ADVERTISEMENT

കേരളത്തിലങ്ങനെ ആര്‍ക്കും പ്രത്യേകിച്ച് പറഞ്ഞു മനസിലാക്കിക്കൊടുക്കേണ്ട കാര്യമില്ല മിഠായിത്തെരുവിനെ. നാടായ നാടെല്ലാം പുകള്‍ പെറ്റ 'കറുത്തല്‍വ'യും 'വര്‍ത്തായക്ക'യുമെല്ലാം പിന്നെ എവിടെ നിന്നാണ് വരുന്നതെന്നാണ് വിചാരം! എല്‍ ഐ സിയുടെ ഓഫീസ് കടന്നങ്ങ് ചെന്നാല്‍ പിന്നെ മേളമാണ്. ഉപ്പു വേണോ... ഉടുതുണി വേണോ... അമ്പമ്പോ... ഈ ലോകത്തില്ലാത്തതൊന്നുമില്ലെന്റപ്പാ!

കേരളത്തിലെ ഏറ്റവും പഴക്കമുള്ള വ്യാപാര കേന്ദ്രങ്ങളിലൊന്നാണ് മിഠായിത്തെരുവ്. കണ്ണെത്തുന്നിടത്തെല്ലാം കാണുന്ന രസികന്‍ മധുരഹല്‍വക്കടകളാണ് ഈ തെരുവിന് മധുരമൂറുന്ന ആ പേര് സമ്മാനിച്ചത്. കടകള്‍ തുടങ്ങാനായി ഗുജറാത്തി മധുരപലഹാരക്കച്ചവടക്കാരെ തന്‍റെ കൊട്ടാരത്തിന് സമീപത്തേക്ക് രാജാവായ സാമൂതിരി ക്ഷണിക്കുകയായിരുന്നു. അതോടെയാണ് ഇവിടെ മധുരത്തിന്‍റെ ആ യുഗത്തിന് തിരി തെളിയുന്നത്.

വര്‍ഷങ്ങള്‍ പിന്നിട്ടതോടെ മിഠായിത്തെരുവില്‍ മിഠായിയും മധുര പലഹാരങ്ങളും മാത്രമല്ല, മറ്റനവധി കടകളും തുറന്നു. വസ്ത്രങ്ങളും ചെരിപ്പുകളും ആഭരണങ്ങളും മറ്റും താരതമ്യേന വിലക്കുറവില്‍ കിട്ടുന്ന സ്ഥലമാണ് ഇന്ന് ഇത്. നഗരത്തിലെ സാധാരണക്കാരായ ആളുകളുടെ പ്രധാന ഷോപ്പിംഗ് കേന്ദ്രവും ഇവിടം തന്നെയാണ്. 

ഞായറാഴ്ചകളിലാണ് ഇവിടെ ഏറ്റവും കൂടുതല്‍ തിരക്ക്. ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇവിടെ സാധനങ്ങള്‍ ലഭ്യമാകുന്നതും ഈ ദിവസമാണ്. 'സണ്‍‌ഡേ മാര്‍ക്കറ്റ്' എന്നാണ് അന്നേ ദിവസം മിഠായിത്തെരുവിന് പേര്. 

ഷോപ്പിംഗ് മാത്രമല്ല, എല്ലാ പ്രായത്തിലുമുള്ള ആളുകളുടെ പ്രധാന ഹാങ്ങൌട്ട് ഏരിയ കൂടിയാണ് മിഠായിത്തെരുവ്. പ്രത്യേകിച്ച് കോളേജ് കുട്ടികള്‍. തൊട്ടടുത്തു തന്നെയാണ് ആളുകള്‍ വന്നിരിക്കുന്ന മാനാഞ്ചിറ സ്ക്വയര്‍ മൈതാനം. ഇതു കൂടാതെ വര്‍ഷങ്ങളായി ജ്യൂസ് പ്രേമികളുടെ പ്രിയപ്പെട്ട ഇടമായ കലന്തന്‍സും ഫെയ്മസ് കൂള്‍ബാറുമെല്ലാമുണ്ട് ഒത്തു കൂടാനും സൗഹൃദം പുതുക്കാനുമൊക്കെയായി.

മലയാള സാഹിത്യത്തിലും തള്ളിക്കളയാനാവാത്ത ഒരു സ്ഥാനം കൈപ്പിടിയിലൊതുക്കിയിട്ടുണ്ട് മിഠായിത്തെരുവ്. എസ്. കെ പൊറ്റക്കാടിനു സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത 'ഒരു തെരുവിന്‍റെ കഥ'യിലെ പ്രധാന 'കഥാപാത്രം' രാവു മയങ്ങുവോളം കോഴിക്കോടിന്‍റെ നെഞ്ചില്‍ ആഘോഷമായുണരുന്ന ഈ തെരുവാണ്. അതുകൊണ്ടുതന്നെയാണ് തെരുവിന്‍റെ എന്‍ട്രന്‍സില്‍ പൊറ്റക്കാടിന്‍റെ കൂറ്റനൊരു പ്രതിമയ്ക്ക് സ്ഥാനം കൊടുത്തതും.

പച്ചമുളക് ഹല്‍വ, ഇളനീര്‍ ഹല്‍വ, ചിക്കന്‍ ഹല്‍വ... അങ്ങനെ പോകുന്നു ഇവിടത്തെ ഹല്‍വയുടെ വെറൈറ്റികള്‍. വല്ലാതെയങ്ങ് കൂടിയ വിലയുമല്ല. പുറം നാടുകളില്‍ നിന്നും വരുന്നവര്‍ക്ക് മുന്നില്‍ പ്രശസ്തമായ മലബാറി ആതിഥേയത്വത്തിന്‍റെ ഇരു കൈകളും നീട്ടിയങ്ങ് സ്വീകരിക്കും ഇവിടത്തെ കടക്കാര്‍. ഓരോ ഹല്‍വയും ഫ്രീയായി രുചിച്ചു നോക്കാം, ഇഷ്ടപ്പെട്ട രുചിയൊക്കെ വാങ്ങാം!

കോഴിക്കോടന്‍ പലഹാരങ്ങള്‍ വാങ്ങാന്‍ ശങ്കരന്‍ ബേക്കറിയാണ് പ്രധാന ഇടം. ഹല്‍വ മാത്രമല്ല, കോഴിക്കോട്ടുകാര്‍ 'വര്‍ത്തായക്ക' എന്ന് വിളിക്കുന്ന സ്വര്‍ണ്ണനിറമുള്ള നല്ല രസികന്‍ കായവറുത്തതും കൂടെ വാങ്ങിക്കണം, എന്നാലേ ആ കോമ്പോ അങ്ങ് പൂര്‍ണ്ണമാവൂ! സാധാരണ കായ വറുത്തതല്ലാതെ അല്‍പ്പം പഴുത്ത കായ ഉപയോഗിച്ച് ഉണ്ടാക്കുന്ന, മധുരമുള്ള കായ വറുത്തതിനും ആവശ്യക്കാരേറെ.

നന്നാറി സര്‍ബത്ത് ആണ് ഇവിടത്തെ മറ്റൊരു താരം. അത്യാവശ്യം സര്‍ബത്ത് കടകളില്‍ ഒക്കെ സാധനം കിട്ടും. ശരീരം തണുപ്പിക്കാന്‍ ഇതിലും മികച്ച ഒരു ജ്യൂസ് വേറെയില്ല. രക്തം ശുദ്ധമാക്കാനും ഇതിനു കഴിവുണ്ടെന്ന് പറയപ്പെടുന്നു. പിന്നെ സ്ഥിരം വത്തക്ക ജ്യൂസും മില്‍ക്ക് സര്‍ബത്തും ഷാര്‍ജ ഷെയ്ക്കും ഒക്കെ കിട്ടും അങ്ങനെ നടക്കുമ്പോള്‍.

അല്‍പ്പം ക്ലീഷേ ആയിട്ടങ്ങനെ പറഞ്ഞാല്‍ മിഠായിത്തെരുവ് എന്നത് വെറുമൊരു സ്ഥലമല്ല കോഴിക്കോട്ടുകാര്‍ക്ക്, അത് ഒരു വികാരമാണ്! എത്ര പറഞ്ഞാലും തീരില്ല അതിന്‍റെ വിശേഷങ്ങള്‍. ഫുള്‍സ്റ്റോപ്പ് ഇടേണ്ടതു കൊണ്ടു മാത്രം തല്‍ക്കാലം പോയിട്ട് പിന്നെ വരാം കോയാ...!

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com