ADVERTISEMENT

നക്ഷത്രങ്ങളും ദീപാലങ്കാരങ്ങളുമൊക്കെയായി ഫോർട്ട്കൊച്ചി അണി​ഞ്ഞൊരുങ്ങി സുന്ദരിയായി നിൽക്കുകയാണ്. പുതുവർഷത്തെ വരവേൽക്കാനായി മിക്കവരും യാത്രതിരിക്കുന്നത് ഫോർട്ട്കൊച്ചിയിലേക്കാണ്. പുതുവർഷത്തിന്റെ പ്രധാന ആഘോഷങ്ങളിലൊന്നു പപ്പാഞ്ഞിയാണ്. ചുവന്ന മേലങ്കി ധരിച്ചു തൂവെള്ള താടിയുള്ള തലയിൽ തൊപ്പിധരിച്ച പപ്പാഞ്ഞിമാർ പശ്ചിമ കൊച്ചിയുടെ പലഭാഗത്തും നിരക്കും. പോയ വർഷത്തിന്റെ പ്രതീകമായാണു പപ്പാഞ്ഞിയെ ഒരുക്കുന്നത്. 31ന് അർധരാത്രി ഇവയെ അഗ്നിക്കിരയാക്കും. പോയവർഷത്തെ തിന്മകളെയെല്ലാം ഉപേക്ഷിച്ചു നന്മകൾ നിറഞ്ഞ പുതുവർഷത്തെ സ്വാഗതം ചെയ്യുന്ന ചടങ്ങാണിത്.

കോട്ടയം പുതുവർഷലഹരിയിൽ

ഇത്തവണത്തെ പുതുവർഷം കോട്ടയത്തു ആഘോഷമാക്കാം. കോട്ടയം കാർണിവലിനു തുടക്കമാകുന്നു. 28 അടി ഉയരമുള്ള പപ്പാഞ്ഞിയാണ് പണിതുയർത്തിയിരിക്കുന്നത്.

കോട്ടയം വടവാതൂർ– മോസ്കോ ബണ്ട് റോഡിലാണ് കോട്ടയം കാർണിവല്‍ നടക്കുന്നത്.കൈതയിൽകെട്ട് കാർഷിക വിതരണ സംഘത്തിന്റെ നേതൃത്വത്തിലാണ് കാർണിവൽ സംഘടിപ്പിച്ചിരിക്കുന്നത്. മീനച്ചിലാറിന്റെ കൈവഴിയായി ഒഴുകുന്ന മീനന്തറ ആറ്റിലാണ് കൂറ്റൻ പപ്പാഞ്ഞി പണിതുയർത്തിയിരിക്കുന്നത്.

ഡിസംബർ 31 ന് വൈകിട്ട് 6.30ന് കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ കാർണിവല്‍ ഉദ്ഘാടനം ചെയ്യും. അതിഥിയായി എത്തുന്നത് സൗദി ഗായകനും കോമഡി ഫെസ്റ്റിവൽ ഫെയിം കൂടെയായ ഹാഷീം അബ്ബാസ്. കുട്ടികളുടെ കലാപരിപാടികളടക്കം ഗാനമേളയും നൃത്തവുമെല്ലാം ചേരുന്നതാണ്‌ ആഘോഷം. വർണശബളമായ വെടിക്കെട്ടും ഒരുക്കിയിട്ടുണ്ട്. പന്ത്രണ്ട് മണിയോടെ പപ്പാഞ്ഞിയെ അഗ്നിക്കിരയാക്കി പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് കോട്ടയക്കാർ.

പാടങ്ങളുടെ സൗന്ദര്യം നിറഞ്ഞയിടമാണ് വടവാതൂർ– മോസ്കോ ബണ്ട് റോഡ്. ടൂറിസം പ്രമോഷന്റെ ഭാഗമായാണ് ഇങ്ങനെയൊരു ആഘോഷം തുടങ്ങാൻ പ്രേരിപ്പിച്ചതെന്ന് അധികൃതർ പറയുന്നു. സുരക്ഷ ഉറപ്പാക്കി കോട്ടയം കാർണിവല്‍ തുടങ്ങുന്നതിനായുള്ള അനുമതിയും നേടിയിട്ടുണ്ട്.  ആഘോഷത്തോടെ പുതുവർഷത്തെ വരവേൽക്കാനായി കോട്ടയത്തേക്ക് പോരൂ..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com