ADVERTISEMENT

യാത്രക്കാരുടെ ഇടയിൽ പ്രശസ്തമല്ലാത്ത ഒരുപാട് ഇടങ്ങൾ നമ്മുടെ നാട്ടിലുണ്ട്. പലരുടെയും കേട്ടറിവിലൂടെയാണ് ചില സ്ഥലങ്ങളുടെ മനോഹാരിത അറിയാൻ സാധിക്കുന്നത് അങ്ങനെയൊരിടമാണ് വാഗവനം. വാഗമണ്ണിനടുത്തായാണ് ഇൗ മനോഹരയിടം നിലകൊള്ളുന്നത്. 155 രൂപയ്ക്ക് അടിപൊളി ട്രെക്കിങ്ങാണ് ഇവിടെ ഒരുക്കിരിക്കുന്നത്.

സുഹൃത്തുക്കൾ ഒരുമിച്ച്  ഞങ്ങൾ പറഞ്ഞു കേട്ട വാഗവനത്തിലേക്ക് യാത്ര തിരിച്ചു. കൂട്ടത്തിലുള്ള ഒരു സുഹൃത്താണ് ച്രെക്കിങ്ങിന് ചുക്കാൻ പിടിച്ചത്. ട്രെക്കിങ്ങും മറ്റുകാര്യങ്ങളുമൊക്കെ നേരത്തെ തന്നെ ഗൈഡിനെ വിളിച്ച് ഏർപ്പാടാക്കിയിരുന്നു. രാവിലെ തന്നെ കോട്ടയത്തു നിന്ന് തിരിച്ചു. 7.30ക്ക് വടവുകോട് എത്താനായിരുന്നു ഗൈഡ് പ്രിൻസ് ചേട്ടന്റെ നിർദ്ദേശം. ഹോട്ടൽ ഹൈറേഞ്ചിൽ നിന്നും ബ്രേക്ക്ഫാസ്റ്റ് കഴിച്ചു. അവിടുന്ന് നേരെ കുമാരികുളം എന്ന സ്ഥലത്തേക്ക്. അവിടെയാണ് ടിക്കറ്റ് കൗണ്ടർ, ഒരു ഫോം പൂരിപ്പിച്ചു കൊടുത്തു, ഒരാൾക്ക് 155രൂപ നിരക്കിൽ ടിക്കറ്റും എടുത്തു. പ്രിൻസ് ചേട്ടൻ മറ്റൊരു ടീമിനോപ്പാമായതുകൊണ്ട് ഞങ്ങൾക്ക് ഗൈഡായി ഷാജി ചേട്ടനാണ് വന്നത്, വാഗവനം ട്രെക്കിങ്ങ് (WINDY WALK TREKKING) ആരംഭിച്ചു.

Vagavanam-travel

ഫോറസ്റ്റ് വാച്ച് ടവർ

ആദ്യം ഫോറസ്റ്റ് വാച്ച് ടവറിന്റെ അടുത്തേക്കാണ് യാത്ര. ഏകദേശം ഒരു കിലോമീറ്ററോളം ദൂരമാണ് ഫോറസ്റ്റ് വാച്ച് ടവറിലേക്ക്. എന്തായാലും ഷാജി ചേട്ടന്റെ നിർദേശങ്ങൾക്കനുസരിച്ച് മുന്നോട്ട് നീങ്ങി. ഫോറസ്റ്റ് വാച്ച് ടവറിന്റെ മുകളിൽ കയറി വാഗമണ്ണിലെ ദൂരകാഴ്ചയും കുളമാവ് ഡാമിന്റെ റിസർവോയറും തലയുർത്തി നിൽക്കുന്ന കിഴക്കാലച്ചിമലയും വാഗവനവും അതിന്റെ ചുറ്റുമുള്ള മലനിരകളുമൊക്കെ കണ്ടു. ഏകദേശം പത്ത് മണിയായി. അവിടുന്ന് വീണ്ടും ഞങ്ങൾ യാത്ര തുടർന്നു.

vagavanm-trekking3

ചില്ലളുകട്ട് താണ്ടി വാഗവനം

ചില്ലളുകട്ട് ഞങ്ങൾ അടുത്തതായി കയറാൻ പോകുന്ന മലയുടെ പേരാണ്. അവിടെ നിന്നാൽ റിസവോയറിന്റെ കുറച്ചു കൂടി വ്യക്തമായ ദൃശ്യം കാണാം. അടുത്തത് വാഗവനമാണ്. കാട്ടാനകളുടെ വിഹാര കേന്ദ്രം. എന്തായാലും ഒരു ആനയെ എങ്കിലും കാണണം എന്ന് ആഗ്രഹം. നല്ല തണുപ്പുണ്ടായിരുന്നു. കുറച്ചു ദൂരം കഴിഞ്ഞതോടെ തണുപ്പ് മാറി ഇളം വെയിലിന്റെ ചൂടു കിട്ടാൻ തുടങ്ങി.

അങ്ങനെ പ്രതീക്ഷ തെറ്റിക്കാതെ, ദൂരെ വാഗവനത്തിനുള്ളിൻ ആനയെയും ആനകുട്ടിയെയും കണ്ടു. അതൊരു ത്രില്ലിങ് അനുഭവം തന്നെയായിരുന്നു. ആനക്കൂട്ടം ദൂരെയായതുകൊണ്ടും ഗൈഡ് കൂടെയുള്ളത് കൊണ്ടും അവിടെ നിന്ന് കുറച്ചു നേരം വീക്ഷിച്ചു. എന്തായാലും ആനകൂട്ടത്തെ കണ്ടത് കാരണം ട്രെക്കിങ്ങ് അതിന്റെ പൂർണതയിൽ എത്തിയ സന്തോഷം എല്ലാവരിലും ഉണ്ടായിരുന്നു. വീണ്ടും യാത്രാ തുടർന്നു. വെഞ്ഞൂർമേട് ആണ് കിഴക്കാലച്ചിമലയുടെ താഴ്‌വാരം. എന്നും ഇടുക്കിയിലെ ഭൂകമ്പത്തിന്റെ ഉദ്‌ഭവം അവിടെ നിന്നാണെന്നു ഷാജി ചേട്ടൻ പറഞ്ഞു തന്നു. 1970 കാലഘട്ടങ്ങളിൽ വൈരമണി എന്ന ഒരു സ്ഥലം ഉണ്ടായിരുന്നു. ഇടുക്കി ഡാമിന്റെ നിർമാണത്തോടു അനുബന്ധിച്ച് ആളുകളെ അവിടെ നിന്നും മാറ്റപാർപ്പിച്ചു.

നല്ല കാറ്റും ഒപ്പം ചെറിയ വെയിലും കുപ്പിയിലെ വെള്ളം മുഴുവൻ കാലിയാക്കി. "അടുത്ത മലയുടെ ചെരുവിൽ ഒരു അരുവി ഉണ്ട് അവിടെനിന്നും വെള്ളം എടുക്കണം" ഷാജി ചേട്ടന്റെ വാക്കുകൾ കേട്ടപ്പോൾ സന്തോഷമായി. അങ്ങനെ ആ മലമുകളിലെ അരുവി ലക്ഷ്യം വച്ചു ഞങ്ങൾ നടന്നു. അവസാനം അരുവിക്ക് അടുത്തെത്തി ആവശ്യത്തിനു വെള്ളം കുടിച്ചു. കുപ്പിയിലും ശേഖരിച്ചു. കുറച്ചു ബിസ്ക്കറ്റ് ഉണ്ടായിരുന്നത് കഴിച്ചു. അപ്പോഴൊക്കെ ഷാജി ചേട്ടൻ ഇവിടുത്തെ ട്രെക്കിങ്ങ് അനുഭവങ്ങൾ പങ്കുവയ്ക്കുകയായിരുന്നു.

Vagavanam-travel1

മലമുകളിൽ നിന്നും നോക്കിയാൽ കുളമാവ് ഡാമിന്റ‌െ വിദൂര കാഴ്ച കാണാമായിരുന്നു. ട്രെക്കിങ്ങിന്റെ‌ അവസാന ഘട്ടത്തിലേക്ക് ഞങ്ങൾ കടന്നു. ട്രെക്കിങ് അവസാനിക്കുന്നിടത്ത് ഒരു തോട് ഉണ്ടായിരുന്നു. എല്ലാരും ഇറങ്ങി ഒന്നു കുളിച്ചു. ആ കുളിയിൽ തന്നെ എല്ലാം ക്ഷീണവും മാറ്റി, വാഗവനം കണ്ട് മനസ്സുനിറച്ചായിരുന്നു ഞങ്ങളുടെ മടക്കം. ഞാനും എന്റെ സുഹൃത്തുക്കളായ ജയിംസ്, ഹരി, രജീഷ്, ജിബിൻ, ജിഷ്ണു, റമീസ്, ജയശങ്കർ, സോളമൻ എന്നിവരും ചേർന്നാണ് വാഗവനം യാത്ര പൂർത്തിയാക്കിയത്.

വാഗവനം യാത്രയുടെ കൂടുതൽ വിവരങ്ങൾ

ഇടുക്കി ആർച്ച് ഡാം വൈൽഡ് ലൈഫ് സാങ്ച്വറിയിലാണ് ട്രെക്കിങ് തുടങ്ങുന്നത്. വിൻഡി വോക്ക് ട്രെക്കിങ് എന്നാണ് അറിയപ്പെടുന്നത്. ഗൈഡിനൊപ്പമുള്ള ഒരു ടീമിന് 3 മണിക്കൂറാണ് അനുവദിച്ചിരിക്കുന്ന സമയം. രാവിലെ 7 മണിക്ക് തുടങ്ങി വൈകുന്നേരം 3 മണിക്കാണ് ട്രെക്കിങ് അവസാനിക്കുന്നത്.

ടിക്കറ്റ് നിരക്കുകൾ അറിയാം

മുതിർന്നവർക്ക് 155 രൂപയും കുട്ടികൾക്ക് 50 രൂപയുമാണ് ചാർജ്. വിദേശ സഞ്ചാരികളടക്കം കുട്ടികള്‍ക്കും 305 രൂപയാണ് ഇൗടാക്കുന്നത്. ടിക്കറ്റുകൾ ഒാൺലൈനായും ബുക്ക് ചെയ്യാം. https://keralaforestecotourism.com/app/booking/93/contacts.html

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com