ADVERTISEMENT

ഷാപ്പുകളുടെ രുചിതേടി ഉലകം ചുറ്റുന്ന കിഷോറിനെ അറിയാത്ത മലയാളികളില്ല. ഒാരോ വിഭവത്തിന്റെയും പാചകരീതി ആരെയും കൊതിപ്പിക്കുന്ന തരത്തിൽ അവതരിപ്പിക്കുന്ന ഇൗ താരം മിനിസ്ക്രീനിലെ മാത്രമല്ല പ്രേക്ഷകരുടെയും സൂപ്പർസ്റ്റാറാണ്. യാത്രകളെ ജീവനുതുല്യം സ്നേഹിക്കുന്നയാളാണ് കിഷോർ. ഒഴിവു കിട്ടിയാൽ എവിടേക്കുള്ള യാത്രയ്ക്കും റെഡി.

kishore-travel9

‘എന്തു കാര്യവും ആസ്വദിച്ച് ചെയ്യണം – അതാണ് എന്റെ പോളിസി. യാത്രയും ഭക്ഷണവും ശരിക്കും ആസ്വദിക്കുന്നയാളാണ് ഞാൻ’ - കിഷോർ പറയുന്നു. യാത്രകളിലൂടെ നേടുന്ന അറിവുകൾ സർവവിജ്ഞാനകോശത്തിനുപോലും ഒരുപക്ഷേ നൽകാനാവില്ല. ഒരു യാത്ര തിരഞ്ഞെടുത്താൽ അതിലൂടെ പഠിക്കുവാനും അറിയുവാനും മനസ്സിലാക്കുവാനുമൊക്കെ ഒരുപാടു കാര്യങ്ങൾ ഉണ്ടെന്നും കിഷോർ പറയുന്നു. ഒരിക്കലും പൊട്ടക്കുളത്തിലെ തവളയാകരുത്, ചുറ്റുപാടും നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ അതിലൊന്നും ഒരർഥവുമില്ലെന്നും താന്‍ മാത്രമാണ് ശരിയെന്നുമൊക്കെയുള്ള ചിന്താഗതി മാറ്റി ലോകത്തിന്റെ സുന്ദരയിടങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. യാത്രകളെക്കുറിച്ച് പറയുമ്പോൾ കിഷോറിന് നൂറുനാവാണ്. കിഷോറിന്റെ യാത്രാവിശേഷങ്ങളറിയാം:

kishore-travel2

‘വായനയിൽനിന്നു വിശദീകരിക്കാനോ പഠിക്കാനോ സാധിക്കാത്തതാണ് യാത്രകൾ. അവ അനുഭവത്തില്‍നിന്ന് ഉള്‍ക്കൊള്ളേണ്ടതാണ്. ഏതു യാത്രയ്ക്കു പോയാലും വണ്ടി കയറുന്നിടം മുതൽ ലക്ഷ്യസ്ഥാനം വരെ ഒാരോ കാഴ്ചയും ആസ്വദിക്കാറുണ്ട്. അല്ലാതെ വാഹനത്തിൽ കയറിയാലുടൻ ഉറക്കത്തിലേക്കു വീണ്, കൃത്യസ്ഥലത്ത് എത്തുമ്പോൾ ഉണരുന്നയാളല്ല. ഓരോ കാഴ്ചയും അത്യധികം അദ്ഭുതത്തോടെയാണ് ആസ്വദിക്കുന്നത്. അതാണ് യഥാർഥ യാത്ര. ഓരോ യാത്രയും നൽകുന്നത് അനുഭവങ്ങളുടെ സമ്പത്താണ്. ജോലിയുടെ ഭാഗമായും അല്ലാതെയും നിരവധി യാത്രകൾ നടത്താൻ ഭാഗ്യം ലഭിച്ചയാളാണ് ഞാൻ. അതിന്റെ അഹങ്കാരം തീരെ ഇല്ലെങ്കിലും ഇനിയും പുതിയ സ്ഥലങ്ങളിലേക്കു യാത്ര പോകണമെന്നാണ് മോഹം.

kishore-travel3

കേരളം തന്നെയാണ് കാഴ്ചകളുടെ പറുദീസ

kishore-travel

ഭാഗ്യവാനാണ് ഞാൻ. കേരളത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ സഞ്ചരിക്കാൻ സാധിച്ചു. തിരുവനന്തപുരമാണ് എന്റെ നാട്. അവിടെ എനിക്കേറെ ഇഷ്ടം പൊന്മുടിയും കല്ലാറും മീൻമുട്ടിയും. കോട്ടൂർ ആന വളർത്തൽ കേന്ദ്രവും കുട്ടവഞ്ചി സവാരിയും മറക്കാൻ കഴിയില്ല. ഏറ്റവുമധികം ആസ്വദിച്ച് യാത്ര പോയത് അഗസ്ത്യാർകൂടത്തിലേക്കായിരുന്നു; 12 തവണ. ആ പ്രകൃതിയെക്കുറിച്ചു വർണിക്കാനാവില്ല. പ്രകൃതിയെ ശരിക്കും കെട്ടിപ്പുണരുന്ന അനുഭൂതിയാണ് അവിടം സമ്മാനിക്കുന്നത്. തെന്മലയും പാലോടുമൊക്കെ പ്രിയമാണ്.

കൊല്ലത്തിനെക്കുറിച്ചു പറയുമ്പോൾ ആദ്യം ഒാർമ വരുന്നത് തിരുമുല്ലാവാരം കടൽത്തീരമാണ്. അധികം തിരക്കില്ലാതെ ബലിതർപ്പണം നടത്തുന്ന തീരമാണ്. തൊട്ടപ്പുറത്ത് ചെല്ലപ്പൻചേട്ടന്റെ കടയുണ്ട്. എന്റെ കണ്ണുകൾ തേടുന്നത് ആ കടയാണ്. അവിടെനിന്ന് പിടയ്ക്കുന്ന മീനിനെ പൊരിച്ച് നല്ല അടിപൊളി ഉൗണ് കഴിക്കാം. കൊല്ലത്തിന്റെ കടലും കായലും സുന്ദരകാഴ്ചകളുമൊക്കെ ഒരുപാട് ഇഷ്ടമാണ്.

kishore-travel6

മനോഹരമായ തുരുത്തുകളുടെയും രുചിയുടെയും നാടാണ് ആലപ്പുഴ. എവിടേക്കു കണ്ണോടിച്ചാലും സുന്ദരകാഴ്ചകൾ. അവിടെ കാവാലം ടു ആലപ്പുഴ ജലഗതാഗത വകുപ്പിന്റെ ബോട്ട് യാത്രയുണ്ട്. ഞാൻ മിക്കപ്പോഴും കാർ നിർത്തിയിട്ടിട്ട് ബോട്ടിൽ കയറി പോകാറുണ്ട്. അതിലെ വ്യത്യാസം ആളുകളാണ്. പലരും പലയിടത്തുനിന്നും ജോലി കഴിഞ്ഞൊക്കെ എത്തുന്നവരായിരിക്കും ആ സാധാരണ നാട്ടുകാരോടൊത്ത് കൊച്ചുവർത്തമാനം പറഞ്ഞാണ് യാത്ര. മനസ്സ് സ്വസ്ഥമാക്കി യാത്ര ചെയ്യാൻ പറ്റിയ ഇടമാണ് ഇടുക്കിയും വയനാടും. മനസ്സിൽ തണുപ്പിന്റെ കമ്പിളി പുതപ്പിക്കുന്ന കാഴ്ചകൾ. പ്രകൃതിയോടു ചേർന്നിരിക്കാൻ ഇതിലും മികച്ചയിടങ്ങൾ വേറെയില്ല.

kishore-travel1

മനോഹരമായ കായലും മലയോരപ്രദേശത്തിന്റെ തുടക്കവുമാണ് കോട്ടയം ജില്ല. രണ്ടുതരത്തിലുള്ള യാത്രകള്‍ ഇഷ്ടപ്പെടുന്നവർക്ക് കോട്ടയം നഗരത്തിലൂടെ യാത്ര ചെയ്യാം. കുമരകവും മലയോരപ്രദേശത്തേക്ക് കടക്കുന്ന പാലാ മുണ്ടക്കയം വാഗമൺ കാഴ്ചകളും സുന്ദരം. പത്തനംതിട്ടയിൽ എനിക്ക് പ്രിയം ഗവിയും കോന്നി ആനവളർത്തൽ കേന്ദ്രവുമൊക്കെയാണ്. പിന്നെ അച്ചൻകോവിൽ യാത്രയും. വിചാരിക്കുന്ന സമയത്ത് എത്തിച്ചേരാൻ കഴിയില്ല എന്നതൊഴിച്ചാൻ കൊച്ചിയും മിടുക്കിയാണ്. മലയാള സിനിമ കണ്ടു കഴിഞ്ഞ് ഫ്രഞ്ച് സിനിമ കാണുന്ന പ്രതീതിയാണ് കൊച്ചി കണ്ട് മട്ടാഞ്ചേരിലേക്കു കടക്കുമ്പോൾ. ഗ്രാമീണകാഴ്ചകൾ ഒരുക്കുന്ന കുമ്പളങ്ങിയും രസകരമാണ്. കായിക്കാന്റെ ബിരിയാണിയും സൂപ്പറാണ്.

kishore-travel10

കേരളത്തിന്റെ സാംസ്കാരിക നഗരമായ തൃശ്ശൂരിൽ എനിക്കു പ്രിയപ്പെട്ടത് രാമനിലയത്തിലെ താമസമാണ്. ചരിത്രവും രാഷ്ട്രീയവും ഇഴച‌േർന്ന അവിടുത്തെ താമസം എനിക്കിഷ്ടമാണ്. തേക്കിൻകാടും പീച്ചിയും അതിരപ്പിള്ളിയുമൊക്കെ സന്ദർശിച്ചിട്ടുണ്ട്. നാവിൽ വ്യത്യസ്ത രുചിയുണർത്തുന്ന നാടാണ് കോഴിക്കോട്. സുന്ദരകാഴ്ചകളും രുചിയുമാണ് കോഴിക്കോടിന്റെ ഹൈലൈറ്റ്. സൈൻസ് ബിരിയാണി ഒാര്‍ക്കുമ്പോൾത്തന്നെ നാവിൽ കപ്പലോടും. ഇവിടുത്തെ ബിരിയാണിയിൽ ചിക്കൻ കാലു മാത്രമേ കാണുള്ളൂ, എന്തായാലും സംഗതി ജോറാണ്.

kishore-travel11

പാലക്കാട് രാമശ്ശേരി ഗ്രാമം എനിക്കിഷ്ടമാണ്. സാധാരണക്കാരിലും സാധാരണക്കാർ താമസിക്കുന്നിടമാണ്. ഇന്ത്യൻ നാവികസേനയുടെ ഏറ്റവും വലിയ പരിശീലന കേന്ദ്രമായ കണ്ണൂരിലെ ഏഴിമല നാവിക അക്കാദമി. ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രം കൂടിയാണ് ഇവിടം. അക്കാദമിക്ക് 2,452 ഏക്കറോളം വിസ്തൃതിയുണ്ട്. അമ്പരിപ്പിക്കുന്ന കാഴ്ചയാണ്. പിന്നെ പറശ്ശിനിക്കടവും പയ്യാമ്പലം ബീച്ചുമൊക്കെ പ്രിയ ഇടമാണ്. കാസർകോട് എത്തിയാൽ ബേക്കൽകോട്ട കാണാതെ മടങ്ങാനാവില്ല. ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തിലെ എന്റെ ഇഷ്ടയിടങ്ങളേതെന്ന് ഒറ്റയടിക്കു പറഞ്ഞാൽ ഇവയൊക്കെയാണ്.

kishore-travel8

കുടുംബവുമൊന്നിച്ചുള്ള യാത്ര

kishore-travel5

ഇതുവരെ കുടുംബവുമായി വിദേശയാത്ര പോകാൻ സാധിച്ചിട്ടില്ല. സമയം തന്നെയാണ് വില്ലന്‍. ഭാര്യ നഴ്സിങ് ട്യൂട്ടറാണ്. എനിക്ക് ഒഴിവു കിട്ടുമ്പോള്‍ ഭാര്യക്ക് അവധിയെടുക്കാൻ സാധിക്കില്ല. എന്നാലും വർഷത്തിൽ ഒരു യാത്ര തീർച്ചയായും പോകാറുണ്ട്. അല്ലെങ്കിൽ ഭാര്യയും മകനും വില്ലൻ റോളിലെത്തി സംഗതി വഷളാകും. വർഷത്തിലെ ഒരു യാത്ര 365 ദിവസവും സമാധാനം നൽകാറുണ്ട്. മിക്കപ്പോഴും ഫാമിലിയായി വാഗമൺ യാത്ര പോകാറുണ്ട്. എന്റെ സുഹൃത്തുക്കളുടെ ഫാമിലിയും ഒരുമിച്ചാണ് യാത്ര. അടുത്ത് ദുബായ് യാത്രയ്ക്കുള്ള ആലോചനയുമുണ്ട്.

അടുത്ത കാലത്ത് ഭാര്യയും മകനുമൊക്കെയായി മൂകാംബികയിൽ പോയിരുന്നു. കുടജാദ്രി മലനിരകളിൽനിന്ന് ഒഴുകിയെത്തുന്ന സൗ‌പണ്ണിക നദിയുടെ തീരത്തെ കൊല്ലൂർ മൂകാംബിക ക്ഷേത്രം. മനസ്സിന് ഒരുപാടു സന്തോഷം നിറച്ച യാത്രയായിരുന്നു. ക്ഷേത്രദർശനം കഴിഞ്ഞ്  ജീപ്പിൽ കുടജാദ്രിയിലേക്കു തിരിച്ചു. ജീപ്പിലുള്ള യാത്രയും ദുർഘടമായ വഴിയും ഒരു സാഹസിക യാത്രയുടെ പ്രതീതിയാണ് സമ്മാനിച്ചത്. കുടജാദ്രിയും ശങ്കരാചാര്യർ തപസ്സനുഷ്ഠിച്ച സർവജ്ഞ പീഠവുമൊക്കെ കണ്ടുകൊണ്ടായിരുന്നു മടക്കം. ആ യാത്ര നൽകിയ അനുഭൂതി ഇതുവരെയും എന്നിൽനിന്നു വിട്ടുപോയിട്ടില്ലെന്നു വേണം പറയാൻ. ഇനിയും പോകണമെന്ന് ആഗ്രഹിക്കുന്ന സ്ഥലം കൂടിയാണ് കുടജാദ്രി.

നട്ടപ്പാതിരയ്ക്ക് പലചരക്ക് കട തുറപ്പിച്ചു

യാത്രയിൽ ഒരിക്കലും മറക്കാനാവാത്ത സംഭവമായിരുന്നു അടുത്തിടെ നടന്നത്. ഞങ്ങൾ സുഹൃത്തുക്കൾ ഒരുമിച്ചു യാത്ര പോകാറുണ്ട്. വാഗമൺ ട്രിപ്പായിരുന്നു. ഏലപ്പാറയിലെ ഒരു എസ്റ്റേറ്റിലായിരുന്നു രാത്രി താമസം. വെള്ള നിറമുള്ള ബൊലേറോയിലായിരുന്നു യാത്ര. പോകുന്ന വഴിയിൽ അവശ്യ സാധനങ്ങളൊക്കെ വാങ്ങാനായി ഒരു കടയുടെ മുമ്പിൽ നിർത്തി. പലചരക്ക് സാധനങ്ങളുൾപ്പടെ വാങ്ങി ചാക്കിൽ കെട്ടിയെടുത്തു. ഞങ്ങളുടെ വാഹനത്തിന്റെ അടുത്ത് വെളുത്ത നിറമുള്ള മറ്റൊരു ബൊലേറോ നിർത്തിയിട്ടിട്ടുണ്ടായിരുന്നു. സാധനം വാങ്ങാൻ പോയ ഡോ. സജിത് ചാക്കുകെട്ട് ആ വണ്ടിയുടെ പുറകിൽ കയറ്റി വച്ചു. പണം കൊടുത്ത് സജിത് ഞങ്ങളോടൊപ്പം വാഹനത്തിൽ കയറി യാത്ര തുടർന്നു.

നേരം ഇരുട്ടി. താമസസ്ഥത്ത് എത്തിയപ്പോൾ സാധനം കാണാനില്ല. ആരും ഭക്ഷണം കഴിച്ചിട്ടില്ല. വണ്ടി മാറി സാധനം വച്ച കാര്യം ഞങ്ങൾക്ക് മനസ്സിലായി. നട്ടപ്പാതിരയ്ക്ക് ഏലപ്പാറ ടൗണിലുള്ള ചേട്ടന്റെ പലചരക്കു കട തുറപ്പിച്ച് സാധനം വാങ്ങേണ്ട ഗതികേട് വന്നു. ഇന്നും ഡോക്ടർ സജിത്തിനെ കളിയാക്കുന്നതും ഇക്കാരണം പറഞ്ഞാണ്.

ഇതുപോലെ തന്നെ വർഷങ്ങൾക്കു മുമ്പ് മുണ്ടക്കയം യാത്ര പോയപ്പോൾ രാത്രിയിൽ വഴിയിൽ വച്ച് ടയർ പഞ്ചറായി. നേരം വെളുക്കാതെ ഒരു രക്ഷയുമില്ലെന്ന് മനസ്സിലാക്കിയ ഞങ്ങൾ അടുത്തുകണ്ട വീട്ടിൽ കയറി കാര്യം പറഞ്ഞു. ഇന്നു രാത്രി ഇവിടെ താമസിച്ചോട്ടേന്ന് ചോദിച്ചു. ഒരു അപ്പൂപ്പനും അമ്മൂമ്മയും മാത്രമായിരുന്നു അവിടെ താമസം. ഒന്നും ആലോചിക്കാതെ, ഇവിടെ തങ്ങാമെന്ന് അവർ പറഞ്ഞു. അസമയത്ത് അപരിചിതരായ ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ച അവരോട് ഒരുപാടു ബഹുമാനം തോന്നി. പിറ്റേ ദിവസം പണം കൊടുത്തിട്ടുപോലും ആ നല്ല മനുഷ്യർ വാങ്ങിയില്ല. ഞങ്ങൾ ആ വീട്ടിലേക്ക് കുറെ അരിയും സാധനങ്ങളും വാങ്ങിക്കൊടുത്താണ് മടങ്ങിയത്.

വിദേശയാത്ര

പരിപാടിയുടെ ഭാഗമായി സിംഗപ്പൂർ, മലേഷ്യ, ഗൾഫ് എന്നിവിടങ്ങളിലടക്കം ഒരുപാട് വിദേശയാത്ര പോയിട്ടുണ്ട്. അതിൽ എനിക്ക് ഒരുപാട് ഇഷ്ടം തോന്നിയത് സിംഗപ്പൂരാണ്. ക്ലീൻ സിറ്റിയാണവിടം. ഇൗശ്വരന്റെ അനുഗ്രഹത്താൻ ഇനിയും ഒരുപാട് സ്ഥലങ്ങളിലേക്ക് യാത്ര പോകണമെന്നാണ് ആഗ്രഹം. അനുഭവിക്കാനും ആസ്വദിക്കാനുമുള്ളതെല്ലാം ഇൗ ലോകത്തിലുണ്ട്. ജീവൻ ഉള്ളിടത്തോളം ആ കാഴ്ചകളൊക്കെ ആസ്വദിക്കണം.

English Summary: Actor Kishore Travel Expericence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com