sections
MORE

എറണാകുളത്ത് നിന്ന് ഒറ്റ ദിവസം കൊണ്ട് പോയി വരാവുന്ന ഇക്കോ ടൂറിസം സെന്റർ

Abhayaranyam
SHARE

ആനകളെ ഇഷ്ടമാണോ? എറണാകുളത്ത് നിന്നുമുള്ളവർക്ക് ഒറ്റ ദിവസം കൊണ്ട് പോയി വരാവുന്ന ഒരു സ്ഥലമുണ്ട്. കുന്നത്തുനാട്‌ താലൂക്കില്‍ കപ്രിക്കാടിനടുത്തുള്ള അഭയാരണ്യം. അനാഥരായ മൃഗങ്ങള്‍ക്കുള്ള പുനരധിവാസ കേന്ദ്രമാണ് ഈ ഇക്കോ ടൂറിസം സെന്‍റര്‍.

പെരിയാറിന്‍റെ കരയിലായാണ് ഈ മൃഗസംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ആനകളും മാനുകളുമെല്ലാം അവയുടെ സ്വാഭാവിക പരിതസ്ഥിതിയില്‍ തന്നെ സംരക്ഷിക്കപ്പെടുന്നു. വിവിധയിനങ്ങളില്‍ പെട്ട സസ്യലതാദികളും കാണാം. തിങ്കളാഴ്ച ഒഴിച്ച് മറ്റെല്ലാ ദിവസങ്ങളിലും ഇവിടെ തുറന്നിരിക്കും.

2011 ഫെബ്രുവരി 18 ന് ആരംഭിച്ച ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമാണ് അഭയാരണ്യം മിനി മൃഗശാല. ഇവിടെ നിന്നും രണ്ടു കിലോമീറ്റർ അകലെയുള്ള കോടനാട് ആന പരിശീലന കേന്ദ്രത്തിൽ നിന്നുള്ള മൃഗങ്ങളെ പുനരധിവസിപ്പിക്കുക എന്നതാണ് അഭയാരണ്യത്തിന്‍റെ പ്രധാന ഉദ്ദേശം. പെരിയാർ നദിയുടെ തീരത്ത് 2.5 ഏക്കർ വിസ്തൃതിയുള്ള കോടനാട് ആന പരിശീലന കേന്ദ്രത്തിലെ മൃഗങ്ങളുടെ എണ്ണം വർദ്ധിക്കുകയും അവയ്ക്ക് മതിയായ സ്ഥലം ഇല്ലാതെ വരികയും ചെയ്തപ്പോഴാണ് അഭയരണ്യം ഉണ്ടായത്. അങ്ങനെ പുതിയ മിനി മൃഗശാല ഇവിടേക്ക് മാറ്റി.

കോടനാട് ആന പരിശീലന കേന്ദ്രം ഏറെ പ്രസിദ്ധമാണ്. പെരിയാർ നദിയുടെ തീരത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1895 ൽ മലയാറ്റൂർ റിസർവ്വ് വനങ്ങളില്‍ ആരംഭിച്ചതാണ് ആനപിടുത്തവും പരിശീലനവും. ഇങ്ങനെ പിടിക്കുന്ന ആനകളെ പരിശീലിപ്പിക്കുന്നതിനായി അവർ മര അഴികളുള്ള ക്രാല്‍ നിർമ്മിച്ചു. എത്ര ശ്രമിച്ചാലും ആനക്ക് നശിപ്പിച്ചു കളയാന്‍ കഴിയാത്തത്രയും ബലമുള്ള ഈ വലിയ 'കൂടു'കളില്‍ ഇട്ട് മൂന്നു മാസം വരെ ആനകളെ പാപ്പാന്മാര്‍ മെരുക്കിയെടുത്തിരുന്നു.

Abhayaranyam-1

1950 കളിലാണ് കോടനാട് ഏറ്റവും വലിയ ആന പരിശീലന കേന്ദ്രങ്ങളിലൊന്നായി മാറുന്നത്. എന്നാല്‍, ഇരുപത് വർഷത്തിന് ശേഷം ആനകളെ പിടിക്കുന്നത് ഇന്ത്യാ ഗവൺമെന്റ് നിരോധിച്ചതോടെ, സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നും രക്ഷപ്പെടുത്തിയ ആനകളെ പരിശീലിപ്പിക്കുന്നതിനുള്ള കേന്ദ്രമായി ഇത് മാറി. എന്നാൽ ഇപ്പോൾ ആന പരിശീലന കേന്ദ്രം അടച്ചു. 2011 ഫെബ്രുവരി 18 മുതൽ അഭയരണ്യം പദ്ധതി നിലവിൽ വന്നതോടെ മൃഗങ്ങളെ ഇങ്ങോട്ടേക്ക് മാറ്റുകയായിരുന്നു.

ചന്ദന എണ്ണയും ലെമണ്‍ ഗ്രാസ് ഓയിലും പോലെയുള്ള സാധനങ്ങള്‍ ഇവിടത്തെ മൃഗശാലയുടെ പ്രവേശന കവാടത്തിലുള്ള ഇക്കോ ഷോപ്പില്‍ നിന്നും വാങ്ങിക്കാന്‍ സാധിക്കും.

എങ്ങനെ എത്താം?

കോടനാട് നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് അഭയാരണ്യം. പെരുമ്പാവൂർ, കാലടി, ആലുവ എന്നിവയാണ് അടുത്തുള്ള മറ്റു പ്രധാന സ്ഥലങ്ങള്‍.

ബസ് വഴി: പെരുമ്പാവൂരില്‍ നിന്നും ഇങ്ങോട്ടേക്ക് ധാരാളം ബസുകൾ ഉണ്ട്. എന്നാൽ കാലടിയിൽ നിന്ന് കോടനാട് വരെ മാത്രമേ ബസ്സുള്ളൂ. അവിടെ ഇറങ്ങി ഓട്ടോറിക്ഷയിൽ പോകുന്നതാണ് നല്ലത്.

വിമാനത്താവളം: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന്, കപ്രിക്കാട് എത്തിച്ചേരാന്‍ ക്യാബ് ബുക്ക് ചെയ്യുന്നതാണ് നല്ലത്. ട്രാഫിക് ഇല്ലെങ്കില്‍ ഏകദേശം 35 മിനിറ്റ് കൊണ്ടെത്താം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA