sections
MORE

ബെംഗളൂരുവിൽ നിന്നു കാന്തല്ലൂരിലേക്ക്...

kanthaloor-trip3
SHARE

കേരളത്തിനു പുറത്തുള്ള മലയാളികൾക്ക് നീണ്ട അവധി കിട്ടിയാൽ ആദ്യം ചിന്തിക്കുന്നത് നാട്ടിൽ പോവണോ അതോ ട്രിപ്പ് പോയാലോ എന്നായിരിക്കും. യാത്രകളെ ഇഷ്ടപ്പെടാത്ത മറുനാടൻ മലയാളികൾ കുറവായിരിക്കും. ജോലിത്തിരക്കുകളിൽ നിന്നും തിരക്കുപിടിച്ച നഗര ജീവിതത്തിൽ നിന്നുമെല്ലാം ഒളിച്ചോടാനുള്ള വ്യഗ്രതയാവാം അതിനു കാരണം

‘ഹലോ...അജ്മൽ എന്താ പ്ലാൻ... പൂജാ ഹോളിഡേയ്‌സ് അല്ലേ, ഒരു ട്രിപ്പ് പോയാലോ...’

ഫോണിന്റെ അങ്ങേ തലക്കൽനിന്നു സുഹൃത്ത് ഫഹദിന്റെ ചോദ്യം...

‘നീയിപ്പോൾ മൂന്നാമത്തെ ആളാണ്, ഈ ചോദ്യം ചോദിച്ചുകൊണ്ട് വിളിക്കുന്നത്...’

‘എന്തായാലും പോകുന്നതല്ലേ... നിനക്കു വ്ലോഗും ചെയ്യാലോ...’ ഫഹദിന്റെ പ്രലോഭനം.

kanthaloor-trip5

പിന്നീട് അങ്ങോട്ട് പ്ലാനിങ്ങുകളുടെ ദിവസങ്ങളായിരുന്നു. സാധാരണ പ്ലാൻ ചെയ്യാത്ത ട്രിപ്പുകളാണ് എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നതെങ്കിലും, ഇത്തവണ അങ്ങിനെയല്ല. കൂട്ടിന് ഭാര്യ കൂടിയുണ്ട്. കല്യാണം കഴിഞ്ഞ ശേഷമുള്ള ആദ്യത്തെ ലോങ് ട്രിപ്പ് ആണ്.

മഴയ്ക്ക് ശേഷമുള്ള ഇടുക്കിക്കും മൂന്നാറിനും കല്യാണപ്പെണ്ണിനേക്കാൾ സൗന്ദര്യമാണെന്നു പറഞ്ഞുകേട്ട ഞാൻ പിന്നെ മറുത്തൊന്നും ചിന്തിച്ചില്ല, ഇത്തവണ അതൊന്നു കണ്ടിട്ടുതന്നെയെന്നു തീരുമാനിച്ചു. തിരക്കുകൾ ഇഷ്ടപ്പെടാത്ത ഞങ്ങൾക്ക് മുന്നിലേക്ക് കാന്തല്ലൂരും മൂന്നാറിലെ ലക്ഷ്മി ഹിൽസും പിന്നെ ഇടുക്കിയും വാഗമണ്ണും വന്നു ചേർന്നു.

kanthaloor-trip

വെള്ളി രാത്രി കഴിഞ്ഞു, ശനിയാഴ്ച അതിരാവിലെ നാലുമണികഴിഞ്ഞു ഞങ്ങൾ മൂന്ന് കുടുംബങ്ങളും (ആറുപേരും ഒരു കുഞ്ഞും) ബെംഗളൂരുവിൽനിന്നു മൂന്നാറിനടുത്തുള്ള കാന്തലൂരിലേക്ക് യാത്ര ആരംഭിച്ചു. ഇലക്ട്രോണിക് സിറ്റി മുതൽ കോയമ്പത്തൂരിനടുത്തുള്ള അവിനാശി വരെ പരിചയമുള്ള റൂട്ട് ആണ്. രാത്രിമാത്രം പോയി പരിചയമുള്ള റൂട്ടിൽ ഹൊസൂർ കഴിഞ്ഞു കൃഷ്ണഗിരി എത്തിയപ്പോഴേക്കും സൂര്യൻ എവിടെനിന്നോ തല ഉയർത്തി നോക്കിത്തുടങ്ങിയിരുന്നു. മൂടൽമഞ്ഞു നിറഞ്ഞ കൃഷിസ്ഥലങ്ങളിൽ സൂര്യരശ്മികൾ തട്ടി വെട്ടിത്തിളങ്ങുന്ന പുതുനാമ്പുകൾക്ക് എന്തുഭംഗിയാണ്.

സേലത്തിനടുത്തുള്ള അടയാർ ആനന്ദഭവന്റെ റസ്റ്ററന്റിൽ നിന്നു ചൂട് പൂരിയും മസാലയും കഴിച്ചിറങ്ങിയപ്പോഴേക്കും സമയം പത്തുകഴിഞ്ഞിരുന്നു. ഓർഡർ ചെയ്ത ഭക്ഷണം വരാൻ വൈകിയതു കൊണ്ടും വിശപ്പിന്റെ വിളി കൂടിയതുകൊണ്ടും കഴിച്ചതൊന്നും തികയാതെ വന്നിരുന്നു. കാർ ഹൈവേയിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞു തമിഴ് ഗ്രാമങ്ങളിലൂടെ സഞ്ചരിക്കാൻ തുടങ്ങി. വാഹനങ്ങൾ കുറവായ ഗ്രാമപാതയിലൂടെ സഞ്ചരിക്കുമ്പോൾ കോയമ്പത്തൂരിലെ എന്റെ കോളജ് കാലവും ബസ് കുറവായ കാരണം ലിഫ്റ്റ് വാങ്ങി യാത്രചെയ്തതുമെല്ലാം മനസ്സിലേക്ക് ഓടിയെത്തി.

kanthaloor-trip4

ഓരോന്നു ചിന്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് റോഡിനോട് ചേർന്ന് കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന കൃഷിയിടങ്ങൾക്കിടയിലായി തലയുയർത്തി നിൽക്കുന്ന വിൻഡ്‌മില്ലുകൾ കാണാനിടയായത്. എല്ലാം ഒരു നിശ്ചിത അകലത്തിലിരുന്നുകൊണ്ടു കറങ്ങുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ചന്തമാണ്. പണ്ട് തിരുവനന്തപുരത്തേക്കുള്ള യാത്രകളിൽ തമിഴ്നാട്ടിലെ നാഗർകോവിലിലും ഇതുപോലെയുള്ള വിൻഡ്‌മില്ലുകൾ കാണാറുണ്ടായിരുന്നു. റോഡ് സൈഡിലെ ദിശാബോർഡിൽ നോക്കിയപ്പോഴാണ് സ്ഥലം മനസ്സിലായത്. ' ഉദുമൽപേട്ട '. ഉദുമൽപേട്ടിലൂടെ പോകുമ്പോൾ, തമിഴ്‌ ഗ്രാമങ്ങളുടെ സൗന്ദര്യത്തിനു മാറ്റുകൂട്ടി ഇരുവശവും പുളിമരങ്ങൾ തണൽവിരിക്കുന്ന റോഡുകൾ. പുളിഞ്ചോട്ടിലിരുന്ന് ഇളനീരുകുടിച്ചപ്പോഴേക്കും യാത്രയുടെ ക്ഷീണം എവിടെയോ പോയിമറഞ്ഞു.

ആനമല ടൈഗർ റിസർവിലെ ചെക്ക്പോസ്റ്റിൽ പേരെഴുതി ഒപ്പിട്ടുകൊടുത്ത് മുന്നോട്ടു പോകുമ്പോൾ സമയം രണ്ടു കഴിഞ്ഞിരുന്നു. അരമണിക്കൂർ ഡ്രൈവ് കഴിയുമ്പോഴേക്കും ഞങ്ങൾ ചിന്നാർ വൈൽഡ് ലൈഫ് സാങ്ച്വറിയിലെ ചെക്ക്പോസ്റ്റിൽ എത്തിയിരുന്നു. ബെംഗളൂരുവിൽനിന്നു നാട്ടിലേക്കും തിരിച്ചും ബന്ദിപ്പൂർ വനത്തിലൂടെ യാത്രചെയ്യുന്ന എനിക്കോ സുഹൃത്തുക്കൾക്കോ പുതുമായേകുന്ന ഒരു കാഴ്ചപോലും നൽകാൻ ആനമലയ്ക്കും ചിന്നാറിനും കഴിഞ്ഞില്ല.

ചിന്നാർ വൈൽഡ് ലൈഫ് സാങ്ച്വറിയിലെ രാത്രി സഫാരിയും ട്രെക്കിങ്ങും ഏറെ പുതുമയുള്ളതാണെന്നു ഞാൻ ഇന്റർനെറ്റിൽനിന്നു മനസ്സിലാക്കിയിരുന്നു. ഇടുങ്ങിയ വനപാതയിലെ പെട്ടെന്നുള്ള വളവുകളിലൂടെ എതിർദിശയിൽ വേഗത്തിൽ ഇറക്കമിറങ്ങിവരുന്ന വാഹനങ്ങൾ പലപ്പോഴും ഞങ്ങളെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. ദൂരെ കൊടുംകാടിനു നടുവിലായി പാറക്കെട്ടുകൾക്കുമുകളിലൂടെ കുത്തിയൊലിക്കുന്ന വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യത്തിനോടൊപ്പം അതിന്റെ ശബ്ദം സംഗീതാത്മകമായി തോന്നി. ഞങ്ങളുടെ യാത്ര തുടർന്നു. ലക്ഷ്യസ്ഥാനം എത്താറായിരിക്കുന്നു.

മറയൂരിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞു കാന്തല്ലൂരിലേക്ക് പോകുമ്പോൾ തന്നെ ഗ്രാമീണ സൗന്ദര്യത്തിന്റെ നിഷ്കളങ്ക ഭാവങ്ങൾക്കൊപ്പം, അദ്ധ്വാനിക്കുന്ന ഗ്രാമീണരും കണ്മുന്നിൽ തെളിഞ്ഞുതുടങ്ങി. സമയം വൈകുംതോറും വിശപ്പിന്റെ വിളി ഉച്ചത്തിലായിരുന്നു, അതുകൊണ്ടുതന്നെ പിന്നീടുള്ള നോട്ടമത്രയും ഹോട്ടൽ ബോർഡ് അന്വേഷിച്ചുള്ളതായിരുന്നു. ഇതിനിടയിൽ, കേട്ടറിഞ്ഞ മറയൂർ ശർക്കര ഫാക്ടറികളത്രയും കഴിഞ്ഞു പോകുന്നുണ്ടായിരുന്നു. അവസാനം കോവിൽകടവ് എന്ന സ്ഥലത്തെത്തിയപ്പോൾ ഭക്ഷണം കഴിക്കാൻ വേണ്ടി ആദ്യം കണ്ട ഹോട്ടലിന്റെ ഓരം ചേർന്നു കാർ നിർത്തി.

kanthaloor-trip2

വയറുനിറച്ചു ഭക്ഷണം കഴിച്ചു. പിന്നെയും യാത്ര തുടർന്നു. രണ്ടു മൂന്നു വളവുകളുള്ള പാറക്കെട്ടുകളോട് ചേർന്ന് ചുരം കയറുമ്പോഴാണ് ആ ബോർഡ് ശ്രദ്ധയിൽപെട്ടത്, "മുനിയറകൾ". ശിലായുഗ കാലത്തിന്റെ ശേഷിപ്പുകളാണ് മറയൂരിലെ മുനിയറകൾ. ഐതിഹ്യങ്ങൾ പ്രകാരം സഹ്യപർവതത്തിന്റെ താഴ്‌വരയിൽ തപസ്സുചെയ്യാൻ വേണ്ടി നിർമിക്കപ്പെട്ടവയാണ് ഇവ. ദൂരെ പാറക്കെട്ടുകൾക്കപ്പുറം മുനിയറ ദൃശ്യമാകുന്നുണ്ടായിരുന്നു. 

കാന്തല്ലൂരിൽ എത്തിയപ്പോൾ സമയം നാലു കഴിയുന്നേയുള്ളൂവെങ്കിലും ചുറ്റിലും കോടയിറങ്ങിത്തുടങ്ങിയിരുന്നു. തണുത്ത കാറ്റുവീശുന്ന, പുൽതൈലത്തിന്റെ മണമുള്ള, ആരെയും ആകർഷിക്കുന്ന ചിരിയൊളിപ്പിച്ച ഗ്രാമീണസുന്ദരിയെപ്പോലെ നാണിച്ചിരിക്കുന്ന ഒരു സുന്ദര ഗ്രാമമാണ് കാന്തല്ലൂർ. കോടമഞ്ഞിൽ കുളിച്ചുനിൽക്കുന്ന മലയടിവാരത്തെ കൃഷിസ്ഥലങ്ങൾക്കിടയിൽ അങ്ങിങ്ങായി ചെറിയ കടകളും വീടുകളും നാലോ അഞ്ചോ ഹോംസ്റ്റേകളും കാണാം. ഗൂഗിൾ മാപ്പിൽ സെറ്റ് ചെയ്ത ലൊക്കേഷനും കഴിഞ്ഞു കുറച്ചുകൂടി മുന്നോട്ട് പോയപ്പോൾ ഇടതു വശത്തായി മരംകൊണ്ട് ഉണ്ടാക്കിയ ചെറിയ ഗേറ്റിനു (പടിപ്പുരയെന്നും പറയാം ) മുന്നിൽ ബോർഡിൽ 'ദേശാടൻ ഇക്കോവാലി റിസോർട്ടി' ന്റെ പേര് കണ്ടു. ചിരിച്ചുകൊണ്ട് ഞങ്ങളെ സ്വീകരിക്കാൻ വരുന്ന അമലിനെ കണ്ടതും ഞങ്ങളുടെ ക്ഷീണമെല്ലാം എവിടെയോ പോയിമറഞ്ഞു.

( തുടരും... )

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA