ADVERTISEMENT

സഹ്യപർവതവും തൊട്ടടുത്തു കിടക്കുന്ന കടലോരങ്ങളുമാണ് കേരളത്തെ ഇത്രയും സുന്ദരിയാക്കുന്തെന്നു പറയേണ്ടതില്ലല്ലോ. ഇതിൽ ഫിൽസ്റ്റേഷനുകൾ നാം ഏറെ കണ്ടു. ഇനി കടലോരത്തിന്റെ കഥകൾക്കു കാതോർക്കാം. 580 കിലോമീറ്റർ ദൂരം അറബിക്കടൽ കേരളത്തെ പുണർന്നുനിൽക്കുന്നു. ഇതിൽ എല്ലാ ബീച്ചുകളും ഒന്നിനൊന്നു മെച്ചമാണെങ്കിലും തികച്ചും വ്യത്യസ്തമായ അഞ്ചു പ്രകൃതമുള്ള ബിച്ചുകളെ പരിചയപ്പെടാം.

മുഴുപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്

കേരളത്തിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച് ആണ് മുഴുപ്പിലങ്ങാട്. ഏതാണ്ട് നാലുകിലോമീറ്റർ ദൂരത്തോളം സ്വച്ഛമായ കടലോരത്തുകൂടി വണ്ടിയോടിക്കാം. ഓട്ടോറിക്ഷ മുതൽ ഔഡി വരെ ഇങ്ങനെ ധൈര്യമായി മുഴുപ്പിലങ്ങാട് ബീച്ചിൽ ഇറക്കാം. താഴ്ന്നു പോകില്ല. പാറകൾ കുറച്ചുമാറി അതിരിടുന്നതിനാൽ കടൽ പ്രക്ഷുബ്ധമാകുന്നില്ല. ആഴം കുറഞ്ഞ ബീച്ചിൽ സുരക്ഷിതമായി കുളിക്കുകയും ചെയ്യാമെന്നത് പ്രത്യേകതയാണ്. ബീച്ചിനോടു ചേർന്ന വഴിയിലൂടെ, തെങ്ങിൻതോപ്പുകളുടെ തണലേറ്റ് ഡ്രൈവ് ചെയ്യുന്നതും രസകരം. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച് ഇതാണെന്നും അവകാശവാദമുണ്ട്. പക്ഷികളുടെയും പറുദീസയാണ് മുഴുപ്പിലങ്ങാട്.

beach1

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അമിത വേഗത്തിൽ വണ്ടിയോടിക്കരുത്. ആരും നിയന്ത്രിക്കാനില്ലാത്തതിനാൽ മറ്റുവാഹനങ്ങളുമായി കൂട്ടിയിടി ഉണ്ടാവാറുണ്ട്. ശ്രദ്ധിച്ചു വണ്ടിയോടിക്കുക. ഉപ്പുവെള്ളം കയറുന്നതിനാൽ ഡ്രൈവ് കഴിഞ്ഞാലുടനെ നല്ലൊരു സർവീസ് സെന്ററിൽ ചെന്നു വാട്ടർ സർവീസ് നിർബന്ധമായും നടത്തുക.

അടുത്ത റയിൽവേ സ്റ്റേഷൻ- കണ്ണൂർ

അടുത്തുള്ള പട്ടണം- തലശ്ശേരി

ധർമടം

കടലോരത്തെക്കാൾ കടലിലെ ഒരു ദ്വീപ് ആണ് ധർമടത്തിന്റെ പ്രത്യേകത. സായന്തനത്തിൽ കാക്കത്തുരുത്ത് എന്ന ദ്വീപ് കറുപ്പണിയും. പക്ഷിക്കൂട്ടങ്ങൾ ദ്വീപിലേക്കു ചേക്കേറുന്ന കാഴ്ച അതിമനോഹരമാണ്. വേലിയിറക്കത്തിൽ കാക്കത്തുരുത്തിലേക്കു നടന്നു പോകാം.പൊതുവേ ആഴം കുറഞ്ഞ കടലോരമാണ് ധർമടത്തുള്ളത്. മുഴുപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് അടുത്തുതന്നെയുണ്ട്. അവിടെയൊരു ഡ്രൈവ് കഴിഞ്ഞ് സായാഹ്നമാസ്വദിക്കാൻ ധർമടം ദ്വീപിലെത്തുകയാണു നല്ലത്. ശാന്തമായ കടലിൽ കുളിക്കാം. ചെങ്കൽ പാറക്കുട്ടങ്ങളുടെ മനോഹാരിതയിൽ ഫോട്ടോസ് എടുക്കാം. ഇവിടെയും വാഹനങ്ങൾ ഇറങ്ങുമെങ്കിലും പരീക്ഷണത്തിനു മുതിരരുത്.

beach-Dharmadam

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാക്കത്തുരുത്തിലേക്കു നടക്കുകയാണെങ്കിൽ നാട്ടുകാരുടെ സഹായം തേടണം. പലയിടത്തും ആഴം വ്യത്യസ്തമാണ്. പാറക്കൂട്ടങ്ങൾക്കപ്പുറത്ത് കുളിക്കാനിറങ്ങരുത്.

വർക്കല

കേരളത്തിൽ അധികമൊന്നും കാണാത്തൊരു പ്രകൃതിയാണ് വർക്കല ബീച്ചിനുള്ളത്. ൊരു കുന്നിറക്കത്തിലാണ് ബീച്ച്. ഉയരത്തിൽനിന്നു കടലോരത്തിന്റെ ഭംഗിയാസ്വദിക്കാമെന്നതാണു പ്രത്യേകത. കടലിലെ കുളി അത്ര കണ്ടു സുരക്ഷിതമല്ല. ഭംഗിയാസ്വദിച്ചു, കാറ്റേറ്റ്  ആ കുന്നിൻമുകളിൽ നിൽക്കുകയാണു രസകരം. രണ്ടായിരം വർഷം പഴക്കമുള്ള ഒരു ക്ഷേത്രം ഇവിടെയുണ്ട്. ശ്രീനാരായണഗുരു സ്ഥാപിച്ച് ശിവഗിരി മഠവുമുണ്ട്.

beach-Bekal-

അടുത്തുള്ള പട്ടണം- കൊല്ലം

റയിൽവേ സ്റ്റേഷൻ- വർക്കല

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുന്നിൻമുകളിൽ ചിലയിടങ്ങളിൽ അതിർത്തിവേലികൾ ഇല്ല. സൂക്ഷിച്ച് നിൽക്കണം. 

കണ്ണമാലി

അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന കൊച്ചിയിൽ മുട്ടിനു മുട്ടിന് കടലോരമുണ്ട്. പ്രസിദ്ധമായ ഫോർട്ടുകൊച്ചി മുതൽ മുനന്പം വരെ കൊച്ചുകൊച്ചു കടലോരങ്ങൾ ഉണ്ടെങ്കിലും കൊച്ചിയിലെ അധികമാരും അറിയൊത്തൊരു ബീച്ചാണ് കണ്ണമാലിയിലേത്. കൊച്ചിയിലെ ഡ്രൈവ് ഇൻ ബീച്ച് ആണ് കണ്ണമാലി. അധികം ദൂരമില്ലെങ്കിലും വണ്ടിയിറക്കി ഒന്നോടിക്കാം. ഏകദേശം  നൂറുമീറ്റർ ദൂരത്തിൽ കടൽ ഉള്ളിലേക്കു കയറിക്കിടക്കുന്ന കണ്ണമാലിയിൽ കൊച്ചുകുട്ടികൾക്കടക്കം ധൈര്യമായി കുളിക്കാം.

അടുത്തുള്ള പട്ടണം- തോപ്പുംപടി

അടുത്തുള്ള റയിൽവേ സ്റ്റേഷൻ- എറണാകുളം

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കടലോരം മാത്രമേ ഉറച്ചതുള്ളൂ. അങ്ങോട്ടുള്ള വഴി പൂഴി നിറഞ്ഞതാണ്. വണ്ടിയിറക്കുന്പോൾ ഇതു കണക്കിലെടുക്കണം. ഒന്നു നടന്നു നോക്കി ആഴം കണക്കാക്കിയിട്ടുവേണം വാഹനം വെള്ളത്തിലിറങ്ങാൻ.  കുറച്ചുദൂരം കഴിഞ്ഞാൽ പെട്ടെന്ന് ആഴം കൂടുന്ന കടലാണിവിടെ.

ബേക്കൽ-പള്ളിക്കര

പിന്നിൽ ചരിത്രപ്രസിദ്ധമായ ബേക്കൽ കോട്ട. ശാന്തമായ തിരമാലകൾ. ആഴം കുറഞ്ഞ കടലോരം. ഇതൊക്കെയാണ് ബേക്കൽ കടൽ തീരത്തെ വ്യത്യസ്തമാക്കുന്നത്. ടൂറിസം വകുപ്പിന്റെ ഉദ്യാനം തൊട്ടടുത്തുണ്ട്. അതിനാൽ കടലിലെ കുളി കഴിഞ്ഞ് ഉപ്പുവെള്ളം കഴുകിക്കളയാൻ ബാത്ത് റൂം സൌകര്യമുണ്ട് എന്നത് മെച്ചം. ബേക്കൽ കോട്ടയുടെ കിളിവാതിലിലൂടെ കാണാം ഈ കടൽ സുന്ദരിയെ. ഏറെ ദൂരം ഏതാണ്ട് വിജനമായിട്ടാണ് ബീച്ച് കിടക്കുന്നത്. വൃത്തിയിലും മുൻപന്തിയിലാണ് ബേക്കൽ ബീച്ച്

beach-Bekal-

അടുത്തുള്ള പട്ടണം- കാഞ്ഞങ്ങാട്

അടുത്തുള്ള റയിൽവേ സ്റ്റേഷൻ

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com