ADVERTISEMENT

ഇളംകാറ്റില്‍ മന്ദം മന്ദമാടുന്ന നെല്‍ക്കതിരുകളില്‍ സൂര്യകിരണങ്ങള്‍ ചുംബിക്കുന്ന കാഴ്ച കണ്ടു കൊണ്ട് പാലക്കാട് ജില്ലയിലെ തേന്‍കുറിശ്ശി ഗ്രാമത്തിലൂടെ അല്‍പ്പം സഞ്ചരിച്ചാല്‍ കണ്ടത്ത് തറവാട്ടു വീട്ടിലെത്താം. കേരളത്തനിമയാര്‍ന്ന വാസ്തുശൈലിയില്‍, മണ്ണും തേക്കും പ്രധാനമായി ഉപയോഗിച്ച് നിര്‍മിച്ച, ഇരുന്നൂറോളം വര്‍ഷം പഴക്കമുള്ള പുരാതനമായ തറവാട്. പൃഥ്വിരാജിന്റെ വിവാഹം നടത്തിയ സ്ഥലം എന്നു പറഞ്ഞാൽ പെട്ടന്നു മനസ്സിലാവും. ഇരുനൂറു വർഷം പഴക്കമുള്ള എട്ടുകെട്ട് ഇപ്പോൾ ഹോം സ്േറ്റയാണ്.  കണ്ടാത്ത് തറവാടിന്റെ മുറ്റം വിവാഹത്തിനുള്ള വേദിയാക്കിയിട്ട് ഏറെക്കാലമായിട്ടില്ല. എഴുനൂറാളുകൾക്ക് ഒന്നിച്ചിരുന്ന് ഉണ്ണാനുള്ളത്രയും വിസ്താരമുള്ള വേദിയാണിത്. ഓപ്പൺ എയർ ഓഡിറ്റോറിയം എന്നു പറയാം. ഒരുപക്ഷേ, വിവാഹപ്പന്തലൊരുക്കാൻ വീട്ടു മുറ്റം വിട്ടുകൊടുക്കുന്ന ഒരേയൊരു തറവാട് കണ്ടാത്ത് മാത്രമായിരിക്കും.

kandath-tharavad-homestay3

വലിയ ജന്മിയും പണമിടപാടുകാരനുമായിരുന്ന കുപ്പവേലന്‍ ആണ് 1794ല്‍ ഈ തറവാട് സ്ഥാപിച്ചത്. അതിനു ശേഷം അഞ്ചു തലമുറകള്‍ ഈ മണ്ണില്‍ ജീവിച്ചു. (ഇവിടത്തെ പൂജാമുറിയില്‍ ഓരോ തലമുറയ്ക്കും ഓരോ പീഠം വച്ചു കൊടുത്തിരിക്കുന്നത് കാണാം.) കൊച്ചിയില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നും വിമാനമിറങ്ങി വരുന്നവര്‍ക്ക് രണ്ടു മണിക്കൂറിനുള്ളില്‍ ഇവിടെയത്താം.

kandath-tharavad-homestay2

തറവാടിനകത്തേക്ക് കയറി വരുന്നവര്‍ ആദ്യം തന്നെ ശ്രദ്ധിക്കുക, മുന്‍ഭാഗത്ത് ഉയര്‍ത്തിയുണ്ടാക്കിയ പുരത്തളമാണ്. അതിന്‍റെ ഓരോ കോണുകളിലും ആനകളുടെയും പാമ്പുകളുടെയും മത്സ്യത്തിന്റെയും ഡ്രാഗണുകളുടെയും രൂപം കൊത്തി വച്ച തേക്കിന്‍ തൂണുകള്‍. കാവിയിലും ടെറാകോട്ടയിലും നീലയിലും ചായം പൂശിയ നിലം. മുന്‍തലമുറയിലെ കാരണവന്മാര്‍ പണം കൊടുക്കല്‍-വാങ്ങല്‍ ഇടപാടുകള്‍ നടത്തിയിരുന്നത് ഇവിടെ നിന്നായിരുന്നു. പുരുഷന്മാരുടെ സ്ഥലമായിരുന്നു ഈ പുരത്തളം.

ഇവിടെ നിന്നും ഒരു ഇരുപതടി പിന്നോട്ട് പോയാല്‍ സ്ത്രീകള്‍ക്കുള്ള സ്ഥലമായി. ഇവിടെ നിന്നും സ്ത്രീകള്‍ സംസാരിക്കുന്ന ഒരു വാക്കു പോലും മുന്‍വശത്തേക്ക് കേള്‍ക്കാനാവാത്ത തരത്തിലാണ് ഈ ഭാഗം നിര്‍മ്മിച്ചിരിക്കുന്നത്.  പുരത്തളത്തിനും ഈ പ്രദേശത്തിനും ഇടയിലായി വലിയ നടുമുറ്റമുണ്ട്. നിലാവുള്ള രാത്രികളില്‍ ഇവിടെ വന്ന് ആകാശത്ത് നോക്കിയിരിക്കുന്നത് അതിമനോഹരമായ അനുഭവമാണ്. എട്ടുകെട്ടായതിനാല്‍ ഇത്തരം രണ്ടു നടുമുറ്റങ്ങള്‍ ഈ തറവാടിനുണ്ട്. പൂര്‍വികന്മാരെ ഓര്‍മ്മിക്കുന്ന ദിനത്തില്‍ ഇവിടെ ആടിനെ അറുത്ത് നേര്‍ച്ച കൊടുക്കുന്ന പതിവുമുണ്ട്. 

kandath-tharavad-homestay1

തറവാട്ടിലെ വാതിലുകള്‍ പൊതുവേ ഉയരം കുറഞ്ഞതും ഇടുങ്ങിയതും പടികളോട് കൂടിയതുമാണ്. തല കുനിച്ച്, വീടിനെ ആദരിച്ച് വേണം അകത്ത് കയറാന്‍. തേക്കും പിച്ചളയുമാണ് ഇതിന്‍റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. മതിയായ സൗകര്യങ്ങളുള്ള മുറികള്‍ ആണ് ഇവിടെ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. എന്നാല്‍ തറവാടിന്റെ ജീവന്‍ തുടിച്ചു നില്‍ക്കുന്നത് അതിന്‍റെ തുറസ്സായ സ്ഥലങ്ങളിലാണ്. പോസിറ്റീവ് എനര്‍ജി നിറഞ്ഞു നില്‍ക്കുന്നതായി അനുഭവിച്ചറിയാം ഇവിടെ. 

kandath-tharavad-homestay4

താമസത്തിനൊപ്പം കേരള ശൈലിയിലുള്ള ഭക്ഷണവും ഇവിടെ ലഭിക്കും . നോണ്‍ വെജിറ്റേറിയന്‍ വേണ്ടവര്‍ക്ക് അതും ലഭ്യമാക്കുന്നുണ്ട്. ഹോബിയായി വേണമെങ്കില്‍ ഇവിടത്തെ കുളത്തില്‍ മീന്‍ പിടിക്കാനോ സൈക്കിള്‍ ഓടിച്ചു നാടു ചുറ്റാനോ ഒക്കെ പോകാനുള്ള സൗകര്യം ഒരുക്കിത്തരും വേണമെങ്കില്‍. ലോണ്ട്രി, ഡോക്ടര്‍ ഓണ്‍ കോള്‍, ബിയര്‍/വൈന്‍, എയര്‍പോര്‍ട്ട്/സ്റ്റേഷന്‍ ട്രാന്‍സ്ഫര്‍ മുതലായ സൗകര്യങ്ങളുമുണ്ട്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com