മുന്നൂറു വര്‍ഷത്തോളം പഴക്കമുള്ള തറവാട്ടിൽ ഒരു ദിനം

Olappamannamana-Heritage-Home
Photo Courtesy : Krishnaja Olappamanna (image from Olappamanna Mana Homestay fb page)
SHARE

ഉറക്കം തൂങ്ങിയിരിക്കുന്ന ഒരു കുഞ്ഞിനെപ്പോലെയാണ് പാലക്കാട്ടെ വെള്ളിനേഴി ഗ്രാമം. ഇരുപത് ഏക്കറില്‍ പരന്നുകിടക്കുന്ന ഒളപ്പമണ്ണ മനയുടെ വാതിലുകള്‍ 2006 മുതല്‍ ഇവിടെ എപ്പോഴും സഞ്ചാരികള്‍ക്കായി തുറന്നു കിടക്കുന്നു. 

തെങ്ങും വാഴകളും കുലച്ചു കിടക്കുന്ന പറമ്പിലൂടെ, കിളികളുടെ കൊഞ്ചല്‍ കേട്ടും ഇടയ്ക്കിടെ കണ്‍മുന്നില്‍ മിന്നി മറയുന്ന വര്‍ണ്ണാഭമായ മയിലുകളെ കണ്ടും ഇങ്ങോട്ടേക്ക് കയറി വരാം. ജന്മിത്വത്തിന്‍റെ നഷ്ടപ്രതാപകാലം മറന്നിട്ടു പോയ ഓര്‍മകള്‍ക്കിടയില്‍ കുറച്ചു ദിവസങ്ങള്‍ വേണമെങ്കില്‍ ചെലവഴിക്കാം. റിട്ടയര്‍മെന്‍റ് കാലത്ത് ഓ എന്‍ ദാമോദരന്‍ നമ്പൂതിരിപ്പാട് തുടങ്ങിയ ഇവിടുത്തെ ഹോം സ്റ്റേ ഇന്നും സജീവം.

Olappamannamana-Heritage-Home1
Photo Courtesy : Krishnaja Olappamanna (image from Olappamanna Mana Homestay fb page)

ഗേറ്റ് കടന്നു അകത്തു ചെല്ലുമ്പോള്‍ ഓടു വിരിച്ച മേല്ക്കൂരയാണ് ആദ്യം ശ്രദ്ധയില്‍പ്പെടുക. മുന്നൂറു വര്‍ഷത്തോളം പഴക്കമുള്ള ഈ തറവാട് കേരള വാസ്തുവിദ്യ അനുസരിച്ചുള്ള നിര്‍മാണ രീതിയുടെ ഉത്തമ ഉദാഹരണമാണ്. തലമുറകള്‍ ജീവിതം പങ്കിട്ട ഈ കെട്ടിടം ഒളപ്പമണ്ണ കുടുംബത്തിന്‍റെ പാരമ്പര്യ സ്മരണകള്‍ ഉണര്‍ത്തും. പരദേവതകളെ കുടിയിരുത്തിയ ഒരു ചെറിയ ക്ഷേത്രം ഇവിടെ കാണാം. സ്വര്‍ണ്ണത്തിലും പഞ്ചലോഹത്തിലും നിര്‍മ്മിക്കപ്പെട്ട കാളീവിഗ്രഹങ്ങള്‍ ഇതിനുള്ളിലുണ്ട്. ഗ്രാനൈറ്റിലും ചെമ്പിലുമായി നിര്‍മ്മിക്കപ്പെട്ട രണ്ടു ശ്രീ ചക്രങ്ങളും ഇതിനുള്ളിലുണ്ട്. പാര്‍വ്വതീ ദേവിയെ ആണ് ഇത് പ്രതിനിധാനം ചെയ്യുന്നത്. 

1989 വരെ ഒരുപാട് ആളുകള്‍ ഇവിടെ താമസിച്ചിരുന്നു. പിന്നീട് പല ആവശ്യങ്ങള്‍ക്കായി കുടുംബം പലയിടങ്ങളിലേക്ക് ചേക്കേറിയതോടെ ക്ഷേത്ര പരിചാരകരുടെ എണ്ണവും ആനുപാതികമായി കുറഞ്ഞു. ഇന്ന് ഒരു ശാന്തിക്കാരന്‍ മാത്രമാണ് ഇവിടെ താമസിക്കുന്നത്. ജനുവരി പകുതി മുതല്‍ ആരംഭിക്കുന്ന 41 ദിന പൂജയുടെ സമയത്ത് ഇവിടം ജനനിബിഡമാകും. പൂജക്കെത്തുന്നവര്‍ക്കായി അന്നദാനവും ഉണ്ടാകും.

ഋഗ്വേദം മലയാളത്തിലേക്ക് വിവർത്തനം ചെയ്ത പ്രശസ്ത മലയാള എഴുത്തുകാരനും കവിയുമായ ഒ.എം.സി നാരായണൻ നമ്പൂതിരിപ്പാട് ജനിച്ചത് ഇവിടെയായിരുന്നു. എട്ട് വാല്യങ്ങളുള്ള ഇത് പ്രധാന കെട്ടിടത്തിലെ ചെറിയ ലൈബ്രറിയിൽ പ്രദർശിപ്പിച്ചിരിക്കുന്നത് കാണാം. ഒളപ്പമണ്ണ എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ട പ്രശസ്ത മലയാള കവി ഒ എം സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടും ഇവിടെയായിരുന്നു ജനിച്ചത്. പനയോലകളില്‍ എഴുതിയ ഗ്രന്ഥങ്ങളും ഈ ലൈബ്രറിയില്‍ കാണാം.

2016 മുതല്‍ മന നോക്കി നടത്തുന്നത് ഇവിടത്തെ ഇളമുറക്കാരിലൊരാളായ നവനീത് ഒളപ്പമണ്ണ ആണ്. ക്ഷേത്രം കൂടാതെ നിരവധി മുറികള്‍, രണ്ടു മുറ്റങ്ങള്‍, ഒരു വലിയ അടുക്കളയും ഈ കെട്ടിടത്തിലുണ്ട്. പഴയ പല്ലക്ക്‌, എണ്ണ സംഭരിക്കാൻ ഉപയോഗിച്ചിരുന്ന വലിയ ചൈനീസ് പാത്രങ്ങൾ എന്നിവയെല്ലാം അടങ്ങിയ ഒരു മ്യൂസിയവും ഇവിടെ കാണാം. 

Olappamannamana-Heritage-Home2
(image from Olappamanna Mana Homestay fb page)

പ്രധാന കെട്ടിടത്തിന് ചുറ്റുമായി നിരവധി മുറികളുണ്ട്. ഇവിടെയാണ്‌ അതിഥികള്‍ക്കുള്ള താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. 200 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടമാണ് ഇത്.നാവില്‍ കപ്പലോടിക്കുന്ന തനതു കേരള ഭക്ഷണം വിളമ്പുന്ന അടുക്കളയാണ് ഇവിടത്തേത്. വാഴയിലയില്‍ വിളമ്പുന്ന സദ്യയുടെ രുചി  സന്ദര്‍ശകരെ ഇവിടെ പിടിച്ചു നിര്‍ത്തും. പറമ്പിനുള്ളില്‍ തന്നെ വിളയുന്ന പച്ചക്കറികളും ചക്കയും മാങ്ങയും വാഴപ്പഴവും മുരിങ്ങയുമെല്ലാമാണ് ഭക്ഷണത്തില്‍ വിളമ്പുന്നത്. രാവിലെ നല്ല ചൂടുള്ള സാമ്പാര്‍ ഒഴിച്ച് ഇഡലി കഴിക്കാം. വെജിറ്റേറിയന്‍ ഭക്ഷണമാണ് ഇവിടെ ലഭിക്കുന്നത്. മനക്കുള്ളില്‍ മദ്യം ഉപയോഗിക്കാന്‍ പാടില്ല എന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്. 

ഇന്ന് എഴുപതിലധികം കഥകളി വിദഗ്ദ്ധരും കർണാടക ഗായകരും താളവാദ്യക്കാരും വെള്ളിനേഴി ഗ്രാമത്തിലുണ്ട്.  ഹോംസ്റ്റേ സന്ദർശിക്കുന്നവര്‍ക്ക് പ്രതിഭാധനരായ ഈ പ്രാദേശിക കഥകളി കലാകാരൻമാരുടെ പ്രകടനങ്ങൾ ബുക്ക് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്. മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പ്രകടനമാണ് കഥകളിയുടേത് എങ്കിലും മൂന്ന് മണിക്കൂർ നീണ്ടു നില്‍ക്കുന്ന കഥകളി പ്രകടനവും ബുക്ക് ചെയ്യാം. ഫെബ്രുവരി പകുതി മുതൽ ഏപ്രിൽ വരെ നടക്കുന്ന ക്ഷേത്രോത്സവങ്ങളിൽ മാത്രമല്ല, കലാകാരന്മാർക്ക് വർഷം മുഴുവനും വരുമാനം ഉറപ്പാക്കാന്‍ ഇത് സഹായിക്കുന്നു. പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് ഒളപ്പമണ്ണ മന നല്‍കുന്ന വലിയ സംഭാവനകളിലൊന്നാണ് ഇത്. 

ഈ പ്രദേശത്തിന്‍റെ സാംസ്കാരികവും കലാപരവുമായ പൈതൃകം സംരക്ഷിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ഒളപ്പമണ്ണക്കാര്‍  ദേവിപ്രസാദം ട്രസ്റ്റ് സ്ഥാപിച്ചു. 1990 മുതൽ, കഥകളി, കർണാടക സംഗീതം, മലയാള സാഹിത്യം, വേദ-സംസ്‌കൃത സാഹിത്യം എന്നീ മേഖലകളില്‍ മികവു പുലര്‍ത്തുന്നവര്‍ക്ക് അവാർഡുകള്‍ നല്‍കി വരുന്നു. നൂറ്റാണ്ടുകളായി കലാകാരന്മാരെ പിന്തുണയ്ക്കുന്ന കുടുംബപാരമ്പര്യമാണ് ഒളപ്പമണ്ണ മനയുടേത്. 

ഒളപ്പമണ്ണയിലെത്താന്‍ കോയമ്പത്തൂരിൽ നിന്ന് പാലക്കാട്ടേക്കുള്ള വഴി നേരെ പിടിക്കാം. ചെർപുളശ്ശേരിയിലേക്കുള്ള റോഡിലൂടെ പോകുമ്പോള്‍ മാങ്ങോട് നിന്ന് 4 കിലോമീറ്റർ മുന്നോട്ട് പോയി വെള്ളിനേഴിയിലേക്ക് വലത്തോട്ട് തിരിയുക. ഇവിടെ നിന്നും 2 കിലോമീറ്റർ അകലെയാണ് വെള്ളിനേഴി. 

English Summery : Olappamannamana Heritage Home

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA