ADVERTISEMENT

‘‘ഇതിലും മോശമായ വഴികളുണ്ടോ? കുറച്ചു കൂടി സാഹസികമായത്...?’’ വാഗമണിലെ മൊട്ടക്കുന്നുകളിലേക്ക് കാട്ടുവഴിയിലൂടെ ജീപ്പോടിച്ചു കയറ്റുമ്പോൾ വഴികാട്ടിയോടു പ്രവീൺ ചോദിച്ചു കൊണ്ടേയിരുന്നു.

‘‘ഇപ്പോൾ തന്നെ സഞ്ചരിക്കുന്നത് വഴിയില്ലാത്ത, കല്ലുകൾ മാത്രമുള്ള ഇടുങ്ങിയ ട്രാക്കിലൂടെയാണ്. ഇനി ഇതിലും മോശമായ വഴി...’’ മറുപടിയിലൊരു സംശയം. പക്ഷേ ‘കൊച്ചിൻ ഓഫ്‌റോഡ് ജീപ്പേഴ്സി’ന്റെ യാത്രകളിൽ ഈ സംശയത്തിനു സ്ഥാനമില്ല. റോഡുകളിലൂടെയല്ല, ആരും സഞ്ചരിക്കാത്ത കാടുകളിലും മലഞ്ചെരിവുകളിലും ചെന്ന് പുതിയ ട്രാക്കുകൾ വെട്ടിപ്പിടിക്കലാണ് ഈ സാഹസിക സംഘത്തിന്റെ രീതി. അതിനു കൂട്ടായി എന്തിനും പോന്ന ജീപ്പുകളുണ്ട്.

69 മോഡൽ വില്ലീസ്, 540 ഡി, താർ, ജിപ്സി, പിന്നെ 96 മോഡൽ ടൊയോട്ട പ്രാഡോ – ഈ അഞ്ചു പേരുമായിരുന്നു കൊച്ചിൻ ഓഫ് റോഡ് ജീപ്പേഴ്സിന്റെ വാഗമൺ യാത്രയിലെ ഹീറോസ്. ഏതു കാടും കുന്നും താണ്ടാൻ പാകത്തിലുള്ള വീതിയേറിയ ടയറുകളും മറ്റു സൗകര്യങ്ങളുമുള്ള ജീപ്പുകൾ റോഡിൽ തലയുയർത്തി നിന്നു.

off-road-travel2


‘‘ഒരു ടീമായിട്ടാണ് നാം പുറപ്പെടുന്നത്. ഒരുമിച്ചു നിൽക്കുക. പരസ്പരം സഹായിക്കുക. അതിസാഹസങ്ങൾക്ക് മുതിരാതിരിക്കുക’’ യാത്രയാരംഭിക്കുന്നതിനു മുൻപ് കൊച്ചിൻ ഓ ഫ് റോഡ് ജീപ്പേഴ്സ് സാരഥിയായ പ്രവീൺ കുമാർ എല്ലാവരെയും ഓർമപ്പെടുത്തി. പ്രവീണും സുഹൃത്ത് രമേഷ് വേളത്തും ചേർന്നാണ് ജീപ്പേഴ്സ് ക്ലബ്ബിന് രൂപം നൽകിയത്.

കൊച്ചി നഗരം ഉറക്കമുണരുന്നതേയുള്ളൂ. ആക്സിലേറ്ററിൽ കാലുകളമർന്നു. ജീപ്പുകൾ നിരനിരയായി വാഗമണിലേക്കു കുതിച്ചു.  


വാഗമണിലേക്കുള്ള വഴി

മൂവാറ്റുപുഴയും തൊടുപുഴയും കടന്ന് ജീപ്പുകൾ പാഞ്ഞു. റോഡരികിൽ നിന്ന് യുവാക്കൾ ആരാധനയോടെ നോക്കുന്നു – ഓഫ് റോഡിനു വേണ്ടി പ്രത്യേകമൊരുക്കിയ ജീപ്പുകളിലേക്കാണ്. ഇടയ്ക്ക് റോഡരികിലെ ചായക്കടയുടെ മുൻപിൽ ബ്രേക്കിട്ടു.

‘‘ഇനി എപ്പോഴാണ് ഭക്ഷണം കഴിക്കാൻ സാധിക്കുകയെന്നറിയില്ല.അതുകൊണ്ട് ആവുന്നത്ര കഴിച്ചോളൂ’’– ബൈജുവിന്റെ കമന്റ്. സാഗർ ഏലിയാസ് ജാക്കി, ഇയ്യോബിന്റെ പുസ്തകം തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകർക്ക് പരിചയമുള്ള നടനാണ് ജോൺ ബൈജു.

off-road-travel1

മൂലമറ്റത്തെത്തിയപ്പോൾ ഹൈവേയിൽ നിന്നു മാറി ഒരു ചെറിയ റോഡിലേക്ക് പ്രവീൺ വില്ലീസ് തിരിച്ചു. പിന്നാലെ മറ്റു വാഹനങ്ങളും. വീതി കുറഞ്ഞ റോഡ്. ഇരുവശത്തും പച്ചപ്പു നിറഞ്ഞ കാഴ്ചകൾ. കുത്തനെയുള്ള കയറ്റമാണ്. കയറുന്നതിനനുസരിച്ച് കാഴ്ചക്ക് ആഴം കൂടി. പച്ചപ്പിനും. ഒന്നു കിതയ്ക്കാൻ പോലും സമയമെടുക്കാതെ ജീപ്പുകൾ ഹെയർപിൻ വളവുകൾ ഓടിക്കയറിക്കൊണ്ടേയിരുന്നു.

കുന്നു കയറിച്ചെന്നത് തേയിലത്തോട്ടങ്ങൾക്കിടയിലേക്കാണ്. മേഘങ്ങൾ ചുറ്റിയടിക്കുന്ന നീലാകാശവും തേയിലപ്പച്ചയും ഒന്നാകുന്ന ‘പുള്ളിക്കാനം’. ഹൈറേഞ്ചിന്റെ വളഞ്ഞു പുളഞ്ഞൊഴുകുന്ന റോ‍ഡിനരികിലെ ചെറിയ ഗ്രാമം. കാഴ്ചകളുടെയും തണുപ്പ് തങ്ങി നിൽക്കുന്ന കാറ്റിന്റെയും പ്രലോഭനത്തെ അവഗണിച്ച് യാത്ര തുടർന്നു. ‘ഉറുമ്പള്ളം’ കഴി‍ഞ്ഞ് ‘ചോറ്റുപാറ’യിലെത്തിയപ്പോൾ വാഹനങ്ങൾ നിർത്താനുള്ള പ്രവീണിന്റെ ആംഗ്യം.

off-road-travel3


‘‘ ഇനിയാണ് ഓഫ് റോഡ് യാത്ര. അമിത വേഗം വേണ്ട. സൂക്ഷിക്കുക’’– പ്രവീൺ ഓർമിപ്പിച്ചു.

വഴി തെറ്റി വന്ന അതിഥികൾ

ഇടുങ്ങിയ പാതകളിലൂടെ ചാടിയും ചരിഞ്ഞും യാത്രയാരംഭിച്ചു. റോഡുകളെന്നതിനെക്കാൾ ഇടവഴിയെന്ന വിശേഷണമാവും കൂടുതൽ ചേരുക. ഇടയ്ക്ക് വഴി അപ്രത്യക്ഷമാവും. ജീപ്പുകൾക്ക് പക്ഷേ ഒരു കുലുക്കവുമില്ല; ഒരു കല്ലിൽ നിന്ന് മറ്റൊന്നിലേക്ക് ചാടി കൂളായി മുന്നോട്ട്. ചിലയിടങ്ങളിൽ മുൻപെങ്ങോ ‘ഫോർവീൽ’ ഓടിപ്പോയതിന്റെ അടയാളം കാണാം. പ്രവീണിന്റെ വില്ലീസാണ് നയിക്കുന്നത്.

 

കുത്തനെയുള്ള ഒരു കയറ്റം കഴിഞ്ഞുള്ള ഇറക്കത്തിൽ ജീപ്പുകൾക്ക് വേഗം കൂടി. വില്ലീസ് കാഴ്ചയിൽ നിന്ന് മറഞ്ഞു. പാറക്കെട്ടുകൾക്കരികിലെ മൺപാതയിലൂടെ ബാക്കി നാല് ജീപ്പുകൾ മുന്നോട്ടു നീങ്ങി. വീണ്ടും കയറ്റം. അതു കയറിച്ചെന്നത് ഒരു വീടിന്റെ മുറ്റത്ത്! വീട്ടുകാരെല്ലാം ‘അന്തം വിട്ട്’ നിൽപ്പായി. പേരിന് ഒരു വഴിയുണ്ടെന്നേയുള്ളൂ. ആ മുറ്റത്താണ് നാലു ജീപ്പുകൾ നിരനിരയായി വന്നു നിൽക്കുന്നത്.

‘‘നിങ്ങൾക്ക് വഴി തെറ്റിയതാണ്. ഇടയ്ക്ക് വലതു ഭാഗത്തേക്കായി ഒരു ചെറിയ വളവുണ്ട്. അതു കാണാഞ്ഞിട്ടാണ്’’ – വീട്ടുകാരൻ പറഞ്ഞു. അപ്പോഴേക്കും അടുക്കളയിലുള്ളവരടക്കം കാഴ്ച കാണാൻ മുറ്റത്തെത്തിയിരുന്നു.

‘‘കോഴീനെ അറുക്കണ്ട. ഞങ്ങൾ പോവ്വാണ്’’– തമാശ പറഞ്ഞ് സംഘാംഗം സിയ റിവേഴ്സെടുത്തു. പിന്നാലെ മറ്റു വാഹനങ്ങളും.

വീട്ടുകാരൻ പറഞ്ഞ വളവിലെത്തി. പെട്ടെന്നാണ് പ്രാഡോ അനുസരണക്കേട് കാണിച്ചത്. എത്ര സ്റ്റാർട്ടാക്കിയിട്ടും അനങ്ങാൻ കൂട്ടാക്കാതെ ഒരേ നിൽപ്പ്. കൂട്ടത്തിലെ ‘പോളിടെക്നിക്കു’കാരൻ സിയ ബോണറ്റ് പൊക്കി.

‘‘ഡീസൽ പമ്പ് പണി പറ്റിച്ചതാണ്. തത്കാലം നന്നാക്കിയാലും ഇനിയും എപ്പോൾ വേണമെങ്കിലും പണിമുടക്കിയേക്കാം. കയറ്റങ്ങളിലൊക്കെ നിന്നുപോയാൽ...അപകടമാണ്’’ സിയ പറഞ്ഞു. അങ്ങനെയൊരു റിസ്ക് എടുക്കേണ്ടെന്ന് കൂട്ടായ തീരുമാനം. അടുത്ത യാത്രയിൽ ഒരുമിച്ചു കൂടാമെന്നു പറഞ്ഞ് പ്രാഡോയിലെ സുഹൃത്തുക്കൾ അച്ചുവും ഹദിയയും മനുവും യാത്ര പറഞ്ഞു.

 

‘‘ഓഫ് റോഡ് യാത്രകളിൽ ഇതു സാധാരണയാണ്. എത്ര നല്ല വാഹനമായാലും ഇടയ്ക്ക് പ്രതീക്ഷിക്കാതെ നിന്നുപോവും. യാത്ര മുടങ്ങും. ചിലപ്പോൾ ഒറ്റപ്പെട്ടുപോവും. അതുകൊണ്ടാണ് ചങ്കുറപ്പുള്ളവരേ ഇത്തരം യാത്രകൾക്കിറങ്ങാവൂ എന്നു പറയുന്നത് ’’– പ്രവീൺ പറഞ്ഞു

മഴ നനഞ്ഞ് കുന്നുകളിലേക്ക്...

മുന്നോട്ടു പോകുന്നതിനനുസരിച്ച് ട്രാക്ക് കൂടുതൽ കഠിനമായി. മലയടിവാരങ്ങളിൽ നിന്ന് കുന്നുകളിലേക്ക് ജീപ്പുകൾ ഓടിക്കയറി. പച്ച പുതച്ച കാഴ്ചകളിലൂടെ ചാഞ്ഞും ചരിഞ്ഞും നീങ്ങി. വാഗമണിന്റെ പുൽമേടിലേക്കും മൊട്ടക്കുന്നുകളിലേക്കും പ്രവീൺ വില്ലീസിനെ നയിച്ചു. പിന്നാലെ എന്തിനും തയാറായ പടയാളികളെപ്പോലെ മറ്റു ജീപ്പുകളും.

ചിലയിടത്ത് കയറിയ വേഗത്തിൽ വാഹനം നിയന്ത്രണം വിട്ട് പുറകോട്ട് തെന്നി. ടയറുകൾ മണ്ണിൽ പുതഞ്ഞു. കീഴടങ്ങാൻ ഒരുക്കമില്ലാത്ത പോരാളിയുടെ വീറോടെ ജീപ്പുകൾ മുരണ്ടു.

 

‘‘ഇയ്യോബിന്റെ പുസ്തകത്തിൽ ഫഹദ് ഫാസിലിനെയും ലാലിനെയും  ഞാന്‍ തോക്കുമായി പിന്തുടർന്നത് ഈ വഴിയിലൂടെയാണ്’’– ബൈജുവിന്റെ ലൊക്കേഷൻ വിശേഷങ്ങൾ യാത്രയ്ക്ക് ഹരം പകർന്നു.

കാട്ടുവഴികളും പുൽമേടുകളും കീഴടക്കുന്നതിനിടെ നേരം പോയതറിഞ്ഞില്ല. ‘പൈൻ ഫോറസ്റ്റി’ന്റെ അടുത്തുള്ള ഹോട്ടലിൽ നിന്ന് വിശപ്പടക്കി വീണ്ടും ആരും പോകാത്ത വഴിയും തേടിയിറങ്ങി. പെട്ടെന്നാണ് ആകാശത്തിന്റെ നിറം മാറിയത്. നിമിഷങ്ങൾ കൊണ്ട് കാർമേഘങ്ങൾ വാഗമണിനെ പൊതിഞ്ഞു. തണുപ്പേറിയ കാറ്റ് ആഞ്ഞുവീശിത്തുടങ്ങി. മഴ, പെരുമഴ.

കാറ്റും മഴയും കൂടിയായപ്പോൾ ജീപ്പുകൾ കൂടുതൽ ലഹരിയിലായി. കാറ്റിനൊപ്പം വന്ന മഴ ജീപ്പിനകം നനച്ചു. വാഗമണിന്റെ മൊട്ടക്കുന്നിനു മുകളിലേക്ക് മഴയത്ത് ജീപ്പുകൾ ഓടിക്കയറി. മഴമേഘങ്ങൾക്കു താഴെ, കോടമ‍ഞ്ഞിൽ പൊതിഞ്ഞ് കുറേ ജീപ്പുകൾ. വാക്കുകൾക്കതീതമായ സാഹസികതയും കാഴ്ചയും. ഇടിമിന്നലിന്റെ കരുത്ത് കൂടിയപ്പോൾ മെല്ലേ കുന്നിറങ്ങി. കയറുന്നതിനെക്കാൾ സൂക്ഷ്മത വേണം ഇറങ്ങുമ്പോൾ. ഒന്നു തെന്നിയാൽ തലകുത്തി മറിയും. താഴെ പതിക്കും.

‘‘ഇനിയെങ്ങോട്ടാ?’’ എന്ന ചോദ്യത്തിനു മറുപടിയായി പ്രവീൺ കണ്ണിറുക്കിച്ചിരിച്ചു.


കാടിനുള്ളിലെ ‘വാഗമൺ ഹൈറ്റ്സ്’

പ്രവീണിന്റെ ചിരിയുടെ അർഥം മനസ്സിലായത് ‘വാഗമൺ ഹൈറ്റ്സി’ന്റെ ഗേറ്റ് കടന്നപ്പോഴാണ്. കാഴ്ചകളും ആതിഥേയത്വവും ഒന്നിക്കുന്ന വാഗമൺ ഹൈറ്റ്സിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്–അതിസാഹസികമായ എട്ട് ഓഫ് റോഡ് ട്രാക്കുകള്‍.

 

250 ഏക്കറിലേറെ വിശാലമായ ഹൈറ്റ്സിൽ അരുവികളും തടാകവും കാടും മലകളുമുണ്ട്. അരുവി മുറിച്ചുകടന്ന് കാട് നിഴൽ വിരിക്കുന്ന മൺപാതയിലൂടെ റിസപ്ഷനിലെത്തിയപ്പോൾ ഉടമ ഷെഫ് റഷീദിന്റെ മനം നിറയുന്ന സ്വീകരണം.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com