ADVERTISEMENT

അംബരചുംബികളായ കെട്ടിടങ്ങളും ബീച്ചുകളും കായലോരവും പോർച്ചുഗീസുകാരുടെ ശേഷിപ്പുകളും മട്ടാഞ്ചേരിയും ഒപ്പം രുചിയൂറും വിഭവങ്ങളൊരുക്കിയ ഭക്ഷണശാലകളുമൊക്കെയായി സഞ്ചാരികളെ മാടിവിളിക്കുന്ന മെട്രോനഗരമാണ് കൊച്ചി. ഇൗ കാഴ്ചകളൊക്കെയും ആസ്വദിച്ച് കുറച്ചു ദിവസം കൊച്ചിയിൽ തങ്ങണമെന്ന് ആഗ്രഹിച്ചാല്‍, ശ്രദ്ധിച്ചില്ലെങ്കിൽ പോക്കറ്റു കാലിയാകുമെന്നതില്‍ സംശയം വേണ്ട. മുറിവാടകയും മറ്റുമായി നല്ലൊരു തുക ചെലവാകും.  

കൊച്ചി പോലൊരു മെട്രോ നഗരത്തില്‍ ഒരു രാത്രി എസി മുറിയില്‍ താമസിക്കണമെങ്കില്‍ ആയിരങ്ങളാണ് എണ്ണിക്കൊടുക്കേണ്ടത്. എന്നാലിതാ യാത്രികർക്കു സന്തോഷകരമായൊരു വാര്‍ത്ത! ഇനി കൊച്ചിയിലെത്തിയാൽ താമസത്തിന് അധിക പണം ചെലവാക്കേണ്ട. എസി റൂമില്‍ താമസിക്കാന്‍ വെറും 395 രൂപ കൊടുത്താല്‍ മതി. കൊച്ചി മെട്രോയിലാണ് സഞ്ചാരികൾക്കായുള്ള കിടിലൻ താമസസൗകര്യം. എംജി റോഡിലെ മെട്രോ സ്റ്റേഷനിലാണ് മുന്തിയ ഹോട്ടലുകളുടെ മാതൃകയില്‍ പീറ്റേഴ്സ് ഇൻ എന്ന പേരിൽ താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. പീറ്റേഴ്സ് ഏജൻ‌സി കൊച്ചിമെട്രോയിൽ നിന്നു ലീസിനെടുത്താണ് ഇതു തുടങ്ങിയിരിക്കുന്നത്. അവരുടെ നിർദേശപ്രകാരമാണ് ഇത്രയും സൗകര്യം ഉൾപ്പെടുത്തിയിരിക്കുന്നത്.  ഡോർമിറ്ററി എന്നു പറയാനാവില്ല, യൂറോപ്യൻ സ്റ്റൈലിലുള്ള ബഗ്ബെഡുകൾ ചേർത്ത് ക്യാബിൻ പോലെയാണ് റൂമുകള്‍ സജ്ജമാക്കിയിരിക്കുന്നത്. ഒറ്റനോട്ടത്തിൽ ട്രെയിൻ കംപാർട്ട്മെന്റ‌് പോലെ തോന്നും.

Peters-Inn-Kochi-2

അറിയാം രാജകീയ താമസം

ആറുപേരടങ്ങുന്നതും പന്ത്രണ്ട് പേരടങ്ങുന്നതും മൂന്നുപേരടങ്ങുന്നതുമായ ക്യാബിനുകൾ ഉണ്ട്. മൊത്തം ഇരുന്നൂറു കിടക്കകളും നാല്‍പത് ടോയ്‌ലറ്റുകളുമുണ്ട് ഇതിനകത്ത്. രണ്ടുതരത്തിലാണ് ഇവിടെ താമസസൗകര്യം– ബിസിനസ്സ് ക്ലാസ്സും ഇക്കണോമിക് ക്ലാസ്സും. ബിസിനസ്സ് ക്ലാസ്സിൽ 395 രൂപയാണ് ഇൗടാക്കുന്നത്.  അത്യാവശ്യം സൗകര്യങ്ങളൊക്കെയുണ്ട്. ഇക്കണോമിക് ക്ലാസിൽ ഒാരോരുത്തർക്കും പ്രത്യേകം ചാർജറും മറ്റു സൗകര്യങ്ങളുമൊക്കെയുണ്ടാവും. അതിനെല്ലാംകൂടി 599 രൂപയാണ് ഇൗടാക്കുന്നത്. കൂടാതെ ഗ്രൂപ്പായി റൂം ബുക്ക് ചെയ്യുന്നവർക്ക് ഒരു ബെഡിന് 360 രൂപ മാത്രമേ ഇൗടാക്കുകയുള്ളൂ.   സന്ദർശകരെ അദ്ഭുതപ്പെടുത്തുന്നത് ലോക്കർ സൗകര്യമാണ്. ബാങ്കുകളിലേതുപോലെ വളരെ സുരക്ഷിതമായ മെറ്റൽ ലോക്കറുകളാണ് ഇവിടെ. എസി സൗകര്യവും ലഭ്യമാണ്.  കൊച്ചി നഗരത്തിൽ തുച്ഛമായ നിരക്കിൽ ഇത്രയും സൗകര്യങ്ങൾ നിറഞ്ഞ താമസയിടം വേറെയില്ല.

Peters-Inn-Kochi

സുരക്ഷയാണ് പ്രധാനം

സ്വദേശികളും വിദേശികളും ഇവിടെ താമസിക്കാൻ എത്താറുണ്ട്. എല്ലാവർക്കും ഒരൊറ്റ അഭിപ്രായമേ പറയാനുള്ളൂ: വൃത്തി. റൂമുകളൊക്കെ അത്ര വൃത്തിയിലും വെടിപ്പിലുമാണ്  ഒരുക്കിയിരിക്കുന്നത്. അടുത്തത് സുരക്ഷയാണ്. എപ്പോഴും സെക്യൂരിറ്റികളും സുരക്ഷാ ക്യാമറകളുമുണ്ട്. സ്ത്രീകൾക്കായി പ്രത്യേക ക്യാബിനുമുണ്ട്. ടോയ്‍‌‍ലെറ്റ് അടക്കം എല്ലാം സൗകര്യങ്ങളും ഇവിടെയുണ്ട്.

ഏഴിനു ചെക്ക് ഇൻ ചെയ്താൽ രാവിലെ എട്ടു വരെ

രാത്രി ഏഴിനു ചെക്ക് ഇൻ ചെയ്യുന്ന ഒരാൾക്കു രാവിലെ എട്ടു വരെ ഇവിടെ കഴിയാം. പകൽ വിശ്രമത്തിനും അവസരമുണ്ട്. ഒരു രാത്രി താമസത്തിന് 395 രൂപയാണു ഫീസ്. കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള കംപാർട്മെന്റ് മുറികളും ഉണ്ട്. കൂട്ടമായി എത്തുന്നവര്‍ക്ക് പ്രത്യേക പാക്കേജുകളും ഉണ്ടാകും. എസിയുടെ പ്രവർത്തനം പകൽ ഇല്ല. കാരണം, ഇവിടെ മുറിയെടുക്കുന്നവരിൽ മിക്കവരും രാവിലെ കൊച്ചിനഗരത്തിന്റ‌െ കാഴ്ചകളിലേക്കിറങ്ങും. വൈകുന്നേരമേ തിരിച്ചെത്തുകയുള്ളൂ. കൂടാതെ ചിലയാളുകൾ പകൽ വിശ്രമത്തിനായി റൂമിലുണ്ടെങ്കിൽ റൂം ചെക്കൗട്ട് ചെയ്യുന്ന സമയത്ത്  ഇൗടാക്കുന്ന തുകയിൽ ഇളവ് വരുത്താറുണ്ടെന്നും കമ്പനിയുടെ മാനേജിങ് ഡയറക്ടർ ഫ്രാൻസിസ് പറഞ്ഞു.

Peters-Inn-Kochi-1

ടൂറിസം വളർത്തുന്നതിന്റ‌െ ഭാഗമായണ് കൊച്ചി മെട്രോ ഇങ്ങനെയൊരു ആശയം കൊണ്ടുവന്നത്. വിജയകരമാവുകയും ചെയ്തു. ഇതിന്റെ‍ ബ്രാഞ്ചുകൾ കൊച്ചിയുടെ പലഭാഗത്തും തുടങ്ങാനും ആലോചനയുണ്ട്. സഞ്ചാരികളെ സിറ്റി സൈറ്റിങ്ങിനായി കൊണ്ടുപോകുന്നുണ്ട്. വിവരങ്ങൾക്ക്: 77366 66181

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com