sections
MORE

'പാവങ്ങളുടെ ഊട്ടി' ഹരിതഭംഗി ആസ്വദിച്ച് നടൻ ടോവിനോ

tovino-travel
SHARE

സിനിമയുടെ തിരക്കുകള്‍ക്കിടയിലും യാത്രക്കായി സമയം കണ്ടെത്തുകയും വിശേഷങ്ങള്‍ ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാനും ടോവിനോ തോമസ് മറക്കാറില്ല. കേരളത്തിന്‍റെ ഹരിത മനോഹാരിതയിലൂടെയാണ് ഇക്കുറി മലയാളികളുടെ പ്രിയനടന്‍റെ യാത്ര. നെല്ലിയാമ്പതിക്കാട്ടിലും പോത്തുണ്ടി ഡാമിനടുത്തുമൊക്കെ നില്‍ക്കുന്ന ചിത്രങ്ങൾ ടോവിനോ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. എല്ലാ തവണയുമുള്ള പോലെ ആരാധകരുടെ ഇടിച്ചു കയറ്റമാണ് ഇക്കുറിയും.

പാവങ്ങളുടെ ഊട്ടിയില്‍

നീല റൗണ്ട്നെക്ക് ടീഷര്‍ട്ടും ജീന്‍സും കൂളിങ് ഗ്ലാസും വച്ച് നെല്ലിയാമ്പതിയില്‍ കൂളായി നില്‍ക്കുന്ന ചിത്രമാണ് ടോവിനോ ഏറ്റവും പുതുതായി പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ നിന്നും വെറും 65 കിലോമീറ്റര്‍ ദൂരത്തായുള്ള ഈ ഹില്‍ സ്റ്റേഷന്‍, തേയിലത്തോട്ടങ്ങള്‍ കൊണ്ട് മനോഹരമാണ്. 'പാവങ്ങളുടെ ഊട്ടി' എന്നാണ് നെല്ലിയാമ്പതി അറിയപ്പെടുന്നത് തന്നെ! കേരളത്തില്‍ ഓറഞ്ചു തോട്ടങ്ങള്‍ കാണാന്‍ പറ്റുന്ന സ്ഥലമാണിത്. മാന്‍പാറ, കേശവന്‍പാറ, വിക്ടോറിയ ചര്‍ച്ച് കുന്ന്, കാരപ്പാറ ഡാം എന്നിവയാണ് ഇവിടെ സന്ദര്‍ശിക്കാന്‍ പറ്റുന്ന സ്ഥലങ്ങള്‍. സീതാര്‍കുണ്ട് വെള്ളച്ചാട്ടത്തിന്‍റെ സുന്ദരദൃശ്യവും ഇവിടെയെത്തുന്ന സഞ്ചാരികളുടെ ഹൃദയം കവരും.

വിമാനമാര്‍ഗ്ഗം വരികയാണെങ്കില്‍ കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്ന് 120 കിലോമീറ്ററും കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്ന് 123 കിലോമീറ്ററുമാണ് ഇങ്ങോട്ടേക്കുള്ള ദൂരം. ട്രെയിനിലാണ് വരവെങ്കില്‍ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ 58 കിലോമീറ്ററും തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ 77 കിലോമീറ്ററും ദൂരത്തിലായാണ് സ്ഥിതി ചെയ്യുന്നത്.

നെന്മാറയില്‍ നിന്ന് നെല്ലിയാമ്പതിയിലേക്ക് റോഡ്‌ മാര്‍ഗ്ഗം പോകുമ്പോള്‍ വഴിയിലായി പോത്തുണ്ടി ഡാം കാണാം. പത്തോളം ഹെയര്‍ പിന്‍ വളവുകളുള്ള അടിപൊളി റോഡാണിത്! ജൈവകൃഷി ചെയ്യുന്ന തോട്ടങ്ങള്‍ ഇരുവശത്തും കാണാം. പോകുന്ന വഴിക്ക് നിരവധി വ്യൂ പോയിന്‍റുകളുണ്ട്. ദൂരെ പച്ച വിരിച്ച നെല്‍പ്പാടങ്ങളും വരച്ചിട്ട പോലെയുള്ള റോഡുകളുമെല്ലാം ഇങ്ങനെയുള്ള വ്യൂപോയിന്‍റുകളില്‍ നിര്‍ത്തിയാല്‍ കാണാനാകും. പോത്തുണ്ടിയില്‍ സഞ്ചാരികള്‍ക്കായി ബോട്ടിംഗ് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. 

View this post on Instagram

Early Morning Scenes !! #nature #naturesbeauty

A post shared by Tovino Thomas (@tovinothomas) on

ധോണിയിലെ വെള്ളച്ചാട്ടവും കാടും

കുറച്ചു മുന്‍പേ ധോണി ഹില്‍സിലെ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്ന ചിത്രവും ടോവിനോ പോസ്റ്റ്‌ ചെയ്തിരുന്നു. അധികമാര്‍ക്കും അറിയാത്ത ഈ സ്ഥലം കിടുക്കനൊരു ട്രക്കിംഗ് സ്പോട്ടാണ്. സാഹസികയാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും പറ്റിയ സ്ഥലം കൂടിയാണിത്. പാലക്കാട് ടൗണിൽ നിന്ന് ഒലവക്കോട് പോയി അവിടെ നിന്നും ഒരു അഞ്ച് കിലോമീറ്റർ മാറിയാണ് ധോണി ഹില്‍സ്. 

ധോണി ഹില്‍സിന്റെ താഴെ നിന്ന് മുകളിലേക്ക് മൂന്നാലു മണിക്കൂര്‍ നേരത്തെ മലകയറ്റമുണ്ട്. ഇവിടെ ടെന്റ് കെട്ടി താമസിക്കുന്നത് ഹൃദ്യമായ അനുഭവമായിരിക്കും. ഒരാൾക്ക് 100 എൻട്രൻസ് ഫീയുണ്ട് ഇവിടെ.

പ്രധാന ഗേറ്റിന്‍റെ സമീപത്ത് നിന്നും കാടിനുള്ളിലേക്ക് ഏകദേശം 4 കിലോമീറ്റർ നടന്നാല്‍ വെള്ളച്ചാട്ടത്തിലെത്താം. പോകുന്ന വഴിയില്‍ നിരവധി ചെറിയ നീർച്ചാലുകള്‍ കാണാം. പൂര്‍ണ്ണമായും പ്ലാസ്റ്റിക് വിമുക്തമായ പ്രദേശമാണിത്. സഞ്ചാരികളെ ഒരിക്കലും നിരാശപ്പെടുത്താത്ത പ്രകൃതിഭംഗിയാണെന്ന് മാത്രമല്ല, ഒരിക്കല്‍ പോയാല്‍ പിന്നീട് വീണ്ടും വീണ്ടും പോവാന്‍ തോന്നുകയും ചെയ്യും!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA