ADVERTISEMENT

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ അവധിക്കാലം ആഘോഷിക്കാന്‍ തെരഞ്ഞെടുക്കുന്നത് കടല്‍ത്തീരങ്ങളാണത്രേ. ടെന്‍ഷനും തിരക്കുകളുമെല്ലാം കരയില്‍ വച്ച് കടലിന്റെ ഓളത്തല്ലലില്‍ക്കൂടി നടക്കാന്‍ ആരും ഒന്നു കൊതിക്കും. സുന്ദരമായ അനേകായിരം കടല്‍ത്തീരങ്ങള്‍ ഈ ഭൂമിയില്‍ ഉണ്ടെങ്കിലും ചിലതൊക്കെ വേറിട്ടുനില്‍ക്കുന്നു, നിറം കൊണ്ടും ഘടനകൊണ്ടും, മനോഹാരിതകൊണ്ടുമെല്ലാം വ്യത്യസ്തമാര്‍ന്ന ചില ബീച്ചുകളെ പരിചയപ്പെടാം.

കത്തീഡ്രല്‍ ബീച്ച് സ്‌പെയിന്‍

തിരമാല കൊത്തിയ, ഗോതിക് പള്ളികളുടെ കമാനങ്ങളോട് സാമ്യമുള്ള നൂറ് അടിവരെ ഉയരമുള്ള പാറകെട്ടുകള്‍. അതാണ് കത്തീഡ്രല്‍ ബീച്ചിന്റെ പ്രത്യേകത. കാന്റാബ്രിക് തീരത്ത് ലുഗോ പ്രവിശ്യയിലെ റിബാഡിയോ എന്ന സ്ഥലത്താണ് ഈ സ്പാനിഷ് ബീച്ച് സ്ഥിതിചെയ്യുന്നത്. ബീച്ചിന്റെ കൂടുതല്‍ സവിശേഷതകള്‍ അതിന്റെ പ്രകൃതിദത്ത കമാനങ്ങളും ഗുഹകളുമാണ്. എന്നാല്‍ അവ വേലിയിറക്ക സമയത്താണ് വ്യക്തമായി കാണാന്‍ സാധിക്കുക.

ലാ ഡിഗ്യൂ, സീഷെല്‍സ്

പ്രഭാവലയം തീര്‍ത്ത സൂര്യന്റെ താഴെ ജുറാസിക് പാര്‍ക്ക് ചിത്രത്തില്‍ കാണുംവിധമുള്ള പ്രകൃതിയോടു കൂടിയ വെള്ളമണല്‍ വിരിച്ച അതിമനോഹര ബീച്ചാണിത്. ശരിക്കും ഒരു ഹോളിവുഡ് ചിത്രത്തിന് സെറ്റിട്ടാല്‍ കാണാനെങ്ങനെയുണ്ടാകും അതുപോലെതന്നെയാണ് ലാ ഡിഗ്യു ബീച്ചും. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ സീഷെല്‍സിലെ ഏറ്റവും വലിയ മൂന്നാമത്തെ ദ്വീപാണ് ലാ ഡിഗ്യൂ. സീഷെല്‍സില്‍ എത്തുന്ന ഭൂരിഭാഗം വിനോദസഞ്ചാരികളും ലാഡിഗ്യുവിന്റെ ആരാധകരാണ്.

shell-beach-1--gif

ഷെല്‍ ബീച്ച്, വെസ്റ്റേണ്‍ ഓസ്ട്രേലിയ

നിറയെ കക്കകളും ചിപ്പികളും നിറഞ്ഞ ഷെല്‍ ബീച്ച് സഞ്ചാരികളുടെ പ്രിയ കടല്‍ത്തീരങ്ങളില്‍ ഒന്നാണ്. ഷാര്‍ക്ക് ബേയുടെ സമീപത്തായുള്ള ഈ കടല്‍ത്തീരത്തുനിന്നും ചിത്രങ്ങളല്ലാതെ കക്കകളൊന്നും എടുക്കാനുള്ള അനുവാദമില്ല. ചില ഭാഗങ്ങളില്‍ 30 അടിവരെ ആഴത്തില്‍ ഇത്തരത്തില്‍ ഷെല്‍ നിക്ഷേപമുണ്ട് ഈ തീരത്ത്. കോക്കിള്‍ ഇനമായ ഫ്രാഗം എറുഗാറ്റത്തിന്റെ ഷെല്ലുകള്‍ ധാരാളം ഉള്ളതിനാലാണ് ബീച്ചിന് ഈ പേര് ലഭിച്ചത്. പ്രദേശത്തെ ഭൂമിശാസ്ത്രവും പ്രാദേശിക കാലാവസ്ഥയും കാരണം സമുദ്രജലത്തിന് ഉയര്‍ന്ന ലവണാംശം ഉണ്ട്.

ഡയമണ്ട് ബീച്ച് ഐസ്‌ലാൻഡ്

വിലയേറിയ വജ്രങ്ങള്‍ കൊണ്ട് നിറഞ്ഞ കടല്‍ത്തീരം. അങ്ങനെയാണെങ്കില്‍ ഈ കാലം കൊണ്ട് അവിടെ ചെന്നിട്ടുള്ള സഞ്ചാരികളൊക്കെ കേടിശ്വരന്‍മാരായി മാറിയിട്ടുണ്ടാകും എന്ന് ചിന്തിക്കാൻ വരട്ടെ. ഐസ്‌ലാൻഡിലെ ഡയമണ്ട് ബീച്ചിലെ യഥാര്‍ത്ഥ വജ്രങ്ങള്‍ ക്രിസ്റ്റല്‍ പോലുള്ള മഞ്ഞുമലകളാണെന്നതാണ് വാസ്തവം. കറുത്ത മണല്‍ നിറഞ്ഞ ബീച്ചില്‍ സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ വജ്രത്തേക്കാള്‍ ശോഭയോടെ ഈ മഞ്ഞുകട്ടകള്‍ തിളങ്ങും.

ഗ്ലാസ് ബീച്ച് യുഎസ്എ

ഫോര്‍ട്ട് ബ്രാഗിലെ ഗ്ലാസ് ബീച്ചാണ് പട്ടികയില്‍ അടുത്തത്. ഗ്ലാസ് എന്ന് പറഞ്ഞാല്‍ പല വര്‍ണ്ണങ്ങളില്‍ ഇങ്ങനെ പരന്നുകിടക്കുകയാണ് കടല്‍ത്തീരം മുഴുവന്‍. ലോകത്ത് വേറെയും ഗ്ലാസ് ബീച്ചുകള്‍ ഉണ്ടെങ്കിലും ഫോര്‍ട്ട് ബ്രാഗിലേത് വ്യത്യസ്തമാകുന്നത് അതിന്റെ കണ്ണഞ്ചിപ്പിക്കുന്ന മനോഹാരിത കൊണ്ട് മാത്രമാണ്.

ഹൈംസ് ബീച്ച് ഓസ്‌ട്രേലിയ

ഭൂമിയിലെ ഏറ്റവും വെളുത്തനിറത്തിലുള്ള മണലുകള്‍ ഉള്ള കടല്‍ത്തീരമാണിത്. ജെര്‍വീസ് ബേയില്‍ വ്യാപിച്ചുകിടക്കുന്ന വെള്ളമണല്‍ ബീച്ചുകളില്‍ പ്രമുഖം. വൈവിധ്യമാര്‍ന്നതും മനോഹരവുമായ ലാന്‍ഡ്സ്‌കേപ്പ്, ശാന്തമായ ബീച്ചുകളും മികച്ച തിമിംഗല നിരീക്ഷണവും, ന്യൂ സൗത്ത് വെയില്‍സിലെ ഒരു പ്രശസ്തമായ അവധിക്കാല ഇടവുമായ ഹൈംസ് ബീച്ച് തൂവെള്ളമണലിന്റെ ക്രെഡിറ്റില്‍ ഗിന്നസ് ബുക്കില്‍ വരെ ഇടംപിടിച്ചിട്ടുണ്ട്.

ഹിഡന്‍ ബിച്ച് ഫിലിപിന്‍സ്

പേരില്‍ മാത്രം രഹസ്യമുള്ള എന്നാല്‍ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ ഇടയില്‍ പരസ്യമായ ഒരു പ്രശസ്തത ബീച്ചാണ് ഫിലിപിന്‍സിലെ ഹിഡന്‍ ബീച്ച്.  ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളില്‍ ഒന്നായി അടയാളപ്പെടുത്തുന്ന ഇവിടം ചുണ്ണാമ്പുകല്ലുകളാല്‍ ചുറ്റപ്പെട്ടതും  സമുദ്രത്തില്‍ നിന്ന് ഒരു ചെറിയ ഒരു കീഹോള്‍ പോലുള്ള തുരങ്കം വഴി വേര്‍തിരിക്കപ്പെട്ടിരിക്കുന്നതുമാണ്. ഈ ചെറിയ തുരങ്കത്തിലൂടെവേണം  സന്ദര്‍ശകര്‍ തീരത്തേക്ക് കടക്കാന്‍. 

ഇനിയുമുണ്ട് ഈ ഭൂമിയുടെ ഓരോ കോണിലും ആരേയും മയക്കുന്ന ശാന്തവും സ്വസ്ഥവും അത്യന്തം സുന്ദരവുമായ കടല്‍ത്തീരങ്ങള്‍. അവധിക്കാലപ്ലാനുകളില്‍ വിദേശരാജ്യങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഈ മനംനിറയ്ക്കും ബീച്ചുകളെക്കൂടി പരിഗണിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com