ഭാമയുമൊത്തുള്ള യാത്ര ഇനി ഈ അടുത്തകാലത്ത് നടപ്പാകില്ല: നടി വീണ നായർ പറയുന്നു

veena-nair-travel
SHARE

തട്ടീം മുട്ടീം എന്ന ഹാസ്യ പരമ്പരയിലെ കോകിലയിലൂടെയാണ് വീണ നായർ ചുരുങ്ങിയ നാളുകൾ കൊണ്ട് മലയാളികളുടെ ഹൃദയത്തിലേക്കെത്തിയത്. മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും തിളങ്ങുന്ന വീണയുടെ അഭിനയവും വാക്ചാതുര്യവും തന്നെയാണ് പ്രേക്ഷകരെ ആകർഷിച്ചത്. കോകില അൽപം കുശുമ്പുള്ള കഥാപാത്രമാണെങ്കിലും വീണ ആളൊരു പാവമാണ്. സീരിയലിന്റെയും സിനിമയുടെയും തിരക്കിനിടയിലും തന്റെ സ്വകാര്യ ഇഷ്ടം യാത്രകളാണെന്നു വീണ നായർ പറയുന്നു. അതുകൊണ്ടുതന്നെ തിരക്കിന്റെ ഇടവേളകളിൽ ധാരാളം യാത്രകൾ നടത്താറുമുണ്ട്. കുടുംബവുമായി അടിച്ചുപൊളിച്ച് യാത്രപോകാനാണ് ഇഷ്ടം. ഇഷ്ട യാത്രകളുടെ വിശേഷങ്ങളുമായി വീണ...

‘എല്ലാവരും ഒരുമിച്ചുള്ള യാത്രയാണ് കൂടുതൽ രസകരം. അതിനോളം വലിയ സന്തോഷം വേറെയെന്താണ്. ഏറ്റവും വലിയ സന്തോഷം മോന്‍ ഒപ്പമുള്ളതാണ്. കുഞ്ഞുങ്ങളുടെ വരവോടെ നമ്മുടെ ജീവിതരീതി പാടേ മാറും. യാത്ര പ്ലാൻ ചെയ്താൽ അവനെയും കൊണ്ടുപോകുവാൻ പറ്റുമോ, നീണ്ട യാത്രയാണെങ്കിൽ എങ്ങനെ കുഞ്ഞിനെ ഒപ്പം കൂട്ടും, അവന് ബുദ്ധിമുട്ടുണ്ടാകുമോ എന്നിങ്ങനെ നൂറു സംശയങ്ങളാണ്. ദൈവാനുഗ്രഹത്താൽ എന്നെയും ഭർത്താവ് കണ്ണേട്ടനെയും പോലെ ട്രിപ് പോകുവാൻ അവനും റെഡിയാണ്. എത്ര നേരം വേണമെങ്കിലും കാറിലിരിക്കുവാനും മടുപ്പില്ല. അവൻ ഹാപ്പിയാണ്. ഞങ്ങളും ഡബിൾ ഹാപ്പി.

veena-travel3

ഇത്തവണ യാത്ര പൊളിച്ചു

അടുത്തിടെ ഞങ്ങൾ തിരുവനന്തപുരത്തു പോയിരുന്നു. ഞാനും എന്റെ ഫാമിലിയും കണ്ണേട്ടന്റെ അനിയനും ഭാര്യയും എന്റെ സഹോദരനും ഫാമിലിയും ഉണ്ടായിരുന്നു. പൊളി യാത്രയായിരുന്നു. ഗോ ഗോ ലാൻഡ് െഎലൻഡ് റിസോർട്ടിലേക്കായിരുന്നു യാത്ര. അതൊരു അഡ്വഞ്ചർ പാര്‍ക്ക് കൂടിയാണ്. എവിടെ  താമസത്തിനുപോയാലും പൂളുള്ള റൂം എടുക്കുക പതിവാണ്. അക്കാര്യത്തിൽ ഇവിടെയും മാറ്റം വരുത്തിയില്ല. കായലും കടലും സംഗമിക്കുന്ന ഭൂമിയാണ് പൂവാർ. സുന്ദരകാഴ്ചകൾ നിറഞ്ഞ പൂവാർ പോലെ മനോഹരിയായിരുന്നു ഗോ ഗോ െഎലൻഡും. പൂവാറിൽനിന്നു ബോട്ടിൽ വേണം ഇവിടെയെത്താൻ. മുഴുവനും വെള്ളം കെട്ടിനിർത്തിയ രീതിയിലാണ് പണിതുയർത്തിയിരിക്കുന്നത്. സന്ദർശകർക്കായി നിരവധി ഗെയിമുകളും അ‍ഡ്വഞ്ചർ ആക്ടിവിറ്റികളും ഒരുക്കിയിട്ടുണ്ട്. രണ്ടു ദിവസം ഞങ്ങള്‍ അടിച്ചു പൊളിച്ചു. മറക്കാനാവാത്ത ഒാർമകളാണ് ആ യാത്ര സമ്മാനിച്ചത്.

veena-travel4

സോളോ യാത്രകളോ?

ഒറ്റയ്ക്കു യാത്ര പോകുന്നതും കാഴ്ചകൾ കാണുന്നതുമൊക്കെ എന്തൊരു ബോറാണ്. എന്തിനും എപ്പോഴും എല്ലാവരും ഒപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാൻ. ഒറ്റയ്ക്കുള്ള യാത്രയോട് താല്‍പര്യമില്ല. ഷൂട്ടിന്റെ ഭാഗമായി യാത്ര പോകാറുണ്ടെങ്കിലും കൂടെ ഞങ്ങളുടെ ഡ്രൈവറും ഉണ്ടാവും. തനിച്ചൊരു യാത്ര ഇതുവരെ നടത്തിയിട്ടില്ല.

എല്ലാവരും പറഞ്ഞ് കേട്ടിട്ടുണ്ട് സോളോട്രിപ്പ് നല്ല അനുഭവമാണ് എന്നൊക്കെ. ഇപ്പോൾ എനിക്ക് കണ്ണേട്ടനും സുഹൃത്തുക്കളുമൊക്കെയുള്ള യാത്രയാണ് ഇഷ്ടം. നാളെയൊരിക്കൽ സോളോയാത്ര ഇഷ്ടമാകുമോ എന്നറിയില്ല.

veena-travel

എത്ര തവണ പോയാലും മടുക്കില്ല ഇവിടം

ജീവിതത്തിൽ ഞാൻ നേടിയതെല്ലാം ഇൗശ്വരാനുഗ്രഹം കൊണ്ടാണ്. ദൈവത്തെ മറന്ന് ഒന്നും ചെയ്യാനാവില്ല. ക്ഷേത്രങ്ങളിൽ പോകാൻ ഒരുപാട് ഇഷ്ടമാണ്. അവസരം കിട്ടുമ്പോഴൊക്കെ ഗുരുവായൂർ ദർശനം നടത്താറുണ്ട്.  ഗുരുവായൂരപ്പനെ എത്ര കണ്ടാലും മതിവരില്ല. കഴിഞ്ഞിടയ്ക്കും ഞാനും അമ്മയുമൊക്കെയായി ഗുരുവായൂരിൽ പോയിരുന്നു. ഇൗശ്വരന്റെ മണ്ണില‍േക്ക് ഇറങ്ങിച്ചെല്ലുമ്പോൾ ഉണ്ടാവുന്ന അനുഭൂതി മറക്കാനാവില്ല.

മറക്കാനാവാത്ത അനുഭവം

കഴിഞ്ഞ യാത്രകളിൽ തിരുവനന്തപുരത്തേക്കുള്ള ട്രിപ് തന്നെയാണ് മറക്കാനാവാത്തത്. കാരണം എന്റെ സഹോദരനും ഭാര്യയുമൊക്കെയായി ഒരു ട്രിപ് ആദ്യമായിരുന്നു. ഗംഭീരയാത്ര. ഗോ ഗോ ലാൻഡ് െഎലൻഡിലെ ഒാരോ കാഴ്ചയും മറക്കാനാവാത്ത അനുഭവമായിരുന്നു. എല്ലാവരും ഒന്നിച്ച് ഇങ്ങനൊരു ട്രിപ്പിനായി ഇനി രണ്ടുവർഷം കാത്തിരിക്കണം, കാരണം അനിയനും അനിയത്തിക്കും രണ്ടുവർഷം കഴിഞ്ഞേ അവധി കിട്ടൂ. അവരുടെ അടുത്ത വരവിനായി ഞങ്ങൾ കാത്തിരിക്കും, അടിച്ചുപൊളിക്കാൻ.

veena-travel2

യാത്രാ പ്ലാനിങ്ങുകൾ നടക്കാറില്ല

ഞാനൊരു ഫൂഡിയാണ്. ഭക്ഷണം കഴിക്കാനായി മിക്കപ്പോഴും കൊച്ചിയിലേക്കാണ് എത്തുന്നത്. സ്മാർട്ട്പിക്സ് മീഡിയ ഒാണർ മിഥുൻചേട്ടന്റെയും ആൻസിയുടെയും അടുത്തേക്കാണ് എപ്പോഴും പോകുന്നത്. ആൻസിയും ഭാമയുമൊക്കെ നല്ല സുഹൃത്തുക്കളാണ്. അവരോടൊത്ത് പലപ്പോഴും യാത്ര പ്ലാൻ ചെയ്യാറുണ്ട്. ഷൂട്ടും തിരക്കുമൊക്കെ കാരണം ഇതുവരെ നടന്നിട്ടില്ല. യാത്ര പ്ലാൻ ചെയ്യുമ്പോൾ എനിക്ക് സൗകര്യം ഉണ്ടാവില്ല. അവസാനം ആൻസിയും ഭാമയും കൂടി പോകും. അവർ കുളു മണാലിയൊക്കെ പോയി. ഇനിയിപ്പോൾ ഭാമ വിവാഹത്തിന്റെ തിരക്കിലാണ്. ഇപ്പോഴൊന്നും ഫ്രീയായി കിട്ടില്ലെന്നറിയാം. എന്നാലും ഒരിക്കൽ ഞങ്ങളുടെ യാത്രാപ്ലാൻ സഫലമാകും എന്നു വിശ്വസിക്കുന്നു. അതുപോലെ തട്ടീം മുട്ടീമിലെ മഞ്ജുചേച്ചിയുമായി ഒരുപാടു യാത്ര പ്ലാൻ ചെയ്തതാണ്. ഇതുവരെ നടന്നിട്ടില്ല.

veena-trip12

എന്റെ സ്വപ്നം

എല്ലാവരെയും പോലെ എനിക്കും സ്വപ്നങ്ങളുണ്ട്. ലോകം മുഴുവൻ ചുറ്റിക്കാണണമെന്നത് എന്റെ ആഗ്രഹമാണ്. ഞാൻ കാണാത്ത സ്ഥലങ്ങളൊക്കെ എന്റെ സ്വപ്ന നാടുകളാണ്. എന്നാലും വിദേശയാത്രയിൽ പാരിസ്, സ്വിറ്റ്സർലൻഡ് ഒക്കെ കാണണമെന്നുണ്ട്. ദൈവമനുഗ്രഹിച്ചാല്‍ ഇവിടെയൊക്കെ പോകണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA