sections
MORE

കുറുവ ദ്വീപില്‍ 'പറന്നു നടന്ന്' ടോവിനോ: വിഡിയോ

tovino-wayanad-trip
SHARE

വയനാട്ടില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന ഇടമാണ് കബനിയുടെ മാറില്‍ ചിതറിക്കിടക്കുന്ന കുറുവ ദ്വീപുകള്‍. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായ സസ്യലതാദികളും പുഷ്പങ്ങളും ചേര്‍ന്ന് ഇവിടുത്തെ പ്രകൃതിയെ ഒരു മായികലോകമാക്കുന്നു. ലോകത്തിന്‍റെ നാനാ ഭാഗങ്ങളില്‍ നിന്നും വയനാട്ടിലെ ഈ മനോഹര ഭൂപ്രദേശം തേടി അനവധി ആളുകളാണ് ദിനംപ്രതി ഇങ്ങോട്ടെത്തുന്നത്. ഇപ്പോഴിതാ, കുറുവ എന്ന സുന്ദരിയെ തേടി വയനാട്ടില്‍ എത്തിയിരിക്കുന്നത് മറ്റാരുമല്ല, മലയാളികളുടെ പ്രിയനടൻ- ടോവിനോ! 

സിപ് ലൈനിലൂടെയുള്ള യാത്രയുടെ വീഡിയോ ടോവിനോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കു വച്ചിരിക്കുന്നത്. നീല തൊപ്പിയും അതേ നിറത്തിലുള്ള ടീ ഷര്‍ട്ടുമണിഞ്ഞ്‌ കയ്യില്‍ സെല്‍ഫി സ്റ്റിക്കുമായാണ് ടോവിനോ തോമസ്‌ കുറുവ ദ്വീപില്‍ പറന്നു നടക്കുന്നത്! ഇപ്പോള്‍ വയനാട്ടില്‍ മിക്കയിടത്തും ഇങ്ങനെ കയറില്‍ തൂങ്ങിക്കിടന്ന് ആകാശയാത്ര നടത്തുന്ന സാഹസിക വിനോദമായ സിപ് ലൈന്‍ അഡ്വഞ്ചര്‍ ചെയ്യാനുള്ള സൗകര്യമുണ്ട്.  

ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനില്ലാ ദ്വീപ്‌ കേരളത്തിലാണ്!

മാനന്തവാടി നിന്നും മൈസൂര്‍ പോകുന്ന വഴിയിലാണ് സഹ്യന്‍റെ ചുവട്ടിലായി ഈ പച്ച പുതച്ച ദ്വീപ്‌. 950 എക്കറോളം വിസ്തൃതിയില്‍ കബനി നദിയില്‍ ചിതറിക്കിടക്കുന്ന നൂറ്റിയമ്പതോളം ചെറു ദ്വീപുകള്‍ ആണ് കുറുവ ദ്വീപുകള്‍ എന്നറിയപ്പെടുന്നത്. കല്പറ്റയില്‍ നിന്ന് 40 കിലോ മീറ്ററും ബത്തേരിയില്‍ നിന്ന് 34 കിലോമീറ്ററും മാനന്തവാടിയില്‍ നിന്ന് 17 കിലോമീറ്ററുമാണ് ഇങ്ങോട്ടേക്കുള്ള ദൂരം. 

കാലവര്‍ഷമാണോ എന്നൊക്കെ നോക്കി വേണം കുറുവയിലേക്ക് യാത്ര പുറപ്പെടാന്‍. സാധാരണയായി മഴക്കാലത്ത് ഇവിടെ അടയ്ക്കും. ഇന്ത്യയിലെ തന്നെ ആള്‍പ്പാര്‍പ്പില്ലാത്ത ഏറ്റവും വലിയ ദ്വീപാണിത്. ജനവാസം ഇല്ലെങ്കിലും സഞ്ചാരികളുടെ ബഹളം എപ്പോഴും കാണും ഇവിടെ. 

ഓരോ ദിവസവും അഞ്ഞൂറില്‍ത്താഴെ ആളുകള്‍ക്ക് മാത്രമേ കുറുവ ദ്വീപിലേക്ക് പ്രവേശനമുള്ളൂ. ദ്വീപ്‌ സന്ദര്‍ശിക്കാന്‍ വരുന്നവര്‍ കയ്യില്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെയാണ് എന്‍ട്രി സമയം. രണ്ടു പ്രവേശന കവാടങ്ങളാണ് ഇവിടെയുള്ളത്. പാല്‍വെളിച്ചത്തു നിന്നും 200 പേര്‍ക്കും പാക്കത്തു നിന്നും 200 പേര്‍ക്കും പ്രവേശനം അനുവദിക്കും.

വയനാട് വന്യജീവി സങ്കേതമാണ് തൊട്ടടുത്ത്‌ എന്നതിനാല്‍ ആനയും കടുവയുമടക്കമുള്ള വന്യമൃഗങ്ങള്‍ ഇങ്ങോട്ടേക്ക് എപ്പോഴും വിരുന്നു വരും. മഴക്കാലമാണ് അവരുടെ ഉല്ലാസകാലം. ദ്വീപുകളില്‍ അങ്ങോളമിങ്ങോളം നടന്നും മദിച്ചും കബനിയില്‍ നീന്തിത്തുടിച്ചും അവര്‍ മണ്‍സൂണ്‍ ആഘോഷമാക്കും. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ ഇവിടേക്ക് വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനമില്ല. മഴ മാറി സഞ്ചാരികള്‍ എത്തിത്തുടങ്ങുന്നതോടെ കുറുവ ദ്വീപ്‌ വീണ്ടും മനുഷ്യര്‍ക്ക് കൈമാറ്റം ചെയ്യപ്പെടുകയായി.

മുളം ചങ്ങാടത്തിലാണ് കുറുവ ദ്വീപ്‌ ചുറ്റിക്കാണാന്‍ പോകുന്നത്. അന്‍പതോളം പേര്‍ക്ക് ഒരേ സമയം പോകാവുന്ന ഈ കിടിലന്‍ ജലവാഹനത്തിന്‍റെ  സാരഥികള്‍ ഇവിടത്തെ വനസംരക്ഷണ സമിതിയുടെ പ്രവര്‍ത്തകരായ ആദിവാസികളാണ്. കുറുവാദ്വീപിലെ വിനോദ സഞ്ചാരത്തിന്‍റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതും വഴികാട്ടുന്നതുമെല്ലാം ഇവര്‍ തന്നെ. മുളംചങ്ങാടം തുഴഞ്ഞു പോകണമെന്ന് എന്നെങ്കിലും മനസിലൊരു ആഗ്രഹം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ഇവിടെ സാധിക്കും. വഴി നീളെയുള്ള മുളങ്കുടിലുകളും മുള കൊണ്ടുണ്ടാക്കിയ ഇരിപ്പിടങ്ങളുമൊക്കെ കണ്ട് അത്ഭുതപ്പെട്ടു പോകും. വെറും മുള ഉപയോഗിച്ച് ഇങ്ങനെയൊക്കെ ഉണ്ടാക്കാമോ എന്ന് ചിന്തിച്ചു പോകും.

kuruva-dweep-island

പുഴ താണ്ടി കുറുവയിലെത്തിയാല്‍ പിന്നെ തോന്നും വഴി നടക്കാം. പ്രകൃതി ഒരുക്കിയ മായിക കാഴ്ചകളും പേരറിയാ പൂക്കളുടെ സുഗന്ധവും കാടിന്‍റെ ശബ്ദവുമെല്ലാം ആസ്വദിച്ച് സമയം ചെലവഴിക്കാം. എത്ര സമയം ചെലവഴിച്ചാലും മടുക്കില്ല എന്നതാണ് ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത. ഓരോ ദ്വീപും കടന്നു പോകാന്‍ മൂന്നുമണിക്കുറിലേറെ സമയം വേണ്ടിവരും. 

സൗത്ത് വയനാട് വനം ഡിവിഷന് കീഴിലാണ് കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്നത്. വനസംരക്ഷണ സമിതിയുടെയും ഡി ടി പി സിയുടെയും സംയുക്തപരിപാടിയാണ് ഇവിടത്തെ വിനോദസഞ്ചാരം.  സഞ്ചാരികളെ ദ്വീപിനുള്ളിലേക്ക് കടത്തി വിടാന്‍ ഡി ടി പി സി ബോട്ടുകളുണ്ട്. അവിടെ നിന്നും വനസംരക്ഷണ സമിതിയുടെ പ്രവേശന പാസ്സ് വാങ്ങിക്കണം. പിന്നീടാണ് മുളകൊണ്ടുണ്ടാക്കിയ ചങ്ങാടത്തിലുള്ള യാത്ര. മാനന്തവാടി കാട്ടിക്കുളം വഴിയും കൊയിലേരി പയ്യമ്പള്ളി വഴിയും പുല്‍പ്പള്ളി ചേകാടി വഴിയും കുറുവയിലെത്താം. 

ഇവിടെയെത്തുന്നവര്‍ക്ക് താമസിക്കാന്‍ ടൂറിസം വകുപ്പിന്റെ ഡോര്‍മിറ്ററിയും മുറികളുമുണ്ട്. അറുപത് പേര്‍ക്ക് ഇവിടെ താമസിക്കാനാവും. കൂടാതെ റിവര്‍ റാഫ്റ്റിങ്ങും ഗൈഡ് സേവനവുമുണ്ട്. ഇതിനു പുറമെ ഒട്ടേറെ സ്വകാര്യ റിസോര്‍ട്ടുകളുമുണ്ട് കുറുവയില്‍. 

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഡി ടി പി സി വയനാട് : 04936 202134.

ഫോറസ്റ്റ് സ്റ്റേഷന്‍ : 04935 240 349.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA