ADVERTISEMENT

ശബരിമലയുടെ പുണ്യവുമായി ഒഴുകിയെത്തുന്ന പമ്പയുടെ പടിഞ്ഞാറേക്കരയില്‍ മഹാദേവസമേതയായി കുടികൊള്ളുന്ന പാര്‍വതീദേവി. സര്‍വ്വാഭീഷ്ടദായികയായ ദേവിയുടെ തൃപ്പൂത്താറാട്ടിൽ പങ്കെടുത്തു പ്രാര്‍ഥിച്ചാല്‍ നടക്കാത്തതായി ഒന്നുമില്ല എന്നാണ് വിശ്വാസം. ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാനും കുഞ്ഞുങ്ങള്‍ ഉണ്ടാകാനും ധനലബ്ധിക്കുമെല്ലാമായി ദേവിയെ ഉള്ളു നിറഞ്ഞു പ്രാർഥിക്കാന്‍ ഉത്സവസമയത്ത് ആയിരക്കണക്കിനു ഭക്തര്‍ ഇവിടേക്ക് ഒഴുകിയെത്തുന്നു. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.

ലോക പ്രശസ്തം തൃപ്പൂത്താറാട്ട്

ഇവിടെ ശിവനും പാര്‍വതിയും അർധനാരീശ്വര സങ്കല്‍പത്തില്‍ കുടിയിരുത്തപ്പെട്ടിരിക്കുന്നു. ലോകമാതാവായ പാർവതീദേവിയുടെ തൃപ്പൂത്താറാട്ട് പ്രസിദ്ധമാണ്.ദേവിയുടെ രജസ്വല ആഘോഷിക്കുന്ന ക്ഷേത്രമെന്ന നിലയിലാണ് ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രം ലോകപ്രശസ്തമായത്‌. തൃപ്പൂത്താറാട്ട് എന്നാണ് ഈ ഉത്സവത്തിനു പേര്. ആര്‍ത്തവത്തിന്‍റെ പേരില്‍ മാസത്തില്‍ ഏഴു ദിവസം സ്ത്രീകളെ ക്ഷേത്രങ്ങളില്‍നിന്ന് അകറ്റി നിര്‍ത്തുന്ന കേരളത്തില്‍ ഇത്തരമൊരു സംസ്കാരമുള്ള ഇടം വേറെയില്ല.

പരശുരാമന്‍ സ്ഥാപിച്ച 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത് എന്നാണു വിശ്വാസം. (വഞ്ഞിപ്പുഴ തമ്പുരാക്കന്മാരുടെ ആവശ്യപ്രകാരം പെരുന്തച്ചന്‍ നിര്‍മിച്ചതാണ് എന്ന് മറ്റൊരു ഐതിഹ്യവുമുണ്ട്.) കാലം പിന്നിട്ടപ്പോള്‍ ക്ഷേത്രം കത്തിനശിക്കുകയും പിന്നീട് തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കാലത്ത് തഞ്ചാവൂരില്‍നിന്നു വന്ന തച്ചന്മാര്‍ ഈ ക്ഷേത്രം മനോഹരമായി പുനര്‍നിര്‍മിക്കുകയും ചെയ്തു. തീപിടിത്തത്തില്‍ നശിക്കാതെ അവശേഷിച്ച ശ്രീകോവില്‍ പുതിയ ക്ഷേത്രത്തിന്‍റെ ഭാഗമാക്കി. തികച്ചും കേരളീയശൈലിയിൽ നിർമിച്ച മൂന്നുനിലയുള്ള ക്ഷേത്ര ഗോപുരമാണ് ഇവിടെയുള്ളത്.

രജസ്വലയാകുന്ന ദേവിയാണ് ഈ ക്ഷേത്രത്തെ സംബന്ധിക്കുന്ന മഹാദ്ഭുതം. ദേവി രജസ്വലയാകുന്നതോടെയാണ് തൃപ്പൂത്താറാട്ട് ഉത്സവം ആരംഭിക്കുന്നത്. പൂജാസമയത്തു ദേവിയുടെ ഉടയാടകളിൽ രജസ്വലയാകുന്നതിന്റെ അടയാളങ്ങൾ കണ്ടാൽ പിന്നെ മൂന്നു ദിവസത്തേക്ക് നടയടക്കുകയും നാലാം ദിനത്തിൽ ദേവിയെ ആഘോഷപൂർവം കൊണ്ടുപോയി മിത്രപുഴയിൽ ആറാട്ടുനടത്തി, കടവിലെ കുളിപ്പുരയിൽ ആനയിച്ചിരുത്തുകയും ചെയ്യുന്നു. അതിനു ശേഷം പിടിയാന പുറത്ത് എഴുന്നെള്ളിക്കും. അന്നേരം മഹാദേവനും ദേവിയെ കാണാനായി എഴുന്നെള്ളും. ഭക്തർ പറയും നെയ്യ് വിളക്കും കാണിക്കയും പൂങ്കുലയുമായി ഭഗവതിയെ എതിരേൽക്കാൻ നിൽക്കുന്നു.

ആഗ്രഹ സാഫല്യത്തിനും സന്താന ലബ്ധിക്കും വിവാഹം നടക്കാനുമെല്ലാം തൃപ്പൂത്താറാട്ട് ദിനത്തിലെ പ്രാർത്ഥനകൾ കൊണ്ട് സാധിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം. ഇത്തരത്തിൽ ഒരു അദ്ഭുതത്തിനു സാക്ഷിയാകുന്ന ക്ഷേത്രങ്ങൾ കേരളത്തിൽ വേറെയില്ല. തൃപ്പൂത്തായിരിക്കുമ്പോള്‍ ദേവിക്കു മുന്നില്‍ യുവതികള്‍ പ്രദക്ഷിണം വച്ച് വണങ്ങുന്ന പതിവുണ്ട്. ഉത്സവ സമയത്ത് പന്ത്രണ്ടു ദിവസം ദേവിയുടെ ഇഷ്ടവഴിപാടായ ഹരിദ്ര പുഷ്പാഞ്ജലി നടത്തി പ്രാര്‍ഥിച്ചാല്‍ മനസ്സിലുള്ള ഏതൊരു ആഗ്രഹവും നടക്കും എന്ന് ഭക്തര്‍ വിശ്വസിക്കുന്നു.

ധനുമാസത്തിലെ തിരുവാതിര നാളില്‍ ആരംഭിച്ച് മകരമാസത്തിലെ തിരുവാതിര വരെ നീളുന്ന, ഇരുപത്തിയെട്ടു ദിവസത്തെ തിരുവുത്സവമാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആഘോഷം. ഈ സമയത്ത് നാടു മുഴുവന്‍ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുന്നു. പുലര്‍ച്ചെ മൂന്നരയ്ക്കാണ് നട തുറക്കുക. രാവിലെ പതിനൊന്നരയോടെ നടയടയ്ക്കും. വൈകിട്ട് അഞ്ചു മുതല്‍ എട്ടു വരെ വീണ്ടും നട തുറന്നിരിക്കും.

ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരമേയുള്ളൂ ഇവിടേക്ക്. ബസ് സ്റ്റാന്‍ഡ് വെറും അര കിലോമീറ്റര്‍ ദൂരത്തിലാണ്.

സന്ദർശിക്കാൻ നിരവധിയിടങ്ങൾ

ചെങ്ങന്നൂരിലേക്ക് യാത്ര ചെയ്യുമ്പോള്‍ സന്ദര്‍ശിക്കാന്‍ മറ്റു ധാരാളം ഇടങ്ങളുമുണ്ട്. ഇവിടുത്തെ സുറിയാനിപ്പള്ളിയിലെ ശിലാ-ദാരു ശിൽപങ്ങളും, മുപ്പത്തിമൂന്നര അടി ഉയരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഒറ്റക്കൽ കുരിശും പ്രശസ്തമാണ്. കൂടാതെ അയിരൂർ ക്ഷേത്രം, കീഴൂട്ട് ക്ഷേത്രം, എന്നിവയും ദിവ്യക്ഷേത്രങ്ങള്‍ എന്ന് വിളിക്കുന്ന ആറു ക്ഷേത്രങ്ങള്‍- തിരുച്ചിൻകാറ്റിൻകര (തൃച്ചിറ്റാറ്റ്), തിരുപ്പുലിയൂർ, തിരുവാറ്റിൻവിള (തിരുവാറന്മുള), തിരുവൻവണ്ടൂർ, തിരുവല്ല ശ്രീ വല്ലഭമഹാക്ഷേത്രം(തിരുവല്ലവാഴ്) എന്നിവയും ഇവിടെയാണ്‌ ഉള്ളത്.

ചെങ്ങന്നൂരിനടുത്തായാണ് കേരളത്തിലെ മറ്റൊരു പ്രധാന കൃഷ്ണക്ഷേത്രമായ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രമുള്ളത്. വര്‍ഷം തോറും നടന്നു വരുന്ന ആറന്മുള വള്ളംകളി പ്രശസ്തമാണല്ലോ. ശാസ്ത്രീയ സംഗീതത്തിനും നൃത്തത്തിനും കളരിപ്പയറ്റിനുമെല്ലാം പരിശീലനം നല്‍കുന്ന 'വിജ്ഞാന കലാവേദി' യും ആറന്മുളയിലാണ് സ്ഥിതി ചെയ്യുന്നത്.

കേരളത്തിന്‍റെ പ്രശസ്തി വാനോളമുയര്‍ത്തുന്ന കുട്ടനാടും ശബരിമലയും ഇവിടെ നിന്നും വെറും അമ്പതു കിലോമീറ്റര്‍ ചുറ്റളവിലാണ് സ്ഥിതി ചെയ്യുന്നത് എന്നതും മറ്റൊരു പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ ചെങ്ങന്നൂര്‍ ക്ഷേത്ര യാത്ര നടത്തുമ്പോള്‍ ഒരുപാടു സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു മടങ്ങാം.

English summary: Travel to Chengannur Mahadeva Temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com