ADVERTISEMENT

തണുപ്പിന്റെ നേർത്ത പാളികൾ തീർത്ത മൂടുപടമിട്ട് നിൽക്കുന്ന വട്ടവടയെന്ന കൊച്ചുഗ്രാമത്തിന്റെ വിശുദ്ധിയും നേർമ്മതയും അനുഭവിച്ച് ഒരു കിടിലൻ  താമസത്തിന് ഒരുങ്ങിക്കോ. രജ്ഞിനി കൂട്ടികൊണ്ടു പോകുന്നത് മനോഹരമായൊരു തടി വീട്ടിലേയ്ക്കാണ്. മലയോര ഗ്രാമങ്ങളുടെ ഭംഗിയാസ്വദിച്ച് സ്വന്തം മുറ്റത്ത് നിന്ന് പറിച്ച പച്ചക്കറികൾ പാകം ചെയ്ത് കഴിച്ച്  ഒരടിപൊളി താമസം. രജ്ഞിനിയുടെ വ്ളോഗ് വിശേഷമാണ് പറഞ്ഞു വരുന്നത്.

യുട്യൂബില്‍ യാത്രാ വ്ളോഗ് തുടങ്ങുന്ന നടിമാരുടെ നിരയിലേക്ക് ഈയടുത്താണ് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്‌ കടന്നു വന്നത്. ഇംഗ്ലീഷും മലയാളവും കൂട്ടിക്കലര്‍ത്തി തന്‍റെ സ്വന്തം ശൈലിയിലാണ് രഞ്ജിനി വ്ളോഗ് ചെയ്യുന്നത്. ഇതിലൂടെ ഈയടുത്ത് രഞ്ജിനി പരിചയപ്പെടുത്തിയ സ്ഥലമാണ് മൂന്നാറിലെ വട്ടവടയിലുള്ള 'ദി ഒണ്‍ലി പ്ലേസ്'. പ്രകൃതിമനോഹരമായ വട്ടവടയിലെത്തുന്ന സഞ്ചാരികള്‍ക്ക് താമസിക്കാനായി ഒരുക്കിയ തടിയില്‍ പണി തീര്‍ത്ത ഒരു കിടുക്കന്‍ ഹോംസ്റ്റേയാണിത്. 

renjini-haridas

മൂന്നാറിന്റെ തണുപ്പേറ്റ് കേരളത്തിനകത്ത് നിലകൊള്ളുന്ന തമിഴ് പറയുന്ന ഗ്രാമം എന്നു തന്നെ വട്ടവടയെ വിശേഷിപ്പിക്കാം. കാബേജും കാരറ്റും ബീൻസും ഗോതമ്പും വാഴയും ഉരുളക്കിഴങ്ങും സമൃദ്ധമായി വിളയുന്ന വട്ടവട ആരെയും ആകർഷിക്കും. മൂന്നാറിൽ നിന്ന് അടിമാലി, കുണ്ടല, ടോപ്പ് സ്റ്റേഷൻ വഴി 45 കിലോമീറ്ററുണ്ട് വട്ടവടയ്ക്ക്. പോകും വഴി ടോപ്പ് സ്റ്റേഷൻ പിന്നിട്ടാൽ ചെറിയൊരു ഭാഗം തമിഴ്നാടിന്റേതാണ്.

സമുദ്രനിരപ്പിൽ നിന്ന് 6800 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന വിശാലമായ മൗണ്ടൻ ലോഗ് ക്യാബിനാണ് ദി ഒണ്‍ലി പ്ലേസ്. വട്ടവടയ്ക്ക് സമീപം കുറിഞ്ഞിമല സങ്കേതത്തിന്‍റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ പ്രദേശം ദേശീയ ഉദ്യാനങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. അഭൗമമായ സൗന്ദര്യമാണ് ഇവിടെ നിന്ന് നോക്കുമ്പോഴുള്ള ദൃശ്യങ്ങള്‍ക്ക്. പകലും രാത്രിയുമെല്ലാം ഒരുപോലെ മനോഹരം. ഷോല വനങ്ങളില്‍ ട്രെക്കിംഗ് നടത്താനും പക്ഷികളെയും മൃഗങ്ങളെയും നിരീക്ഷിക്കാന്‍ ഇഷ്ടമുള്ളവര്‍ക്കുമൊക്കെ ഒരു സുവര്‍ണ്ണാവസരമാണ് ഇങ്ങോട്ടേക്കുള്ള യാത്ര.

സ്ട്രോബെറി തോട്ടങ്ങള്‍ക്ക് പേരുകേട്ട ഇടമാണല്ലോ വട്ടവട. ആവശ്യപ്പെടുന്നതനുസരിച്ച് തൊട്ടടുത്തുള്ള സ്ട്രോബെറി ഫാം സന്ദര്‍ശിക്കാന്‍ ഇവിടെ അവസരമൊരുക്കി നല്‍കുന്നുണ്ട്. അതുപോലെത്തന്നെ വെറും 13 കിലോമീറ്റര്‍ അകലെയാണ് പാമ്പാടും ചോല നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഷോല വനങ്ങളില്‍ ട്രെക്കിംഗ് നടത്താനുള്ള അവസരവും ഇവിടെയുണ്ട്. ആവശ്യപ്പെട്ടാല്‍ നൈറ്റ് സഫാരിക്കും സൗകര്യം ഒരുക്കും. ഇനിയിപ്പോള്‍ എവിടെയും പോയില്ലെങ്കില്‍ പോലും വെറുതെ ഇതിന്‍റെ പരിസരത്തൊക്കെ ചുറ്റി നടക്കുന്നതു പോലും സുന്ദരമായ അനുഭവമാണ്. നഗരത്തിലെ തിരക്കുകളില്‍ നിന്നും ടെന്‍ഷനുകളില്‍ നിന്നുമെല്ലാം മാറി അല്‍പ്പസമയം റിലാക്സ് ചെയ്യണമെന്ന് തോന്നുമ്പോഴൊക്കെ ഇങ്ങോട്ട് വരാം.

അഞ്ചു പേര്‍ക്കു വരെ താമസിക്കാവുന്ന മുറികളാണ് ഇവിടെയുള്ളത്. ഒപ്പം സുഖപ്രദമായ കിടക്കകൾ, പടിഞ്ഞാറൻ രീതിയിലുള്ള കുളിമുറികള്‍, ചൂടു പകരാനായി വിറകിട്ട് കത്തിക്കുന്ന അടുപ്പുകള്‍ എന്നിവയുമുണ്ട്. മുറികളില്‍ നിന്നു നോക്കിയാല്‍ മനോഹരമായ പർവതക്കാഴ്ചകള്‍ കാണാം. ആ വശ്യമെങ്കിൽ, പുറത്ത് തീ കായുന്നതിനുള്ള സൗകര്യവും ക്രമീകരിച്ചു നല്‍കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com