sections
MORE

പോക്കറ്റ് കീറാതെ ജനുവരി കുളിരില്‍ മുങ്ങി യാത്ര ചെയ്യാം, അഞ്ചു കിടുക്കന്‍ സ്ഥലങ്ങള്‍!

nelliyambpathi1
SHARE

തെക്കേ ഇന്ത്യയിലെ തണുപ്പുകാലം എന്നത് ശരിക്കും പറഞ്ഞാല്‍ അങ്ങേയറ്റം സുന്ദരമാണ്. ഉത്തരേന്ത്യ പോലെ ദിവസം മുഴുവന്‍ സൂര്യനെ കാണാത്ത പകലുകളോ മരം കോച്ചുന്നത്രയും തണുപ്പോ ഒന്നുമില്ല. തണുപ്പുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് താനും!

ഡിസംബര്‍, ജനുവരി മാസങ്ങളാണ് ഇന്ത്യയില്‍ പൊതുവേ മഞ്ഞുകാലം ശക്തിയാര്‍ജ്ജിക്കുന്നത്. കേരളത്തിലും സമീപത്തുള്ള സംസ്ഥാനങ്ങളിലുമൊക്കെയാകട്ടെ പുലര്‍കാലത്ത് കുളിരും ഒരു ഉച്ചയായിത്തുടങ്ങുമ്പോഴേക്കും നല്ല സ്വര്‍ണ്ണവര്‍ണ്ണമുള്ള വെയിലിന്‍റെ ചൂടും തിളക്കവുമൊക്കെയായിരിക്കും എങ്ങും അനുഭവപ്പെടുക. തണുപ്പ് കുറച്ചു കൂടി 'ഉച്ചസ്ഥായിയില്‍' അനുഭവിക്കണം എന്നുള്ളവര്‍ക്ക് യാത്ര ചെയ്യാനായി ഈയൊരു സമയത്ത് ഒരുപാട് സ്ഥലങ്ങളുണ്ട്. മഞ്ഞുകാലം മനോഹരമാക്കിത്തീര്‍ക്കാന്‍ ഇങ്ങനെ പോകാവുന്ന, കേരളത്തിലും സമീപ പ്രദേശങ്ങളിലുമുള്ള അഞ്ചു സ്ഥലങ്ങള്‍ ഇതാ.

1. വാഗമണ്‍ 

vagamon-2

ജനുവരികുളിര്‍ ഏറ്റവും നന്നായി ആസ്വദിക്കാന്‍ പറ്റിയ സ്ഥലമാണ് വാഗമണ്‍ ഹില്‍സ്റ്റേഷന്‍. എങ്ങും പച്ച പിടിച്ചു കിടക്കുന്ന പ്രകൃതിയുടെ മനോഹാരിത കണ്ണുനിറയെ ആസ്വദിക്കാം. പകല്‍സമയത്ത് 10-23 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇവിടത്തെ താപനില. തേയിലത്തോട്ടങ്ങളും പുല്‍ത്തകിടികളും കോടമഞ്ഞു പുതച്ച കുന്നിന്‍ചെരിവുകളും ചേര്‍ന്ന് സ്വപ്നം പോലെ മനോഹരമാണ് ഈ പ്രദേശം. 

2. പൂവാര്‍

poovar-trip3

കേരളത്തിന്‍റെ തെക്കേയറ്റത്തുള്ള അവസാന ഗ്രാമമായ പൊഴിയൂരിനു തൊട്ടു മുന്നേയാണ്‌ പൂവാര്‍ എന്ന സുന്ദരമായ ഗ്രാമം. നെയ്യാറ്റിന്‍കരയിലൂടെ ഒഴുകി വരുന്ന നെയ്യാര്‍ അറബിക്കടലിലേക്ക് പതിക്കുന്ന അഴിമുഖത്തിന്‍റെ കാഴ്ചയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. സഞ്ചാരികള്‍ക്കായി ലക്ഷ്വറി റിസോര്‍ട്ടുകളും ഇവിടെ ധാരാളം ഉണ്ട്. അർജ്ജുന കായൽ, ആഴിമല ശിവ ക്ഷേത്രം, മനോഹരമായ ബീച്ചുകൾ എന്നിവയുമുണ്ട് ഇവിടെ. തിരുവനന്തപുരം നഗരത്തില്‍ നിന്ന് 32 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്. 

3. നെല്ലിയാമ്പതി 

nelliyambpathi

ഏലവും തേയിലയും നാരങ്ങയുമെല്ലാം വിളയുന്ന തോട്ടങ്ങള്‍ക്കിടയിലൂടെ കോടമഞ്ഞില്‍ പുതഞ്ഞ ഒരു യാത്ര. ചുറ്റും പച്ചയില്‍ വരച്ച ചിത്രം പോലെ പാതിയും മഞ്ഞിന്‍റെ പുകനിറത്തില്‍ മറഞ്ഞ്, ആകാശത്തേക്ക് തല നീട്ടി നില്‍ക്കുന്ന കുന്നിന്‍തലപ്പുകള്‍. ഈ സീസണ്‍ അവിസ്മരണീയമാക്കാന്‍ മറ്റെന്തു വേണം? നെല്ലിയാമ്പതിയിലെ മഞ്ഞുകാലം എന്നത് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്. കേശവന്‍ പാറ, മണലരു എസ്റ്റേറ്റ്, സീതാര്‍കുണ്ട്, പോത്തുണ്ടി ഡാം, മാമ്പാറ തുടങ്ങി കാണാനും ഇവിടെ അനവധി ഇടങ്ങളുണ്ട്.

പാലക്കാട് നിന്നും 60 കിലോമീറ്റർ ആണ് 'പാവങ്ങളുടെ ഊട്ടി' എന്നറിയപ്പെടുന്ന നെല്ലിയാമ്പതിയിലേക്കുള്ള ദൂരം.

4. കൂനൂര്‍ 

തമിഴ്നാട്ടില്‍ ഊട്ടിയും കൊടൈക്കനാലുമൊക്കെ സാധാരണ എല്ലാവരും എപ്പോഴും പോകുന്ന സ്ഥലമാണ്. എന്നാല്‍ അത്രയും തന്നെ മനോഹരമാണ് ഊട്ടിയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള കുനൂര്‍. നല്ല നീലഗിരി ചായയ്ക്ക് ഏറെ പ്രശസ്തമാണ് ഇവിടം. സിംസ് പാർക്ക്, കിഴക്കു പടിഞ്ഞാറന്‍ ചുരങ്ങള്‍, നീലഗിരിക്കുന്നുകള്‍, വെള്ളച്ചാട്ടങ്ങള്‍, തടാകങ്ങള്‍ എന്നിവയും സുന്ദരമായ കാഴ്ചകളൊരുക്കി ഡോൾഫിൻസ് നോസ്, ലാമ്പ്സ് റോക്ക്, കാനിംഗ് സീറ്റ് മുതലായ വ്യൂ പോയിന്‍റുകളും ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു.

coonoor-trip4

5. കര്‍വാര്‍

മൈസൂരും ഹംപിയും ബാംഗ്ലൂരുമൊക്കെയാണ് കര്‍ണ്ണാടക എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത്. എന്നാല്‍ അധികമാരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന അനവധി മനോഹര സ്ഥലങ്ങള്‍ ഇവിടെയുണ്ട്. അതിലൊന്നാണ് സഹ്യാദ്രിയുടെയും അറബിക്കടലിന്‍റെയും കാളി നദിയുടെയുമെല്ലാം അരുമയായ കര്‍വാര്‍. രബീന്ദ്രനാഥ ടാഗോര്‍ ഈ പ്രദേശത്തെ വിളിച്ചത് ' കര്‍ണ്ണാടകയുടെ കാശ്മീര്‍' എന്നായിരുന്നു. അത്ര സുന്ദരമാണ് ഈയിടം. 

നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാഴ്ചകള്‍ക്ക് ഒട്ടും കോട്ടം തട്ടാതെ തന്നെ ഇവിടെ സംരക്ഷിച്ചിരിക്കുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് നാവികര്‍ക്ക് പരിശീലനം നല്‍കുന്ന കേന്ദ്രമായി ഇവിടം പ്രവര്‍ത്തിച്ചിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA