ADVERTISEMENT

ഇന്ന് സോഷ്യൽ മീഡിയയിലെ താരങ്ങളാണ് ബഷീർ ബഷിയും കുടുംബവും. ബിഗ് ബോസ് എന്ന ബിഗ് ബജറ്റ് റിയാലിറ്റി ഷോയിലൂടെയാണ് ബഷീർ പ്രേക്ഷക ശ്രദ്ധ നേടിയതെങ്കിലും തന്റെ കുടുംബവിശേഷങ്ങളാണ് പുള്ളിയെ ഫെയ്മസാക്കിയതെന്നു പറയാം. 

ഭാര്യയെയും മക്കളെയും കൂട്ടി ഒരു യാത്ര പ്ലാൻ ചെയ്യുക എന്നു പറഞ്ഞാൽ ഒരു മാതിരി ഭർത്താക്കൻമാരൊക്കെ ഒരൽപം ടെൻഷൻ അടിക്കും. യാത്രച്ചെലവും താമസസൗകര്യവും എല്ലാം ഒത്തുവരണം. ഇനി ഏറ്റവും പ്രധാനപ്പെട്ടത് പോകേണ്ടയിടം തീരുമാനിക്കലാണ്. അക്കാര്യത്തിൽ തങ്ങൾ ഒറ്റക്കെട്ടാണെന്നാണ് രണ്ടു ഭാര്യമാരുള്ള ബഷീർ ബഷി പറയുന്നത്. ഏതു തീരുമാനവും ബഷീറും രണ്ടു ഭാര്യമാരും കൂടിയാലോചിച്ചാണ് എടുക്കുന്നത്.

basheer-travel5

യാത്രകളുടെ കാര്യവും അങ്ങനെ തന്നെ. രണ്ടു ഭാര്യമാർക്കും രണ്ട് അഭിപ്രായങ്ങളും ഇഷ്ടങ്ങളുമായിരിക്കില്ലേ, അപ്പോൾ എവിടേക്കെങ്കിലും പോകാൻ തീരുമാനിക്കുമ്പോൾ രണ്ടു പേരും രണ്ടിടം പറയില്ലേ എന്നു ചോദിച്ചാൽ ബഷീർ ഒറ്റവാക്കിൽ പറയും– ഒരിക്കലുമില്ല. മൂവരും ചേർന്നാണ് ട്രിപ്പ് പ്ലാൻ ചെയ്യുന്നത്. ബഷീർ ഒരു സ്ഥലം പറഞ്ഞാൽ സുഹാനയ്ക്കും മഷൂറയ്ക്കും ഒാകെ ആണ് . അവർക്ക് സ്ഥലം ഒരു വിഷയമല്ല, യാത്രയാണ് മുഖ്യം. ബഷീർ പറയുന്നു: 

യാത്രകളെ ഒരുപാട് സ്നേഹിക്കുന്നവരാണ് ഞങ്ങൾ. വ്യത്യസ്ത കുടുംബങ്ങളിൽനിന്ന് എത്തിയവരാണെങ്കിലും രണ്ടുഭാര്യമാർക്കും  യാത്രകളോടുള്ള ഇഷ്ടം ഒരുപോലെയാണ്. എവിടെപ്പോകാനും രണ്ടാളും റെഡിയാണ്. ആദ്യ വിവാഹത്തിനുശേഷം ഞാനും സുഹാനയും ലക്ഷദ്വീപ‌ിൽ പോയിരുന്നു. കടലിന്റെ സൗന്ദര്യവും യാത്രകളും കൊതിക്കുന്നവര്‍ ഒരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹിക്കുന്ന സ്ഥലമാണ് ലക്ഷദ്വീപ്.  കിടിലൻ ട്രിപ്പായിരുന്നു. രണ്ടാം വിവാഹം കഴിഞ്ഞതോടെ യാത്രകളിലെല്ലാം രണ്ടുഭാര്യമാരെയും കൂട്ടാറുണ്ട്.

basheer-travel7

മൂന്നാറിൽനിന്ന് കൊടൈക്കനാലിൽ പോയ ഒരു കഥയുണ്ട്.

ബഷീർ തന്നെ പറയട്ടെ ആ കഥ: ‘ശരിക്കും അതൊരു അൺ പ്ലാൻഡ് ട്രിപ്പായിരുന്നു. എറണാകുളത്തു നിന്നായിരുന്നു മൂന്നാറിലേക്ക് യാത്ര തിരിച്ചത്. സ്വന്തം വാഹനത്തിലാണ് ഞങ്ങളുടെ യാത്രകൾ. എനിക്കിഷ്ടവും അതാണ്. കാരണം നമുക്ക് ഇഷ്ടമുള്ളയിടത്ത് വാഹനം നിർത്തി വിശ്രമിച്ചും കാഴ്ചകൾ ആസ്വദിച്ചുമൊക്കെ അടിച്ചുപൊളിച്ച് യാത്ര നടത്താം. പക്ഷേ മൂന്നാർ യാത്രയിൽ ഞങ്ങളുടെ എൻജോയ്മെന്റ് ഒരൽപം കൂടിപ്പോയി. മൂന്നാർ കണ്ടു നടന്നപ്പോഴാണ്, എങ്കിൽ ഇവിടുന്നു നേരെ കൊടൈക്കനാലിനു വിട്ടാലോ എന്നാലോചിച്ചത്. 

basheer-travel6

മികച്ച റൈഡിങ് റൂട്ടുകളില്‍ ഒന്നാണ് മൂന്നാറില്‍നിന്നു കൊടൈക്കനാലിലേക്കുള്ള വഴി. പ്രകൃതിസൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന ഈ വഴിയില്‍ യാത്രക്കാരുടെ തിരക്കില്ല എന്നതും പ്രത്യേകതയാണ്. പശ്ചിമഘട്ടത്തിന്റെ അപൂര്‍വ സൗന്ദര്യം ആസ്വദിക്കാന്‍ പറ്റിയ റൂട്ട് കൂടിയാണിത്. മൂന്നാറിലെ തേയിലത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും പിന്നിട്ട് തേനിയിലെ മുന്തിരിത്തോട്ടങ്ങളും പച്ചക്കറിത്തോട്ടങ്ങളും കടന്നാണ് യാത്ര. ഈ വഴിയിൽ പഴനിയും ഊട്ടിയുമെല്ലാം നിങ്ങൾക്ക് സ്വാഗതമരുളും. മൂന്നാറില്‍നിന്നു സൂര്യനെല്ലി വഴി തേനി-പെരിയകുളം-പന്നായിക്കാട് വഴിയാണ് കൊടൈക്കനാലിലെത്തുന്നത്.

basheer-travel3

സംഭവം കൊള്ളാമെന്ന് എല്ലാവരും പറഞ്ഞു. ആ റൂട്ടിലെ കാഴ്ചകൾ ഞങ്ങളെ ശരിക്കും ആകർഷിച്ചു. മിക്കയിടത്തും നിർത്തി ആസ്വദിച്ചായിരുന്നു പോക്ക്. അതുകൊണ്ട്  കൊടൈക്കനാൽ എത്തിയപ്പോൾ രാത്രിയായി. ഇനിയാണ് കഥയിലെ ട്വിസ്റ്റ്. താമസിക്കാൻ റൂമില്ല. 50 ഹോട്ടലുകളിലെങ്കിലും കയറി അന്വേഷിച്ചിട്ടുണ്ട്, പക്ഷേ എവിടെയും സ്ഥലമില്ല, തിരക്കാണ് എന്ന മറുപടി മാത്രം. അങ്ങനെ കൊടൈക്കനാലിൽ അടിച്ചു പൊളിക്കാൻ പോയ ഞങ്ങൾ പെരുവഴിയിൽ തണുത്തു വിറച്ചു നിന്നു. ഒരു ഭാര്യയും മക്കളും മാത്രമുള്ള ഭർത്താക്കൻമാർ പോലും പകച്ചു നിൽക്കുന്ന ആ അവസ്ഥയിൽ രണ്ടു ഭാര്യമാരും കുട്ടികളുമുള്ള പാവം എന്റെ സ്ഥിതി ആലോചിച്ചു നോക്കൂ. ഏതായാലും അവിടെ നിന്നിട്ടു കാര്യമില്ല എന്നു മനസ്സിലാക്കിയ ഞങ്ങൾ തിരിച്ച് തേനിയിൽ എത്തി റൂമെടുക്കുകയായിരുന്നു. ഒരിക്കലും മറക്കാനാവാത്ത യാത്രയായിരുന്നു അത്. ആ ട്രിപ്പിൽനിന്നു ഞാനൊരു പാഠം പഠിച്ചു, കുടുംബവുമൊത്തു പോകുമ്പോൾ സാധിക്കുമെങ്കിൽ താമസസൗകര്യം നേരത്തെ റെഡിയാക്കണം’.

basheer-travel2

ഭാര്യ മഷൂറയുടെ ട്രാവൽ ബ്ലോഗിൽ ഈ വിശേഷങ്ങൾ പങ്കു വച്ചിട്ടുണ്ട്. കാശി രാമേശ്വരം വഴി ധനുഷ്കോടിക്ക് പോയതും കാർ ഓടിച്ചു തന്നെയായിരുന്നുവെന്നും അതും വിഡിയോ ആയി വ്ലോഗിൽ ഇട്ടിട്ടുണ്ടെന്നും ബഷീർ പറഞ്ഞു.

സ്വപ്ന യാത്രകൾ

basheer-travel4

ഡ്രീം ജേണിയിൽ ഒന്ന് അടുത്തു തന്നെ ഉണ്ടാകുമെന്നാണ് ബഷീർ പറയുന്നത്. മണാലിയിലേക്ക് ഒരു റോഡ് ട്രിപ്പ്. അതാണ് തങ്ങൾ ഇനി നടത്താൻ പോകുന്ന അടുത്ത യാത്രയെന്നും മണാലിയെത്തും വരെയുള്ള ഒരു കാഴ്ചയും ഒഴിവാക്കാതെ എല്ലാം കണ്ടു പോകാനാണ് പദ്ധതിയെന്നും ബഷീർ പറഞ്ഞു. മറ്റൊന്ന് ഒരു വേൾഡ് ടൂർ ആണ്. അതുപക്ഷേ സമയമെടുത്തു ചെയ്യേണ്ടതായതിനാൽ അതിന്റെ ആലോചനയിലാണ് തങ്ങളെന്നും ഉറപ്പായും കാണേണ്ട ചില സ്ഥലങ്ങളുടെ ലിസ്റ്റിടൽ ആണ് ഇപ്പോൾ രണ്ടു ഭാര്യമാരുടെയും പണിയെന്നും ബഷീർ പറഞ്ഞു നിർത്തി.

content summary: Celebrity Travel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com