കാർ നിന്നുപോകുമെന്ന് ഭയന്നു, സഹായത്തിന് ആരെയും കിട്ടാത്ത വഴി; യാത്രാനുഭവം പങ്കുവച്ച് നടൻ അരുൺ

arun-travel
SHARE

 മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ചുള്ളൻചെക്കനാണ് അരുൺ ജി. രാഘവൻ. ഒരു സീരിയലിൽത്തന്നെ പല ഭാവത്തിലും വേഷത്തിലും അഭിനയിച്ച് കുടുംബസദസ്സുകളുടെ കയ്യടി നേടിയ അരുൺ മികച്ച അഭിനേതാവാണ്. െഎടി പ്രഫഷനലായി ജോലി നോക്കിയിരുന്ന താരം ഇപ്പോൾ സീരിയൽ പ്രേമികളുടെ ഇഷ്ടതാരമാണ്. അഭിനയം പോലെ യാത്രകളെയും ഒരുപാടു സ്നേഹിക്കുന്നു അരുൺ. ഇഷ്ടപ്പെട്ട യാത്രകളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും അരുൺ മനോരമ ഒാൺലൈനിൽ മനസ്സു തുറക്കുന്നു.

arun-travel4

കുട്ടിക്കാലം മുതൽ യാത്രപോകുവാനും കാഴ്ചകൾ ആസ്വദിക്കുവാനും ഇഷ്ടമാണ്. യാത്രയും ഡ്രൈവുമാണ് അരുണിന് ഏറ്റവും പ്രിയം. ആഗ്രഹം പോലെ തന്നെ െഎടി പ്രഫഷനലായി ജോലി നേടിയപ്പോഴും യാത്രകൾക്കു പഞ്ഞമില്ലായിരുന്നുവെന്നും മിക്ക യാത്രകളും തന്റെ കാറിലായിരുന്നുവെന്നും  അരുൺ പറയുന്നു. ഡ്രൈവിങ്ങിനോടുള്ള പ്രിയം കാരണം എത്ര ദൂരം വേണമെങ്കിലും യാത്ര ചെയ്യാൻ അരുൺ റെഡിയാണ്. കാറിനേക്കാൾ ബൈക്കിനോടായിരുന്നു താരത്തിന് കൂടുതൽ ഇഷ്ടം.

arun-travel2

വീട്ടുകാരുടെ നിർദേശപ്രകാരം  കോളജ് ലൈഫിൽത്തന്നെ സങ്കടത്തോടെയാണെങ്കിലും ബൈക്കിനോടു ബൈ ബൈ പറയേണ്ടി വന്നു. തന്റെ പ്രായവും ഇരുചക്രവാഹനത്തിലേറിയുള്ള ഡ്രൈവിങ്ങും ഭയന്നിട്ടായിരുന്നു വീട്ടുകാർ അന്നു ബൈക്ക് മാറ്റി കാർ വാങ്ങി നല്‍കിയതെന്നും അരുൺ പറയുന്നു. പിന്നീടങ്ങോട്ട് കാറിലായിരുന്നു യാത്രകളൊക്കെയും.

എന്നെ മോഹിപ്പിക്കുന്ന സുന്ദരി വയനാട്

ഷൂട്ടിന്റെ തിരക്കൊക്കെ കഴിഞ്ഞാൽ യാത്രപോകാൻ തയാറാകും. ഫാമിലിയുമായുള്ള യാത്രയാണ് ആദ്യം പ്ലാൻ ചെയ്യുന്നത്. കുടുംബവുമൊത്ത് യാത്ര പോകുമ്പോൾ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളാണ് കൂടുതലും തിരഞ്ഞെടുക്കുന്നത്. വയനാട്, മൂന്നാർ, വാഗമൺ എന്നിവിടങ്ങളിലേക്കൊക്കെ പോയിട്ടുണ്ട്. വീണ്ടും പോകാൻ മോഹിപ്പിക്കുന്ന ഇടമാണ് വയനാട്. അധികം തിരക്കില്ലാത്ത ശാന്തസുന്ദരമായ സ്ഥലങ്ങളാണ് അരുണിന് ഏറെ ഇഷ്ടം. കാടിനെയും പച്ചപ്പിനെയും പ്രണയിക്കുന്നയാൾ കൂടിയാണ് താരം. പാരമ്പര്യത്തിന്റെ ചരിത്രം പറയാനുള്ള വയനാടന്‍ മണ്ണും ഇടതിങ്ങിയ കാടുകളും പ്ലാന്റേഷനുകളുമൊക്കെ എത്ര കണ്ടാലും മതിയാവില്ല. 

arun-travel7

‘വിവാഹ ശേഷമുള്ള എന്റ‌െ ആദ്യയാത്രയും വയനാട്ടിലേക്കായിരുന്നു. വൈത്തിരി റിസോർട്ടിലായിരുന്നു താമസം. വന്യതയും പ്രകൃതി ഭംഗിയും  ആസ്വദിക്കാൻ പറ്റിയിടമായിരുന്നു അവിടം. നീലഗിരി മലകളിലെ ഇടതൂർന്ന മഴക്കാടുകൾക്ക് ഇടയിലുള്ള വൈത്തിരി ഒരു ജൈവ-ടൂറിസം കേന്ദ്രമാണ്. ഞങ്ങൾ പോയ സമയത്ത് അവിടെ ടിവി ഒന്നുമില്ലായിരുന്നു.

arun-travel6

സത്യത്തിൽ അതൊരു അനുഗ്രഹമായാണ് ഞങ്ങൾക്കു തോന്നിയത്. പ്രകൃതി സൗന്ദര്യം കൂടുതൽ ആസ്വദിക്കുവാനായി. കാടിന്റെ വന്യത തുളുമ്പുന്ന റിസോർട്ടിലെ താമസം അടിപൊളിയായിരുന്നു. 

മുത്തങ്ങ കാടുകളിലൂടെയുള്ള യാത്രയും എനിക്ക് മറക്കാനാവില്ല. വയനാട്ടുകാരുടെ പൈതൃക സ്വത്തായ മുത്തങ്ങ ഫോറസ്റ്റിനുള്ളിലെ റബറൈസ്ഡ് ഹൈവേയിലൂടെയുള്ള യാത്ര സുഖമുളള ഒരനുഭവം തന്നെയാണ്. പച്ച പുതച്ച് തലയുയർത്തി നിൽക്കുന്ന പടുകൂറ്റൻ മരങ്ങളും മുളംകാടുകളും ശുദ്ധമായ വായുവും ഇളം കാറ്റും, ഞാൻ പോയിട്ട് പോയാ മതി എന്ന ജാഡയുമായി റോഡ് ക്രോസ് ചെയ്യുന്ന കൊമ്പനും കൗതുകവും ഭയവും നിറയ്ക്കുന്ന കാഴ്ചകളാണ്.

arun-travel3

കുയിലും മയിലും മാനും വാനരൻമാരും ഒക്കെ കാണേണ്ട കാഴ്ചയാണ്. കാടിനു നടുവിലൂടെ അതിര്‍ത്തി കടന്നെത്തുമ്പോള്‍ ഇവിടെ മറ്റൊരു ലോകം തന്നെയാണ്. പിന്നെയും യാത്രപോകുവാൻ എന്നെ പ്രേരിപ്പിക്കുന്ന സുന്ദരിയാണ് വയനാട്.

ബാലിയാത്ര

arun-travel9

മോനും ഭാര്യയുമൊത്ത് പോയ മറ്റൊരു ഇടം ബാലിയായിരുന്നു.  ദൈവങ്ങളുടെ ദ്വീപ് എന്നറിയപ്പെടുന്ന ഇൗ കൊച്ചു ദ്വീപിലെ കാഴ്ചകളൊക്കെയും ഒരുപാട് ഇഷ്ടമായി. ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട അദ്ഭുത ദ്വീപ് തന്നയാണ് ബാലി. വളരെ സുഖകരമായ കാലാവസ്ഥയാണ് ബാലിയിലേത് എന്നതിനാല്‍ ഏതു സമയത്തും അവിടം സന്ദര്‍ശിക്കാം.  ക്ഷേത്രങ്ങൾ, പരമ്പരാഗത നൃത്തങ്ങൾ, അഗുങ് മല നിരകൾ, മല കയറ്റം ബീച്ചുകൾ – സഞ്ചാരികൾക്കു വേണ്ടതെല്ലാം  ഒരുക്കി  ഈ നാട് ആരെയും ആകർഷിക്കും. 

arun-travel1

ജീവിതത്തിൽ മറക്കാനാവില്ല

ഉയരത്തിലേക്കുള്ള കയറ്റം എനിക്ക് ഭയമായിരുന്നു. ബാൽക്കണിയിലേക്ക് കയറി നിന്ന് താഴേക്ക് നോക്കുമ്പോൾ തന്നെ വല്ലാത്ത പേടിയായിരുന്നു. എന്റെ ആ ഭയം മാറ്റണമെന്നു തീരുമാനിച്ചു. ദുബായ് യാത്രയിൽ സകല ധൈര്യവുമായി സ്കൈഡൈവിന് തയാറായി. ആദ്യം ഭയം തോന്നി. പിന്നെ സന്തോഷം തിരത്തള്ളി വന്നു.

arun-trips

അങ്ങകലെ പച്ചപ്പിന്റെ തിര... കടലിന്റെ നീലിമ... കെട്ടിടങ്ങളും വാഹനങ്ങളുമെല്ലാം പൊട്ടുകൾ പോലെ. പല നിറങ്ങൾ ചേർത്തുവച്ച കൊളാഷ് പോലെ ഭൂമി.  ഇത്രയും ഉയരത്തിലുള്ള സ്കൈഡൈവ് ചെയ്തതതോടെ ഭയം ഇല്ലാതായി. ആ ഡൈവിങ് ഇന്നും മറക്കാനാവില്ല.

അടിച്ചുപൊളിച്ചൊരു തകർപ്പൻ യാത്ര

കുടുംബമായും അല്ലാതെയും യാത്ര പോകാറുണ്ട്. കൂട്ടുകാരുമൊത്തുള്ള യാത്ര മറ്റൊരു അനുഭവമാണ് സമ്മാനിക്കുന്നത്. അടിച്ചുപൊളിച്ച് തകർപ്പൻ യാത്ര എന്നുതന്നെ പറയാം. അടുത്തിടെ സുഹൃത്തുക്കൾ ഒരുമിച്ച് തായ്‍ലൻഡിലേക്കു പോയിരുന്നു.  ഒരു സഞ്ചാരിക്കു വേണ്ടതെല്ലാം ഒരുക്കിയിരിക്കുന്ന നാടാണ് തായ്‍‍ലൻഡും ബാങ്കോക്കും. 

arun-travel5

മനോഹരമായ കാഴ്ചകൾ ആസ്വദിച്ച്, കീശ കാലിയാക്കാതെ വിദേശയാത്രയ്ക്കു പറ്റിയ ഇടം. തായ്‍‍ലൻഡ് എന്നു കേൾക്കുമ്പോൾ പലരും നെറ്റിചുളിക്കുമെങ്കിലും സുന്ദരകാഴ്ചകളുടെ പറുദീസയാണിവിടം. മനോഹരമായ തീരങ്ങളും ക്ഷേത്രങ്ങളും ഭക്ഷണശാലകളും കാടിന്റെ വന്യതയും രാത്രിക്കാഴ്ചയുമൊക്കെ സഞ്ചാരികളെ കാത്തിരിക്കുന്നു. ഇന്ത്യയിൽനിന്ന് ഏറ്റവും കുറഞ്ഞ നിരക്കിൽ വിമാനടിക്കറ്റ് ലഭിക്കുന്ന രാജ്യവും ചെലവു കുറഞ്ഞ നഗരവുമാണ് തായ്‍ലൻഡ്. പ്രിയപ്പെട്ട ചങ്കുകൾ ഒരുമിച്ച തായ്‌ലൻഡ് യാത്രയും മനോഹരമായിരുന്നു.

തെക്കിന്റെ രത്നം തേടി 

അധികം തിരക്കില്ലാത്ത സ്ഥലങ്ങളിലേക്കു യാത്ര പോകാനാണ് എനിക്കേറെ ഇഷ്ടം. കൊടൈക്കനാലും ഉൗട്ടിയുമൊക്കെ കണ്ടുമടുത്തവർക്കു പറ്റിയ ഇടമാണ് യേർക്കാട്. എനിക്കും അവിടുത്തെ കാഴ്ചകൾ ഒരുപാട് ഇഷ്ടമായി. അധികം ആളുകൾ കടന്നുചെല്ലാത്തതുകൊണ്ടാവും യേര്‍ക്കാടിന്റെ പ്രകൃതിസൗന്ദര്യത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല.

arun-trips1

തെക്കിന്റെ രത്നം എന്നറിയപ്പെടുന്ന മലയോര മേഖല.  ചെന്നൈ നഗരത്തില്‍നിന്ന് 366 കിലോമീറ്റർ ദൂരമുണ്ട്. കാപ്പിയുടെയും തേയിലത്തോട്ടങ്ങളുടെയും കാഴ്ചയാണ് എവിടെ കണ്ണോടിച്ചാലും. ഓറഞ്ച് തോട്ടങ്ങളും വാഴത്തോപ്പുകളും ധാരാളമുണ്ട്. വനഭംഗിയും ആസ്വദിക്കാൻ പറ്റിയ ഇടമാണ്.

യാത്രാനുഭവങ്ങൾ

യാത്രയിലെ അനുഭവങ്ങള്‍ ഒരുപാടുണ്ട്. കുറെ നാളുകള്‍ക്ക് മുമ്പ് സുഹൃത്തുക്കളുമായി ബോംബെയിൽനിന്നു നാട്ടിലേക്ക് വരികയായിരുന്നു. ഗോവ വഴി മടക്കയാത്രയായിരുന്നു പ്ലാൻ. ഗോവയിലെത്തി താമസത്തിനായി നിരവധി ഹോട്ടലുകള്‍ ഗൂഗിളിന്റെ സഹായത്തോടെ അരിച്ചുപെറുക്കി. വിളിച്ചന്വേഷിക്കുന്നിടത്തെല്ലാം നല്ലതിരക്കാണ്, റൂം ഇല്ല എന്നായിരുന്നു മറുപടി. രാത്രി രണ്ടുമണി കഴിഞ്ഞിരുന്നു. നിവൃത്തിയില്ലാത്തതുകൊണ്ട് യാത്ര തുടർന്നു.

arun-trip

ഉറക്കം വന്നാൽ ഇടയ്ക്കു നിർത്തിയിട്ട് യാത്ര ആരംഭിക്കാം എന്നു തീരുമാനിച്ചു. കുറച്ചുദൂരം ചെന്നപ്പോഴാണ് അടുത്ത പണികിട്ടിയത്, കാറിന്റെ ഇന്ധനം തീരാറായി. ടെൻഷൻ കൂടി. പോകുന്ന വഴി ഇത്തിരി റിസ്കായിരുന്നു. അടുത്തെങ്ങും പെട്രോൾ പമ്പും ഇല്ല. നടുറോഡിൽ കാർ നിന്നുപോകുമെന്ന് ഭയന്നു, സഹായത്തിനുപോലും ആരെയും കിട്ടാത്ത വഴി. സകല ദൈവങ്ങളെയും വിളിച്ച് യാത്ര തുടർന്നു. ഭാഗ്യത്തിന് ട്രാഫിക്കും ഇല്ലാതിരുന്നതിനാൽ അടുത്ത പെട്രോൾ പമ്പ് വരെ ദൈവം എത്തിച്ചു എന്നു തന്നെ പറയാം. വല്ലാതെ ടെൻഷനടിച്ച യാത്രയായിരുന്നു അത്. ഇപ്പോൾ എവിടേക്കു യാത്രപോയാലും കാറിലെ ഇന്ധനം ഇടയ്ക്ക് ചെക്ക് ചെയ്യാൻ മറക്കില്ല.

മറ്റൊന്ന്, അനുഭവത്തേക്കാൾ നിരാശപ്പെടുത്തിയ യാത്ര എന്നുതന്നെ പറയാം. ഒരിക്കൽ സുഹൃത്തിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ഫാമിലിയുമായി രാജസ്ഥാനിൽ പോയിരുന്നു. വിവാഹം മാത്രമായിരുന്നില്ല കൂട്ടത്തിൽ ട്രിപ്പും ആസ്വദിക്കാം എന്നായിരുന്നു ഉദ്ദേശ്യം. ജയ്പുർ, പുഷ്കർ ഒക്കെ കറങ്ങാം എന്ന പ്ലാനുമുണ്ടായിരുന്നു. 

arun-trip2

പുഷ്ക്കറിൽ റിസോർട്ടിൽ റൂം എടുത്തു. ഞങ്ങൾ റൂം ബുക്ക് ചെയ്ത റിസോർട്ടിൽ ഏതോ വിഐപികളും ഉണ്ടായിരുന്നു. വൻസുരക്ഷയായിരുന്നു ആ റിസോർട്ടിൽ ഒരുക്കിയിരുന്നത്. അതുകൊണ്ട് ആ റിസോർട്ടിന്റെ സൗന്ദര്യം ആസ്വദിക്കുവാനായി പുറത്തേക്ക് ഇറങ്ങാൻപോലും സാധിച്ചില്ല. വല്ലാത്ത നിരശയും വിഷമവും തോന്നിയിരുന്നു. 

ഡ്രീം ഡെസ്റ്റിനേഷൻ

എപ്പോഴും സന്തോഷം മാത്രം തിരയടിക്കുന്ന ഭൂട്ടാനിലേക്കു യാത്ര പോകണമെന്നത് വല്ലാത്ത മോഹമാണ്. നീലാകാശത്തെ ചുംബിച്ചു നില്‍ക്കുന്ന മലനിരകളും താഴ്‍വാരങ്ങളും നിറഞ്ഞ ഭൂട്ടാന്‍ പ്രകൃതിരമണീയതയാൽ സമ്പന്നമാണെന്ന് പല ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയും വ്യക്തമാണ്. പ്രത്യേകതകൾ ഒരുപാടാണ് ഇൗ സ്വപ്നനാടിന്.

arun-travel8

സന്തോഷത്തിന്റെ നാട് എന്ന പെരുമയ്ക്കു പിന്നിലുള്ള ഇവിടുത്ത ജനങ്ങളുടെ സന്തോഷകരമായ ജീവിതവും സുന്ദരകാഴ്ചകളുമൊക്കെ ആസ്വദിക്കണം.  മറ്റൊരു ആഗ്രഹം ബൈക്ക് റൈഡാണ്. ഇൗയടുത്ത് എന്റെ ആഗ്രഹത്തിനൊത്ത് റോയൽ എന്‍ഫീൽഡ് ബുള്ളറ്റ് വാങ്ങി. ഇനിയൊരു റൈഡ്. അതിന്റെ കാത്തിരിപ്പിലാണ് ഞാൻ’.

English Summery : Celebrity Travel Arun g Ragavan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA