ADVERTISEMENT

പന്തീരാണ്ടിനുശേഷം നീലക്കുറിഞ്ഞി പൂക്കുന്നതിന്റെ സന്തോഷത്തിലായിരിക്കാം, ഇക്കുറി മൂന്നാറിൽ മഴ തിമിർത്താടുകയാണ്. വളഞ്ഞു പുളഞ്ഞ് നിലത്തിറങ്ങിയ മഴനൂലുകൾ കർക്കടകത്തിനു മുൻപേ മൂളിപ്പാട്ടു തുടങ്ങി. ആകാശവും പ്രകൃതിയും ജീവജാലങ്ങളും മൂന്നാറിന്റെ വസന്തത്തെ വരവേൽക്കാൻ തയാർ. 

പ്രിയപ്പെട്ട എലെയ്നർ... അങ്ങനെ വിളിക്കാമല്ലോ അല്ലേ? ഇവിടെ ഈ സെമിത്തേരിയിൽ കോൺക്രീറ്റ് കല്ലറയുടെ അരികി ൽ നിൽക്കുമ്പോൾ എന്തിനെന്നറിയാതെ കണ്ണു നിറയുന്നു. മരിച്ചവരുറങ്ങുന്ന പറമ്പിലേക്കു കയറുന്ന സമയത്ത് തെല്ലും പേടി തോന്നിയിരുന്നില്ല. പക്ഷേ, പൂച്ചെടികളുടെ ചതുരമണ്ഡ‍പത്തിനു നടുവിൽ നീ വിശ്രമിക്കുന്ന പേടകത്തിന്റെ മുന്നിലെത്തിയപ്പോൾ നെഞ്ചിനകത്തൊരു വിങ്ങൽ. ഇങ്ങോട്ടു നടന്നു കയറുന്നതിനിടെ കാലിലും കയ്യിലും മുള്ളു തറച്ചതിനെക്കാൾ ഇപ്പോൾ മനസ്സു നീറുകയാണ്. തൊട്ടടുത്ത് ആരുമില്ലെന്നുറപ്പുണ്ടായിട്ടും അരികത്താരോ തേങ്ങുന്ന പോലെ. നിനക്കറിയാമല്ലോ, മന്ത്രകോടി പുതച്ച് ഒടുവിൽ നീ ഇതു വഴി കടന്നു പോകുമ്പോൾ ഹെൻറി തനിച്ചായിരുന്നു. വേർപാടിന്റെ നൂറ്റിയിരുപത്തിനാലു വർഷങ്ങൾ... എലെയ്നർ, നോക്കൂ ഈ ഭൂമിയിൽ നിന്നെ ഏറ്റവുമധികം മോഹിപ്പിച്ചിട്ടുള്ള മൂന്നാറിൽ പിൻകാലത്തിന്റെ മഴത്തുള്ളികൾ പെയ്തു തുടങ്ങിയിരിക്കുന്നു.

munnar-trip-pic3

എലെയ്നർ ഇസബൽ മെയ്


1894, നവംബർ. രാജമലയുടെ നെറുകയിൽ നീലക്കുറിഞ്ഞിയുടെ വസന്തം കിരീടമണിഞ്ഞ കാലം. എലെയ്നറുടെ കൈപിടിച്ച് ഹെൻറി മ ദ്രാസിൽ നിന്നു തീവണ്ടി കയറി. അവളുടെ എക്കാലത്തെയും ആഗ്രഹമായിരുന്നു മൂന്നാർ. ഇംഗ്ലണ്ടിൽ നിന്നു പുറപ്പെടുന്നതിനു മുൻപു മധുവിധു മൂന്നാറിലാണെന്ന് ഹെൻറി ഭാര്യക്കു വാക്കു കൊടുത്തിരുന്നു.

munnar-trip-pic1

അക്കാലത്ത് തിരുച്ചിറപ്പള്ളിയാണ് ദക്ഷിണേന്ത്യയിലെ ഒടുവിലത്തെ റെയിൽവെ സ്റ്റേഷൻ. മദ്രാസ് റെജിമെന്റിലെ പട്ടാളക്കാരുടെ സുരക്ഷയിൽ നവദമ്പതികൾ തിരുച്ചിറപ്പള്ളിയിൽ നിന്നു കുതിരവണ്ടിയിൽ ബോഡിനായ്ക്കന്നൂരിലേക്കു നീങ്ങി. അവിടെ നിന്നു കുതിരപ്പുറത്തു കയറി കാട്ടിലൂടെ മൂന്നാറിലേക്ക്. ഇംഗ്ലണ്ടിൽ ജനിച്ചു വളർന്ന എലെയ്നറെ സംബന്ധിച്ചിടത്തോളം സ്വർഗതുല്യമായ യാത്ര. ‘‘ഞാൻ മരിക്കുമ്പോൾ എന്റെ മൃതദേഹം ഇവിടെ അടക്കം ചെയ്യണം...’’  എലെയ്നർ പ്രിയതമന്റെ കാതുകളിൽ മന്ത്രിച്ചു. പ്രണയം പൂമഴ പെയ്ത ആ പകലിന്റെ മറവിൽ മരണം പതിയിരിക്കുന്ന വിവരം ഹെൻറി അപ്പോൾ അറിഞ്ഞിരുന്നില്ല.

munnar-trip-pic

വരയാടുകൾ മേയുന്ന രാജമലയും ത ലയാറൊഴുകുന്ന താഴ്‌വരയും മഞ്ഞു പെയ്യുന്ന മലഞ്ചെരിവുകളും കണ്ടു നടക്കുന്നതിനിടെ എലെയ്നർക്കു കോളറ ബാധിച്ചു. ക്രിസ്മസിനു രണ്ടു നാൾ മുൻപ്, 1894 ഡിസംബർ 23ന് ഹെൻറിയുടെ മടിയിൽ കിടന്ന് അവൾ എന്നെന്നേയ്ക്കുമായി യാത്ര പറഞ്ഞു.


മകളുടെ മൃതദേഹം ബ്രിട്ടനിൽ സംസ്കരിക്കാമെന്ന് വ്യവസായി ആയിരുന്ന ബ്യുഫോർട് ബ്രാൻസൻ പറഞ്ഞെങ്കിലും എലെയ്നറുടെ ആഗ്രഹം സാധിച്ചു നൽകണമെന്നു ഹെൻറി വാശി പിടിച്ചു. തലയാറിന്റെ തീരത്തെ കുന്നിനു മുകളിൽ, എലെയ്നർ അവസാന ആഗ്രഹം പ്രകടിപ്പിച്ച സ്ഥലത്ത് ഹെൻറി അവൾക്കു വേണ്ടി കുഴിമാടമൊരുക്കി. ഒരായുസ്സിന്റെ മുഴുവൻ വേദനയും പ്രണയമായി സമ്മാനിച്ച് അവൾ മടങ്ങിയ പാതയിൽ ശിഷ്ടകാലം അയാൾ ഒറ്റയ്ക്കു ജീവിച്ചു തീർത്തു.

munnar-trip-pic2

എലെയ്നർ അന്ത്യവിശ്രമം കൊള്ളുന്ന കുന്നിന്റെ താഴ്‌വാരത്തായിരുന്നു ഹെൻറി താമസിച്ചിരുന്ന ബംഗ്ലാവ്. പഴയ മൂന്നാറിൽ തലയാറിനോടു ചേർന്നുള്ള ആ കുന്നിന്റെ ചെരിവിൽ ഇപ്പോൾ ഇംഗ്ലീഷ് വാസ്തുവിദ്യയിലുള്ള ഒരു പള്ളിയാണ്. എലെയ്നറുടെ  വേർപാടിനു ശേഷം പതിനാറു വർഷം കഴിഞ്ഞ് 1911ലാണ് പള്ളി നിർമിക്കപ്പെട്ടതെന്ന് ലിഖിതങ്ങൾ പറയുന്നു. ഈ പള്ളിയുടെ മുന്നിൽ നിന്നാൽ ഇരുപത്തിനാലാം വയസ്സിൽ ജീവിതത്തിന്റെ പൂമുഖത്തു നിന്നു പടിയിറങ്ങേണ്ടി വന്ന എലെയ്നറുടെ മുഖം കാണാം, ഹെൻറിയുടെ ഹൃദയ വേദന കേൾക്കാം... യമുനാ നദിയുടെ തീരത്ത് താജ്മഹലിന്റെ രൂപത്തിൽ ഷാജഹാൻ ചക്രവർത്തി അനശ്വരമാക്കിയതു പ്രിയതമയോടുള്ള പ്രണയമാണെങ്കിൽ, മൂന്നാറിലെ മുംതാസാണ് എലെയ്നർ ഇസബൽ മെയ്...

നീലക്കുറിഞ്ഞി പൂക്കുന്നു


മൂന്നാറിൽ മഴ ചാഞ്ഞും ചെരിഞ്ഞും നെടുന്നനെ ചുവടുവച്ചും നൃത്തം ചെയ്യാറുണ്ട്. മൺസൂൺ തുടങ്ങുന്നതിനു മുൻപേ മൂന്നാറിനോടു ഗുഡ് ബൈ പറയുന്നതിനാൽ തേയിലത്തോട്ടങ്ങളിൽ മഴ നൃത്തം ചെയ്യുന്നതു സഞ്ചാരികളുടെ ശ്രദ്ധയിൽപ്പെട്ടില്ല. പന്തീരാണ്ടിനു ശേഷം നീലക്കുറിഞ്ഞി പൂക്കുന്നതിന്റെ സന്തോഷത്തിലായിരിക്കാം, ഇക്കുറി മൂന്നാറിൽ മഴ തിമിർത്താടുകയാണ്. വളഞ്ഞു പുളഞ്ഞ് നിലത്തിറങ്ങുന്ന മഴനൂലുകൾ കർക്കടകം വരുന്നതിനു മുൻപേ മൂളിപ്പാട്ടു തുടങ്ങി.

ഞാറ്റുവേല കനപ്പെടുന്നതിനു മുൻപു തന്നെ നീലക്കുറിഞ്ഞികളുടെ പൂങ്കാവനം സന്ദർശകരെ കാത്ത് ഒരുങ്ങി നിൽക്കുകയാണ്. മേയ് മാസത്തിന്റെ പകുതി വരെ ഉണങ്ങി നിന്നിരുന്ന മൊട്ടക്കുന്നുകൾ പതുക്കെ പച്ച പുതപ്പിലൊളിച്ചു തുടങ്ങി. ഇരവികുളം നാഷനൽ പാർക്കിലേക്കു പ്രവേശന ടിക്കറ്റ് വിതരണം ചെയ്യുന്ന സ്ഥലം മുതൽ നാലു കിലോമീറ്റർ റോഡ് നിശബ്ദം. ആൾത്തിരക്കൊഴിഞ്ഞതിന്റെ ഉത്സാഹത്തിൽ വരയാടുകൾ തുള്ളിച്ചാടി നടക്കുന്നു. ആകാശവും പ്രകൃതിയും ജീവജാലങ്ങളും മൂന്നാറിന്റെ വസന്തത്തെ വരവേൽക്കാൻ തയാർ.

പൂ‍‌ഞ്ഞാർ രാജവംശത്തിന്റെ ഭരണകാലം മുതൽ മലയാള നാടിന്റെ അന്തസ്സാണു മൂന്നാർ. ചോള–പാണ്ഡ്യ രാജാക്കന്മാരും പിന്നീട് ഇംഗ്ലീഷുകാരും മൂന്നാറിനെ സ്വർഗമായി കരുതി. കാടിന്റെ മക്കളായ മലയരും അടിയരും കുറുമ്പന്മാരും മലവേടരും കറുമരും കാടരും പണിയരും മൂന്നാറിനെ തലോടിത്തഴുകി കൊണ്ടു നടന്നു. ആ നിഷ്കളങ്കതയുടെ പുണ്യമാണ് ഇന്നും മൂന്നാറിലേക്കൊഴുകുന്ന ജനസമുദ്രം.

ചീയപ്പാറ വെള്ളച്ചാട്ടം മുതൽ തമിഴ്നാടിന്റെ അതിർത്തിയിലുള്ള ടോപ് സ്റ്റേഷൻ വരെ  പരന്നും ഉയർന്നും കിടക്കുകയാണ് മൂന്നാറിന്റെ സൗന്ദര്യം. കുടചൂടിയ പോലെ കോടമഞ്ഞ് വിടരുന്ന പച്ചപ്പണി‍ഞ്ഞ പട്ടണം ഇന്ത്യയിൽ ഇതുപോലെ വേറൊന്നില്ല.

രാജ്യത്ത് ഏറ്റവുമധികം സഞ്ചാരികളെ ആ കർഷിക്കുന്ന ഏറ്റവും ചെറിയ വിനോദസഞ്ചാര കേന്ദ്രമാണ് ദേവികുളം താലൂക്കിലെ ‘കണ്ണൻ ദേവൻ ഹിൽസ് വില്ലേജ്’ അഥവാ മൂന്നാർ. വടക്കു ഭാഗം തമിഴ്നാട്, തെക്കുഭാഗത്തു പള്ളിവാസൽ, കിഴക്കേ അതിരിൽ മറയൂർ പടിഞ്ഞാറു വശം മാങ്കുളം – കേരളത്തിലെ ഏറ്റവും വലിയ ജില്ലയായ ഇടുക്കിയിലെ ഏറ്റവും ചെറിയ ഗ്രാമത്തിന്റെ ഭൂമിശാസ്ത്രം. പതിമൂന്നു മലകളുള്ള ഇടുക്കിയിൽ നിലയ്ക്കാത്ത മ‍ഞ്ഞിന്റെ അനുഗ്രഹം കിട്ടിയതു മൂന്നാറിനാണ്. തേയിലത്തോട്ടങ്ങളുടെ ഭംഗിയിൽ മയങ്ങിയ വിദേശികൾ ഈ പ്രദേശത്തിനു കേരളത്തിലെ സ്വിറ്റ്സർലാൻഡ് എന്നു വിശേഷണം നൽകി. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണകാലത്ത് ബ്രിട്ടീഷുകാർ വേന ൽക്കാലം ചെലവഴിച്ചിരുന്ന മൂന്നാറിൽ അവരുണ്ടാക്കിയ ബംഗ്ലാവുകൾ ഇന്നും ചരിത്ര പ്രാധാന്യത്തോടെ നിലനിൽക്കുന്നു.

ടോപ് േസ്റ്റഷൻ

ഇംഗ്ലീഷ് പശ്ചാത്തലമാണു മൂന്നാറിന്റെ പൈതൃകം. തേയിലത്തോട്ടങ്ങൾ ഉണ്ടാക്കിയും അ ണക്കെട്ടുകൾ നിർമിച്ചും കുണ്ടളയിൽ നിന്നു ടോപ് സ്റ്റേഷൻ വരെ ‘ട്രാൻസ്പോർട്ടേഷൻ ട്രാക്ക്’ സൃഷ്ടിച്ചും മൂന്നാറിനെ ചിട്ടപ്പെടുത്തിയത് ബ്രിട്ടിഷുകാരാണ്. യൂറോപ്പിലെ തണുപ്പിനെക്കാൾ നല്ല തേയില വിളയുന്ന കാലാവസ്ഥ മൂന്നാറിലാണെന്ന് ഇംഗ്ലിഷുകാർ മനസ്സിലാക്കി. അവർ തുറന്നിട്ട വഴികളാണ് പിൽക്കാലത്ത് മൂന്നാറിൽ വിനോദസഞ്ചാര കേന്ദ്രങ്ങളായത്.

പൂർണരൂപം വായിക്കാം


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com