ADVERTISEMENT

രസകരമായ കാഴ്ചകളുടെ ലോകമാണ് മലപ്പുറം. പേരു കേൾക്കുമ്പോൾ തന്നെ ഉള്ളിൽ  തണുപ്പുതോന്നിപ്പിക്കുന്ന പട്ടണമാണ് നിലമ്പൂർ.  ഷൊർണൂരിൽ നിന്നു നിലമ്പൂരിലേക്കുള്ള പാസഞ്ചർ ട്രെയിനിൽ യാത്ര പോകണം. നിരവധി കാഴ്ചകളാണ് സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. അവധിക്കലത്ത് പോകാൻ പറ്റിയ ബെസ്റ്റ് ചോയിസാണ് നിലമ്പൂര്‍.

ഷൊർണൂരിൽ നിന്നു നിലമ്പൂരിലേക്ക് സർവീസ് നടത്തുന്ന രാജ്യറാണി എക്സ്പ്രസ് ട്രെയിൻ സഞ്ചരിക്കുന്നത് തേക്കിൻ തോട്ടത്തിനു നടുവിലൂടെയുള്ള പാളത്തിലൂടെയാണ്. കനോലി പ്ലോട്ടിലെ കാഴ്ചകളും ചാലിയാറിനു കുറുകെ കെട്ടിയിട്ടുള്ള തൂക്കുപാലവുമൊക്കെയാണ് ഇവിടുത്തെ ആകർഷണങ്ങൾ.  ദിവസങ്ങൾ തങ്ങി നിലമ്പൂരിന്റെ കാഴ്ച സ്വന്തമാക്കണമെങ്കിൽ റയിൽവെ സ്‌റ്റേഷനടുത്ത് താമസ സൗകര്യങ്ങളുമുണ്ട്.

ചാലിയാറും നീലഗിരിമലയും പോഷിപ്പിക്കുന്ന  പട്ടണം. നിലിമ്പപുരം എന്നതു ലോപിച്ചാണ് നിലമ്പൂർ എന്ന പേരുവന്നത് എന്നൊരു വാദമുണ്ട്. മുളകളുടെ നാട് എന്നാണത്രേ ആ പേരിനർഥം. മലപ്പുറം ജില്ലയിലെ തമിഴ്നാട് അതിർത്തിപട്ടണങ്ങളിൽപെട്ടതാണു നിലമ്പൂർ.അതുകൊണ്ടുതന്നെ വിനോദസഞ്ചാരികൾക്ക് നിലമ്പൂർ ഒരു ഇടത്താവളമാണ്.

നീലഗിരിയുടെ സഖി എന്നറിയപ്പെടുന്ന നിലമ്പൂരിലേക്ക് അവധിക്കാലം ചെലവിടാൻ ചെന്നാലോ.. ലോകത്തിലെ ആദ്യത്തെ തേക്കുമരത്തോട്ടം നിങ്ങളെ സ്വാഗതം ചെയ്യും. വലിയ മണലോരങ്ങളാൽ ചാലിയാർ നിങ്ങൾക്കു വിശ്രമമേകും. കിണറോളം ആഴമുണ്ടെങ്കിലും അടിത്തട്ടിലെ കല്ലുകൾ കാണിച്ച് നെടുങ്കയത്തെ നീലക്കയങ്ങൾ നിങ്ങളെ മാടിവിളിക്കും.

താമസം ചന്തക്കുന്നിലെ കെടിഡിസി ടാമറിന്ഡ് ഹോട്ടലിൽ ആകാം. നിലമ്പൂർ പട്ടണത്തിൽ  ഒട്ടേറെ സ്വകാര്യതാമസസൗകര്യങ്ങളുണ്ട്. ആഢ്യൻപാറ, നെടുങ്കയം പുഴ, പഴയ തേക്കുതോട്ടം സ്ഥിതിചെയ്യുന്ന കനോലീസ് പ്ലോട്ട്, കൽക്കുണ്ട് വെള്ളച്ചാട്ടം, ടി കെ കോളനിയിലെ കുളിർവാഹിനിയായ പുഴ എന്നിങ്ങനെ കാഴ്ചകൾ ഏറെയാണ്. നിലമ്പൂരിൽനിന്നു കോഴിക്കോട് ജില്ലയിലേക്കുള്ള മലയോരപാതയിലൂടെ ചെന്നാൽ കക്കാടം പൊയിലിലേക്കെത്താം. മീൻമുട്ടി ജലപാതവും മറ്റുമാണ് ഇവിടത്തെ കാഴ്ചകൾ. ഊട്ടിയിലേക്കും ബന്ദിപ്പൂർ മസിനഗുഡി കാടുകളിലേക്കും വെറും നൂറിൽത്താഴെ കിലോമീറ്റർ ദൂരമേയുള്ളൂ. 

എറണാകുളം-നിലമ്പൂര്‍183 km

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com