ADVERTISEMENT

‘ഒടുക്കത്തെ ചൂട്’ എന്ന് നാട്ടിലെ വെയിലിനെ നോക്കി പരാതി പറയുന്നവർക്ക്  ഇവിടെ എത്തിയാൽ മഞ്ഞിന്റെ തണുപ്പ് ആസ്വദിക്കാം. ചന്തമുള്ള  ഇൗ  മലനിരകൾ നിങ്ങളെ ഒരു ദേശാടനത്തിനു പ്രേരിപ്പിക്കും എന്നതിൽ ഒരു സംശയവുമില്ല. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഓർഗാനിക് തോട്ടങ്ങളുള്ള കൊളുക്കുമലയെക്കുറിച്ചാണ് പറയുന്നത്. ഇവിടെയെത്തുന്ന ഏതൊരു സഞ്ചാരിയും, ഒരു രാത്രിയെങ്കിലും മലമുകളിലെ കൊടും തണുപ്പിൽ ഇരുട്ടിന്റെ കൈ പിടിച്ച്  അന്തിയുറങ്ങണമെന്ന് ആഗ്രഹിച്ചിട്ടുണ്ടാവും. ആ മോഹ സാഫല്യത്തിന് ഇപ്പോൾ വഴി തുറന്നിരിക്കുന്നു. മലമുകളിൽ രാത്രിയുടെ കൊടും തണുപ്പ് അനുഭവിക്കാൻ ഒരുപാടു കൂടാരങ്ങൾ വന്നിരിക്കുന്നു. ആ കൂടാരങ്ങളിൽ താമസിച്ച് കൊളുക്കു മലയുടെ രാത്രിസൗന്ദര്യം നുകരാനാണ് ഈ യാത്ര. 

Kolukkumalai-trip5

ആകാംക്ഷാഭരിതമായ കണ്ണുകളും മനസ്സുമായി സൂര്യനെല്ലിയിൽനിന്ന് വൈകിട്ട് നാലു മണിയോടെ ജീപ്പിൽ മലമുകളിലേക്കു യാത്ര തുടങ്ങി. മഞ്ഞിന്റെ തണുത്ത കൈകളുടെ കുളിരിൽനിന്നു മൺതരികളെ സംരക്ഷിക്കാൻ വിശാലമായ പച്ച വിരിപ്പുകൾ എങ്ങും നിറഞ്ഞു കാണാം. അതിനിടയിലൂടെ നീണ്ട പാതകൾ. വഴിയിൽ‌ ഇടയ്ക്കിടെ വലിയ പാറക്കൂട്ടങ്ങൾ. അതിശക്തനായ കൊമ്പന്റെ തലയെടുപ്പോടെനിന്ന പാറക്കൂട്ടങ്ങൾക്കു മീതെ ജീപ്പിന്റെ ചക്രങ്ങൾ ഇരച്ചു കയറി. അഗാധമായ താഴ്‍വാരങ്ങളെ മറികടന്ന് മലയെ കീഴടക്കാനുള്ള ജീപ്പിന്റെ ആവേശഭരിതമായ കുതിപ്പിൽ ഇരിപ്പിടത്തിൽനിന്നു പുറത്തേക്കു തെറിച്ചു വീണേക്കാം എന്നു പോലും തോന്നിപ്പോയി. ഒടുവിൽ ഒന്നരമണിക്കൂർ ജീപ്പ് യാത്രയ്ക്കു ശേഷം കൊളുക്കുമലയിലെ ടെന്റുകൾക്കു മുൻപിൽ എത്തിച്ചേർന്നു. 

Kolukkumalai-trip13

കൊളുക്കുമല

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഓർഗാനിക് ടീ എസ്റ്റേറ്റാണ് കൊളുക്കുമല. സമുദ്ര നിരപ്പിൽനിന്ന് ഏകദേശം 8000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ സൂര്യോദയം കാണാൻ ലോകത്തിന്റെ നാനാഭാഗത്തുനിന്നും സഞ്ചാരികൾ  എത്താറുണ്ട്. ഇപ്പോൾ മലമുകളിൽ താമസസൗകര്യങ്ങൾ കൂടി വന്നതോടെ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവാണ്. എന്തായാലും കൊളുക്കുമലയുടെ രാത്രിക്കാഴ്ചകൾ ആസ്വദിക്കാനായി എത്തിയ ഞാൻ ജീപ്പിന്റെ വാതിൽ തുറന്ന് പുറത്തിറങ്ങി.

Kolukkumalai-trip1

വന്നിറങ്ങുന്ന ഓരോ ജീവനേയും തലോടി മയക്കി കിടത്തുന്ന കോടമഞ്ഞ്. കൺമുന്നിൽ നിറഞ്ഞു നിൽക്കുന്ന മഞ്ഞിനെയും വീശിയടിക്കുന്ന കാറ്റിനെയും എതിരിടാൻ എന്റെ ശരീരത്തിലെ ചൂടിനാകാത്തതു കൊണ്ടാകാം പല്ലുകൾ തമ്മിൽ കൂട്ടിയിടിക്കുന്നത്. തണുപ്പിന്റെ കാഠിന്യം മാറ്റാൻ തൽക്കാലം അവിടെ തീർത്തിട്ടുള്ള കൊച്ചു കൂടാരങ്ങളിലൊന്നിലേക്ക് ഓടിക്കയറി.

Kolukkumalai-trip6

കൊളുക്കുമലയിലെ രാത്രി വാസം 

Kolukkumalai-trip11

മരം കോച്ചുന്ന തണുപ്പിൽ സ്വെറ്ററും ജാക്കറ്റും ധരിച്ച് ഇരുളിന്റെ കൈ പിടിച്ചാണ് പിന്നീട് പുറത്തിറങ്ങിയത്. രാത്രിവേളകൾ കൂടുതൽ ഉല്ലാസഭരിതമാക്കാന്‍ സന്ദർശകർക്കായി ക്യാംപ് ഫയർ, ലൈവ് മ്യൂസിക്, സിപ് ലൈൻ, ബാർബിക്യു തുടങ്ങിയവയെല്ലാം അവിടെ സജ്ജമായിരുന്നു. ഇടവേളകളിൽ പുൽകി പാറിപ്പറന്നു പോകുന്ന കാറ്റും ചാഞ്ഞുറങ്ങാൻ മെത്ത വിരിച്ചു തരുന്ന പ്രകൃതിയും ഒക്കെ എന്റെ മനസ്സിനെ തണുപ്പിൽനിന്ന് രക്ഷനേടാൻ പിടിച്ചു നിർത്തുകയായിരുന്നു.

Kolukkumalai-trip3

രാത്രിയുടെ ഏകാന്തതയിൽ മയങ്ങി നിൽക്കുന്ന കൂടാരങ്ങൾക്ക് മുൻപിലെ വെളിച്ചങ്ങളിലേക്ക് നോക്കുമ്പോൾ കൊളുക്കുമലയിലെ സുന്ദരികൾ മിന്നാമിന്നികളെ മൂക്കുത്തിയാക്കിയണിഞ്ഞ് നിരനിരയായി നിൽക്കുന്നതായി തോന്നിപ്പോകുന്നു. ഇരുട്ടിൽ മിന്നിത്തിളങ്ങുന്ന ആ മൂക്കുത്തികൾക്ക് ആരുടെ കണ്ണിനേയും തങ്ങളിലേക്ക്  എത്തിക്കാൻ മാത്രം ആകർഷണ ശക്തിയുണ്ട്.

Kolukkumalai-trip7

പ്രകൃതിയും മനുഷ്യനും എന്നുള്ള അതിർ വരമ്പുകൾ ലംഘിച്ച് തണുത്തിരുണ്ട് നിന്ന മലയും മാനവും മാത്രം ബാക്കി നിൽക്കെ തണുപ്പിൽനിന്ന് രക്ഷ നേടാൻ അവിടെ കൂട്ടിയിട്ടിരുന്ന ക്യാംപ് ഫയറിന്റെ അരികിലേക്ക് നടന്നു. സുഹൃത്തുക്കളുടെ സംഘം ചേരലുകൾ, കുടുംബസദസ്സുകളുടെ ഒത്തുകൂടൽ, പ്രണയികളുടെ ശാന്തമായ പ്രണയം എന്നിവയെല്ലാം തീ കായുന്ന സുന്ദരകാഴ്ചകളാണ്. താഴ്‍വാരങ്ങളിൽനിന്ന് അപ്പോഴും ശീതക്കാറ്റ് വീശിയടിക്കുന്നു. കൈയിലെ ഗ്ലൗസെങ്ങാനും എടുത്തു മാറ്റിയാൽ തണുത്തു മരവിച്ചു പോകും.

Kolukkumalai-trip10

ഞങ്ങൾ ഇരിക്കുന്നത് കേരളത്തിലാണെങ്കിലും ഏൽക്കുന്ന കാറ്റ് തമിഴ്നാടിന്റേതാണ്. കുറച്ചു നേരത്തേക്ക് കാറ്റും മഞ്ഞും എല്ലാം അപ്രത്യക്ഷമായി. രാത്രിക്ക് എത്ര ശാന്തത, എന്തു സൗന്ദര്യം, ഹലേലൂയ പാടുന്ന മൂകത, അപ്പോഴാണ് ഗിത്താറുമായി ഒരു പാട്ടുകാരന്റെ വരവ്. കേട്ടുമറന്ന പല ഗാനങ്ങളും ആ ഗിത്താറിന്റെ ഈണത്തിൽ മീട്ടിയപ്പോൾ അവിടെ കൂടിയിരുന്ന എല്ലാവരും തണുപ്പു പോലും മറന്ന് അതിൽ ആസ്വദിച്ചിരുന്നു പോയി.

ആ സമയത്താണ് തൊട്ടടുത്ത പച്ച കൂടാരത്തിൽനിന്ന് ഉയർന്ന് പരക്കുന്ന ബാർബിക്യൂവിന്റെ ഗന്ധം ഞങ്ങൾക്കരികിലേക്ക് എത്തിയത്. വിശപ്പിനാലാണോ സുഗന്ധത്തിനാലാണോ തണുപ്പിനാലാണോ എന്നറിയില്ല എല്ലാവരും പരിസരം മറന്ന് ആർത്തിയോടെ ആ കഷണങ്ങൾ കൈക്കലാക്കി. പിന്നീടു കുറച്ചു നേരം ആ കുന്നിൻ മുകളിൽ മലർന്നു കിടന്ന് നക്ഷത്രങ്ങൾ വിതാനിക്കുന്ന വാനിലേക്ക് കണ്ണുകൾ തുറന്നു. നക്ഷത്രങ്ങൾ എന്നെ മാത്രം നോക്കുമ്പോൾ, ഞാനും നക്ഷത്രങ്ങളും നിശബ്ദതയിൽ തനിച്ചാകുമ്പോൾ, മഞ്ഞിൻ നക്ഷത്രങ്ങളെനിക്ക് നേരെയെറിയുന്ന നീല വെളിച്ചത്തിൽ ഞാൻ എന്തൊക്കെയോ അറിയുന്നു, അനുഭവിക്കുന്നു. അതെന്റെ സ്വകാര്യ സുഖമായി ഞാൻ കണ്ടു. 

Kolukkumalai-trip

മഞ്ഞ് കനക്കുന്നു. ഗാഢതയേറുന്ന മഞ്ഞിൽ നക്ഷത്രങ്ങളുടെ ചിരി വാർന്നു. ശേഷിക്കുന്ന നക്ഷത്രങ്ങളും പതുക്കെ പൊലിഞ്ഞു തുടങ്ങിയിരിക്കുന്നു. നക്ഷത്രങ്ങൾ വിടപറഞ്ഞ ആകാശം പശ്ചാത്തലമാക്കി കൊളുക്കുമലയിലെ രാത്രിയുടെ സൗന്ദര്യം പകർത്താനായി പതുക്കെ എഴുന്നേറ്റു നടന്നു. അകലെ ഇരുട്ടുമൂടിക്കിടക്കുന്ന താഴ്‍വാരങ്ങളിൽ എവിടെയൊക്കെയോ വെളിച്ചം വീണിരിക്കുന്നു.

Kolukkumalai-trip14

ഇരുട്ടിൽ കാഴ്ചകൾ അവ്യക്തമാണെങ്കിലും വെറുതെ താഴ്‍വാരങ്ങളെ നോക്കിയിരിക്കാൻ പ്രത്യേക സുഖമാണ്. ചെറുതും വലുതുമായ വെളിച്ചങ്ങൾ സ്രോതസ്സറിയാതെ വന്നു പൊയ്ക്കോണ്ടേ ഇരിക്കും. മഞ്ഞിൽ പുകപടലങ്ങളുടെ അവിചാരിതമായ ഗതിവിഗതികൾ ക്യാമറയിലെ ഷട്ടർ അപ്പറേച്ചർ കണക്കു കൂട്ടലുകളെ തകിടം മറിച്ചു കൊണ്ടിരുന്നു. ഇരുട്ടും മൂടൽമഞ്ഞും പ്രകൃതിയുടെ ആ ക്യാൻവാസിന്റെ വലുപ്പവും ചേർ‌ന്നതോടെ ക്യാമറയിൽ എല്ലാം ഒപ്പിയെടുക്കാൻ ഇത്തിരി പ്രയാസപ്പെട്ടു.

Kolukkumalai-trip2

ആ പ്രയാസപ്പെടലിനൊടുവിൽ ശരീരം വല്ലാതെ തണുത്തു വിറച്ചപ്പോൾ പതുക്കെ, കൂടാരങ്ങളിൽ തൂക്കിയിട്ടിരിക്കുന്ന ഓറഞ്ച് വിളകളുടെ കൂട്ടു പിടിച്ച് രാത്രി ഭക്ഷണത്തിനായി അവിടെ തീർത്തിരുന്ന ബാംബു ഹട്ടിൽ എത്തിച്ചേർന്നു. ഇരുളിൽ ഓരോ മേശയിലും തുരുത്തുകൾ തീർത്ത മെഴുകുതിരികൾ തെളിഞ്ഞിരിക്കുന്നു. ആ മെഴുകുതിരി വെളിച്ചത്തിനെ സാക്ഷി നിർത്തി നല്ല എരിവുള്ള നാടൻ ചിക്കൻ കറിയും ഫ്രൈയും ചപ്പാത്തിയും ഒക്കെ ചേർന്ന് ഒരു തകർപ്പൻ കാൻഡിൽ ലൈറ്റ് ഡിന്നർ ആസ്വദിച്ചു കഴിച്ചു. 

Kolukkumalai-trip9

പുറം കാഴ്ചകൾ എല്ലാം അവ്യക്തമായിരിക്കുന്നു വെളുത്ത മഞ്ഞിൻ പുതപ്പണിഞ്ഞ് പ്രകൃതി നേരത്തേ തന്നെ നിദ്രയിൽ ആണ്ടിരിക്കുന്നു. ഉറങ്ങുമ്പോൾ പോലും എന്തു സുന്ദരിയാണിവള്‍. കൊളുക്കുമലയുടെ മനസ്സറിയാൻ മലകയറിയെത്തുന്ന സഞ്ചാരികളിൽ ഏറെയും ഈ മനോഹാരിത നുകരാതെയാണല്ലോ യാത്രയാകുന്നത് എന്ന് ഓർത്തു പോയി. രാത്രി പകലിനെക്കാൾ സുന്ദരിയാകുന്ന സ്ഥലങ്ങളുടെ ലിസ്റ്റിൽ കൊളുക്കുമലയുടെ സ്ഥാനം ഏറ്റവും മുന്നിൽ തന്നെയാകും എന്നതിൽ ഒരു സംശയവുമില്ല. അധികം താമസിയാതെ ആ കൊടും തണുപ്പിൽ ടെന്റിനകത്തെ സ്ലീപ്പിങ് ബാഗിനുള്ളിൽ ഒരു ഗർഭപാത്രത്തിലെന്നപോലെ ഞാൻ ചുരുണ്ടു കൂടി. 

Kolukkumalai-trip12

രാവിന്റെ മാറിൽ കൂടാരത്തിൽ കുടിയേറിപ്പാർത്തു മയങ്ങിയ കാറ്റാണെന്നു തോന്നുന്നു കൊളുക്കുമലയിലെ സൂര്യോദയം കാണാൻ പതിവിലും നേരത്തെ എന്നെ വിളിച്ചുണർത്തിയത്. വഴിമാറാൻ മടിച്ചു നിൽക്കുന്ന മഞ്ഞിന്റെ പുകപടലങ്ങളെ തട്ടിമാറ്റി മലയടിവാരങ്ങളിൽനിന്ന് ആളിപ്പടരുന്ന തീനാളങ്ങൾ ആണ് ആദ്യം കണ്ണിൽപ്പെട്ടത്. ആ തീനാളങ്ങളെ കുറച്ചു നേരം ഉറ്റു നോക്കിയപ്പോഴാണ് കാര്യം മനസ്സിലായത്. അങ്ങ് താഴെ സൂര്യനെല്ലിയിൽനിന്നു മലമുകളിലെ സൂര്യപുത്രനെ കണികാണാൻ ഒരു കൂട്ടം ജീപ്പുകൾ യാത്രക്കാരുമായി മലകയറുന്ന കാഴ്ചയായിരുന്നു അത്. പിന്നെ ഒട്ടും വൈകാതെ ഞങ്ങളും പുറപ്പെട്ടു, സൂര്യോദയം കാണാനായി. 

കൊളുക്കുമലയിലെ സൂര്യോദയം

ഇന്ന് ലോകപ്രശസ്തമാണ് കൊളുക്കുമലയിലെ സൂര്യോദയം. സ്വദേശികളും വിദേശികളും ഉൾപ്പെടെ ലക്ഷക്കണക്കിനു സഞ്ചാരികളാണ് ഇവിടെ സൂര്യോദയം ആസ്വദിക്കാനായി എത്തുന്നത് പണ്ട് കന്യാകുമാരിയിലാണ് ഉദയവും അസ്തമയവും കാണാൻ എല്ലാവരും എത്തിയിരുന്നതെങ്കിൽ ഇന്നത്തെ ജനറേഷൻ ഏറ്റവും കൂടുതലായി എത്തുന്നത് ഇവിടേയ്ക്കാണ്.

കിഴക്ക് മലനിരകൾക്കിടയിലൂടെ സൂര്യന്റെ ആദ്യകിരണങ്ങൾ വന്നു തുടങ്ങുമ്പോൾത്തന്നെ ആകാശം പതുക്കെ ചുവന്ന് തുടങ്ങുന്നു. സൂര്യൻ ഉയർന്നു വരുന്നതിനനുസരിച്ച് അകലെ മലനിരകൾ തെളി‍ഞ്ഞു വരും പിന്നെ ചുവപ്പിൽനിന്നു പച്ചയിലേക്കുള്ള ഒരു ഒഴുക്കൽ. പുലിപ്പാറയുടെ പിന്നിലാണു സൂര്യോദയം കാണാൻ നിൽക്കുന്നതെങ്കിൽ പുലിയുടെ വായിൽ നിന്നു വെട്ടം വരുന്ന പ്രതിഭാസവും കാണാം. ആകാശത്തെയും മലനിരകളെയും മേഘക്കീറുകളെയും തുടുത്തു ചുവപ്പിച്ച സൂര്യൻ പതുക്കെ മുകളിലേക്ക് പൊങ്ങാൻ തുടങ്ങി. ആകാശത്തിന്റെ ഭാവങ്ങൾ മാറിമറയുന്നു. ആ കാഴ്ചകൾ ക്യാമറയിൽ പകർത്തി പിന്നെ പോയത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ജൈവതേയിലത്തോട്ടത്തിലെ തേയില ഫാക്ടറിയിലേക്കായിരുന്നു. ‌‌

Kolukkumalai-trip3

കൊളുക്കുമല ടീ ഫാക്ടറി

1935 ൽ ഇംഗ്ലണ്ടിൽനിന്ന് കൊണ്ടു വന്ന യന്ത്രങ്ങൾ ഉപയോഗിച്ച് പരമ്പരാഗതമായ രീതിയിൽ തേയില കൊളുന്തുകൾ സംസ്കരിക്കുന്ന ടീ ഫാക്ടറിയാണ് അത്. ലോകത്തിലെതന്നെ ഏറ്റവും നല്ല ചായപ്പൊടികളിൽ ഒന്നാണ് കൊളുക്കുമല ടീ. റോഡ് വരുന്നതിനു മുമ്പ് വിദേശികൾ അന്ന് തേയില പാക്കറ്റുകൾ വാങ്ങി നടന്ന് മലയിറങ്ങിയിട്ടുണ്ട് പോലും.

അത്രയ്ക്ക് ലോകപ്രശസ്തി പിടിച്ചു പറ്റിയിട്ടുള്ള തേയിലയാണ് ഇവിടുത്തേത്. 2007–ൽ ഗോൾഡ് ലീഫ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളൊക്കെ കിട്ടിയിട്ടുണ്ടെങ്കിലും കൊളുക്കുമലയുടെ ഭംഗി ആസ്വദിക്കാൻ വരുന്ന ഒട്ടുമിക്ക സഞ്ചാരികളും ഈ തേയിലയുടെ ഗുണവും രുചിയും അറിയാതെയാണ് ചുരം ഇറങ്ങുന്നത് എന്നതാണ് ദുഃഖകരം. എന്തായാലും അടുത്ത കൊളുക്കുമല ദർശനം വരെ അധികം വിഷം ഇല്ലാത്ത ചായ കുടിക്കാനായി കുറച്ചധികം തേയില പായ്ക്കറ്റുകളുമായി ഞങ്ങൾ മലയിറങ്ങി.

കൊളുക്കു മല ടെന്റ് ബുക്കിങ്

07907460427

09447031040

കൊളുക്കുമല ജീപ്പ് സഫാരിക്ക്

09645509820

08281994011 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com