിലെത്താം. 

‌∙ തൊടുപുഴ-മേച്ചാല്‍-ഇല്ലിക്കല്‍കല്ല്

∙ ദൂരം 32 കി.മീ.

ഇല്ലിക്കല്‍ കല്ലിന്‍റെ മുപ്പതു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലാണ് മറ്റു മനോഹര പ്രദേശങ്ങളായ ഇലവീഴാപ്പൂഞ്ചിറ, വാഗമണ്‍, കക്കയം വെള്ളച്ചാട്ടം, മുനിയറ ഗുഹ, മര്‍മല വെള്ളച്ചാട്ടം, വെള്ളപ്പാറ വെള്ളച്ചാട്ടം, തങ്ങള്‍പാറ എന്നിവ. ഈ റൂട്ടില്‍ ഒന്നിറങ്ങിയാല്‍ ഒരിക്കലും മറക്കാനാവാത്ത നിരവധി കാഴ്ചകളും അനുഭവങ്ങളും തേടിയെത്തും എന്നത് തീര്‍ച്ച. ചിത്രം വരച്ചതുപോലെയുള്ള റോഡുകളും മലമുകളിലെ കാറ്റും മഞ്ഞും കലര്‍പ്പില്ലാത്ത പച്ചപ്പിന്‍റെ മായിക സൗന്ദര്യവും ചേര്‍ന്ന് പ്രകൃതിയുടെ ഒരു നിധികുംഭമാണ് ഇവിടം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA