ADVERTISEMENT

പാഷാണം ഷാജി എന്ന് പറയുമ്പോഴാണ് ചിലപ്പോൾ സാജു നവോദയയെ പലരും തിരിച്ചറിയുക. ആ ഒറ്റ കഥാപാത്രം കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ ആളാണ് സാജു. യാത്രകളോട് അത്ര വലിയ ഇഷ്ടമൊന്നുമില്ലാത്ത ആളാണെങ്കിലും സ്റ്റേജ് ഷോകൾക്കും മറ്റും നിരവധി യാത്രകൾ നടത്തിയിട്ടുണ്ട്. അങ്ങനെ, സാജുവിന് പറയാൻ ഒരു പിടി യാത്രാവിശേഷങ്ങളുമുണ്ട്. കോമഡിയും സസ്പെൻസും ഒരൽപം ട്രാജഡിയും ഒക്കെ ചേർത്താണ് സാജു തന്റെ വിശേഷങ്ങൾ പങ്കുവെച്ചത്.

saju-travel3

ഷൂട്ടിങ്ങും പ്രോഗ്രാമുകളുമൊക്കെയായി തിരക്കിലാകുമ്പോഴും തന്റേതായ ഇഷ്ടങ്ങളെ മാറ്റിനിർത്താന്‍ സാജു ഒരിക്കലും ശ്രമിച്ചിട്ടില്ല. യാത്ര പോകുവാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് പ്രകൃതിസ്നേഹിയായ സാജു. യാത്രകളിലൂടെ പ്രകൃതിയെ ആഴത്തിൽ മനസ്സിലാക്കുവാൻ സാധിക്കുമെന്നും സാജു പറയുന്നു. ഭാര്യ രശ്മിയെ കൂട്ടാതെ ഒരു യാത്ര സാജുവിനില്ല. ‘ഭാര്യയൊടൊത്ത് തമാശകൾ പറഞ്ഞ്, കളിയാക്കി, സ്നേഹം പ്രകടിപ്പിച്ച് ആർത്തുല്ലസിച്ചൊരു യാത്ര. അതൊക്കെയാണ് എന്റെ ജീവിതത്തില്‍ സന്തോഷം നിറയ്ക്കുന്നത്. അവനവനിലേക്കു നടത്തുന്ന യാത്രയാണ് സഞ്ചാരം എന്നു പറയാറുണ്ടെങ്കിലും കുടുംബയാത്രകളിൽ നമ്മൾ‍ പ്രിയപ്പെട്ടവരിലേക്കാണ് സഞ്ചരിക്കുന്നത്. എന്നെപ്പോലെ പ്രകൃതിയെയും കാടിനെയും സ്നേഹിക്കുന്നയാളാണ് എന്റെ രശ്മിയും’. സാജു പറയുന്നു.

‘യാത്രകളിൽ ഞങ്ങൾ രണ്ടാളും തിരഞ്ഞെടുക്കുന്നത് കാട്ടിലേക്കുള്ള യാത്രയാണ്. പുൽമേടുകളും കാട്ടരുവികളും പാറക്കൂട്ടങ്ങളും വെള്ളച്ചാട്ടങ്ങളും പച്ചപ്പും വന്യതയുമൊക്കെ ആസ്വദിച്ചുള്ള യാത്ര. ഒഴിവുസമയമൊക്കെ യാത്രയ്ക്കായി മാറ്റിവയ്ക്കാറുണ്ട്. മരങ്ങള്‍ കണ്ട്, പുഴകള്‍ കടന്ന്, മല കയറി, കുന്നിറങ്ങി, കാട്ടിലൂടെ ഒരു സവാരിയും മരമുകളിൽ താമസവുമൊക്കെ ഒരിക്കലും മറക്കാനാവില്ല. കാട് നൽകുന്ന കാഴ്ചകൾ വർണിക്കാനാവില്ല. കാടിന്റെ ഉള്ളിലേക്കുള്ള യാത്രയാണ് എനിക്ക് ഇഷ്ടം. വന്യമൃഗങ്ങളെ കണ്ടുള്ള യാത്രയാവണം. നാട്ടിലെ മനുഷ്യരെക്കാളും കാട്ടിലെ മൃഗങ്ങളെ വിശ്വസിക്കാം. മൃഗങ്ങൾക്കു ശല്യം ഉണ്ടാക്കാത്തവിധം എത്രദൂരം വേണമെങ്കിലും ഉൾക്കാട്ടിലേക്കു പോകാം.

saju-travel

മസിനഗുഡിയും ചിന്നാറും ഉൗട്ടിയുമൊക്കെ എത്രതവണ പോയാലും മടുക്കില്ല. കാട് എപ്പോഴും പുതുമകൾ നിറഞ്ഞയിടമാണ്. കാടിനോടുള്ള അമിതാവേശം കൊണ്ടാകാം അത്. കാടിന്റെ സൗന്ദര്യം നുകരാന്‍ മസിനഗുഡിയോളം വരില്ല മറ്റൊരിടവും. എവിടെത്തിരിഞ്ഞാലും കണ്ണുകള്‍ ചെന്നു നില്‍ക്കുന്നത് വനത്തിലാണ്. തമിഴ്‌നാട് - കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മുതുമല ദേശീയോദ്യാനത്തിനടുത്താണ് മസിനഗുഡി.

കറങ്ങി നടക്കാൻ തീരെ താൽപര്യമില്ല

അതെ, സത്യമാണ്. എവിടേക്കു യാത്ര പോയാലും അവിടെ കറങ്ങിയടിച്ചു നടക്കാൻ തീരെ താൽപര്യമില്ലാത്ത ഒരാളാണ് ഞാൻ. സ്റ്റേജ് ഷോകൾക്കും മറ്റു പ്രോഗ്രാമുകൾക്കും ഒക്കെ നിരവധി വിദേശരാജ്യങ്ങളിൽ പോയിട്ടുണ്ട്. എന്നാൽ അവിടെയൊക്കെ പുറത്തേക്കിറങ്ങാൻ  മടിയാണ്. ഭാര്യ രശ്മി ഒപ്പം ഇല്ലാത്തതു കൊണ്ടാവാം. മറ്റുള്ളവരൊക്കെ സമയം കിട്ടുമ്പോൾ പുറത്തു കറങ്ങാൻ പോകും. എന്നാൽ ഞാനാകട്ടെ എന്റെ പാസ്പോർട്ട് വാങ്ങി മുറിയിൽ തന്നെ ഒതുങ്ങിക്കൂടും. എനിക്ക് അതാണ് ഇഷ്ടം.

ഒരിക്കൽ അമേരിക്കയിൽ ഒരു പരിപാടിക്കു പോയി. ധർമജനും നോബിയും ഒക്കെയുള്ള ടീം ആയിരുന്നു. ഒഴിവു സമയം കിട്ടിയപ്പോൾ പുറത്തു കറങ്ങാൻ പോകാം എന്ന് അവർ പറഞ്ഞു, അതിനായി ഒരു വണ്ടി വിളിച്ചാണ് അവർ എത്തിയത്. എന്നാൽ എത്തിയപാടേ ഞാൻ പറഞ്ഞു, എന്റെ പാസ്പോർട്ട് ഇങ്ങു തന്നേക്ക്, ഞാൻ എങ്ങോട്ടും വരുന്നില്ലെന്ന്. കുറേ നിർബന്ധിച്ചെങ്കിലും അവസാനം തോൽവി സമ്മതിച്ച് അവരെല്ലാം പോയി. ഇനിയാണ് രസം. അവർ കറങ്ങാൻ ഇറങ്ങിയ ദിവസം അമേരിക്കയിൽ വളരെ കാലങ്ങൾക്കു ശേഷം മഴപെയ്തു. അങ്ങനെ ഒന്നും കാണാൻ സാധിക്കാതെ എവിടെയും പോകാനാകാതെ, പോയ വണ്ടിയിൽ തന്നെ എല്ലാവരും തിരിച്ചെത്തി. കൂടെ ചെല്ലാതെ റൂമിൽത്തന്നെ ഇരുന്നു രക്ഷപ്പെട്ട എന്നെ എല്ലാവരും ചേർന്ന് കുറേ ചീത്ത വിളിച്ചു. അവരുടെ വിഷമം നമ്മൾ മനസ്സിലാക്കണമല്ലോ. ചീത്ത വിളി എല്ലാം ഒന്നും മിണ്ടാതെ ഞാൻ കേട്ടിരുന്നു. പാവങ്ങൾ.

saju-travel1

പലരും ചോദിക്കാറുണ്ട് വിദേശരാജ്യങ്ങളിലൊക്കെ വല്ലപ്പോഴുമല്ലേ പോകാറുള്ളൂ, അങ്ങനെയുള്ളപ്പോൾ കിട്ടുന്ന സമയത്ത് അവിടമൊക്കെ കാണുകയല്ലേ വേണ്ടതെന്ന്. എന്നാൽ എനിക്ക് ഏറ്റവും ഇഷ്ടം എവിടെപ്പോയാലും തിരിച്ച് എന്റെ വീട്ടിൽ വരുന്നതാണ്.

പരിപാടികൾക്കായി യുഎഇ മുഴുവൻ സന്ദർശിച്ചിട്ടുണ്ട്. ഈയടുത്താണ് സൗദി കണ്ടത്. അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ, കാനഡ, തുടങ്ങി നിരവധി വിദേശ രാജ്യങ്ങളിൽ പോയിട്ടുണ്ട്. പോയ ഇടങ്ങളിലൊക്കെ വച്ച് ഏറ്റവും ഇഷ്ടം സൗത്ത് ആഫ്രിക്ക ആണ്. അവിടെ ചെന്നപ്പോൾ മാത്രമാണ് ഞാൻ ചരിത്രത്തിലാദ്യമായി ഒന്നു കറങ്ങാൻ പുറത്തിറങ്ങിയത്. അത് ആ നാടിനോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ്.

പ്രത്യേകിച്ച് ഒരു ഡ്രീം ഡെസ്റ്റിനേഷൻ ഒന്നുമില്ല, എന്നാൽ മറക്കാനാവാത്ത ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. ബ്രിട്ടനിൽ പരിപാടിക്കായി പോയ സമയത്താണ് ആ സംഭവം. അമ്മ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 6 ദിവസംകൊണ്ട് മടങ്ങി വരാമെന്നായിരുന്നു പദ്ധതി. എന്നാൽ പെട്ടെന്ന് നാട്ടിൽനിന്നു വിളി വന്നു അമ്മയ്ക്ക് സുഖമില്ല. എന്നെ കാണണം. പിന്നെ ഒന്നും ആലോചിച്ചില്ല. അടുത്ത ഫ്ലൈറ്റിൽ നാട്ടിലേക്ക് യാത്ര പുറപ്പെട്ടു. ബ്രിട്ടനിൽനിന്ന് ഇന്ത്യയിലേക്ക് 20 മണിക്കൂറിലധികം യാത്രയുണ്ട്.

അന്ന് കൊച്ചിയിലേക്ക് നേരിട്ട് വിമാനം കിട്ടിയില്ല. ഒന്നും ആലോചിച്ചില്ല, കിട്ടിയതിനു കയറി പോന്നു. ചിന്ത മുഴുവനും അമ്മയ്ക്ക് അരികിൽ എത്തുക എന്നത് മാത്രമായിരുന്നു. മുംബൈയിൽനിന്നു കൊച്ചിയിലേക്ക് കണക്‌ഷൻ ഫ്ലൈറ്റ് ആണ് കിട്ടിയത്. മുംബൈയിൽ ഇറങ്ങി അടുത്ത വിമാനത്തിൽ കൊച്ചിയിലേക്ക് പോരുമ്പോൾ എന്റെ ലഗ്ഗേജ് എടുക്കാൻ മറന്നുപോയി. നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങുമ്പോഴാണ് മുംബൈയിൽനിന്നു ലഗേജ് എടുത്തിട്ടില്ല എന്ന് മനസ്സിലായത്.

എങ്ങനെയെങ്കിലും അമ്മയുടെ അടുത്ത് എത്തിയാൽ മതി എന്നായിരുന്നു ചിന്ത. എങ്ങനെയൊക്കെയൊ അമ്മയുടെ അടുത്ത് ഓടിപ്പിടിച്ച് എത്തി. കണ്ടു സംസാരിച്ചു. ഞാൻ ഒന്ന് കുളിക്കാൻ പോയ നേരം അമ്മ മരിച്ചു. ഒരു ദിവസം ഞാൻ വൈകിയിരുന്നെങ്കിൽ എന്നെ കാണാതെ അമ്മ പോകുമായിരുന്നു. നീറുന്ന വേദനകൾക്കിടയിലും എന്നെ കണ്ട സന്തോഷത്തിൽ ആണ് അമ്മ മടങ്ങിയത്. ആ ഒരു ആശ്വാസം മാത്രമാണ് എനിക്കുള്ളത്. 

യാത്രകളിൽ ഭക്ഷണം വില്ലനാകുമ്പോൾ

എവിടേക്കു യാത്ര പോയാലും ഞാൻ കഷ്ടപ്പെടുന്നത് ഭക്ഷണം കഴിക്കാൻ ആയിരിക്കും. എല്ലാവരും പല നാടുകളിൽ ചെല്ലുമ്പോൾ ആ നാട്ടിലെ ഭക്ഷണങ്ങൾ പരീക്ഷിക്കാൻ ആയിരിക്കും നോക്കുക. എന്നാൽ എനിക്ക് നമ്മുടെ ചോറും പുളിശ്ശേരിയും കുറച്ചു ബീഫും ഉണ്ടെങ്കിലേ ഒരു സമാധാനമാകൂ. ഒരിക്കൽ യുഎഇയിൽ പരിപാടിക്ക് പോയപ്പോൾ ഒരു സംഭവം ഉണ്ടായി. അവിടെയൊക്കെ നാട്ടിൽനിന്ന് വരുന്ന കലാകാരന്മാർക്ക് നാടൻ ഭക്ഷണം അറേഞ്ച് ചെയ്യാറുണ്ട്. വിഭവസമൃദമായ സദ്യയൊന്നുമല്ല, ചോറും മോരുകറിയും പിന്നെ കാബേജ് തോരനും. രണ്ടു ദിവസം കഴിച്ചു നോക്കി. പിന്നെ പറ്റുമോ. എനിക്ക് സാധിക്കില്ല. മൂന്നാം ദിവസം ഞാൻ പറഞ്ഞു, ഞാൻ മുയലിന്റെ പാസ്പോർട്ടിലല്ല, എന്റെ സ്വന്തം പാസ്പോർട്ടിലാണ് ഇവിടെ വന്നിരിക്കുന്നത്. എന്നും പച്ചക്കറി തിന്നോളാം എന്ന് ഞാൻ ആർക്കും വാക്കുകൊടുത്തിട്ടില്ലെന്ന്. 

നോബിയും ധർമജനും ഒക്കെയുള്ള ടീമിനൊപ്പം ഇന്തൊനീഷ്യയിൽ പോയതാണ് കൂടുതൽ രസം. സംഘാടകർ വലിയൊരു റസ്റ്ററന്റിലാണ് ഞങ്ങൾക്ക് ഭക്ഷണം ഏർപ്പാടാക്കിയത്. സീ ഫുഡിന് പേരുകേട്ട ആ ഹോട്ടലിൽനിന്ന് ഞാനും നോബിയും ഒഴികെയുള്ള ബാക്കിയെല്ലാവരും തകർപ്പനായി ഭക്ഷണം കഴിച്ചു. ഞങ്ങൾക്ക് ആണെങ്കിൽ അവിടെയുള്ള ഒന്നും പിടിക്കുന്നില്ല. അവസാനം  ഓൺലൈൻ വഴി കെഎഫ്സി ചിക്കൻ ഓർഡർ ചെയ്തു വരുത്തി അവിടെ ഇരുന്നു കഴിക്കേണ്ട ഗതികേട് ഞങ്ങൾക്ക് ഉണ്ടായി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com