sections
MORE

ആപ്പിളും ഒാറഞ്ചും വിളഞ്ഞു നിൽക്കുന്ന കേരളത്തിലെ സുന്ദരഭൂമി

kanthalloor-travel-fruitfarm
SHARE

ആനമുടിഷോല നാഷനൽ പാർക്കിന്റെ താഴ്‌വാരത്ത് പ്രകൃതിയോടിണങ്ങിയ മൺകുടിലുകളും കോട്ടേജുകളും ചേർന്ന സുന്ദരമായൊരു റിസോർട്ടുണ്ട്,  ദേശാടൻ ഇക്കോവാലി റിസോർട്ട്. ഗ്രാന്റിസ് മരത്തടികളിൽ ഫ്രെയിം ഉണ്ടാക്കിയ ശേഷം മണ്ണ് നിറച്ചാണ് റിസോർട്ട് നിർമിച്ചിട്ടുള്ളതെന്ന് അറിയാൻ കഴിഞ്ഞു.  ഗ്രാന്റിസ് മരത്തിന്റെ ശിഖിരങ്ങളാണ്  മിക്കയിടത്തും ഉപയോഗിച്ചിരിക്കുന്നത്.

kanthalloor-travel2

തണുത്ത വെള്ളത്തിൽ ഒരു കുളി പാസ്സാക്കിയ ശേഷം, പ്രകൃതിയിലേക്കു തുറക്കുന്ന ബാൽക്കണിയിൽ അല്പം വിശ്രമിച്ചു. വിദൂരകാഴ്ചകൾ ശരിക്കും വിസ്മയമായി തോന്നി. അഞ്ചര ആയപ്പോഴേക്കും എല്ലാവരും റെഡിയായി എത്തി, വില്ലേജ് വിസിറ്റിനായി ഇറങ്ങി.

കൂട്ടിനു നാട്ടുകാരനായ അമലും ഉണ്ടായിരുന്നു. റിസോർട്ടിൽനിന്ന് ഇരുപത് മിനിറ്റ് നടന്നാൽ ഒരു തമിഴ് ഊരുണ്ട്. പണ്ടു രാജാവിനെ പേടിച്ചു പലായനം ചെയ്തു വന്ന് ഒളിച്ചുതാമസിച്ചവരുടെ പരമ്പരയില്‍പ്പെട്ടവരാണ് ഇവിടെയുള്ളത്. അവർക്ക് ആ ഊരിൽനിന്നുള്ളവരെ മാത്രമേ കല്യാണം കഴിക്കാൻ പറ്റൂ. അല്ലെങ്കിൽ ഊരുവിലക്കാണ്. അടുത്ത കാലത്ത് ഊരുവിലക്കിന്റെ പേരിൽ വാർത്തകളിൽ ഇടംപിടിച്ചതും ഈ ഊരുതന്നെയാണ്. പോകുന്ന വഴിയിൽ ഊരുകാർ ആരാധിക്കുന്ന അമ്പലങ്ങളും കാണാൻ കഴിഞ്ഞു. കാബേജും ക്യാരറ്റും മറ്റു പച്ചക്കറികളും വിളഞ്ഞുനിൽക്കുന്ന തട്ടുകൃഷി അദ്ഭുതമായി തോന്നി. നേരം ഇരുട്ടിത്തുടങ്ങി.

kanthalloor-travel6

പത്തിരുപതു സ്റ്റെപ്പുകൾ കയറിവേണം ഊരിലെത്താൻ. ദീപാവലിത്തലേന്നായതിനാൽ കുട്ടികൾ അങ്ങിങ്ങായി പടക്കം പൊട്ടിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ നേരെ പോയത് ഊരിലെ പ്രശസ്തമായ ഒരു കടയിലേക്കാണ്. വ്യാപാരത്തിന്റെ ആദ്യ രൂപമായ ബാർട്ടർ സമ്പ്രദായത്തിൽ ഇന്നും കച്ചവടം ചെയ്യുന്ന 'പൊന്നമ്മ പാട്ടിയുടെ കട'. ആവശ്യമുള്ള സാധനം വാങ്ങാൻ പണത്തിനു പകരം, കൈവശമുള്ള സാധനങ്ങൾ കൊടുക്കുന്നതിനെയാണ് ബാർട്ടർ സമ്പ്രദായം എന്നു പറയുന്നത്. ഊരിലെ കർഷകരായ തമിഴർ കൃഷിചെയ്യുന്ന സാധനങ്ങൾ കൊടുത്ത് അവർക്കാവശ്യമുള്ളവ വാങ്ങുന്നു. പാട്ടി ഉണ്ടാക്കിത്തന്ന കട്ടൻചായയും കുടിച്ച് അൽപ സമയം അവരോടൊപ്പം ചെലവഴിച്ച ശേഷം റിസോർട്ടിലെത്തുമ്പോൾ സമയം എട്ടു കഴിഞ്ഞിരുന്നു.

kanthalloor-travel

തണുപ്പുകൂടി വന്നപ്പോഴേക്കും അമൽ തീകായാനുള്ള ക്യാംപ്ഫയർ സെറ്റ് ചെയ്തിരുന്നു. കഥകൾ പറഞ്ഞും ചിരിച്ചും പതിഞ്ഞ ശബ്ദത്തിലുള്ള പാശ്ചാത്യ സംഗീതത്തിനൊപ്പം നൃത്തം വച്ചും രാത്രി ആഘോഷമാക്കി. ഇവിടെ നഗരത്തിന്റെ മടുപ്പിക്കുന്ന ശബ്ദങ്ങളോ വിഷപ്പുകകളോ മൊബൈൽ നെറ്റ്‌വർക്ക് പോലുമോ ഇല്ല. ആകാശത്തേക്ക് നോക്കി വള്ളിയൂഞ്ഞാലിൽ ആടുമ്പോൾ മറ്റൊരു ലോകത്ത് എത്തിയതുപോലെ. 

ഞങ്ങളുടെ കൂട്ടത്തിലെ പെൺജനങ്ങൾ റൂമിലേക്കുപോയ ശേഷവും ഞങ്ങൾ പിന്നെയും കഥകൾ പറഞ്ഞുകൊണ്ട് അവിടെക്കൂടി. അപ്പോഴേക്കും റിസോർട്ടിലെ ബാക്കി ഗെസ്റ്റുകളും അവിടെയെത്തി. സിനിമാസ്ക്രീനിലെ താരങ്ങളോളം ക്യാമറയ്ക്കു പുറകിലുള്ളവരെ അറിയാനും മനസ്സിലാക്കാനും തുടങ്ങിയത് ന്യുജെൻ സിനിമകളുടെയും സിനിമാക്കാരുടേയും രവോടെയാണ്. അവരിൽ കാണാൻ ആഗ്രഹിച്ച വ്യക്തിത്വങ്ങളായ സമീർ താഹിറും ഷൈജു ഖാലിദും മുഹ്‌സിൻ പരാരിയും പിന്നെ ഇന്ത്യാസ് ഖാദറും (റാസൽ ഖൈമയിൽ അടക്കം പതിനായിരക്കണക്കിന് മരങ്ങൾ വെച്ചുപിടിപ്പിച്ച വ്യക്തിത്വം). അവരോടൊപ്പം അൽപസമയം ചെലവഴിച്ചു നേരേ ബെഡിൽ എത്തുമ്പോൾ തലേ ദിവസത്തെ നഷ്ടപ്പെട്ട ഉറക്കം തേടി വന്നിരുന്നു.

kanthalloor-travel5

രാവിലെ  അഞ്ചരയ്ക്കു തന്നെ ഉണർന്നു. രാവിലെതന്നെ കാഴ്ചകൾ തേടി ഇറങ്ങണം, ആഗ്രഹം അതായിരുന്നു. കാന്തലൂരിലെ കാഴ്ചകൾ കാണാൻ  ഞങ്ങൾക്ക് പോകാനുള്ള ജീപ്പ് റെഡിയായിരുന്നു. മുത്തുകൃഷ്ണന്റെ കൂടെ ജീപ്പിൽ ആദ്യം പോയത് ഒറ്റമല വ്യൂ പോയിന്റിലേക്കാണ്.

ഒറ്റമല വ്യൂ പോയിന്റിലേക്ക്

റിസോർട്ടിൽനിന്നു താഴേക്കുള്ള റോഡിലൂടെ വലത്തേക്കു തിരിഞ്ഞുവേണം ഒറ്റമലയിലേക്ക് പോവാൻ. കാന്തലൂരിലെ കൃഷിക്കും മറ്റും ഉപകാരമായേക്കാവുന്ന ഡാമിന്റെ നിർമാണ സ്ഥലത്തിനു മുകളിലൂടെയുള്ള റോഡിലൂടെ അല്പം മുന്നോട്ടുപോകുമ്പോൾ ദൂരെ ഒറ്റമല കാണാം. അരമണിക്കൂറിലധികം ദൈർഘ്യമുള്ള ദുർഘടമായ ഓഫ് റോഡ് യാത്രയാണ്. ശേഷം വീണ്ടും ഒരു ഇരുപതു മിനിറ്റോളം നടന്നുവേണം വ്യൂ പോയിന്റിൽ എത്താൻ. വഴിയിൽ വർഷത്തിലൊരിക്കൽ ഉത്സവം നടക്കുന്ന ആദിവാസികളുടെ സർപ്പക്കാവും ചെറിയ വെള്ളച്ചാട്ടങ്ങളും കാണാം. എക്കോ പോയിന്റും താഴ്‌വാരങ്ങളുടെ സുന്ദരമായ കാഴ്ചകളുമുള്ള വ്യൂപോയിന്റിലെ കാഴ്ചകൾ ഹരംകൊള്ളിക്കുന്നവയായിരുന്നു. ഞങ്ങൾ മാത്രമേ ആ സമയത്തു സഞ്ചാരികളായി ഉണ്ടായിരുന്നുള്ളൂ. ഒരുമണിക്കൂറോളം അവിടെ ചെലവഴിച്ചു.

kanthalloor-travel8

ഫ്രൂട്ട് ഫാമിലേക്ക്

വിശപ്പിന്റെ വിളിക്കു കാതോർക്കാതെ ഞങ്ങളെയും കൊണ്ടു മുത്തുകൃഷ്ണൻ പിന്നീട് പോയത് മലമുകളിലെ ബാബുവേട്ടന്റെ ഫ്രൂട്ട് ഫാമിലേക്കാണ്. പഴങ്ങളുടെ താഴ്‌വര കൂടിയാണ് കാന്തല്ലൂർ. കേരളത്തിൽ ആപ്പിൾ കൃഷിയുള്ള ഏക സ്ഥലം. മറ്റുള്ള സ്ഥലങ്ങളെ അപേക്ഷിച്ചു ഫാമിൽ സഞ്ചാരികൾ കൂടുതലായിരുന്നു. ആൾക്ക് പതിനഞ്ചുരൂപ കൊടുത്തു ടിക്കറ്റ് എടുത്തുവേണം ഫാമിലേക്കു പ്രവേശിക്കാൻ. ഫാമിലെ പഴങ്ങളെക്കുറിച്ചും കൃഷിരീതികളെക്കുറിച്ചും പറഞ്ഞുതരാൻ മണി അണ്ണനും കൂടെച്ചേർന്നു. പച്ചനിറത്തിലുള്ള സപ്പോട്ട മുതൽ ബ്ലാക്ക്‌ബെറി, സ്ട്രോബറി, സബർജിൽ തുടങ്ങി നിരവധി പഴങ്ങൾ ഇവിടെ കായ്ചുനിൽക്കുന്നത് കാണാം. കണ്ണെത്താദൂരം പരന്നുകിടക്കുന്ന ഫാമിൽ ഓറഞ്ചു പഴുത്തുനിൽക്കുന്ന കാഴ്ച മനസ്സിനും കണ്ണിനും പുതുമയുള്ളതാണ്.

kanthalloor-travel34

സീസൺ അല്ലാഞ്ഞിട്ടും സന്ദർശകർക്കു കാണാൻ വേണ്ടിമാത്രം ആപ്പിൾ മരത്തിൽ ആപ്പിൾ വലയിട്ടു സൂക്ഷിച്ചിരിക്കുന്നു. ഓറഞ്ചു മരങ്ങളുടെ ചുവട്ടിൽ കേടുവന്നു വീണുകിടക്കുന്ന ഓറഞ്ചുപഴങ്ങളുടെ കാഴ്ച മനോഹരമാണ്. മടങ്ങിവരുന്ന വഴി തോട്ടത്തിലെ ഗേറ്റിനോട് ചേർന്നുള്ള ഫാം ഹൗസിലെ  പഴങ്ങൾ വാങ്ങാനും ഉപ്പും മുളകും കൂട്ടി കഴിക്കാനുമുള്ള സൗകര്യമുണ്ട്. തികച്ചും ഓർഗാനിക് രീതിയിൽ കൃഷിചെയ്യുന്നതു കാരണം  ധൈര്യത്തോടെ വാങ്ങിക്കഴിക്കാം. ഓറഞ്ചും പേരക്കയും കഴിച്ചു മലയിറങ്ങുമ്പോൾ ഫാമിലേക്കു പോകുന്ന നിരവധി സഞ്ചാരികളെ കാണാൻ കഴിഞ്ഞു. കാന്തല്ലൂർ ഫ്രൂട്ട് ഫാമുകളുടെ കേന്ദ്രമാണ്. ബാബുവേട്ടന്റെ ഫാം പോലെ നിരവധി ഫാമുകൾ ഇവിടെയുണ്ട്.

kanthalloor-travel1

തിരിച്ചു റിസോർട്ടിൽ എത്തിയപ്പോഴേക്കും ചൂടോടെ കഴിക്കാൻ പൂരിയും ഉരുളക്കിഴങ്ങു മസാലക്കറിയും അമൽ എടുത്തുവച്ചിരുന്നു. ഭക്ഷണം കഴിഞ്ഞ് അല്പം വിശ്രമത്തിനു ശേഷം മുത്തുകൃഷ്ണന്റെ കൂടെ ജീപ്പിൽ അടുത്ത യാത്ര കാന്തല്ലൂരിലെ ഷൂട്ടിങ് പോയിന്റിലേക്കായിരുന്നു. താഴേക്ക് കുത്തനെയുള്ള ഇറക്കമിറങ്ങി വലത്തോട്ടു തിരിയുമ്പോൾതന്നെ കണ്ണെത്താദൂരത്തോളം ലേമണ്‍ ഗ്രാസ് കൃഷി ചെയ്തിരിക്കുന്നതു കാണാം. പുൽതൈലം നിർമിക്കുന്നതിനാവശ്യമായ ചെടികളാണിവ. ആൾക്ക് ഇരുപതു രൂപ  ടിക്കറ്റ് നിരക്കിൽ വേണം ഇങ്ങോട്ട് പ്രവേശിക്കാൻ. നിരവധി സിനിമകൾക്ക് ലൊക്കേഷനായ ഇവിടം നാലുഭാഗവും മലകളാൽ നിറഞ്ഞ പുൽമേടും പാറക്കെട്ടുകളുമാണ്. പുൽമേടിനു നടുവിലായി വലിയ മരത്തിന്റെ മുകളില്‍  വാച്ച് ടവർ ഉണ്ട്. ചെറിയ ചാറ്റൽമഴ ഉണ്ടായിരുന്നെങ്കിലും അൽപം ബുദ്ധിമുട്ടിയാണെങ്കിലും അതിൽ കയറിയപ്പോൾ സന്തോഷമായി. വാച്ച് ടവറിൽനിന്നു നോക്കുമ്പോൾ അത്രയും ഉയരത്തിൽനിന്ന് ആ പ്രദേശത്തിന്റെ ദൃശ്യം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. മടങ്ങിവരുന്ന വഴി ആദിവാസികള്‍ വിൽക്കുന്ന പഴങ്ങളും മറ്റും വാങ്ങിക്കുവാനുള്ള സൗകര്യമുണ്ട്.

തിരിച്ചു റിസോർട്ടിൽവന്ന് ഫ്രഷ് ആയ ശേഷം ദേശാടൻ ഇക്കോവാലി റിസോർട്ടിന്റെ എല്ലാമായ അമലിനോടും, കോടമഞ്ഞിൽ കുളിച്ചുനിൽക്കുന്ന കാന്തല്ലൂരിനോടും യാത്രപറഞ്ഞിറങ്ങുമ്പോൾ ഇനിയും പലപ്രാവശ്യം ഈ വഴി വരുമെന്നുറപ്പുള്ളതിനാൽ ശർക്കര ഫാക്ടറിയുടെ കാഴ്ചകളടക്കം  പലതും ബാക്കിയാക്കി യാത്ര തിരിച്ചു. പ്രകൃതിയിലേക്ക് മടങ്ങാനും പ്രകൃതിയോട് ചേർന്നു ജീവിക്കാനുമുള്ള പ്രചോദനമാണ് കാന്തല്ലൂർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA