ADVERTISEMENT

ന്യൂഇയർ ഇതാ എത്തിക്കഴിഞ്ഞു. ആഘോഷത്തോടെ പുതുവർഷത്തെ വരവേൽക്കാനാണ് എല്ലാവരും ഇഷ്ടപ്പെടുക. ആഘോഷം എവിടെയാകണമെന്ന കാര്യത്തിൽ മിക്കവർക്കും ആശയക്കുഴപ്പമാണ്. നമ്മുടെ കൊച്ചു കേരളത്തിൽ തന്നെയുണ്ട് ഇതിന് പറ്റിയ ഇടങ്ങൾ.

ഫോർട്ട് കൊച്ചി

എന്തും  ആഘോഷമാക്കുന്നവരാണ് ഫോർട്ട്കൊച്ചിക്കാർ. പിന്നെ പുതുവർഷത്തിന്റെ കാര്യം പറയാനുണ്ടോ.?  ഹാർബർ പാലം മുതൽ തുടങ്ങുന്നു ആഘോഷത്തിന്റെ അണിഞ്ഞൊരുങ്ങൽ. പുതുവർഷത്തിന്റെ പ്രധാന ആഘോഷങ്ങളിലൊന്നു പപ്പാഞ്ഞിയാണ്. ചുവന്ന മേലങ്കി ധരിച്ചു തൂവെള്ള താടിയുള്ള തലയിൽ തൊപ്പിധരിച്ച പപ്പാഞ്ഞിമാർ പശ്ചിമ കൊച്ചിയുടെ പലഭാഗത്തും നിരക്കും. പോയ വർഷത്തിന്റെ പ്രതീകമായാണു പപ്പാഞ്ഞിയെ ഒരുക്കുന്നത്. 31ന് അർധരാത്രി ഇവയെ അഗ്നിക്കിരയാക്കും. പോയവർഷത്തെ തിന്മകളെയെല്ലാം ഉപേക്ഷിച്ചു നന്മകൾ നിറഞ്ഞ പുതുവർഷത്തെ സ്വാഗതം ചെയ്യുന്ന പരമ്പരാഗത ചടങ്ങാണിത്. 

പരമ്പരാഗത രീതിയിൽ തയാറാക്കുന്ന പപ്പാഞ്ഞികൾക്കു പുറമെ ന്യൂ ജനറേഷൻ പപ്പാഞ്ഞിമാർ കളം പിടിച്ചു തുടങ്ങിയിട്ടു കുറച്ചു കാലമേ ആയിട്ടുള്ളു.കാർണിവൽ ആഘോഷത്തോടനുബന്ധിച്ചു ഫോർട്ട്കൊച്ചി കടപ്പുറത്തു കൂറ്റൻ പപ്പാഞ്ഞി സ്ഥാപിക്കും. പശ്ചിമ കൊച്ചിയിലെ ഓരോ മണൽത്തരിയിലും അലങ്കാരങ്ങൾ നിറയുന്ന കാലമാണു പുതുവർഷം. ഇവിടുത്തെ കാർണിവലും ഗംഭീരം. വിവിധ ആഘോഷങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരികയാണു കാർണിവലിലൂടെ ചെയ്യുന്നത്. 

1985 യുവജന വർഷമായി ആഘോഷിക്കണമെന്ന ഐക്യരാഷ്ട്ര സംഘടനയുടെ പ്രഖ്യാപനം 1984ൽ പുറത്തു വന്നിരുന്നു. അങ്ങനെ രാജ്യാന്തര യുവജന വർഷാചരണം നടത്താൻ ഫോർട്ട്കൊച്ചിയിലെ യുവാക്കളുടെ കൂട്ടായ്മ എടുത്ത തീരുമാനത്തിൽ നിന്നാണു കാർണിവൽ പിറവിയെടുത്തത്. 1984ൽ ബീച്ച് ഫെസ്റ്റിവലായി തുടങ്ങിയ ആഘോഷം തൊട്ടടുത്ത വർഷം മുതൽ ഡിസംബർ അവസാന വാരം മുതൽ പുതുവർഷാരംഭം വരെ നടക്കുന്ന കാർണിവലായി ആഘോഷിച്ചു തുടങ്ങി. തുടങ്ങിയതു മുതൽ ഇതുവരെ ഫോർട്ട്കൊച്ചിയിലെ കാർണിവൽ മുടക്കമില്ലാതെ നടക്കുന്നു. ഐക്യത്തിന്റെ സന്ദേശമാണു കാർണിവൽ മുന്നോട്ടു വയ്ക്കുന്നത്

ആലപ്പുഴ

വിവിധ കലാപരിപാടികൾ, ഭക്ഷ്യമേള, പുതുവത്സര വരവേൽപ്പിന്റെ ഭാഗമായി വർണ്ണക്കാഴ്ചകളുമൊക്കെയായി പുതുവർഷത്തെ വർഷത്തെ വരവേൽക്കാനായി ആലപ്പുഴ ബീച്ചും തയാറായിരിക്കുന്നു.

കോവളം

അന്താരാഷ്ട്ര പ്രസിദ്ധി നേടിയ കോവളം ബീച്ച് സ്വദേശികൾക്കും വിദേശികൾക്കും പ്രിയപ്പെട്ട കേന്ദ്രമാണ്. ലൈറ്റ് ഹൗസ്, ഹവാ, സമുദ്ര എന്നിങ്ങനെ മൂന്നു ബീച്ചുകളാണ് ഇവിടുള്ളത്. ഇവിടുത്തെ സൂര്യസ്നാനവും സമുദ്രസ്നാനവും കനോയിങ്ങും മറക്കാനാകില്ല.

വർക്കല ബീച്ച്

മനംകുളിർപ്പിക്കുന്ന കടൽത്തീരം. വൃത്തിയും വെടിപ്പും എടുത്തു പറയണം. സൂര്യസ്നാനം, സർഫിങ്, ബോട്ട് യാത്ര ആസ്വദിക്കാം...

മൂന്നാർ

munnar

മഞ്ഞ് പുതച്ച പ്രകൃതിരമണീയമായ സ്ഥലത്താകണം ഈ പുതുവർഷമെന്നു ആഗ്രഹിക്കുന്നവർക്കു മൂന്നാറിലേക്കു സ്വാഗതം. ലഗൂണുകളും ചെറു കുന്നുകളും തേയിലത്തോട്ടങ്ങളും പുതിയ അനുഭൂതി നൽകുന്നതാണ്.

കുമരകം

kumarakom-travel

ലോകടൂറിസം മാപ്പിൽ ഇടം നേടിയ മനോഹര സ്ഥലം. വഞ്ചി വീടുകളാണ് പ്രധാന ആകർഷണം. കുമരകം, ബോട്ടുജെട്ടി, കവണാറ്റിൻകര, ചീപ്പുങ്കൽ, കൈപ്പുഴമുട്ട് എന്നിവടങ്ങളിൽ നിന്നും വഞ്ചിവീടുകളുടെ സർവീസുണ്ടാകും. 120ഓളം വഞ്ചിവീടുകളുണ്ട് കുമരകത്ത്. മോട്ടോർ ഘടിപ്പിച്ച വള്ളങ്ങൾ, സ്പീഡ് ബോട്ട്, ശിക്കാരി വള്ളങ്ങൾ എന്നിവയിൽ കായൽ സൗന്ദര്യം ആസ്വദിക്കാം. കേരളത്തിനു തൊട്ടടുത്ത പോണ്ടിച്ചേരിയും മോശമല്ല. ആഘോഷം ഫ്രഞ്ച് സ്റ്റൈലിൽ വേണമെന്നുള്ളവർക്കു ഇവിടം തന്നെ നല്ലത്. സ്വകാര്യ ബീച്ചുകളും ബാറുകളും കുസിനുകളും ഇവിടുത്തെ പ്രത്യേകതയാണ്. ഡിജെ പാർട്ടികൾ പ്രസിദ്ധം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com