ADVERTISEMENT

ഒരിക്കലെങ്കിലും വിമാനത്തിൽ കയറണമെന്നേ ചായക്കടക്കാരൻ വിജയൻ ആഗ്രഹിച്ചിരുന്നുള്ളൂ. അതിൽക്കയറി ഏതെങ്കിലും വിദേശരാജ്യങ്ങളിൽ പോകണം. ആ ആഗ്രഹത്തിനു പിന്നാലെ ഇറങ്ങിത്തിരിച്ച വിജയൻ, ലോകസഞ്ചാരങ്ങളിൽ ഒരു നാഴികക്കല്ല് പിന്നിടുകയാണ്. 12 വർഷങ്ങൾ കൊണ്ട് 25 ലോകരാജ്യങ്ങൾ! 

 

രണ്ടാഴ്ചയിലധികം നീണ്ടു നിന്ന ഓസ്ട്രേലിയ–ന്യൂസ്്ലൻഡ് യാത്ര കഴിഞ്ഞെത്തി വിജയനും മോഹനയും കട തുറന്നിട്ട് അധികമായിട്ടില്ല. സുഹൃത്തുക്കളും പരിചയക്കാരും വീണ്ടും  പതിവു ചായക്ക് എത്തിത്തുടങ്ങുന്നു. അവരോടു പറയാൻ പുതിയ യാത്രയുടെ വിശേഷങ്ങൾ. അതിനിടെ, ഒരു വ്യാഴവട്ടക്കാലത്തെ ലോകസഞ്ചാരത്തെക്കുറിച്ച് മനോരമ ഓൺലൈനുമായി ദീർഘസംഭാഷണത്തിലേർപ്പെടുകയാണ് വിജയനും ഭാര്യ മോഹനയും. അതിൽ കാഴ്ചകളുണ്ട്... അനുഭവങ്ങളുണ്ട്... ഒരു യാത്രികന്റെ തത്വചിന്തകളുണ്ട്.  

traveller-couple

 

traveller-couple1

അങ്ങനെയിരിക്കെ ഒരു തോന്നൽ

പെട്ടെന്നൊരു വിമാനം പോകുന്നത് കണ്ടു. ഞങ്ങളപ്പോൾ തിരുപ്പതിയിൽ നിൽക്കുകയാണ്. അതിനു മുൻപും വിമാനം പോകാറുണ്ട്. എന്നാൽ അപ്പോൾ ഒരു തോന്നൽ! 'നമുക്കിതിലൊക്കെ കയറാൻ പറ്റുമോ,'? ഇതിലൊന്നു വെറുതെ കയറണമെന്നത് വലിയ ആഗ്രഹമാണെന്നു കൂട്ടുകാരോടു പറഞ്ഞപ്പോൾ അവർ കളിയാക്കി. ഇതൊക്കെ ടോപ് ആൾക്കാർക്ക് പറഞ്ഞിട്ടുള്ളതാണെന്ന്! തിരികെ വീട്ടിൽ വന്ന് ടിവി നോക്കിയപ്പോൾ അതിൽ പരസ്യം. സ്വാമി സന്ദീപ് ചൈതന്യ നയിക്കുന്ന ടൂർ... വിശുദ്ധനാടുകളിലേക്ക് 18 ദിവസം നീണ്ടുനിൽക്കുന്ന യാത്ര. ഇതു കാണുമ്പോൾ എനിക്ക് പാസ്പോർട്ടില്ല. പിറ്റെദിവസം സ്കൂൾ ഓഫ് ഭഗവദ്ഗീതയുടെ ഓഫിസിൽ പോയി പേര് രജിസ്റ്റർ ചെയ്തു. അന്നു തന്നെ തൽക്കാലിൽ പാസ്പോർട്ട് എടുക്കാനുള്ള ഏർപ്പാടു ചെയ്തു. അങ്ങനെയാണ് ഞാനും മോഹനയും ലോകയാത്ര തുടങ്ങിയത്

 

ആ കോട്ട് ഇപ്പോഴും ഞാൻ ഇടാറുണ്ട്

traveller-couple2

2007 ഡിസംബർ 27നാണ് ഞങ്ങളുടെ ആദ്യയാത്ര. ഈജിപ്ത്, ഇസ്രയേൽ, ജോർദ്ദാൻ, പാലസ്തീൻ, ഷാർജ എന്നീ രാജ്യങ്ങളിലേക്കാണ് യാത്ര. പാസ്പോർട്ട് എല്ലാം ശരിയായിക്കഴിഞ്ഞപ്പോഴാണ് അടുത്ത പ്രശ്നം. യാത്ര പോകുമ്പോൾ ഇടാൻ പറ്റിയ വസ്ത്രമില്ല. എന്റെ സാധാരണവേഷം വെറുമൊരു മുണ്ടും ഷർട്ടുമാണ്. എന്റെയൊരു സുഹൃത്ത് രാധാകൃഷ്ണൻ ഇന്റർ സ്റ്റേറ്റ് വോളിബോൾ ചാമ്പ്യൻ ആണ്. രാഷ്ട്രപതിയുടെ കയ്യിൽ നിന്ന് അവാർഡ് വാങ്ങിച്ചിട്ടുള്ള ആളാണ്. രാഷ്ട്രപതിയുടെ അവാർഡ് വാങ്ങാൻ പോയപ്പോൾ ഇട്ട കോട്ട് അദ്ദേഹം എനിക്കു തന്നു. ആ കോട്ടും സ്യൂട്ടും ഇപ്പോഴും പൊന്നുപോലെ ഞാൻ സൂക്ഷിക്കുന്നു. എല്ലാ യാത്രയിലും ഒരിക്കലെങ്കിലും ഞാൻ അതു ധരിക്കും. 

 

ആദ്യ വിമാനയാത്ര

ആളുകൾ എന്നെപ്പറ​ഞ്ഞു പേടിപ്പിച്ചിരുന്നു. വിമാനത്തിൽ കയറുമ്പോൾ പേടിക്കണം. ചിലപ്പോൾ ചെവിയിൽ നിന്നും മൂക്കിൽ നിന്നും ചോര വരും. അൽപം പഞ്ഞി കയ്യിൽ കരുതണം എന്നൊക്കെ! ‍ഞങ്ങൾ പഞ്ഞിയും വാങ്ങിച്ചു വച്ചു. ചെറിയൊരു പേടിയുണ്ടായിരുന്നു. പൊങ്ങുമ്പോഴും ആകാശച്ചുഴിയിൽ വീഴുമ്പോഴും വിമാനം കുലുങ്ങും. ഭഗവാനെ, താഴേക്കു പോകുവാണോ എന്നു തോന്നിപ്പോയി. പേടി.. അപ്പോൾ ഭാര്യയുടെ കൈ കേറിപ്പിടിച്ചു. അവൾ പേടിച്ച് എന്നെയും കയറിപ്പിടിച്ചു. ആ ഒരു യാത്ര മോഹിച്ചിട്ട് ഇപ്പോൾ എഴുപത്തിയഞ്ചിലധികം വിമാനയാത്രകളായി.  

 

നമ്മളെ ഭരിച്ചവരെ കാണണ്ടേ?

ലണ്ടനൊക്കെ ഞാൻ ആദ്യം കണ്ടിട്ടുള്ളത് സിനിമയിൽക്കൂടിയാണ്. തേംസ് നദി, ബക്കിങ് ഹാം പാലസ്... അങ്ങനെ വായിച്ചതൊക്കെ എന്റെ മനസിലുണ്ട്. അതു വായിക്കുമ്പോൾ ലണ്ടൻ ഒന്നു കാണണമെന്നു തോന്നി. ഒന്നുമല്ലെങ്കിലും പത്തു മുന്നൂറു കൊല്ലം നമ്മെ ഭരിച്ചവരല്ലേ! ഒന്നു പോയി കാണണം. അതു നടന്നു. അവർക്കു ഇപ്പോഴും നമ്മോട് അവജ്ഞയാണ്. അവരാണ് ഉയർന്നവരെന്ന തോന്നൽ അവർക്കുണ്ട്. അത് അവിടെ മാത്രമല്ല, എല്ലായിടത്തുമുണ്ട്. 

 

ആധാരം പണയം വച്ചും യാത്ര

ആനന്ദ് മഹേന്ദ്ര സർ ഞങ്ങളുടെ യാത്രയ്ക്കായി ഏഴു ലക്ഷം രൂപ തന്നു. അതിനു മുൻപ് വേറൊരു കക്ഷി മൂന്നു ലക്ഷം രൂപ തന്നിട്ടുണ്ട്. കടയിൽ സോമൻസിന്റെ പരസ്യം വച്ചപ്പോൾ  ചൈനയ്ക്കു പോകാൻ ഒരു ടിക്കറ്റ് കിട്ടി. സാന്റ മോണിക എന്ന ട്രാവൽസ് കടയിൽ പരസ്യം വയ്ക്കാമെന്ന് പറഞ്ഞിട്ടുണ്ട്. അവർക്ക് ഞങ്ങൾ രണ്ടു ലക്ഷം രൂപ കൊടുക്കാനുണ്ട്. അതു മാസതവണയായി അടയ്ക്കുന്നു. പിന്നെ ഈ പരസ്യം വയ്ക്കാമെന്നും പറഞ്ഞു. വീടിന്റെ ആധാരം പണയം വച്ചും സ്വർണം പണയം വെച്ചും യാത്ര ചെയ്തിട്ടുണ്ട്. അങ്ങനെയൊന്നും ആരും ചെയ്യില്ല. എനിക്കൊരു മോഹം ഉണ്ടായിരുന്നു, സ്വർണം കെട്ടിയ രുദ്രാക്ഷമാല ഇടണമെന്ന്. ഒടുവിൽ അഞ്ചു പവന്റെ മാല ഒരെണ്ണം ഉണ്ടാക്കി ഞാനിട്ടു. കുറച്ചു കഴിഞ്ഞപ്പോൾ മനസിലായി, ഇതു ഇത്രയേ ഉള്ളൂ എന്ന്. ആ മാല വിറ്റിട്ടാണ് ഞങ്ങൾ രണ്ടാമത്തെ പ്രാവശ്യം സിഗപ്പൂർ പോയത്

 

ജറുസലേമിന്റെ അനുഗ്രഹം

ആദ്യയാത്ര വിശുദ്ധനാടുകളിലേക്കായിരുന്നു. ജറുസലേമിൽ വച്ച് ഒരു അനുഗ്രഹം ലഭിച്ചെന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. കർത്താവിന്റെ കല്ലറയിൽ ഞങ്ങൾ പ്രാർത്ഥിക്കുമ്പോൾ ഭാര്യയുടെ തലയിൽ നിന്നു എന്തോ പറന്നു പോകുന്ന പോലെയൊരു അനുഭവം ഉണ്ടായെന്നു ഭാര്യ എന്നോടു പറഞ്ഞു. അവൾ പെട്ടെന്നു ഇരുന്നു പോയി. എന്തോ സംഭവിച്ച പോലെ! ആ യാത്രയിൽ തുടങ്ങിയ സഞ്ചാരം 12 വർഷങ്ങളായി ഇന്നും തുടരുന്നു. കഥ ഇനിയും തുടരും. 

 

യാത്രകൾ മുന്നോട്ടു തന്നെ

യാത്രകൾ എന്നു വച്ചാൽ ജീവിതമാണ്. അത് എപ്പോഴും മുന്നോട്ടാണ്. പിന്നോട്ട് പോകാൻ കഴിയില്ല. നാളെ എങ്ങോട്ടു പോകുമെന്ന് എനിക്ക് പറയാൻ കഴിയില്ല. നാളെ ഞാൻ പോകുമെന്നും എനിക്ക് പറയാൻ കഴിയില്ല. ഓരോ യാത്രയും പെട്ടെന്നു നടക്കണമെന്നാണ് എന്റെ ആഗ്രഹം. യാത്ര നടക്കാതെ പോയാലോ എന്ന ടെൻഷനൊക്കെ ഉണ്ട്. എന്റെ അമ്മയ്ക്ക് 91 വയസുണ്ട്. അമ്മയ്ക്ക് അസുഖമൊന്നുമില്ല. എന്നാലും ആ ചിന്തയൊക്കെ മനസിലുണ്ടാകും. ഇത്തവണ ന്യൂസിലൻഡിൽ പോയപ്പോൾ മരുമകനും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. ആളുടെ അമ്മയും 75 വയസായതാണ്. അവിടെയും വേറെ ആരുമില്ല. അങ്ങനെയുള്ള ടെൻഷനുകളുണ്ട്. 

 

സഞ്ചാരം എന്ന ഹരം

സഞ്ചാരം ഒരു ഹരമാണ്. കാണുക എന്നുള്ളതാണ് പ്രധാനം. മറ്റുള്ളവർ പറഞ്ഞു കേൾക്കുന്നതിൽ വലിയ രസമൊന്നുമില്ല. എനിക്കു പോയി കാണണം. എന്റെ കണ്ണു കൊണ്ടു കാണണം. സിനിമയിൽ കണ്ടതുകൊണ്ടായില്ല. താജ്മഹലൊക്കെ സിനിമയിൽ ഇഷ്ടം പോലെ കാണുന്നതല്ലേയെന്നൊക്കെ പറഞ്ഞ് ആളുകൾ കളിയാക്കും. അവിടെ പോയി കാണുന്നതെന്തിനാണ്? വലിയ വ്യത്യാസമില്ലല്ലോ എന്ന്! അപ്പോൾ ഞാൻ പറയും, ജീവിതം അതു തന്നെ മതിയല്ലോ, ഒരു സ്ത്രീയെ ഇഷ്ടപ്പെട്ടാൽ കണ്ടാൽ മാത്രം പോരെ? നമ്മൾ നമ്മുടെ കണ്ണു കൊണ്ട് താജ്മഹൽ കണ്ട്, അതൊന്നു തൊട്ടു നോക്കി ആസ്വദിക്കുന്നതും സിനിമയിൽ കണ്ടാസ്വദിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. 

 

ആ അപൂർവചിത്രത്തിനു പിന്നിൽ

വിജയനും മോഹനയും ഒരുമിച്ചുള്ള ലോകസഞ്ചാരം തുടങ്ങിയിട്ട് 12 വർഷമായി. അതിനിടയിൽ എത്രയോ മനോഹര സംഭവങ്ങൾ കടന്നു പോയി. അതിലൊരു ഓർമചിത്രം വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട് ഈ ദമ്പതികൾ. അർജന്റീനയിലെ ഇഗാസു വെള്ളച്ചാട്ടത്തിനു മുൻപിൽ വച്ചെടുത്ത ചിത്രം. ഫോട്ടോ എടുക്കാൻ നിന്നപ്പോൾ പെട്ടെന്നൊരു തോന്നലിൽ വിജയൻ മോഹനയുടെ കവിളിലൊരു മുത്തം നൽകി. അതു പറയുമ്പോൾ മോഹനയുടെ മുഖത്ത് ഇപ്പോഴും നാണത്തിന്റെ പൂത്തിരി കത്തും. 'ചേട്ടൻ പെട്ടെന്നാണ് വന്ന് അങ്ങനെ ചെയ്തത്... ഞാൻ ആകെ അന്തം വിട്ടു,' പുഞ്ചിരിയോടെ മോഹന പറയുന്നു. ഏതു രാജ്യത്തേക്കുള്ള യാത്ര ആണെങ്കിലും അൽപം ചമ്മന്തിപ്പൊടിയും അച്ചാറും മോഹന കരുതും. അതു ഭർത്താവിനു വേണ്ടിയാണ്. 'ഞാൻ എന്തെങ്കിലുമൊക്കെ കഴിക്കും. ചേട്ടനാണ് പാട്... പച്ചക്കറിയല്ലേ! ചമ്മന്തിപ്പൊടി ഉണ്ടെങ്കിൽ ഇന്ത്യൻ റസ്റ്റോറന്റിൽ നിന്നു കിട്ടുന്ന ചോറു മതിയല്ലോ ആൾക്ക്!,' യാത്രകളിലെ ഭക്ഷണശീലങ്ങൾ മോഹന വെളിപ്പെടുത്തി. 

 

ഞാനും കോടീശ്വരനാണ്

എനിക്കൊപ്പം യാത്ര വരുന്നവരൊക്കെ വലിയ പണക്കാരാണ്. ഞാനും കോടീശ്വരനാണ്, മനസു കൊണ്ട്! ഞാൻ ആഗ്രഹിക്കുന്നത് നടന്നിട്ടുണ്ട്. ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നവർ ഒരു പക്ഷേ ഇങ്ങനെ ലോകം കണ്ടു കാണില്ല. എന്റെ കടയിൽ വരുന്ന പലർക്കും ഞങ്ങളുടെ ഈ ലോകസഞ്ചാരം ഒരു ഊർജ്ജമാണ്. ഒരു ചായക്കടക്കാരന് പോകാമെങ്കിൽ നമുക്കെന്താ പോയാൽ എന്നാണിപ്പോൾ അവരുടെ ചിന്ത. 

 

വിമർശിക്കുന്നവരോട് പറയാനുള്ളത്

വയലാർ രാമവർമ പറഞ്ഞ പോലെ, ചലനം... ചലനമാണ് ജീവിതം. ഇന്നലെ സംഭവിച്ചതോർത്ത് ദുഃഖിച്ചിട്ടു കാര്യമില്ല. നാളെയക്കുറിച്ച് വലിയ വേവലാതിയും വേണ്ട. സംഭവിക്കാനുള്ളത് സംഭവിച്ചിരിക്കും. ഞങ്ങളിങ്ങനെ യാത്രകൾ പോകുന്നതിനെ പിന്തുണയ്ക്കുന്നവരുണ്ട്... വിമർശിക്കുന്നവരുമുണ്ട്. അയാൾക്ക് വട്ടാണെന്നു പറയുന്നവർ! കിട്ടണ കാശ് ഇങ്ങനെ കളഞ്ഞിട്ട് വയസാകുമ്പോൾ എന്തു ചെയ്യുമെന്നാണ് അവരുടെ ചോദ്യം. വയസാകുമ്പോൾ കാശുണ്ടായിട്ട് എന്തു ചെയ്യും എന്നാണ് എന്റെ മറുചോദ്യം. എന്റെ തലയിണക്കടിയിൽ ഇഷ്ടം പോലെ കാശുണ്ട്. പക്ഷേ, എനിക്ക് തിന്നാനും കുടിക്കാനും വയ്യാതെ കിടക്കുകയാണെങ്കിൽ ഈ കാശു കൊണ്ട് എനിക്കെന്തു പ്രയോജനം? 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com