ADVERTISEMENT

മൂന്നാറിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിലൊന്നായ ചൊക്രമുടി   കീഴടക്കിയാലോ…? 

chokramudi-peak7

മൂന്നാറിൽനിന്നു ആനയിറങ്കൽ ഡാമിലേക്കും ചിന്നക്കനാലിലേക്കുമുള്ള വഴിയിൽ  ഗ്യാപ് റോഡ് എത്തുന്നതിനു മുൻപ് വലത്തു കാണപ്പെടുന്ന അതിഗംഭീരനായ കൊടുമുടിയാണു ചൊക്രമുടി. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ  ആനമുടിദേശീയോദ്യാനത്തിൽ ആയയതുകൊണ്ടും മീശപ്പുലിമലയിലേക്ക് കാശുകൂടുതൽ ചെലവാകുമെന്നതുകൊണ്ടും ചൊക്രമുടി യഥാർഥത്തിൽ സാധാരണ സഞ്ചാരിയെകാത്തിരിക്കുന്ന അസ്സൽ ട്രക്കിങ് അനുഭവമാണ്. ഇനി മൂന്നാറിലെ യാത്രയിൽ ചൊക്രമുടി കയറ്റം കൂടി ഉൾപ്പെടുത്താം. 

chokramudi-peak2

മുൻപ്  നീലക്കുറിഞ്ഞിവസന്തം മൂന്നാറിനെയാകെ പുഷ്പിണിയാക്കിയപ്പോൾ ചൊക്രമുടിയിലേക്കു സഞ്ചാരികളുടെ ഒഴുക്കായിരുന്നു. മലമുകളിലേക്ക് ഒഴുകുന്നതിനെ എന്താണു വിളിക്കുക…?  വേണമെങ്കിൽട്രക്കിങ് എന്നു പറയാം.  ആ ഒഴുക്കിലൊരു തുള്ളിയായി ചേർന്നതിന്റെ ഓർമ ഇപ്പോഴും നീലക്കുറിഞ്ഞിപ്പൂ പോലെ പുതുമയാർന്നു നിൽക്കുന്നു. 

അതിരാവിലെ മൂന്നാറിൽ നിന്നു പുറപ്പെട്ടു.  ചിന്നക്കനാൽ പാതയിലാണു ചൊക്രമുടി. ഗ്യാപ് റോഡ് എന്ന അതിമനോഹരമായ മലമ്പാതയെത്തും മുൻപേ റോഡിന്റെ വലതുവശത്തായി കുത്തനെയുയർന്നു നിൽക്കുന്ന ആ മല കാണാനുണ്ടായിരുന്നു. സഹയാത്രികൻ, വനംവകുപ്പിലെചങ്ങാതി ഒരാശങ്ക പങ്കുവച്ചു. നാമെത്തും മുൻപ് ചൊക്രമുടി മഞ്ഞിനാൽ മറഞ്ഞുപോകുമോ എന്നായിരുന്നു സന്ദേഹം.  ഒരമ്മ കൊളന്തകളെ  പുതപ്പിക്കുന്നതുപോലെ, ചരിഞ്ഞുംചാഞ്ഞും കിടക്കുന്ന അടിവാരങ്ങളിലെ തേയിലക്കൊളുന്തുകളെ  മറച്ചുകൊണ്ടു മുകളിലേക്കു വന്നു കൊണ്ടിരുന്നു പുലരിമഞ്ഞ്. 

chokramudi-peak4

വാഹനം റോഡരുകിൽ പാർക്ക് ചെയ്ത് ഞങ്ങൾ വേഗം നടപ്പു തുടങ്ങി. മഞ്ഞെത്തും മുൻപേ നീലക്കുറിഞ്ഞിയെ ക്യാമറയിൽ പകർത്തണം.  എത്ര വേഗം നടന്നിട്ടും വിയർക്കുന്നില്ല. തണുപ്പു കൂടാൻ തുടങ്ങുന്നു.  ആദ്യംസാധാരണ കാണുന്നതരം പ്രകൃതി. ചിലയിടത്ത് ഒരാൾപൊക്കത്തിൽ പുല്ലുകൾ. പോകെപ്പോകെ പ്രകൃതിയുടെ പ്രകൃതം മാറിവന്നു. അകലെ തലയുയർത്തി നിൽക്കുന്ന ചൊക്രൻ നീലയണിഞ്ഞിട്ടുണ്ടായിരുന്നു.  എന്തൊരു മനോഹാരിത…! അടുത്തെത്തിയപ്പോഴോ….? 

പാറപ്പുറത്തുകൂടി നടക്കുന്നതുപോലെയുണ്ട്.  പലയിടത്തും സഞ്ചാരികളുടെ കാലടികൾ നീലക്കുറിഞ്ഞിച്ചെടികൾക്കിടയിലൂടെ ഒറ്റയടിപ്പാത തീർത്തിട്ടുണ്ടായിരുന്നു. അതിലൂടെ ഞങ്ങളും നടന്നു. 

chokramudi-peak

സഞ്ചാരികളെ ഓരോ കുറിഞ്ഞിയും ഒരു ബൊക്ക നൽകി സ്വീകരിക്കുന്നതുപോലെ. അല്ല, ബൊക്കകളുടെ ഒരു കൂടതന്നെയാണു ചൊക്രമുടി. നീലക്കുറിഞ്ഞികളെ കണ്ടു കണ്ടു മുകളിലേക്കു ചെല്ലുന്നതിനിടയിൽ മഞ്ഞ് ഞങ്ങളെ മറികടന്നു. ഇതിനിടയിൽ  മനസ്സുനിറഞ്ഞുപടമെടുത്തു. മലേക്കള്ളനുറങ്ങിയിരുന്ന ആ ഗുഹയോരം ചേർന്നുള്ള  ഗ്യാപ് റോഡ് മലയ്ക്ക് അരഞ്ഞാണം ചാർത്തിയതുപോലെ കാണാം. ഇപ്പോൾ വീതികൂട്ടി പഴയ ഭംഗിയെല്ലാം പൊയ്പ്പോയ്. ഇനിയും ഒരു മണിക്കൂർ നടന്നാലേ ചൊക്രനെ കീഴടക്കാനാകൂ എന്നു സുഹൃത്ത് പറയുന്നുണ്ടായിരുന്നു. ചെന്നിട്ടും കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാരണം മഞ്ഞുതന്നെ.  അത്യാവശ്യത്തിനുനല്ല പടങ്ങളെടുത്തപ്പോഴേക്കും കനത്ത മഞ്ഞു ഞങ്ങളെ പൊതിഞ്ഞു. തണുപ്പിന്റെ കൂടാരത്തിൽ കയറിയതുപോലെ… കനത്ത മഞ്ഞിൽ മീശപ്പുലിമലയുടെ മുകളിലെത്തിയാലും  ഏതുകുഞ്ഞുകുന്നിലെത്തിയാലും ഒരു പോലെത്തന്നെ.  നീട്ടിപ്പിടിച്ച സ്വന്തം കൈ പോലും കാണാത്തവിധമുള്ള കട്ടമഞ്ഞ്. എന്തു കട്ട മഞ്ഞാണെന്നോ…?  സഞ്ചാരിയുടെമനസ്സു കട്ട മഞ്ഞ്. 

chokramudi-peak7

തിരികെ പോരുമ്പോൾ ഒരു കാര്യം ഉറപ്പിച്ചിരുന്നു. ഒരിക്കൽ ചൊക്രന്റെ നെറ്റിത്തടം തൊടണം.  

ആ മോഹം സഫലമാകാൻ ഇനി എളുപ്പം. വനംവകുപ്പ് ചൊക്രമുടി ട്രെക്കിങ്ങിനുള്ള സൗകര്യമൊരുക്കുന്നുണ്ട്.  ദേവിക്കുളം ഫോറസ്റ്റ് റേഞ്ച് നടത്തുന്ന ബൈസൺ ട്രയിലിൽ നിങ്ങൾക്കും പങ്കുചേരാം. ട്രക്കിങ്ങ്നമുക്കു പറ്റിയതല്ലെന്നു കരുതുന്ന കുടുംബത്തിലെ എല്ലാവരേയും കൂട്ടാം. അധികം വിയർക്കാതെ, അതിസാഹസികതയുടെ പിന്തുണയില്ലാതെ മൂന്നാറിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളൊന്നായ ചൊക്രമുടി  താണ്ടിവരാം.  

നാലുമണിക്കൂർ സമയമെടുക്കും ചൊക്രനെ തൊട്ടുവരാൻ.  മനസ്സുകുളുർപ്പിക്കുന്ന മഞ്ഞിന്റെ സഹയാത്രികനായി,  പന്ത്രണ്ടുവർഷത്തെ പൂവിടലിനായി ധ്യാനിച്ചുനിൽക്കുന്ന കുറിഞ്ഞികളുടെ ഭൂമിയിലൂടെപ്രകൃതിയെ പ്രേമിക്കാനൊരു യാത്ര. അതു കുടുംബത്തോടൊപ്പമാക്കാം. ഇപ്പോൾ ട്രക്കിങ്ങ് സൗകര്യം മാത്രമേ വനംവകുപ്പ് ഒരുക്കുന്നുള്ളൂ. ലഘുഭക്ഷണമോ വെള്ളമോ നാം കരുതണം. ഒരു തുണ്ട് പ്ലാസ്റ്റിക്കോ മറ്റു മാലിന്യമോ അവിടെ നിക്ഷേപിക്കാതിരിക്കാൻ സഞ്ചാരികൾ ശ്രദ്ധിക്കണം. കയറിയിറങ്ങിപ്പോരുമ്പോൾആ കുന്നിൽ നിങ്ങളുടെ മനസ്സുമാത്രമേ നിക്ഷേപിക്കാവൂ എന്നു വനംവകുപ്പിന്റെതന്നെ ചില ഓർമപ്പെടുത്തൽ  സ്വയം ചെയ്യണം. സഹായികൾ ഉണ്ടാകുമെങ്കിലും ഈ പുണ്യവഴിയിൽ നിങ്ങളോരോരുത്തരും നിയമപാലകരായും മാറണം.  മൂന്നാറിൽഇതു വേറിട്ടൊരു അനുഭവമാകും തീർച്ച. 

chokramudi-peak8

മൂന്നാറിൽനിന്നുള്ള ദൂരം- 20 കിലോമീറ്റർ

വഴി- ചിന്നക്കനാൽ റോഡ്

ശ്രദ്ധിക്കേണ്ടത്-  ആഹാരം മൂന്നാറിൽനിന്നു കഴിച്ചിട്ടു വേണം ചൊക്രമുടിയിലേക്കു ചെല്ലാൻ. വെള്ളക്കുപ്പി കരുതണം. ഒരിക്കൽകൂടി പറയാം മാലിന്യം ഒരു തരിപോലും ചൊക്രമുടിയിൽ ഇട്ടു പോരരുത്. രാവിലെ ചൊക്രമുടിയിൽ എത്തുകയാണുചിതം.  കുട കയ്യിൽ കരുതുക. അപ്രതീക്ഷിതമായി മഴ പെയ്യാറുണ്ട്. 

താമസം- മൂന്നാറിലെയോ ചിന്നക്കനാലിലെയോ റിസോർട്ടുകൾ. 

മറ്റു കാഴ്ചകൾ- ട്രക്കിങ്ങിനു ശേഷം ആനയിറങ്കൽ ഡാമിൽ ചെല്ലാം. വൈകുന്നേരമാകും വരെ നിൽക്കരുത്. ആനകൾ ഇറങ്ങുന്ന സ്ഥലം തന്നെയാണ്. അപകടസാധ്യത കൂടുതൽ. നാട്ടുകാരുടെ മുന്നറിയിപ്പുകളും കൂവലുകളും അവഗണിക്കരുത്. 

കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം- 8547601337

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com