sections
MORE

പാറ മുകളിൽ സൂര്യാസ്തമയം കാണണോ? തിരുവനന്തപുരത്തേക്ക് വിട്ടോളൂ

Madavoorpara
Image From keralatourism madavoorpara Page
SHARE

സഹപാഠിയായിരുന്ന അഭിരാമി പറഞ്ഞാണ് മഠവൂര്‍പ്പാറ എന്ന സ്ഥലത്തെക്കുറിച്ച് അറിയുന്നത്. "വൈകുന്നേരം പോയാല്‍ നല്ല സ്വര്‍ണ്ണം പോലത്തെ വെയിലു കാണാം" എന്നും പറഞ്ഞ് അവള്‍ ഭീകരമായി കൊതിപ്പിച്ചു! തിരുവനന്തപുരം നഗരത്തില്‍ നിന്നാണെങ്കില്‍ അധികം ദൂരവുമില്ല. എന്നാപ്പിന്നെ ഒരു കൈ നോക്കിയേക്കാം എന്നങ്ങു കരുതി. അടുത്ത വീക്കെന്‍ഡ് തന്നെ സഹയാത്രാപ്രാന്തന്‍ അരുണ്‍ ബ്രോയെയും വിളിച്ച് നേരെ അങ്ങു വച്ചു പിടിച്ചു. പോയപ്പോള്‍ മനസ്സിലായി, ഇതുവരെ വന്നത് നഷ്ടമായില്ലെന്ന്!

തിരുവനന്തപുരം നഗരം എപ്പോഴും തിരക്കുകള്‍ നിറഞ്ഞതാണ്‌. മറ്റേതു തലസ്ഥാന നഗരിയെയും പോലെ തന്നെ എപ്പോഴും തിരക്കിട്ടോടുന്ന ആളുകളെ എല്ലായിടത്തും കാണാം. എന്നാല്‍ പട്ടണത്തിരക്കുകളില്‍ നിന്നും വിട്ട് പോയിരിക്കണം എന്നുണ്ടെങ്കില്‍ അതിനു പറ്റിയ ഒരുപാടിടങ്ങളും തിരുവനന്തപുരത്തുണ്ട്. അത്തരമൊരു സ്ഥലമാണ് മഠവൂര്‍പ്പാറ. 

Image From keralatourism madavoorpara Page
Image From keralatourism madavoorpara Page

തിരുവനന്തപുരത്തു നിന്നും മഠവൂര്‍പ്പാറയിലെത്താന്‍ 

തിരുവനന്തപുരത്ത് നിന്ന് മഠവൂര്‍പ്പാറയിലേക്കെത്താന്‍ മൂന്ന് റൂട്ടുകളുണ്ട്.

1) തിരുവനന്തപുരം - ശ്രീകാര്യം - ചെമ്പഴന്തി - കാട്ടായിക്കോണം -  മഠവൂര്‍പ്പാറ

2) ശ്രീകാര്യത്തിൽ നിന്ന് പൗഡിക്കോണം - പോത്തൻ‌കോട് റൂട്ട് വഴി പോവുക. ഈ റോഡിലൂടെ ഒരു 8 കിലോമീറ്റർ പോയാല്‍ ശാന്തിപുരം എത്തും. ഈ ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിയുക.  ഒരു 2 കിലോമീറ്റർ കഴിഞ്ഞാൽ നിങ്ങൾ മഠവൂര്‍പ്പാറയിലെത്തും.

3) കഴക്കൂട്ടത്തേക്കുള്ള ബൈ-പാസ് റോഡ് വഴിയാണ് മൂന്നാമത്തെ റൂട്ട്. കഴക്കൂട്ടത്തു നിന്നും വെഞ്ഞാറമൂടിലേക്കുള്ള പുതിയ റോഡ് തെരഞ്ഞെടുക്കുക. കട്ടായിക്കോണത്തു നിന്നും വലത്തേക്ക് തിരിയുക. ഈ റോഡിലൂടെ ഒരു കിലോമീറ്ററോളം തുടരുക. ഇടതു വശത്ത് മഠവൂര്‍പ്പാറയിലേക്ക് പോകുന്ന ചെറിയ റോഡ്‌ കാണാം.

ശിവക്ഷേത്രവും കടല്‍ക്കാഴ്ചയും

ഈയടുത്ത കാലം വരെയും അത്രയൊന്നും പ്രസിദ്ധമല്ലായിരുന്നു മഠവൂര്‍പ്പാറ. എന്നാലിപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ഈ സ്ഥലത്തെക്കുറിച്ച് അറിഞ്ഞ് നിരവധി പേര്‍ ഇവിടെയത്തുന്നുണ്ട്. പാറപ്പുറത്ത് ഒരു സെല്‍ഫി സ്റ്റിക്കുമായി വലിഞ്ഞു കയറിയാല്‍ പിന്നെ ഒരാഴ്ച ഇന്‍സ്റ്റഗ്രാമില്‍ പൊടിപൊടിക്കാനുള്ള വക കിട്ടും!

ഒന്‍പതാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ടതെന്ന് കരുതുന്ന ഒരു ശിവക്ഷേത്രമുണ്ട് ഈ പാറപ്പുറത്ത്. ക്ഷേത്രവും പരിസരവും സംസ്ഥാന പുരാവസ്തു വകുപ്പിന്‍റെ സംരക്ഷണയിലാണ്. ശിവന്‍റെ ഒരു വിഗ്രഹവും ഒപ്പം ഗണപതിയുടെ രൂപം കൊത്തി വച്ചതും ഇവിടെ കാണാം. 

പാറ മുകളില്‍ ചെറിയ ഒരു പാര്‍ക്കുണ്ട്. കുട്ടികള്‍ക്ക് കളിക്കാനായി ഊഞ്ഞാലകളും സ്ലൈഡുകളുമുണ്ട് ഈ പാര്‍ക്കില്‍. അരികിലായി 'ഗംഗാ തീര്‍ത്ഥം' എന്നു പേരായ ഒരു പുണ്യ കുളവുമുണ്ട്. ഇവിടെ ഒരിക്കലും വെള്ളം വറ്റില്ലത്രേ. 

മലയുടെ മുകളിലേക്ക് ആളുകളെ കൊണ്ടു പോകാനായി പുരാവസ്തു വകുപ്പ് ഇവിടെ 101 മീറ്റർ നീളമുള്ള ബാംബൂ ബ്രിഡ്ജ് സ്ഥാപിച്ചിട്ടുണ്ട്. അതി സുന്ദരമാണ് ഇവിടെ നിന്ന് നോക്കുമ്പോഴുള്ള കാഴ്ചകള്‍. തിരുവനന്തപുരം നഗരത്തിന്‍റെ വിദൂര ദൃശ്യങ്ങളും ഒപ്പം അറബിക്കടലും ഇവിടെ നിന്ന് കാണാം. സൂര്യാസ്തമനമാകുമ്പോള്‍ കുന്നിന്‍ മുകളില്‍ സ്വര്‍ണ്ണം കോരിയൊഴിച്ചതു പോലെ മഞ്ഞ വെയില്‍ പരക്കും. ഒരു പ്രത്യേക അനുഭൂതിയാണിത്.

ഇവിടെ വന്ന് ഒന്നും ചെയ്യാതെ, കിളികളുടെ ശബ്ദമൊക്കെ കേട്ട് ചുമ്മാ പാറപ്പുറത്ത് ഇരിക്കാന്‍ തന്നെ നല്ല രസമാണ്. മുടിയിഴകളില്‍ തലോടുന്ന കാറ്റും ചുറ്റും നിറഞ്ഞു പരന്നുകിടക്കുന്ന പച്ചപ്പുമെല്ലാം ചേര്‍ന്ന് മൊത്തത്തില്‍ മികച്ച അനുഭവമായിരിക്കും. വീക്കെന്‍ഡ് അല്‍പ്പം സമാധാനപരമാക്കാം എന്നു തോന്നുകയാണെങ്കില്‍ ഒന്നും ആലോചിക്കണ്ട, നേരെ വിടാം... മഠവൂര്‍പ്പാറയിലേക്ക്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA